കേന്ദ്രത്തിനുപുറമെ സംസ്ഥാനങ്ങള്‍ക്കും കയറ്റുമതി പ്രോത്സാഹനസമിതികള്‍ രൂപവത്കരിക്കാന്‍ അനുമതി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. മുംബൈക്കടുത്ത് നവിമുംബൈയില്‍ ജെ.എന്‍.പി.ടി. തുറമുഖത്തോടു ചേര്‍ന്ന പ്രത്യേക സാമ്പത്തികവികസനമേഖലയ്ക്ക് ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്ത് കയറ്റുമതി വര്‍ധിപ്പിക്കാന്‍ രൂപവത്കരിച്ച പ്രത്യേക സാമ്പത്തികമേഖലാ പദ്ധതിക്ക് എല്ലാ പ്രോത്സാഹനവും നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഈ മേഖലകള്‍ പ്രാവര്‍ത്തികമാകുന്നതിനുള്ള എല്ലാ തടസ്സങ്ങളും പ്രത്യേക താത്പര്യമെടുത്ത് നീക്കും. ഇത്തരം വ്യവസായപദ്ധതികള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഉന്നതതല സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഓരോ പ്രത്യേക സാമ്പത്തികമേഖലാ നിര്‍ദേശങ്ങളും അവ നടപ്പാക്കുന്നതിലുള്ള തടസ്സങ്ങളും സമിതി പ്രത്യേകം പരിശോധിച്ച് നടപടികളെടുക്കും. കേന്ദ്രസര്‍ക്കാറും സംസ്ഥാനസര്‍ക്കാറുകളും കൈകോര്‍ത്തു പ്രവര്‍ത്തിച്ചാലേ കയറ്റുമതിവികസനം സാധ്യമാകൂ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
Comments