You are Here : Home / USA News

ആത്മീയധന്യതയില്‍ ഫാമിലി കോണ്‍ഫറന്‍സിനു സമാപനം

Text Size  

Story Dated: Saturday, July 21, 2018 01:37 hrs UTC

രാജന്‍ വാഴപ്പള്ളില്‍

കലഹാരി കണ്‍വന്‍ഷന്‍ സെന്റര്‍ (പെന്‍സില്‍വേനിയ): വിശ്വാസപ്രഭയില്‍ മുങ്ങിയ ആത്മീയമുഖരിതമായ നാലു ദിനങ്ങള്‍ക്ക് പരിസമാപ്തി. മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ മൂന്നാം ദിനം ആത്മീയ പ്രഭാഷണങ്ങളാലും യാമപ്രാര്‍ത്ഥനകളാലും, ധ്യാന നിമഗ്നമായ അന്തരീക്ഷത്താലും നിറഞ്ഞു നിന്നു. അനുതാപവും ഉപവാസവും ഒക്കെ മുഖ്യ വിഷയങ്ങളായ വേദികളിലും ചര്‍ച്ചാ ക്ലാസ്സുകളിലും ഓപ്പണ്‍ ഫോറങ്ങളിലും ഉത്സാഹത്തോടെയുള്ള പങ്കാളിത്തമാണുണ്ടായിരുന്നത്. ആത്മീയത ഓരോ വിശ്വാസിയും തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ കോണ്‍ഫറന്‍സിന് മാറ്റ് കൂട്ടി. വിശ്വാസത്തില്‍ കൂടി ദൈവിക സത്യങ്ങളെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുവാനുതകുന്ന ദീപ്തിമത്തായ ധ്യാനയോഗങ്ങളും ചര്‍ച്ചാക്ലാസുകളും കൊണ്ട് മൂന്നാം ദിവസമായ വെള്ളിയാഴ്ച സമ്പന്നവും സജീവവുമായിരുന്നു.

നാലുദിന കോണ്‍ഫറന്‍സ് ഇന്ന് ഉച്ചയോടെ സമാപിക്കും. രാവിലെ ആറു മണിക്കു നമസ്‌ക്കാരത്തോടെ തുടങ്ങിയ കോണ്‍ഫറന്‍സ് മൂന്നാം ദിനത്തില്‍ വെരി. റവ. കെ. മത്തായി കോര്‍ എപ്പിസ്‌കോപ്പ ധ്യാന പ്രസംഗം നടത്തി. തുടര്‍ന്നു വിവിധ ഗ്രൂപ്പുകള്‍ക്കായി ചിന്താവിഷയത്തിലൂന്നിയ പ്രസംഗ പരമ്പരയുടെ രണ്ടാം ഭാഗം റവ.ഡോ. ജേക്കബ് കുര്യന്‍, ഫാ. ജേക്ക് കുര്യന്‍, ഫാ. പോള്‍ ചെറിയാന്‍, അമല്‍ പുന്നൂസ് എന്നിവര്‍ നയിച്ചു. ഗുരു വന്നിട്ടുണ്ട്, നിന്നെ വിളിക്കുന്നു എന്ന വാക്യത്തെ ആസ്പദമാക്കി റവ.ഡോ. ജേക്കബ് കുര്യന്‍ പ്രസംഗിച്ചു. തലേന്നു പരിചയപ്പെടുത്തിയ പഴയ നിയമത്തിലെ നാലു വ്യക്തിത്വങ്ങളായ ഹാഗാര്‍, യാക്കോബ്, ജോസഫ്, ഇയ്യോബ് എന്നിവരെ വീണ്ടും എടുത്തു പറഞ്ഞു കൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. ഇവര്‍ പഴയനിയമത്തിലെ കഷ്ടതയുടെയും സഹനത്തിന്റെയും പ്രതിനിധികളാണ്. ഹാഗാര്‍ ഈ കാലഘട്ടത്തിലെ സ്ത്രീകളെയും യാക്കോബ് യുവജനങ്ങളെയും ജോസഫ് ജോലി സ്ഥലത്തെ നിസ്സഹായ അവസ്ഥയേയും കുടുംബാന്തരീക്ഷത്തില്‍ സഹോദരി സഹോദരങ്ങളില്‍ നിന്നും നേരിടുന്ന കഷ്ടതകളെയും സഹനത്തെയും ഓര്‍മ്മിപ്പിക്കുന്നു. ഇയ്യോബ് നിരപരാധിത്വത്തിന്റെ പ്രതിനിധിയായി കഷ്ടതയേയും സഹനത്തെയും നേരിടുന്നു. ഇന്നു ചിന്തിക്കുമ്പോള്‍, പുതിയ നിയമത്തിന് ബൈബിളിനെ ആധാരമാക്കി കഷ്ടതക്കും സഹനത്തിനും അടിസ്ഥാനങ്ങള്‍ കാണാനാവും.

