You are Here : Home / USA News

ജനനായകര്‍ക്ക് ഉജ്വല സ്വീകരണം നല്‍കി ഇന്ത്യാ പ്രസ്‌ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍

Text Size  

Story Dated: Monday, May 14, 2018 03:16 hrs EDT

ഹൂസ്റ്റൺ ∙ കേരളത്തിന്റെ യുവ നായകന്‍ വി.ടി. ബല്‍റാം എംഎല്‍എയ്‌ക്കൊപ്പം ടെക്‌സസ് സ്റ്റേറ്റ് റെപ്രസന്റേറ്റീവ് റോണ്‍ റെയ്‌നോള്‍ഡ്‌സ്, സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു എന്നിവര്‍ക്ക് ഇന്ത്യാ പ്രസ്‌ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ഉജ്വല സ്വീകരണം നല്‍കി.

തുറന്ന വാഹനത്തില്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കേരളാ ഹൗസിലേക്ക് ജനപ്രതിനിധികളെ ആനയിക്കുമ്പോള്‍ പുരുഷാരം ആര്‍ത്തുവിളിച്ചു. ഐപിസിഎന്‍എ ദേശീയ പ്രസിഡന്റ് മധു കൊട്ടാരക്കര, ജനറല്‍ സെക്രട്ടറി സുനില്‍ തൈമറ്റം, ചാപ്റ്റര്‍ പ്രസിഡന്റ് ജോയ് തുമ്പമണ്‍, നാഷണല്‍ കമ്മിറ്റി അംഗം അനില്‍ ആറന്മുള, ഐപിസിഎന്‍എ പ്രസിഡന്റ് ഇലക്ട് ഡോ. ജോര്‍ജ് കാക്കനാട്ട് എന്നിവർ സ്വീകരണത്തിനു നേതൃത്വം നൽകി.

ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ അടുത്ത രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനമായിരുന്നു വേദി. കേരളത്തില്‍ നിന്നെത്തിയ പ്രശസ്ത വാദ്യമേള വിദഗ്ധര്‍ പല്ലാവൂര്‍ ശ്രീധരന്‍, പല്ലാവൂര്‍ ശ്രീകുമാര്‍, ശ്രീജിത്ത് മാരാര്‍, ആനന്ദ് ഗുരുവായൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെണ്ടമേളം തകര്‍ത്തുപെയ്തപ്പോള്‍ തുറന്ന വാഹനത്തിലെ ഇങ്ങനെയൊരു സ്വീകരണം ടെക്‌സസ് റെപ്രസന്റേറ്റീവ് റോണിനു പുതിയ ആനുഭവമായിരുന്നു.

തുടര്‍ന്നു കേരള ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ റോണ്‍ തന്റെ മണ്ഡലത്തിലെത്തിയ എംഎൽഎ വി.ടി. ബല്‍റാമിനെ അനുമോദിക്കുകയും ഉപഹാരമായി ടെക്‌സസ് ഫ്ലാഗും, ഗവര്‍ണ്ണറുടെ അനുമോദനപത്രവും നല്‍കുകി. ഫോര്‍ട്ട്ബന്‍ഡ് കൗണ്ടി ജഡ്ജ് സ്ഥാനാർഥി ജൂലി മാത്യു, റോണിനെ സദസ്സിനു പരിചയപ്പെടുത്തി. ഓസ്റ്റിനിലെ ടെക്‌സസ് ഗവര്‍ണറേറ്റ് സന്ദര്‍ശിക്കാനുള്ള ഔദ്യോഗിക ക്ഷണവും റോണ്‍ ബല്‍റാമിനു നല്‍കി.

