You are Here : Home / എഴുത്തുപുര

എൻ്റെ ഗ്രാമം

Text Size  

Story Dated: Saturday, March 04, 2017 12:22 hrs UTC

മനോഹർ തോമസ്

 

ഒടുങ്ങാത്ത പ്രവാസത്തിന്റെയും,യാത്രകളുടെയും മാറ്റങ്ങളുടെയും കാലം .ഈ കാലത്താണ് ഒന്ന് തിരിഞ്ഞു നോക്കാൻ , ഒന്നയവിറക്കാൻ , ഗതകാല ചിന്തകൾക്ക് ഒരു ആലേപനമാകാൻ സർഗവേദി ഒരു വിഷയം തേടിയത്. " എൻ്റെ ഗ്രാമം " - അത് കുറിക്കുകൊണ്ടു . പുതുവത്സരം ഒന്നിച്ചു ആഘോഷിക്കാൻ വിഭവങ്ങളുമായി എത്തിയ നാല്പതോളം ആളുകൾ തന്റെ ബാല്യ , കൗമാര , യൗവന കാലത്തേക്ക് മുങ്ങാംകുഴിയിട്ടു കയറി . ഒരാൾക്കുപോലും നിശ്ശബ്ദനാകാൻ കഴിയാത്തവിധം വിഷയത്തിന്റെ അമ്പുതറച്ചത് നിഷ്കളങ്ക ബാല്യത്തിന്റെ നടവരമ്പത്താണ്. " ഉച്ചയായ് തണലിലാഞ്ഞു പുസ്തകം വച്ചു മല്ലികയറുത്തിരുന്നതും മെച്ചമാർന്ന ചെറു മാലകെട്ടിയെൻ കൊച്ചു വാർമുടിയിലങ്ങണിഞ്ഞതും " എല്ലാ ഗ്രാമങ്ങളും നിഷ്കളങ്കതയുടെ കൂമ്പാരമായി തോന്നും _ ഒരുപക്ഷെ നിഷ്കളങ്ക ബാല്യത്തിന്റെ കണ്ണാടിയിലൂടെ നോക്കുന്നത് കൊണ്ടാകാം . ഇംഗ്ലണ്ടിലെ ഏതോ ഗ്രാമത്തിൽ ജനിച്ചു വളർന്ന ജോൺ മുള്ളൻ എന്ന ഇംഗ്ലീഷുകാരൻ വേദിയിൽ തന്റെ ബാല്യത്തെപ്പറ്റി പറഞ്ഞപ്പോൾ കേട്ടിരുന്ന സഹയാത്രികർക്ക്‌ " ഇത് തന്റേതിൽ നിന്നും ഒട്ടും വ്യത്യസ്ഥമല്ലല്ലോ " എന്ന് തോന്നിയതിന്റെ കാരണവും അതുകൊണ്ടാകാം

 

 

അധികം വിദ്യാഭ്യാസമില്ലാത്ത അപ്പന്റെ പുറകെ അമ്മയും രണ്ടു മക്കളും പട്ടണങ്ങളിൽനിന്ന് പട്ടണങ്ങളിലേക്ക് യാത്ര തുടങ്ങിയതും അവസാനം ന്യൂയോർക്കിൽ വന്നടിഞ്ഞതുമായ കഥ ." കിടക്കാൻ ചൂടുള്ളൊരിടവും, വിശക്കുമ്പോൾ വയറു നിറച്ചെന്തെങ്കിലും കിട്ടിയാൽ എനിക്ക് സന്തോഷമായിരുന്നു എൻ്റെ ബാല്യകാലത്തിൽ " എന്ന് പറയുമ്പോൾ ജോണിന്റെ തിളങ്ങുന്ന നീലക്കണ്ണുകളിൽ കണ്ണീരാടിയിരുന്നു . ഞാനും പറഞ്ഞു എൻ്റെ ഗ്രാമത്തെപ്പറ്റി രണ്ടുവാക്ക് . പരമ്പരാഗതമായി ഭൂത ,വർത്തമാന ,ഭാവി കാര്യങ്ങൾ തെറ്റാതെ ജാതകം കുറിക്കുന്ന പാഴുർ പടിപ്പുരയും താണ്ടി ,മുന്ന് രാജാക്കന്മാരുടെ നാമത്തിലുള്ള പള്ളിയുടെയും ,തൊട്ടുരുമ്മി നിൽക്കുന്ന അമ്പലത്തിന്റെയും മുന്നിലെത്തുമ്പോൾ മുവാറ്റുപുഴയാറ് ഒരു മദാലസയായ സർപ്പസുന്ദരിയെപ്പോലെ ഒന്ന് കുണുങ്ങി നിവരും .ഭൂമിയിൽ ലണ്ടനിലെ തെംസ് നദി കഴിഞ്ഞാൽ ഇത്ര മനോഹരമായി പുഴയൊഴുകുന്ന മറ്റൊരിടവും ഇല്ലെന്നാണ് ജനം . " ഏത് വൈരാഗിയെയും കാമുകനാക്കി മാറ്റുന്ന കാഴ്ച " ആ പുഴയൊഴുകുന്നത്‌ എൻ്റെ ഗ്രാമത്തിലൂടെയാണ് . " എനിക്കെന്റെ കാരണവന്മാർ ഒടുങ്ങിയ മണ്ണിൽ തന്നെ ഒടുങ്ങണം" എന്ന് ചിന്തിച്ചിരുന്ന മനുഷ്യർ ഉണ്ടായിരുന്നു

