സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു ജലന്ധര്‍ ബിഷപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന പീഡന ആരോപണത്തെക്കുറിച്ചു നേരത്തെ അറിവുണ്ടായിരുന്നെന്ന തരത്തില്‍ ഒരു ഫോണ്‍ സംഭാഷണം ചിലര്‍ പ്രചരിപ്പിക്കുന്നതു തെറ്റിദ്ധാരണജനകമെന്നു സഭാ കാര്യാലയം. പ്രചരിപ്പിക്കപ്പെടുന്ന ഫോണ്‍ സംഭാഷണത്തെക്കുറിച്ചു നേരത്തെതന്നെ പോലീസിനോടു വിശദീകരിച്ചിരുന്നു. സന്യാസിനി സമൂഹത്തില്‍ തനിക്കു നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണു കന്യാസ്ത്രീ ഫോണ്‍ സംഭാഷണത്തിലൂടെ കര്‍ദിനാളിനെ അറിയിച്ചത്. സന്യാസിനി സമൂഹത്തിന്റെ കാര്യത്തില്‍ തനിക്കു അധികാരമില്ലെന്നതിനാല്‍ വിഷയം അപ്പസ്തോലിക് നുണ്‍ഷ്യോയുടെയോ സിസിബിഐ പ്രസിഡന്റിന്റെയോ ശ്രദ്ധയില്‍പ്പെടുത്താന്‍ ഉപദേശിക്കുകയാണു കര്‍ദിനാള്‍ ചെയ്തത്. തനിക്കു ലൈംഗിക പീഡനം നേരിടേണ്ടിവന്നുവെന്നു കന്യാസ്ത്രീ സംഭാഷണത്തിലെവിടെയും പറയുന്നില്ല. ഇക്കാര്യങ്ങളെല്ലാം പോലീസിനോടും പത്രക്കുറിപ്പിലൂടെയും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. വിശ്വാസികളെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചാരണം നടത്തി സഭയെയും സഭാനേതൃത്വത്തെയും അവഹേളിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ അപലനീയമാണെന്നും സഭാ കാര്യാലയം പ്രസ്താവനയില്‍ പറഞ്ഞു.
Comments