ഇന്ത്യാ പ്രസ്‌ക്ലബിന്റെ സുഹൃത്തുകൂടിയായ തന്നെ പ്രവര്‍ത്തനോദ്ഘാടനത്തിനു ക്ഷണിച്ചതില്‍ ബല്‍റാം നന്ദി രേഖപ്പെടുത്തി. ഐപിസിഎന്‍എയുടെ 'സ്റ്റെപ്' പോലുള്ള പദ്ധതികള്‍ മറ്റു സംഘടനകള്‍ മാതൃകയാക്കേണ്ടതാണെന്നു ബല്‍റാം പറഞ്ഞു. ഇന്ത്യയിലെ ജനാധിപത്യവും പത്രസ്വാതന്ത്ര്യവും അപകടാവസ്ഥയിലേക്കു നീങ്ങുന്ന പ്രതീതിയാണ് ഇപ്പോഴുള്ളതെന്നും അതിനായി പ്രവാസികള്‍ക്കും തങ്ങളുടേതായ കടമ നിര്‍വഹിക്കാനുണ്ടെന്നും ബല്‍റാം ഓര്‍പ്പിച്ചു. എംഎൽഎയുമായി സംവദിക്കാന്‍ ചോദ്യോത്തരവേളയും സംഘടിപ്പിച്ചിരുന്നു.

തുടര്‍ന്നു സംസാരിച്ച സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു പ്രസ്‌ക്ലബിന്റെ പ്രവര്‍ത്തനങ്ങളെ ശ്ശാഘിച്ചു. മെയ് അഞ്ചിനു നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ആറാം തവണയും ജയിച്ച കെന്‍ മാത്യുവിനെ ബല്‍റാം പൊന്നാട അണിയിച്ച് ആദരിച്ചു.

മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോഷ്വാ ജോര്‍ജ് പ്രസ്‌ക്ലബിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്നു പ്രസംഗിച്ച ഇന്ത്യാ പ്രസ്‌ക്ലബ് പ്രസിഡന്റ് മധു കൊട്ടാരക്കര പ്രസ്‌ക്ലബിന്റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. പ്രത്യേകിച്ചും 'സ്റ്റെപ്' എന്ന പദ്ധതിയിലൂടെ അഞ്ച് ജേര്‍ണലിസം വിദ്യാർഥികളെ ഒരു ലക്ഷം രൂപ വീതം നല്‍കി പരിശീലിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ പ്രസ് അക്കാദമിയുമായി ചേര്‍ന്നു നടത്തുന്നു. സ്റ്റെപ് പദ്ധതിയുടെ ഒരു സ്‌പോണ്‍സറായ ഹൂസ്റ്റണ്‍ വ്യവസായി ജിജു കുളങ്ങരയില്‍ നിന്നും ഒരു ലക്ഷം രൂപയുടെ ചെക്ക് വാങ്ങി ബല്‍റാം എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ഐപിസിഎന്‍എ സെക്രട്ടറി സുനില്‍ തൈമറ്റം ഇന്നത്തെ പത്രപ്രവര്‍ത്തനം നവീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. നിയുക്ത പ്രസിഡന്റ് ഡോ. ജോര്‍ജ് കാക്കനാട്ട് പ്രസ്‌ക്ലബിന്റെ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിനെപ്പറ്റി സംസാരിച്ചു. ഫോമാ മുന്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍, ഫൊക്കാന നേതാവ് ഏബ്രഹാം ഈപ്പന്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സണ്ണി കാരിയ്ക്കല്‍, കെ.പി. ജോര്‍ജ്, മറ്റു സംഘടനാ പ്രതിനിധികള്‍, റിയല്‍ട്ടറും ചാരിറ്റി പ്രവര്‍ത്തകനുമായ ജെ.ഡബ്ല്യു. വര്‍ഗീസ് എന്നിവരും ബല്‍റാമിനു സ്വാഗതവും, പ്രസ്‌ക്ലബിന് ആശംസകളും അര്‍പ്പിച്ചു.

ഐപിസിഎന്‍എ ദേശീയ ജോയിന്റ് സെക്രട്ടറി അനില്‍ ആറന്മുള സ്വീകരണയോഗം വിജയമാക്കിയതിനു എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. കേരള തനിമ റസ്റ്റോറന്റ് ഒരുക്കിയ ഡിന്നര്‍ പരിപാടികള്‍ക്ക് രുചിക്കൂട്ട് നല്‍കി. ഇന്ത്യാ പ്രസ്‌ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജോയ് തുമ്പമണ്‍ സ്വാഗതം ആശംസിച്ചു. ഷെബി റോയ്, റെയ്‌ന സുനില്‍ എന്നിവര്‍ എം.സിമാരായിരുന്നു.

By: അനിൽ ആറന്മുള

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More