You are Here : Home / USA News

സാന്ത്വനപരിചരണത്തിന് കൈത്താങ്ങായി ഫോമാ വിമന്‍സ് ഫോറം

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, March 22, 2018 01:28 hrs UTC

ന്യൂയോര്‍ക്ക്: “കേരളത്തിലെ പാലിയേറ്റീവ് കെയര്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയേ മതിയാവൂ. കാരണം, കുടുംബത്തിലൊരാള്‍ മാറാരോഗം വന്ന് കിടപ്പിലായാല്‍ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നത് സ്ത്രീകളാണ്' ലോകത്തിലെ ഏറ്റവും പ്രമുഖരായ മുപ്പത് പാലിയേറ്റവ് കെയര്‍ ഡോക്ടര്‍മാരിലൊരാളായി അംഗീകരിക്കപ്പെട്ട പത്മശ്രീ ഡോ. എം.ആര്‍ രാജഗോപാല്‍ പറയുന്നു. ഫോമാ വിമന്‍സ് ഫോറം നേതൃത്വംനല്‍കുന്ന സാന്ത്വനസ്പര്‍ശം പ്രോജക്ടിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് 17 ശനിയാഴ്ച വൈകുന്നേരം ഓറഞ്ച്ബര്‍ഗിലെ സിതാര്‍ പാലസ് ഇന്ത്യന്‍ റസ്റ്റോറന്റില്‍ വച്ച് നടന്ന ചടങ്ങില്‍ നൂറിലധികം ആളുകള്‍ പങ്കെടുത്തു. മൂന്ന് വിവിധ ഉദാഹരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് SAT ആശുപത്രിക്ക് സമീപമുള്ള കുട്ടികളുടെ ക്ലിനിക്കില്‍ അംഗവൈകല്യമുള്ള കുട്ടികളുമായി സ്ഥിരമായി വരുന്ന അമ്മമാരുണ്ട്.

 

ജന്മനാ നാഡികള്‍ക്കോ മസിലുകള്‍ക്കോ തകരാറ് സംഭവിച്ച ഒരു കുഞ്ഞ് ജനിച്ചാല്‍ പലപ്പോഴും അച്ഛന്‍, അമ്മയേയും കുഞ്ഞിനെയും ഉപേക്ഷിച്ചുപോകും. എണീറ്റ് നടക്കാന്‍ വയ്യാത്ത കുഞ്ഞിനെ രാപകലില്ലാതെ ശുശ്രൂഷിക്കാന്‍ ചുമതലപ്പെട്ട അമ്മമാര്‍ ചികിത്സയ്ക്കുള്ള പണമില്ലാതെ വലയുന്നു! കുട്ടിയെ നോക്കാന്‍ മറ്റാരുമില്ലാത്തതുകൊണ്ട് അവര്‍ക്ക് ജോലിക്ക് പോകാന്‍ നിവൃത്തിയില്ല. ജീവിതച്ചിലവുകള്‍ക്കും ചികിത്സയ്ക്കുമുള്ള പണം ആരുടെയെങ്കിലും ഔദാര്യമായി കിട്ടണം. “കുഞ്ഞിനെ കൊന്നുകളഞ്ഞിട്ട് ആത്മഹത്യ ചെയ്താലോ എന്നുവരെ ചിന്തിച്ചിട്ട് ധൈര്യമില്ലാതെ പോയി” എന്നു പറഞ്ഞ് കരയുന്നവരുണ്ട്: ഡോ.രാജഗോപാല്‍ പറഞ്ഞു. ഒറ്റയ്ക്ക് കഴിയുന്ന വൃദ്ധകളാണ് സഹായം ലഭിക്കേണ്ട മറ്റൊരു കൂട്ടര്‍. കേരളത്തിലിന്ന് ഒരുലക്ഷത്തി എഴുപതിനായിരം വൃദ്ധര്‍ ഒറ്റയ്ക്ക് താമസിക്കുന്നവരാണ്. അതില്‍ ഒരുലക്ഷത്തിനാല്‍പതിനായിരവും സ്ത്രീകളാണ്. സ്ത്രീകളുടെ ശരാശരി ആയുസ്സ് പുരുഷന്മാരുടേതിനേക്കാള്‍ കൂടുതലായതാവും കാരണം. ഇതില്‍ കുറെപ്പേരെങ്കിലും സ്വയം പര്യാപ്തതയുള്ളവരായിരിക്കും. ബാക്കിയുള്ളവരുടെ കഥയാണ് കഷ്ടം.

