You are Here : Home / News Plus

ഗണേഷിനെ രക്ഷിക്കാൻ പിള്ള ഇറങ്ങി

Text Size  

Story Dated: Sunday, June 24, 2018 12:45 hrs UTC

അടികൊണ്ട യുവാവിനെയും അമ്മയെയും സമ്മര്‍ദത്തിലാക്കി കെ.ബി. ഗണേഷ്‌ കുമാര്‍ എം.എല്‍.എയ്‌ക്ക്‌ എതിരായ കേസ്‌ ഒത്തുതീര്‍ക്കാന്‍ ശ്രമം. ഇതിനായി പിതാവ്‌ ആര്‍. ബാലകൃഷ്‌ണപിള്ള നേരിട്ടിറങ്ങി. അമ്മ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ്‌ കൈപ്പറ്റാതെ പോലീസിന്റെ ഒത്താശ. ഗണേഷ്‌ പരസ്യമായി മാപ്പു പറയുകയോ മാപ്പ്‌ എഴുതിനല്‍കുകയോ ചെയ്‌താല്‍ പിന്മാറാമെന്ന നിലയിയാണ്‌ മര്‍ദനമേറ്റ അനന്തകൃഷ്‌ണനും കുടുംബവും. കാറിനു സൈഡ്‌ കൊടുത്തില്ലെന്ന പേരിലായിരുന്നു പരാക്രമം. 
തന്നെ അപമാനിക്കുന്ന തരത്തില്‍ അസഭ്യം പറയുകയും മകനെ തന്റെ മുന്നിലിട്ട്‌ ക്രൂരമായി മര്‍ദിക്കുകയും ചെയ്‌ത എം.എല്‍.എ, തന്റെ കൈയില്‍ കടന്നുപിടിച്ചെന്നും കഴുത്തില്‍പിടിച്ചു തള്ളിയെന്നും നേരത്തേ പോലീസിനു നല്‍കിയ മൊഴി ഷീന ചവറ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റിനു മുന്നില്‍ ആവര്‍ത്തിച്ചെന്നാണു വിവരം. ഈ മൊഴിയുടെ പകര്‍പ്പ്‌ പോലീസ്‌ വാങ്ങിയാല്‍ ഗണേഷിന്റെ അറസ്‌റ്റ്‌ അനിവാര്യമാകുമെന്ന തിരിച്ചറിവിലാണ്‌ ബാലകൃഷ്‌ണപിള്ള ഇടപെട്ട്‌ ഒത്തുതീര്‍പ്പുനീക്കം തുടങ്ങിയത്‌. 
എം.എല്‍.എ. മര്‍ദിച്ചെന്ന അനന്തകൃഷ്‌ണനും ഷീനയും അര മണിക്കൂറിനുള്ളില്‍ നല്‍കിയ പരാതി പോലീസ്‌ ആദ്യഘട്ടത്തില്‍ അവഗണിച്ചു. സംഗതി പന്തിയല്ലെന്നുകണ്ട്‌ ഗണേഷ്‌ പിന്നീടു നല്‍കിയ പരാതിയിലാണ്‌ ആദ്യം കേസെടുത്തത്‌. കൈകൊണ്ട്‌ അടിക്കുക (ഐ.പി.സി 323), അപമാനിക്കുന്ന തരത്തില്‍ അസഭ്യം പറയുക (294 ബി), ഭീഷണിപ്പെടുത്തല്‍ (506-1), ഒന്നില്‍ കൂടുതല്‍ ആളുകള്‍ ചേര്‍ന്ന്‌ അക്രമം കാട്ടുക (ഐ.പി.സി 34) എന്നിങ്ങനെ സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്‌ ഗണേഷിനും ഡ്രൈവര്‍ക്കുമെതിരേ ചുമത്തിയത്‌. 
ആയുധം ഉപയോഗിച്ച്‌ എം.എല്‍.എയെ ആക്രമിച്ചെന്നാണ്‌ അനന്തകൃഷ്‌ണനെതിരെയുള്ള കേസ്‌. ഭീഷണിപ്പെടുത്തല്‍, ഒന്നില്‍ കൂടുതല്‍ ആളുകള്‍ ചേര്‍ന്ന്‌ അക്രമം എന്നീ കുറ്റങ്ങള്‍ക്കു പുറമെ ആയുധം ഉപയോഗിച്ച്‌ ഉപദ്രവിച്ചു (ഐ.പി.സി 324) എന്ന വകുപ്പും അനന്തകൃഷ്‌ണനെതിരേ ചുമത്തി. സ്‌ത്രീത്വത്തെ അപമാനിച്ചെന്ന ഷാനിയുടെ പരാതി കണ്ടില്ലെന്നു നടിച്ചു. 
അഗസ്‌ത്യക്കോട്ടെ ഇടുങ്ങിയ റോഡിലായിരുന്നു സംഭവം. തങ്ങളാണു ഭരിക്കുന്നതെന്ന്‌ ഓര്‍മ വേണമെന്ന്‌ ഗണേഷ്‌ ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്‌. സംഭവം കണ്ടിട്ടും ഗണേഷിനെ രക്ഷിക്കാന്‍ ശ്രമിച്ച അഞ്ചല്‍ സി.ഐയെത്തന്നെയാണ്‌ അന്വേഷണത്തിനു നിയോഗിച്ചത്‌. ഇതു പുറത്തുവന്നതോടെ, സി.ഐയെ സ്‌ഥലംമാറ്റിയെന്നു സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു. എന്നാല്‍, സംഭവത്തിനു മുമ്ബുതന്നെ സ്‌ഥലംമാറ്റത്തിന്‌ ഉത്തരവായിരുന്നെന്നു വ്യക്‌തമായി. സി.ഐ. ഇപ്പോള്‍ അവധിയിലാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.