വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിരുന്ന കള്ളപ്പണത്തിന്റെ ഉടമകളായ ചിലരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിദേശ ബാങ്കുകളില്‍ നിക്ഷേപമുള്ളവരുടെ പേരു വെളിപ്പെടുത്തുമെന്ന നിലപാടെടുത്തത്. ദീപാവലി അവധിക്ക് ശേഷം കോടതി തുറക്കുമ്പോള്‍ ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കും. സുപ്രീംകോടതി അനുമതിയോടെയായിരിക്കും കള്ളപ്പണ നിക്ഷേപകരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുക.
തിങ്കളാഴ്ച രാത്രി പ്രധാനമന്ത്രി മന്ത്രിമാര്‍ക്കു നല്കിയ വിരുന്നിനിടെയും മോദി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പേരു വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന്്റെ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ വ്യക്തമായിട്ടില്ല.
നേരത്തെ ഇരട്ടനികുതി പ്രശ്നം ചൂണ്ടിക്കാണിച്ച് പേരുകള്‍ പുറത്ത് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. കുറ്റം ചുമത്തിയ ശേഷം മാത്രമേ പേരു വിവരങ്ങള്‍ വെളിപ്പെടുത്തുന്ന കാര്യം ആലോചിക്കാന്‍ കഴിയൂവെന്നും കേന്ദ്രം അറിയിച്ചിരുന്നു. വിവിധ വിദേശബാങ്കുകളിലായി കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് ഇന്ത്യയിലെ പ്രമുഖര്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇതില്‍ പല രാജ്യങ്ങളും കണക്ക് കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരുന്നു.
Comments