You are Here : Home / News Plus

ടി.പി വധം സി.ബി.ഐ അന്വേഷിക്കില്ലെന്ന് കേന്ദ്രം

Text Size  

Story Dated: Friday, October 31, 2014 04:55 hrs UTC

ന്യൂഡല്‍ഹി: ടി.പി. ചന്ദ്രശേഖരന്‍, കെ.ടി. ജയകൃഷ്ണന്‍ വധക്കേസുകള്‍ സി.ബി.ഐ അന്വേഷിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. കേന്ദ്ര പേഴ്സനല്‍ മന്ത്രാലയത്തിന്‍െറ ചുമതല വഹിക്കുന്ന മന്ത്രി ജിതേന്ദ്ര സിങ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയെയാണ് ഇക്കാര്യം അറിയിച്ചത്. കേസ് സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മുല്ലപ്പള്ളിയും സംസ്ഥാന സര്‍ക്കാറും കേന്ദ്രത്തിന് നിവേദനം നല്‍കിയിരുന്നു.
ടി.പി വധത്തില്‍ മുഖ്യകേസില്‍ കോടതി വിധി പറയുകയും പ്രതികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ അന്വേഷിക്കാന്‍ ഒന്നുമില്ളെന്നാണ് സി.ബി.ഐ അന്വേഷണം വേണ്ടെന്ന നിലപാടിന് കാരണമായി കേന്ദ്രം വിശദീകരിക്കുന്നത്. കെ.ടി. ജയകൃഷ്ണന്‍ വധക്കേസ് നടന്നിട്ട് 14 വര്‍ഷം പിന്നിട്ടതിനാല്‍ ഇനി അന്വേഷണം ഫലപ്രദമാകില്ളെന്നും കേന്ദ്രം വ്യക്തമാക്കി.
കതിരൂര്‍ മനോജ് വധക്കേസില്‍ തിടുക്കത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച മോദി സര്‍ക്കാര്‍ ടി.പി കേസില്‍ വിപരീത സമീപനമാണ് സ്വീകരിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. ടി.പി കേസില്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ നേതാക്കളെ പിടികൂടിയിരുന്നെങ്കില്‍ കതിരൂര്‍ മനോജ് വധം നടക്കുമായിരുന്നില്ല. ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പാര്‍ട്ടി അംഗങ്ങളെ പുറത്താക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍ സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ ഉന്നയിച്ച ആവശ്യത്തെ പിന്തുണക്കുന്നു. ടി.പി കേസില്‍ സി.ബി.ഐ അന്വേഷണത്തിന് മുന്‍ യു.പി.എ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും വിജ്ഞാപനം ഇറക്കുന്ന വേളയിലാണ് തെരഞ്ഞെടുപ്പ് വന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.