 

 

 

നമുക്ക് ചുറ്റും .ആ കാലമൊക്കെ പോയില്ലേ ? ഇപ്പോൾ ഭൂമി ആകെ ചെറുതായതുകൊണ്ട് ഒരിടത്തു ജനിക്കുന്നു ,ഒരിടത്തു പഠിക്കുന്നു , മറ്റൊരിടത്തു ജോലി നോക്കുന്നു, ലോകത്തിന്റെ ഏതോ അജ്ഞാത കോണിൽ നമ്മുടെ ശവം മറവുചെയ്യുന്നു . താനൊരു ലോകപൗരനായി മാറിപ്പോയെന്നു ചിന്തിക്കാൻ കാലം വ്യക്തിയെ പ്രേരിപ്പിക്കുന്ന അവസ്ഥയിലെത്തി . ഭൂമിയുടെ ഏതോ കോണിൽ ,നമ്മൾ ഉപേക്ഷിച്ചുപോന്ന ആ മണ്ണിനോട് ,നമ്മൾ ജെനിച്ചുവളർന്ന ഗ്രാമത്തോട് ഒരാജന്മ ബന്ധമുണ്ട് . പ്രൈമറി സ്‌കൂളിൽ വച്ച് പുളിങ്കുരുവും ,ജാതിക്കായുടെ തൊണ്ടും തിന്നുന്ന കാലം മുതലിങ്ങോട്ട് ,,ആദ്യപ്രണയത്തിന്റെ മാസ്മരിക താളങ്ങളിൽ അലിഞ്ഞ കൗമാരകാലവും കടന്ന് ,സ്‌കൂളും കോളേജും സമ്മാനിച്ച ആയുധങ്ങളുമായി ലോകത്തിന്റെ പ്രകാശ പുർണിമയിലേക്ക് ഒരു യോദ്ധാവിനെപോലെ നിവർന്നു നിൽക്കുമ്പോൾ ; ആ തേർത്തട്ടിൽ നിന്ന് ഒന്നു തിരിഞ്ഞു നോക്കാൻ മോഹം ! " എന്റെ ഗ്രാമം " -- അവിടെ ഡോ. എ.കെ ബി പിള്ളയുടെ കാലടിക്കും ,ഭാര്യ ഡോണ പിള്ളയുടെ ബ്രൂക്കിലിനും ഒരേ മുഖമാണ് . ഡോ .നന്ദകുമാറിന്റെ ഭരണിപ്പാട്ടിനാൽ താളലയങ്ങൾ ഉതിർക്കുന്ന കൊടുങ്ങല്ലൂരും ,ഒരു കാലത്തു യൂദന്മാർ കൊടികുത്തി വാണ സാനിയുടെ മാളയും ,ദക്ഷിണേന്ത്യയിലെ ആദ്യത്തെ സംസ്കൃത നാടകം എഴുതി ശങ്കരാചാര്യരെ വിഭ്രമിപ്പിച്ച ശക്തിഭദ്രൻ ജനിച്ചുവളർന്ന മോന്സിയുടെ കൊടുമണ്ണിനും ഒരേ നിറമാണ് . വേമ്പനാട്ടു കായലിന്റെ ഓളകുളിരിൽ തഴുകി വരുന്ന കാറ്റേറ്റ് ,നീഹാര ചാരുതയോടെ നിൽക്കുന്ന തോമസ് പാലക്കന്റെയും, അജിത്തിന്റെയും വൈക്കത്തിനും അതെ നിറമാണ് . തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവരുടെയും ,ഇവിടെത്തന്നെ ഒടുങ്ങാൻ വിധിക്കപ്പെട്ടവരുടെയും ,മനസ്സിൽ ഗൃഹാതുര ചിന്തകളിൽ പൊതിഞ്ഞ ഒരു പവിഴപ്പുറ്റായി കേരളം ഇന്നും ജീവിക്കുന്നു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.