You are Here : Home / USA News

നേര് നിരങ്ങിയേ വരികയുള്ളൂ, അതിപ്പോള്‍ വന്നു കഴിഞ്ഞു: പരിശുദ്ധ കാതോലിക്കാ ബാവ

Text Size  

Story Dated: Wednesday, July 17, 2019 02:51 hrs UTC

ലിന്‍ഡന്‍ (ന്യൂജേഴ്‌സി): കാതോലിക്കാ ദിന ധനസമാഹരണം വഴി സഭയുടെ അടിമുടിയുള്ള അഭിവൃദ്ധിയാണ് ലക്ഷ്യമിടുന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പ്രസ്താവിച്ചു. 

 
ലിന്‍ഡന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ദേവാലയങ്ങളില്‍ നിന്നുള്ള വിഹിതം ഏറ്റുവാങ്ങുന്നതിനു മുന്നോടിയായി അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു പരി. കാതോലിക്ക ബാവ. സഭയ്ക്ക് ഒരു സിസ്റ്റം ഉണ്ട്. അത് വളരെ സുതാര്യമാണ്. സഭയുടെ ഭൗതികമായ വളര്‍ച്ചയ്ക്കും, അനുഷ്ഠാനങ്ങളുടെ ക്രമീകരണങ്ങള്‍ക്കും, ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്കും ഒക്കെയായി കാതോലിക്കാ ദിന സംഭാവനകളെ ചാനല്‍ ചെയ്യാറുണ്ട്. കാതോലിക്ക സ്ഥാപനത്തിന്റെ വികാസ പ്രക്രിയയില്‍ ഈ ധനസമാഹരണത്തിന് ഏറെ സ്ഥാനമുണ്ട്. 
 
1912-ല്‍ കാതോലിക്കേറ്റ് സ്ഥാപിച്ചതിനുശേഷം പല നാളുകളായി പലതരത്തിലുള്ള വ്യവഹാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അവക്കൊക്കെയും അന്ത്യം കുറിച്ചു കൊണ്ടു രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ഭാരതത്തിന്റെ അത്യുന്നത നീതിപീഠം വിധിന്യായം പുറപ്പെടുവിച്ചത്. ഒരു മാസം മുന്‍പ് ഹൈക്കോടതിയിലെ ഒരു ജസ്റ്റിസുമായി സംഭാഷണത്തിനിടെ   ചോദ്യത്തിനുത്തരമായി പറഞ്ഞത് ഇപ്പോഴത്തെ തര്‍ക്കം സുപ്രീംകോടതിയും വിഘടിത വിഭാഗവും തമ്മിലാണ് എന്നാണ്. 
 
മലങ്കര സഭ ഇന്ന് സ്വതന്ത്രയാണ്. ആരുടെയും കീഴിലല്ല. നമ്മുടെ പൂര്‍വ്വ പിതാക്കന്മാരുടെ പ്രാര്‍ത്ഥനയും ഉപവാസവും നേരിന്റെ വഴിയിലൂടെയുള്ള സഞ്ചാരവും ഒക്കെ നമ്മുടെ അനുഗ്രഹ സ്രോതസ്സുകളാണ്. ഗ്രാമ്യ ഭാഷയില്‍ ഒരു ചൊല്ലുണ്ട്, നേര് നിരങ്ങിയേ വരികയുള്ളൂ എന്ന്. അതിപ്പോള്‍ വന്നു കഴിഞ്ഞു. 
 
കാതോലിക്കാ ദിന വിഹിതം കൊടുക്കുമ്പോള്‍ തുകകളേക്കാള്‍ പങ്കാളിത്തത്തിനാണ് പ്രാമുഖ്യം. പുരാതന കാലത്ത് യഹൂദന്മാര്‍ 20 ശേക്കെല്‍ കൊടുത്തിരുന്നു. നമ്മുടെ സഭ അല്ലാതെ മറ്റേത് സഭയാണ് കാതോലിക്ക ദിന ധനസമാഹരണവും അതിന്റെ കണക്കുകളും ഇത്ര സൂക്ഷ്മതയോടെ കൈകാര്യം ചെയ്തു ജനങ്ങളുമായി പങ്കിടുന്നതെന്ന് ആലോചിച്ചു നോക്കുക. ബജറ്റില്‍ വക കൊള്ളിക്കാതെയോ ജനങ്ങള്‍ അറിയാതെയോ ഒന്നും ചെയ്യുന്നില്ല. ചിലര്‍ ആ രീതിയില്‍ കുപ്രചാരണം നടത്തുന്നത് സങ്കടകരമാണ്. ഈ ഭദ്രാസനവും ലോകമെമ്പാടുമുള്ള സഭാമക്കളും വിശ്വാസപൂര്‍വ്വം പ്രാര്‍ത്ഥനയോടെ കാര്യങ്ങളെ നോക്കിക്കാണുകയും സഹകരിക്കുകയും ചെയ്യുന്നു. 
 
