സംസ്ഥാനത്തെ അപ്രഖ്യാപിത പവര്‍കട്ട് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് നല്കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വൈദ്യുതി പ്രതിസന്ധി ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ വൈദ്യുത മന്ത്രികൂടിയായ എ.കെ ബാലനാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. ആസൂത്രണത്തിലെ ഗുരുതര വീഴ്ചയാണ് പവര്‍കട്ടിനും വൈദ്യുത പ്രതിസന്ധിക്കും കാരണമെന്ന് എ.കെ.ബാലന് കുറ്റപ്പെടുത്തി. പ്രഖ്യാപിതവും അപ്രഖ്യാപിതവുമായി പവര്‍കട്ട് ഗാര്‍ഹിക മേഖലയെയും വ്യാവസായിക മേഖലയും സ്തംഭിപ്പിച്ചിരിക്കുകയാണ്. രൂക്ഷമായ വൈദ്യുത പ്രതിസന്ധി ഉണ്ടായിട്ടും കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ലോഡ് ഷെഡ്ഡിങ് ഉണ്ടായിരുന്നില്ല. പവര്‍ ഹൈവേ അടക്കം അന്ന് തുടങ്ങിവെച്ച പല പദ്ധതികളും ഇന്ന് പാതിവഴിയിലാണെന്നും ബാലന് ആരോപിച്ചു.
വൈദ്യുതി പ്രതിസന്ധിക്ക് കാരണം കേന്ദ്രവിഹിതത്തിലെ കുറവാണെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് മറുപടി നല്കി. കേന്ദ്ര വിഹിതത്തിലെ കുറവും പ്രതീക്ഷിച്ച മഴ ലഭിക്കാത്തതും പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
Comments