കോട്ടക്കലില്‍ "വിശ്വം വിവേകാനന്ദം" എന്ന പേരില്‍ ബാലഗോകുലം സംഘടിപ്പിച്ച സ്വാമി വിവേകാനന്ദന് ജയന്തി ആഘോഷത്തില്‍ മുസ്ലിം ലീഗ് നേതാവ് എം.പി അബ്ദു സമദ് സമദാനി എം.എല്‍.എ പങ്കെടുത്തത് വിവാദമായി. ബാലഗോകുലം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടകനായാണ് സമദാനി പങ്കെടുത്തത്. ചടങ്ങില്‍ ബി.ജെ.പി, ആര്.എസ്.എസ്. നേതാക്കളുമായാണ് സമദാനി വേദി പങ്കിട്ടത്.
സമദാനിയുടെ നടപടിയില്‍ ലീഗിലെ ഒരു വിഭാഗവും യൂത്ത് ലീഗും അതൃപ്തി അറിയിച്ചിട്ടുണ്ട്. പ്രാദേശിക നേതാക്കളും പാര്‍ട്ടി നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സമദാനിയോട് പാര്‍ട്ടി വിശദീകരണം ചോദിച്ചതായാണ് റിപ്പോര്‍ട്ട്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി സമദാനി രംഗത്തെത്തി. സ്വാമി വിവേകാനന്ദന്റെ പേരിലുള്ള സാംസ്കാരിക പരിപാടിയിലാണ് പങ്കെടുത്തതെന്ന് സമദാനി പ്രതികരിച്ചു. സംഘപരിവാറിന്റെ പരിപാടിയെന്ന നിലയിലല്ല പങ്കെടുത്തത്. രാജ്യത്തിന്റെ പൊതു സ്വത്താണ് സ്വാമി വിവേകാനന്ദന്. വിവേകാനന്ദന് രാജ്യത്തിന് നല്കിയ മതേതര-ദാര്‍ശനിക മൂല്യങ്ങളെകുറിച്ചാണ് പരിപാടിയില്‍ സംസാരിച്ചത്. അതിന് പാര്‍ട്ടിയുടെ അനുമതി വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വല്ലഭായ് പട്ടേലിന്‍്റെ പ്രതിമ നിര്‍മ്മാണത്തിന്റെ ഭാഗമായി ബി.ജെ.പി സംഘടിപ്പിച്ച കൂട്ടയോട്ടം ചീഫ് വിപ്പ് പി.സി ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്തത് വിവാദത്തിന് വഴിവെച്ചിരുന്നു. ഇതേതുടര്‍ന്ന് കേരള കോണ്‍ഗ്രസ് എം ജോര്‍ജിനോട് വിശദീകരണം തേടിയിരുന്നു.
Comments