You are Here : Home / എഴുത്തുപുര

വിശുദ്ധ ചുംബനം

Text Size  

Story Dated: Saturday, December 10, 2016 01:46 hrs UTC

പി ടി പൗലോസ്

 

"നിങ്ങൾ വിശുദ്ധ ചുംബനത്താൽ അന്യോന്യം അഭിവാദനം ചെയ്യുവിൻ" (1, കോറിന്തോസ് 16:20)

"വിശുദ്ധ ചുമ്പനംകൊണ്ട് എല്ലാ സഹോദരരേയും അഭിവാദനം ചെയ്യുവിൻ" (1, തെസ്സലോനിയർ 5:26)

"സ്നേഹ ചുമ്പനംകൊണ്ട് നിങ്ങൾ പരസ്പരം അഭിവാദനം ചെയ്യുവിൻ" (1, പത്രോസ് 5:14)

 

തൊട്ടടുത്ത ജോയ്‌ഗിരി കോൺവെന്റിൽ നിന്നും വികാരിയച്ചന്റെ കിടക്കവിരി മാറ്റുവാൻ നിയോഗിക്കപെട്ട കൊച്ചു സിസ്റ്റർ എൽസിറാണിയെ ചേർത്തുനിർത്തി വിശുദ്ധ ചുംബനത്തിന്റെ ആത്‌മീയവസങ്ങളെക്കുറിച്ചു ഫാദർ സേവിറോണിയോസ്‌ വാചാലനായി . ചുംബനത്തിലെ ആത്‌മീയത പൂർണമായും ഉൾക്കൊള്ളാനായില്ലെങ്കിലും വിശുദ്ധ പൗലോസിനെയും വിശുദ്ധ പത്രോസിനെയും ഓർത്തു ചുംബനത്തിന്റെ പ്രായോഗിക തലങ്ങളിലേക്ക് കടന്ന അച്ഛന്റെ മുൻപിൽ സിസ്റ്റർ തളർന്നു നിന്നു . വിശുദ്ധചുംബനത്തിൽനിന്നും അതിനടുത്തുള്ള സംകീർണമായ മേഖലകളിലേക്ക് അച്ഛൻ ധീരമായി പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ എൽസിറാണി കുതറിയോടി മടത്തിന്റ അടുക്കളയിൽ കയറി കതകടച്ചു. കൊച്ചുസിസ്റ്റർക്ക്‌ ഇത്ര ധിക്കാരമോ? സുപ്പീരിയരമ്മ പുറകെ എത്തി അടുക്കളക്കാരി എത്താലമ്മയെ പുറത്താക്കി കതകടച്ചു കുറ്റിയിട്ടു. അടുക്കളയിൽ പപ്പടം കാച്ചുന്നതിനു എത്താലമ്മ വച്ച എണ്ണ ഉരുളിയിൽ തിളച്ചുമറിയുന്നു .

 

മൂലയിൽ ചുരുണ്ടുകൂടി കൊച്ചുസിസ്റ്റർ എൽസിറാണി . അന്ന് വൈകുന്നേരം എഴുപത്തഞ്ചു ശതമാനം പൊള്ളലോടെ എൽസിറാണിയെ പള്ളിയാസ്‌പത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേദിവസം സെന്റ് തോമസ് ഡേ . വെളുപ്പിന് അഞ്ചു മണിക്ക് ജോയഗിരിയിൽ പ്രഭാതമാണി മുഴങ്ങുന്നതിനു മുമ്പായി എൽസിറാണി അന്ത്യശ്വാസം വലിച്ചു. അന്ന് വൈകിട്ട് ജനറലേറ്റിലെ റിട്രീറ് ഹാളിൽ ചേർന്ന ഏഴുദിന ധ്യാനത്തിന്റെ സമാപന സമ്മേളനത്തിൽ സിസ്റ്റർ എൽസിറാണിയുടെ 'അപകട' മരണത്തിൽ അനുശോചനം അർപ്പിച്ചുകൊണ്ട് , കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ മഹത്വീകരിക്കപ്പെട്ട കൊച്ചുത്രേസ്സ്യായുടെ കഥ പറഞ് , സഹനത്തിന്റെയും ത്യാഗത്തിന്റെയും ശരശയ്യ ഇരന്നുവാങ്ങിയ അൽഫോൻസാമ്മയുടെ അന്ത്യനിമിഷങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട്‌ ജനറലാമ്മയുടെ അധ്യക്ഷ പ്രസംഗം കത്തിക്കയറുകയാണ്....പുറത്തു ജോയഗിരിയുടെ പടിഞ്ഞാറൻ ചക്രവാളം ചുമന്നു തുടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.