മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നവിസിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ബി.ജെ.പി.ക്ക് മുന്‍ സഖ്യകക്ഷിയായ ശിവസേന അന്ത്യശാസനം നല്കി. മന്ത്രിസഭയില്‍ തങ്ങള്‍ക്ക് മൂന്നിലൊന്ന് പ്രാതിനിധ്യം വേണമെന്നും ഇല്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കാന്‍ ഒരുക്കമാണെന്നും മുഖപത്രമായ സാംനയില്‍ പാര്‍ട്ടി പറഞ്ഞു. ഇക്കാര്യത്തില്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി തീരുമാനം അറിയിക്കണമെന്ന് പാര്‍ട്ടി ബി.ജെ.പി.ക്ക് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. എന്‍.സി.പി.യുമായി സഹകരിക്കുന്നത് തിരിച്ചടിയാകുമെന്നും പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സേനയുടെ പിന്തുണക്കാര്യത്തില് അന്തിമ തീരുമാനമായില്ലെങ്കിലും വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ മുഖ്യമന്ത്രി ഉള്‍പ്പടെ ആറ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനാണ് ബി.ജെ.പി.യുടെ തീരുമാനം. പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെ മാത്രമാണ് ബി.ജെ.പി. സത്യപ്രതിജ്ഞാച്ചടങ്ങിലേയ്ക്ക് ഔദ്യോഗികമായി ക്ഷണിച്ചത്.
Comments