 

ഒരുവശം തളര്‍ന്ന് ഒരൊറ്റമുറി വീട്ടില്‍ തനിയെ കഴിയുന്ന ഒരു വൃദ്ധയുടെ കഥ അദ്ദേഹം വിവരിച്ചു. തനിയെ എഴുന്നേറ്റ് നടക്കാന്‍ സ്വാധീനമില്ലാത്ത അവര്‍ കൈയെത്തുന്ന ദൂരത്തില്‍ ഒരു അടുപ്പും മറ്റേ അറ്റത്ത് ഒരു മണ്‍കലവും വച്ചിട്ടുണ്ട്്. മണ്‍കലത്തിലാണ് മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത്. സ്കൂള്‍ വിട്ടെത്തുന്ന കൊച്ചുമകള്‍ ദിവസേന മണ്‍കലം വൃത്തിയാക്കിക്കൊടുക്കും. അവധിദിവസങ്ങളില്‍ അത് സാധിക്കാത്തതുകൊണ്ട് വിസര്‍ജ്ജ്യങ്ങള്‍ കലത്തില്‍തന്നെ! ഒരു കട്ടില്‍ ഉണ്ടെങ്കിലും തനിയെ കയറി കിടക്കാന്‍ കഴിയാത്തതുകൊണ്ട് കിടപ്പ് നിലത്താണ്! ഇതൊരു ഉദാഹരണം മാത്രം. ഇങ്ങനെയുള്ള നിരവധി നിരാംലംബരായ വൃദ്ധകള്‍ കേരളത്തിലെ പല സ്ഥലങ്ങളിലായുണ്ട്. നട്ടെല്ലിന് ക്ഷതംപറ്റി പരാലിസിസ് ആയ ചെറുപ്പക്കാരുടെയും അവരെ ശുശ്രൂഷിക്കുന്ന ഭാര്യമാരുടെയും സ്ഥിതിയും പരിതാപകരമാണ്. ഇങ്ങനെയുള്ളവര്‍ക്ക് റിഹാബിലിറ്റേഷന്‍ നല്‍കാനുള്ള സാധ്യതകള്‍ നാട്ടില്‍ പരിമിതമാണ്.

 

