മുല്ലപ്പെരിയാര്‍ ഡാമിന്‍െറ സുരക്ഷ, ജലനിരപ്പ്, പുതിയ ഡാം നിര്‍മാണം എന്നിങ്ങനെ കേരളവും തമിഴ്നാടും തമ്മിലുള്ള സുപ്രധാന തര്‍ക്കവിഷയങ്ങളില്‍ സുപ്രീംകോടതി ബുധനാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് ആര്‍.എം ലോധയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിന്‍െറ അന്തിമ വാദം കഴിഞ്ഞ ആഗസ്റ്റില്‍ പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിവെച്ചതാണ്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള കരാറിന്‍െറ സങ്കീര്‍ണ്ണമായ ഭരണഘടനാപരവും നിയമപരവുമായ പ്രശ്നങ്ങള്‍ക്കൊപ്പം ഡാമിന്‍െറ സുരക്ഷ സംബന്ധിച്ച സാങ്കേതിക കാര്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് കേസ്. അതിനാലാണ് വാദം പൂര്‍ത്തിയായ ശേഷവും വിധി പറയുന്നത് ഇത്രയും നീണ്ടത്.
തമിഴ്നാട്ടിന്‍െറ കൃഷി ആവശ്യത്തിന് ആവശ്യമായ വെള്ളം ലഭിക്കാന്‍ മുലപ്പെരിയാര്‍ ഡാമിന്‍െറ ജലനിരപ്പ് ഉയര്‍ത്തണമെന്നാണ് തമിഴ്നാടിന്‍െറ ആവശ്യം. 116 വര്‍ഷം പഴക്കമുള്ള ലൈം സുര്‍ക്കി മിശ്രിതത്താല്‍ നിര്‍മിച്ച അണക്കെട്ട് അപകട നിലയിലാണെന്നും ജലനിരപ്പ് ഉയര്‍ത്താനാകില്ലെന്നുമാണ് കേരളത്തിന്‍െറ നിലപാട്. എന്നാല്‍, 2006 ഫെബ്രുവരിയില്‍ ഡാമിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ ഡാം സുരക്ഷാ നിയമ ഭേദഗതി നിയമസഭയില്‍ പാസാക്കിയ കേരളം മുല്ലപ്പെരിയാള്‍ ഡാമിനെ ഷെഡ്യൂള്‍ഡ് ഡാമുകളുടെ പട്ടികയില്‍ പെടുത്തി ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തി. അതിനെതിരെ തമിഴ്നാട് നല്‍ഹിയ ഹരജിയിലാണ് സുപ്രീംകോടതി ബുധനാഴ്ച വിധി പറയുക.
Comments