You are Here : Home / USA News

അലക്‌സ്‌ മാത്യൂസ്‌ -പരം ഷാ ടീമിന്റെ `ഫാക്‌ടറി ഫോര്‍' ബിസിനസ്‌ വഴികളില്‍ വിജയം കൊയ്യുന്നു

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Sunday, September 23, 2018 11:32 hrs UTC

അലക്‌സ്‌ മാത്യൂസും പാര്‍ട്‌നര്‍ പരം ഷായും ചേര്‍ന്ന്‌ തുടക്കമിട്ട ഫാക്‌ടറി ഫോര്‍ എന്ന മാനുഫാക്‌ചറിംഗ്‌ സോഫ്‌റ്റ്‌വേര്‍ കമ്പനി വ്യവസായ മേഖലയില്‍ അതിവേഗം ഉയരങ്ങളിലേക്ക്‌ കുതിക്കുന്നു. വിവിധ കമ്പനികളുടെ പ്രോഡക്‌ട്‌ സ്‌പെസിഫിക്കേഷന്‍സും പെര്‍ഫോമന്‍സ്‌ ഡേറ്റയും മാനേജ്‌ ചെയ്യുന്നതില്‍ ഇവരുടെ സോഫ്‌റ്റ്‌വേര്‍ വളരെ പ്രയോജനപ്രദമാകുന്നു. ഫ്യൂസിഫോം എന്ന പേരില്‍ ഇവര്‍ നേരത്തേ ആരംഭിച്ച സോഫ്‌റ്റ്‌ വെയര്‍ പ്ലാറ്റ്‌ ഫോം നിരവധി വ്യവസായങ്ങളുടെ കസ്റ്റം ഡിസൈന്‍, നിര്‍മാണ മേഖലയിലെ ആവശ്യങ്ങള്‍ക്ക്‌, പ്രത്യേകിച്ച്‌ പ്രോഡക്‌ട്‌ സ്‌പെസിഫിക്കേഷന്‍സും പെര്‍ഫോമന്‍സ്‌ ഡേറ്റായും മാനേജ്‌ ചെയ്യുന്നതിന്‌ വളരെ സഹായകമാകുന്നുവെന്ന്‌ ആവശ്യക്കാരുടെ എണ്ണം തെളിയിക്കുന്നു. എന്റപ്രണറാകണം എന്ന്‌ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലന്ന്‌ 24കാരനായ അലക്‌സ്‌ മാത്യൂസ്‌ പറയുന്നു. എന്നാല്‍ ഹോഡ്‌സണ്‍ ട്രസ്റ്റ്‌ സ്‌കോളര്‍ഷിപ്പ്‌ പ്രോഗ്രാമില്‍ വച്ച്‌, പരം ഷായെ കണ്ടുമുട്ടിയതാണ്‌ വഴിത്തിരിവായത്‌. ഇന്ത്യയിലെ വിദൂരപ്രദേശങ്ങളിലുള്ള കുട്ടികള്‍ക്ക്‌ മെഡിക്കല്‍ സംബന്ധിയായ ഉപകരണങ്ങളും സഹായങ്ങളും നല്‍കാനുദ്ദേശിച്ച്‌ ലാഭേഛ ലക്ഷ്യമിടാതെ താന്‍ തുടങ്ങിയ ദ ലോട്ടസ്‌ ലൈഫ്‌ ഫൗണ്ടേഷന്റെ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട പ്രതിസന്ധികളെ പരം ഷാ ചൂണ്ടിക്കാട്ടിയിരുന്നു. ഷായെ സഹായിക്കുന്നതിനായി ഓരോ രോഗികള്‍ക്കും ആവശ്യമായ വിധത്തില്‍ ഓര്‍തോട്ടിക്‌സ്‌, പ്രോസ്‌തെറ്റിക്‌സ്‌ സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ സഹായിക്കുന്ന ഒരു സോഫ്‌റ്റ്‌ വേര്‍ പ്ലാറ്റ്‌ ഫോം ലോട്ടസ്‌ ലൈഫിനുവേണ്ടി അലക്‌സ്‌ സജ്ജമാക്കി നല്‍കി. തുടര്‍ന്ന്‌ 2016ല്‍ അലക്‌സും ഷായും ചേര്‍ന്ന്‌ ഫ്യൂസി ഫോം എന്ന പേരില്‍ ആദ്യ ബിസിനസിന്‌ തുടക്കമിട്ടു. പിന്നീട്‌ 2017ലാണ്‌ ഫ്യൂസിഫോമിനെ സബ്‌സിഡിയറിയാക്കി ബാള്‍ട്ടിമൂര്‍ വെന്‍ച്വര്‍ ക്യാപിറ്റല്‍ ഫണ്ട്‌ കമ്യൂണിറ്റിയുമായി സഹകരിച്ച്‌ 16 ജീവനക്കാരുമായി `ഫാക്‌ടറി ഫോറി'ന്‌ തുടക്കമിട്ടത്‌. അടുത്ത വര്‍ഷമാകുമ്പോഴേക്കും കമ്പനിയുടെ പ്രവര്‍ത്തനം നിലവിലുള്ളതിന്റെ ഇരട്ടിയായി വര്‍ധിപ്പിക്കണമെന്നാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ അലക്‌സ്‌ പറയുന്നു. ഹൈസ്‌കൂള്‍ തലത്തില്‍ വച്ചേ കമ്പ്യൂട്ടര്‍ സയന്‍സുമായി നിരവധി ജോലികള്‍ ചെയ്‌തിരുന്നത്‌ പിന്നീട്‌ ബിസിനസില്‍ വിജയത്തിന്‌ പ്രയോജനം ചെയ്‌തുവെന്ന്‌ അലക്‌സ്‌ ചൂണ്ടിക്കാട്ടുന്നു. പഠനകാലത്ത്‌ ഹോഡ്‌സണില്‍ ഒരുവര്‍ഷം സീനിയറായിരുന്ന ജമാസെന്‍ റോഡ്‌റിഗ്‌സിന്റെയും മറ്റ്‌ ചില സുഹൃത്തുക്കളുടെയും സഹായത്തോടെ തുടങ്ങിയ ജമാ കോക്കോ വിജയകരമായി പ്രവര്‍ത്തിപ്പിക്കാനായതാണ്‌ എന്റപ്രണറെന്ന നിലയില്‍ പ്രവര്‍ത്തിക്കാനുള്ള ധൈര്യം നല്‍കിയത്‌. ജമാ കോക്കോയുടെ ചീഫ്‌ ടെക്‌നോളജി ഓഫിസറായി പ്രവര്‍ത്തിച്ച പരിചയം മുതല്‍ക്കൂട്ടായി. സ്‌മാര്‍ട്ടായി പ്രവര്‍ത്തിക്കാന്‍ ആത്മാര്‍ഥതയും അര്‍പ്പണമനോഭാവവുമുള്ള ഒരുകൂട്ടം ആളുകളുണ്ടെങ്കില്‍ ഏതു സംരംഭവും വിജയത്തിലെത്തിക്കാനാകുമെന്ന്‌ താന്‍ പഠിച്ചുവെന്ന്‌ അദ്ദേഹം പറയുന്നു. എന്റപ്രണററാകുക സ്വപ്‌നങ്ങളിലുണ്ടായിരുന്നില്ല. എന്‍ജിനീയറെന്ന നിലയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ്‌ എന്നും ആഗ്രഹിച്ചത്‌. പക്ഷേ എന്റപ്രണര്‍ഷിപ്പും എന്‍ജിനീയറിംഗും ഒരേസമയം ചെയ്യുക രസകരം തന്നെ. ഫ്യൂസിഫോമിന്‌ തുടക്കമിട്ടപ്പോള്‍ ഇത്രയും വിജയം പ്രതീക്ഷിച്ചിരുന്നില്ല. കസ്റ്റം മാനുഫാക്‌ചറിംഗിലെ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ക്ക്‌ ഇത്ര രൂക്ഷതയുണ്ടെന്നറിഞ്ഞിരുന്നില്ല. ഐവെയര്‍ കമ്പനി, ഡെന്റല്‍ മേഖല, പാക്കേജിംഗ്‌ മേഖല തുടങ്ങി പല കമ്പനികളില്‍ നിന്നും ഈ സോഫറ്റ്‌ വേറിന്‌ ആവശ്യക്കാരേറെയുണ്ടായി. മെഡിക്കല്‍ സ്‌കൂള്‍ പഠനത്തിനുള്ള തയാറെടുപ്പുകള്‍ക്കിടെയാണ്‌ ബിസിനസ്‌ മേഖലയിലേക്കിറങ്ങിയത്‌. അതുകൊണ്ടുതന്നെ അക്കാഡമിക്‌ ക്ലാസുകളും ബിസിനസ്‌ തിരക്കുകളും യോജിച്ചുപോകുമായിരുന്നില്ല. പിന്നീട്‌ മെഡിക്കല്‍ പഠനം വേണ്ടെന്നുവച്ച്‌ പാര്‍ട്‌ ടൈമായി ഗ്രാജുവേഷന്‍ ചെയ്യുകയായിരുന്നു. തങ്ങളുടെ സംരംഭം ആദ്യ സ്റ്റേജ്‌ പിന്നിട്ട്‌ വളര്‍ച്ചയുടെ അടുത്തഘട്ടത്തിലേക്ക്‌ കടക്കുന്നു. അതുകൊണ്ടുതന്നെ പരമും താനും ഈയൊരു ഘട്ടത്തെ വളരെ ഗൗരവത്തോടെയാണ്‌ കാണുന്നതെന്ന്‌ അലക്‌സ്‌ പറയുന്നു. തങ്ങളുടെ തീരുമാനങ്ങള്‍ ഷെയര്‍ ഹോള്‍ഡേഴ്‌സിനെയും ക്ലയന്റ്‌സിനെയും തങ്ങളുടെ ടീമിനെയും ഗൗരവകരമായി ബാധിക്കുമെന്നതിനാല്‍ ഗൗരവമായിതന്നെയാണ്‌ തങ്ങളുടെ നീക്കങ്ങള്‍. പരസ്‌പരം മനസിലാക്കി പ്രവര്‍ത്തിക്കുന്നതില്‍ താനും പരമുമായുള്ള അപാരമായ കെമിസ്‌ട്രിയാണ്‌ ഫാക്‌ടറി ഫോറിന്റെ വിജയരഹസ്യമെന്ന്‌ അലക്‌സ്‌ പറയുന്നു. കൂടാതെ ജോണ്‍സ്‌ ഹോപ്‌കിന്‍സില്‍ നിന്നുതന്നെയെത്തിയ തങ്ങളുടെ ടീമിന്റെ പിന്തുണയും സഹകരണവും എടുത്തുപറയേണ്ടതാണന്നും അലക്‌സ്‌ മാത്യൂസ്‌ കൂട്ടിച്ചേര്‍ക്കുന്നു. കാലിഫോര്‍ണിയയിലെ യോര്‍ബ ലിന്‍ണ്ടയില്‍ മാതാപിതാക്കളായ സാജനും സൂസനുമൊപ്പമാണ്‌ അലക്‌സ്‌ താമസിക്കുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.