അമേരിക്ക പോലെയുള്ള സ്ഥലങ്ങളില്‍ ഫിസിക്കല്‍ തെറപ്പിയും മറ്റുംകൊണ്ട് വീല്‍ചെയറില്‍ സഞ്ചരിക്കാന്‍ കഴിയും. പക്ഷേ കേരളത്തിലെ പാവപ്പെട്ടവന്റെ സ്ഥിതി അതല്ല. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താല്‍ അവരുടെ ലോകം, വീടിന്റെ നാല് ചുമരുകള്‍ക്കുള്ളിലൊതുങ്ങും. കിടക്കയില്‍ ഒരേ കിടപ്പ് കിടന്ന്, പുറത്ത് വ്രണങ്ങള്‍ ഉണ്ടാകാം, മൂത്രം കെട്ടിക്കിടക്കുന്നതുകൊണ്ട് അണുബാധ- അങ്ങനെ നിരവധി പ്രശ്‌നങ്ങള്‍. ഭാര്യമാര്‍തന്നെ കൂടെ നിന്ന് ശുശ്രൂഷിക്കണം, വേറെ ആരുമുണ്ടാവില്ല. ജോലി ചെയ്യാന്‍ ആളില്ലാത്തതുകൊണ്ട് വരുമാനവുമില്ല. കേരളത്തില്‍ ദാരിദ്ര്യരേഖയുടെ താഴെ വരുമാനമുള്ളവരില്‍ മൂന്നിലൊന്ന് കുടുംബങ്ങളും ചികിത്സയ്ക്ക് പണംമുടക്കി ദരിദ്രരായവരാണ് എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടു്. കഴിഞ്ഞ മൂന്നുനാല് പതിറ്റാണ്ടുകളായി ആരോഗ്യമേഖലയിലെ ചെലവുകള്‍ കുത്തനെ ഉയരുന്നു. സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന കുടുംബങ്ങളില്‍ ആര്‍ക്കെങ്കിലും അസുഖംവന്നാല്‍ പെട്ടെന്ന് പണമുണ്ടാക്കാന്‍ ബ്ലേഡ് കമ്പനികളെ ആശ്രയിക്കുകയേ മാര്‍ഗമുള്ളൂ. പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ട് ചികിത്സ ഇടയ്ക്കുവച്ച് നിര്‍ത്തേിവരുന്നു. ഒരാളുടെ ചികിത്സയ്ക്കുള്ള കടബാധ്യതകള്‍ വരുംതലമുറയെയും ബാധിക്കും. വിദ്യാഭ്യാസം ഇടയ്ക്ക് വച്ച് നിര്‍ത്തേിവരുന്ന കുട്ടികള്‍, ചെറുപ്രായത്തിലേ ജോലിക്കുപോകാന്‍ നിര്‍ബന്ധിതരാകുന്നു. രോഗങ്ങളെക്കുറിച്ചും മരുന്നുകളെക്കുറിച്ചുമൊക്കെ വിശദമായ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ ഈ സാമൂഹ്യപ്രശ്‌നത്തെ ആരും അപഗ്രഥിച്ച് പഠിക്കുകയോ അതിന് പരിഹാരം നിര്‍ദ്ദേശിക്കുകയോ ചെയ്യുന്നില്ല: ഡോ. രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ഫോമാ വിമന്‍സ് ഫോറം നേതൃത്വം നല്‍കുന്ന സാന്ത്വനസ്പര്‍ശം പദ്ധതി, മേല്‍പ്പറഞ്ഞ രീതിയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകളെ കേമ്പ്രീകരിച്ചായിരിക്കും നടപ്പില്‍ വരുത്തുക എന്നദ്ദേഹം പറഞ്ഞു.

 

