You are Here : Home / News Plus

കേരളത്തിന്‍െറ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നിവേദനം നല്‍കിയെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Thursday, October 16, 2014 04:44 hrs UTC

ന്യൂഡല്‍ഹി: കേരളത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട 18 ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിവേദനം നല്‍കി. ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയതായി പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.
ഏറ്റവും കൂടുതല്‍ പരിഗണന നല്‍കിയത് റബര്‍ കര്‍ഷകര്‍ നേരിടു പ്രതിസന്ധിയാണ്. ഒരു വര്‍ഷം മുന്‍പ് കിലോക്ക് 240 രൂപ ഉണ്ടായിരുന്ന റബറിന് ഇന്ന് 120 രൂപയേ ഉള്ളൂ. സംസ്ഥാന സര്‍ക്കാര്‍ രണ്ടുരൂപ കൂട്ടി സംഭരിച്ചെങ്കിലും പ്രയോജനം ഉണ്ടാകാത്തതിനാല്‍ അഞ്ചു രൂപ കൂട്ടി സംഭരിക്കാന്‍ തീരുമാനിച്ചു. എങ്കിലും ഇക്കാര്യത്തില്‍ കേന്ദ്രത്തിന്‍റെ അടിയന്തര ഇടപെടല്‍ കൂടിയേതീരൂ. റബര്‍ ഇറക്കുമതിച്ചുങ്കം കൂട്ടുകയും ഇറക്കുമതി പരമാവധി കുറക്കുകയും വേണം. വില സ്ഥിരതാ ഫണ്ടില്‍ നിന്നും കര്‍ഷകര്‍ക്ക് തുക അനുവദിച്ചു തരണം. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന റബറൈസ്ഡ് ടാറിങ്ങിന് ദേശീയതലത്തില്‍ സ്വീകാര്യത നേടിത്തരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം. സംസ്ഥാന സര്‍ക്കാര്‍ ശബരിമല മാസ്റ്റര്‍ പ്ളാന്‍ നടപ്പാക്കിവരുന്നു. എന്നാല്‍ തിരുപ്പതി ക്ഷേത്രത്തിലോ ജമ്മുവിലെ വൈഷ്ണോദേവി ക്ഷേത്രത്തിലോ ഉള്ള സൗകര്യമാണ് ശബരിമലയില്‍ വേണ്ടത്. ദേശീയ തീര്‍ഥാടന കേന്ദ്രമാക്കിയാല്‍ ഇതു സാധ്യമാകും.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പരിസ്ഥിതിലോല പ്രദേശങ്ങളുടെ വിജ്ഞാപനം ഉടനേ ഉണ്ടാകണം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 123 വില്ളേജുകള്‍ പരിസ്ഥിതിലോലമായി പ്രഖ്യാപിക്കുകയുണ്ടായി. അതനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഗ്രൗണ്ട് ലെവല്‍ വെരിഫിക്കേഷന്‍ ഉള്‍പ്പെടെ പഠനം നടത്തി തയാറാക്കിയ റിപ്പോര്‍ട്ട് മുന്‍ കേന്ദ്രസര്‍ക്കാര്‍ അതേപടി അംഗീകരിച്ച് ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ എന്തുകൊണ്ട് അന്തിമ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുന്നില്ല എന്ന് ചോദിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച കേരളത്തിനുമാത്രമായി വിജ്ഞാപനം ആകാമെന്നാണ് അത് അര്‍ഥമാക്കുന്നത്. കേരളത്തിലെ ജനങ്ങളും അത് ആവശ്യപ്പെടുന്നു. എതിരഭിപ്രായങ്ങളും ഇല്ല.
മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യമേഖലയില്‍ പരമ്പരാഗതമായി താമസിക്കുന്നവര്‍ക്കും വലിയ ബുദ്ധിമുട്ടാണ് തീരദേശ സംരക്ഷണ നിയമം ഉണ്ടാക്കുന്നത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പോകുന്നതേ ഉള്ളൂ എങ്കില്‍ ഇത് നടപ്പാക്കിക്കഴിഞ്ഞിരിക്കുകയാണ്. ബന്ധപ്പെട്ട കമ്മിറ്റി മുന്‍പാകെ എന്തൊക്കെ മാറ്റങ്ങളാണ് വേണ്ടതെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ വ്യക്തമായ അഭിപ്രായം പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇക്കാര്യത്തില്‍ അനുഭാവപൂര്‍വമായ നടപടി എടുക്കാമെന്ന് മന്ത്രി പറഞ്ഞു. അങ്ങനെയുള്ള തീരുമാനമാണ് പ്രതീക്ഷിക്കുന്നത്. എം.ജി സര്‍വകലാശാലയുടെ ഓഫ് ക്യാമ്പസില്‍ പഠിക്കുന്നവരെ അത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കും. എന്നാല്‍ പിന്നീട് ഓഫ് ക്യാമ്പസ് തുടരുന്നതിനു ബുദ്ധിമുട്ട് ഉണ്ടെന്ന് യു.ജി.സി ചെയര്‍മാന്‍ പ്രൊഫ. വേദപ്രകാശ് മുഖ്യമന്ത്രിയെ അറിയിച്ചു.
കേരള സര്‍വകലാശാലയുടെ 10 ബി.എഡ് സെന്‍്ററുകള്‍ പൂട്ടാനുള്ള തീരുമാനം എന്‍.സി.ടി.ഇയുടെ അടുത്ത ജനറല്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ സെന്‍ററുകളില്‍ 1700 വിദ്യാര്‍ഥികളുണ്ട്. കുറഞ്ഞ ഫീസില്‍ നല്ല നിലവാരത്തില്‍ പഠിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. കോടതി വിധികളുള്ളതിനാല്‍ ഈ സെന്‍ററുകള്‍ തുടരാന്‍ നിയമപരമായ തടസമുണ്ടെന്ന് എന്‍.സി.ടി.ഇ. ചെയര്‍മാന്‍ പ്രൊഫ. പാണ്ഡെ സൂചിപ്പിച്ചു. കേരളത്തിന് അനുവദിച്ച ഐ.ഐ.ടി പാലക്കാട് സ്ഥാപിക്കുന്നതിനു നല്‍കിയ സ്ഥലം പരിശോധിക്കാന്‍ ബന്ധപ്പെട്ട സമിതിയെ ഉടന്‍ അയക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനി അറിയിച്ചു.
കുട്ടനാട്, ഇടുക്കി പാക്കേജുകള്‍ തുടരണമെന്ന് കേന്ദ്രമന്ത്രി രാധാ മോഹന്‍ സിങ്ങിനോട് അഭ്യര്‍ഥിച്ചു. ജീവന്‍രക്ഷാ ഒൗഷധങ്ങളുടെ കുതിച്ചുയരുന്ന വില നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് ഏറ്റവും ആവശ്യമായ 108 മരുന്നുകളുടെ വിലയാണ് കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ നടപടിമൂലം കുതിച്ചുയരുതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുകയും അദ്ദേഹം അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. ദേശീയ ഗെയിംസിന്‍റെ സമാപന ചടങ്ങിലേക്ക് രാഷ്ട്രപതിയെ നേരിട്ടു ക്ഷണിക്കാന്‍ സാധിച്ചില്ല. അദ്ദേഹം വിദേശപര്യടനത്തിലാണ്. തുടര്‍ന്നു കത്തു നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.