ഷാജി രാമപുരം
ന്യുയോർക്ക് ∙ കാലം ചെയ്ത മാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തയും റാന്നി നിലയ്ക്കൽ ഭദ്രാസനാധിപനും ആയ ബിഷപ് ഗീവർഗീസ് മാർ അത്തനാസിയോസിന്റെ (74) ഭൗതികശരീരം വെള്ളിയാഴ്ച തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പള്ളിയോട് ചേർന്നുള്ള പ്രത്യേക കബറിടത്തിൽ കബറടക്കും. രാവിലെ 10 മണിക്ക് നഗരികാണിക്കൽ ശുശ്രൂഷയോടെ കബറടക്ക ശുശ്രൂഷ ആരംഭിക്കുമെന്ന് സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത സഭാ സെക്രട്ടറി റവ. കെ. ജി. ജോസഫ് അറിയിച്ചു.
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ വിവിധ ഇടവകകളിൽ സഫ്രഗൻ മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ അനുസ്മരണ സമ്മേളനങ്ങളും പ്രത്യേക പ്രാർത്ഥനകളും ക്രമീകരിച്ചിട്ടുണ്ട്. ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക്ക് മാർ ഫിലക്സിനോസ് കബറടക്ക ശുശ്രൂഷയിൽ പങ്കെടുക്കുവാൻ കേരളത്തിലേക്ക് തിരിച്ചു.
നെടുംമ്പ്രം ക്രിസ്തോസ് മാർത്തോമ്മ ഇടവകാംഗം ആയ സഫ്രഗൻ തിരുമേനി 1944 ഏപ്രിൽ 26 ന് ജനിച്ചു. 1969 മേയ് മൂന്നിന് ശെമ്മാശുപട്ടവും ജൂൺ 14ന് കശീശാ പട്ടവും സ്വീകരിച്ചു. 1989 ഡിസംബർ ഒൻപതിന് ഗീവർഗീസ് മാർ അത്തനാസിയോസ് എന്ന നാമത്തിൽ എപ്പിസ്കോപ്പയായി. 2015 ഒക്ടോബർ രണ്ടിന് സഫ്രഗൻ മെത്രാപ്പോലീത്തയായി സ്ഥാനാരോഹണം ചെയ്തു. കാനഡയിലെ ടൊറന്റോ ഇടവകയിലെ മുൻ വികാരിയായിരുന്നു കാലം ചെയ്ത മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പോലീത്ത.
കബറടക്ക ശുശ്രൂഷയുടെ തത്സമയ സംപ്രേക്ഷണം ടെക്സസ് സമയം വ്യാഴം വൈകിട്ട് 10 മണി മുതൽ സഭയുടെ വെബ് സൈറ്റ് ആയ www.marthoma.in or www.sdimagingstudio.com/live നിന്നും ലഭിക്കുന്നതാണ്.
Comments