ഗവണ്മെന്റ് സഹായമൊന്നും ലഭ്യമല്ലാത്തതിനാല്‍ തികച്ചും പൊതുജനങ്ങളുടെ സംഭാവനയാണ് പാലിയം ഇന്ത്യ എന്ന തന്റെ സ്ഥാപനത്തെ മുമ്പോട്ട് നയിക്കുന്നത്. സ്ത്രീകള്‍ക്ക് പ്രത്യേകപരിഗണന നല്‍കുന്ന ഒരു പ്രോജക്ടുമായി മുമ്പോട്ടുവന്ന ഫോമ വിമന്‍സ് ഫോറത്തിന് നന്ദി പറയുന്നതോടൊപ്പം, ഏവരുടെയും സഹായസഹകരണങ്ങള്‍ ഈ പ്രോജക്ടിന് ഉണ്ടാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഫോമാ വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് മെട്രോ, എംപയര്‍ ചാപ്റ്ററുകളാണ് ഈ ഫണ്ട് റെയിസിംഗ് ഡിന്നറിന് നേതൃത്വം നല്‍കിയത്. എംപയര്‍ ചാപ്റ്റര്‍ സെക്രട്ടറി ഗ്രേസി വറുഗീസ് സ്വാഗതവും മെട്രോ റീജിയണ്‍ സെക്രട്ടറി ജസ്സി ജയിംസ് കൃതജ്ഞതയും അര്‍പ്പിച്ചു. ഫോമാ വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ഡോ. സാറാ ഈശോ, ഡോ. രാജഗോപാലിനെ സദസ്സിന് പരിചയപ്പെടുത്തി. വിമന്‍സ് ഫോറം സെക്രട്ടറി രേഖാ നായര്‍, അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ലോണാ ഏബ്രഹാം എന്നിവരായിരുന്നു എം.സിമാര്‍. വിമന്‍സ് ഫോറം അഡൈ്വസറി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ കുസുമം ടൈറ്റസ്, ഫോമാ വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍ ഫോമാ സെക്രട്ടറി ജിബി തോമസ്, ഇന്ത്യാ പ്രസ്ക്ലബ് നാഷണല്‍ ട്രഷറര്‍ സണ്ണി പൗലോസ്, ജനനി മാസിക ചീഫ് എഡിറ്റര്‍ ജെ. മാത്യൂസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഷൈല പോള്‍ ക്യാന്‍സര്‍ ബോധവല്‍ക്കരണത്തെക്കുറിച്ച് സംസാരിച്ചു. പ്രശസ്തഗായകരായ ശബരീനാഥ് നായര്‍, റോഷന്‍ മാമ്മന്‍ എന്നിവരുടെ ശ്രുതിമധുരമായ ഗാനങ്ങളും, മയൂര സ്കൂള്‍ ഓഫ് ആര്‍ട്ട്‌സ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്തങ്ങളും ചടങ്ങിന് മാറ്റുകൂട്ടി. കുസുമം ടൈറ്റസ് അയ്യായിരം ഡോളര്‍ സാന്ത്വനസ്പര്‍ശം പരിപാടിക്ക് സംഭാവനയായി ഡോ. രാജഗോപാലിന് കൈമാറി.

 

വിമന്‍സ് ഫോറം മിഡ് അറ്റലാന്റിക്, ന്യൂയോര്‍ക്ക് എംപയര്‍, മെട്രോ എന്നീ ചാപ്റ്ററുകളുടെ ഭാരവാഹികളും അതത് റീജിയണുകളുടെ സംഭാവനകള്‍ ചടങ്ങില്‍വച്ച് ഡോ.രാജഗോപാലിന് നേരിട്ട് നല്‍കി. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സിനെ പ്രതിനിധീകരിച്ച് ഷൈനി മാത്യു ആയിരം ഡോളര്‍ നല്‍കി. ഈ ഫ് റെയിസിംഗ് ഡിന്നറിന് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയവര്‍: മഴവില്‍ എഫ്. എം, ജനനി പബ്ലിക്കേഷന്‍സ്, ഡോ. ഓമന മാത്യു, സണ്ണി പൗലോസ്, ഡോ. സണ്ണി തോമസ്, ജെ. മാത്യൂസ്, ജോര്‍ജ് & ലൂസി പൈലി, ലിജി ഏബ്രഹാം, വിലാസ് ഏബ്രഹാം, മാറ്റ് മാത്യൂസ് & ഡോ. അന്ന മാത്യൂസ്, ശരത് വറുഗീസ്, ശിഷിര്‍ വറുഗീസ്, മൊഹീമ്പര്‍ സിംഗ്, നീനാ സുധീര്‍, ജയ്‌സണ്‍ തോമസ്, ജോര്‍ജ് & ശോശാമ്മ പാടിയേടത്ത്, വിജയന്‍ & മേരി ഡാനിയേല്‍, ഏലിയാമ്മ ഏബ്രഹാം, ജയിന്‍ ജേയ്ക്കബ്. സാന്ത്വനസ്പര്‍ശം പ്രോജക്ടിലേക്ക് സംഭാവന നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിശദവിവരങ്ങള്‍് വിമന്‍സ് ഫോറം ഭാരവാഹികളുടെ കയ്യില്‍ നിന്നും ലഭ്യമാണ്. Dr. Sarah Easaw (845) 304-4606 seasaw929@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.