അമേരിക്കന്‍ ഭദ്രാസനങ്ങളിലെ സഭാ ജനങ്ങളോട് കടപ്പാടുണ്ട്. മഹാപ്രളയകാലത്ത് നിങ്ങളുടെ ഹൃദയവായ്‌വുകള്‍ കണ്ടതാണ്. സത്യവും നീതിയും പുലര്‍ത്തി തന്നെ മുന്‍പോട്ടു പോകും. അതുകൊണ്ടു തന്നെയാണ് ഭാരതത്തിന്റെ പരമോന്നത നീതിപീഠം എല്ലാ വസ്തുതകളും കണക്കിലെടുത്തു വിധിന്യായത്തില്‍ എല്ലാ പഴുതുകളും അടച്ചു വിധി പറഞ്ഞത്. ഇതുപോലൊരു നീതി ലഭിച്ചതില്‍ നാം നമ്മുടെ പ്രതിപക്ഷ പാര്‍ട്ടികളോട്- യാക്കോബായ സഭ- നന്ദി പറയേണ്ടതുണ്ട്. അവര്‍ പറഞ്ഞതിന്റെ പ്രതിഫലനമായിട്ടാണ് നമുക്ക് ഈ വിധി ലഭിച്ചത്. നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനം ഇതുവരെ നല്‍കിയ എല്ലാ സഹായ സഹകരണങ്ങള്‍ക്കും നന്ദി പ്രകടിപ്പിച്ചു കൊണ്ടാണ് പരി. ബാവ ഉപസംഹരിച്ചത്.

സഭയുടെ ഫിനാന്‍ഷ്യല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ, കാതോലിക്കാ ദിനാചരണവും സമാഹരണവും ഒക്കെ സഭാ മക്കളുടെ കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും നിദാനമാണെന്ന് സൂചിപ്പിച്ചു. ഭദ്രാസന ജനങ്ങളും വൈദികരും സഭ പിതാവിനോട് ചേര്‍ന്നിരിക്കുന്നത് വലിയ സന്ദേശമാണ് നല്‍കുന്നത്.

വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോണ്‍ കോടതി വ്യവഹാരങ്ങള്‍ക്കിടയിലും സഭ സാമൂഹിക പ്രതിബദ്ധതയ്ക്കു കൂടുതല്‍ പ്രാമുഖ്യം കൊടുക്കുന്നുണ്ടെന്നു പറഞ്ഞു. ഈ ഭദ്രാസനത്തില്‍ നിന്ന് ഇത്തവണ ടാര്‍ജറ്റ് തികയുന്നു എന്ന് കാണുന്നതില്‍ സന്തോഷമുണ്ട്. കാതോലിക്കാ ദിന അക്കൗണ്ടിലേക്ക് ഇടവകകളില്‍ നിന്ന് വരുന്ന വിഹിതം വഴിമാറ്റി മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുവാന്‍ ഇടയാകരുത്. മഹാപ്രളയത്തിന്റെ കാലത്ത് മൊത്തം 14 കോടി രൂപ ലഭിച്ചു. അഞ്ചുകോടിയും ഇന്ത്യക്ക് പുറത്തു നിന്ന് ആയിരുന്നു. അതില്‍ തന്നെ നാലുകോടിയോളം അമേരിക്കന്‍ ഭദ്രാസനങ്ങളില്‍ നിന്നായിരുന്നു. ഭദ്രാസനങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ സസൂക്ഷ്മം പരിശോധിച്ച് ഭദ്രാസന മെത്രാപ്പോലീത്ത മാരുമായും വൈദികരുമായും ഒക്കെ ചര്‍ച്ച ചെയ്തതിനുശേഷം ഏറ്റവും യോഗ്യരായവര്‍ക്ക് നേരിട്ട് വിതരണം ചെയ്യുകയായിരുന്നു.

തുടര്‍ന്ന് ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നും വന്ന വൈദികരും പ്രതിനിധികളും പരി. ബാവയുടെ അടുത്തെത്തി ഇടവക വിഹിതങ്ങള്‍ കൈമാറി. ഭദ്രാസന സെക്രട്ടറി ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയല്‍ സ്വാഗതം ആശംസിച്ച് യോഗ പരിപാടികള്‍ നിയന്ത്രിച്ചു. ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത നന്ദി പ്രകാശനം നിര്‍വഹിച്ചു. 
 
സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ റോയി എണ്ണച്ചേരില്‍, ജോര്‍ജ് തുമ്പയില്‍, ജോസഫ് എബ്രഹാം, കൗണ്‍സില്‍ അംഗങ്ങളായ ഫാ. മാത്യു തോമസ്, ഡോ. ഫിലിപ്പ് ജോര്‍ജ്, സജി എം. പോത്തന്‍, സാജന്‍ മാത്യു, സന്തോഷ് മത്തായി, പരി. കാതോലിക്ക ബാവയുടെ സെക്രട്ടറി ഫാ. ജിസ് ജോണ്‍സണ്‍ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.

സെന്റ് മേരീസ് ഇടവക വികാരി ഫാ. സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ ഇടവക ജനങ്ങള്‍ സമ്മേളന നടത്തിപ്പിനായി മികച്ച ക്രമീകരണങ്ങളാണ് നടത്തിയിരുന്നത്

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.