കഷ്ടത, കഷ്ടതയുടെ കാരണം, കഷ്ടതയുടെ അവസാനം, കഷ്ടത അവസാനിപ്പിക്കുന്ന വഴി. ഇതു നാലും കഷ്ടതയ്ക്കു കാരണങ്ങളായ മഹത്തായ സത്യങ്ങളാണെന്ന് ഓര്‍മ്മിപ്പിച്ചു. ഭഗവദ് ഗീതയിലെ നിഷ്‌ക്കാമകര്‍മ്മത്തെക്കുറിച്ചും ശ്രീബുദ്ധന്‍ ദുഃഖത്തിന്റെ കാരണമായി കണ്ടെത്തിയ നിര്‍വ്വാണത്തെക്കുറിച്ചും അദ്ദേഹം പറയുകയുണ്ടായി. പുതിയ നിയമത്തില്‍ കഷ്ടതയുടെയും സഹനത്തിന്റെയും പ്രതിനിധികളായി യേശു ക്രിസ്തു, പൗലോസ് ശ്ലീഹ, പത്രോസ് ശ്ലീഹ എന്നിവരാണ്. നമ്മുടെ നിത്യജീവിതത്തില്‍ ചില വേദനകള്‍ നമുക്കു അനുഭവിക്കേണ്ടി വരുന്നതും ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളുടെ വെളിപ്പെടുത്തലിനായിട്ടാണ്. ഈ ലോകത്തില്‍ എവിടെയെല്ലാം കഷ്ടതയുടെയും സഹനത്തിന്റെയും അനുഭവമുണ്ടോ അവിടെയെല്ലാം പുനരുദ്ധാരണത്തിന്റെയും അനുഭവം ഉണ്ട്. നിങ്ങള്‍ കഷ്ടത അനുഭവിക്കുമ്പോള്‍ നിങ്ങളുടെയുള്ളില്‍ അതിനെ അതിജീവിക്കുവാനുള്ള ഒരു പുനരുദ്ധാനം ജനിക്കുകയാണെന്ന് നാം മറന്നു പോവരുത്. ദുഃഖങ്ങളും പരീക്ഷണങ്ങളും ഒരു തുടര്‍ക്കഥയാണ്. ലോകത്തിലെ എല്ലാ മഹാത്മാക്കളും കഷ്ടതയില്‍ കൂടി വളര്‍ന്നു വന്നവരാണ്. നമ്മുടെ ജീവിതത്തില്‍ കഷ്ടതകള്‍, സഹനങ്ങള്‍ വ്യക്തിപരമായിട്ടും കുടുംബപരമായിട്ടും സമൂഹമായിട്ടും കടന്നു പോകുന്ന അവസരങ്ങള്‍ ഉണ്ടാകാം. യേശുക്രിസ്തു നമ്മോടു കൂടെയുള്ളതിനാല്‍ നമ്മുടെ കൈ പിടിച്ചു മുന്നോട്ടു കൊണ്ടു പോകാന്‍ ശക്തനാണെന്നും റവ.ഡോ. ജേക്കബ് കുര്യന്‍ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്നു ഗ്രൂപ്പ് ചര്‍ച്ചകള്‍ സജീവമായിരുന്നു. എല്ലാവരും ചേര്‍ന്ന് ഗ്രൂപ്പ് ഫോട്ടോ എടുത്തു. ഉച്ചഭക്ഷണത്തിനു ശേഷം സൂപ്പര്‍ സെഷനുകളുടെ പ്രവാഹമായിരുന്നു. സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത, റവ. ഡോ. ജേക്കബ് കുര്യന്‍, ഫാ. സുജിത്ത് തോമസ്, മേരി ഡി. ആഞ്ജലീസ്, ഫാ. ജേക്ക് കുര്യന്‍ എന്നിവര്‍ വ്യത്യസ്തങ്ങളായ വിഷയങ്ങളെ അധികരിച്ച് ക്ലാസ്സുകളെടുത്തു. പിന്നീട് യുവജനങ്ങളുടെയും കുട്ടികളുടെയും ഡിബേറ്റുകളുടെയും പഠനത്തിന്റെയും സമയമായിരുന്നു.

ബസ്‌ക്യാമ്മ അസോസിയേഷന്‍, ക്ലര്‍ജി അസോസിയേഷന്‍, സണ്‍ഡേ സ്‌കൂള്‍, മര്‍ത്തമറിയം വനിതാ സമാജം എന്നീ സംഘടനകളുടെ ആലോചന യോഗങ്ങള്‍ നടന്നു. തുടര്‍ന്നു കുട്ടികളുടെ വിവിധ പരിപാടികള്‍ അരങ്ങേറി. പിന്നീട്, ആഘോഷത്തിമര്‍പ്പുകളുടെ അകമ്പടിയോടെ, സുവനിയര്‍ പ്രകാശനം നടന്നു. റാഫിള്‍ നറുക്കെടുപ്പ് നടന്നു. വിജയികളെ പിന്നീട് പ്രഖ്യാപിക്കും. സഭാ അംഗങ്ങളുടെ സംശയനിവാരണത്തിനായി മറ്റൊരു സെഷനും ക്രമീകരിച്ചിരുന്നു. ഒരു തികഞ്ഞ വിശ്വാസിയായിരിക്കുക എന്നു പേരിട്ടിരുന്ന ഈ സെഷനില്‍ ബൈബിള്‍, സഭാ, ഓര്‍ത്തഡോക്‌സി ചരിത്രം, ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലൊക്കെയുള്ള സംശയങ്ങള്‍ക്ക് സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത സമുചിതമായി മറുപടി നല്‍കി. ഭക്ഷണത്തിനു ശേഷം ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്നു സന്ധ്യാനമസ്‌ക്കാരത്തിനു ധ്യാനപ്രസംഗവും കുമ്പസാര ശുശ്രൂഷ നടന്നു. കോണ്‍ഫറന്‍സിലെത്തിയവരില്‍ ഒട്ടുമിക്കവരും ഈ ശുശ്രൂഷയില്‍ പങ്കാളികളായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.