You are Here : Home / എഴുത്തുപുര

കവിത കാല്പനിക സത്യങ്ങളിലേക്ക്

Text Size  

Story Dated: Monday, April 03, 2017 12:02 hrs UTC

മനോഹർ തോമസ്

 

സർഗ്ഗവേദിയിൽ ഘനമുള്ള പ്രബന്ധങ്ങൾ അവതരിപ്പിച്ചു മുന്നേറുന്നതിനിടക്കാണ്, കാല്പനിക സ്വപ്നങ്ങളിൽ മുഴുകുന്ന കവിതയിലേക്ക് തിരിച്ചു വരണം ,സൃഷ്ടികൾ കാത്തിരിക്കുന്നു ,എന്നൊരഭിപ്രായം ഉയർന്നു വന്നത് . സൃഷ്ടിയുടെ വിലയിരുത്തൽ ,എഴുത്തുകാരെ സ്വയം വിചിന്തനം ചെയ്യാൻ സഹായകമായിട്ടുണ്ടെന്ന യാഥാർഥ്യം നിലനിൽക്കെ വേദി കാവ്യദേവതയെ സ്വികരിക്കാൻ കാതോർത്തുനിന്നു . ആദ്യം അവതരിപ്പിച്ചത് രാജു തോമസിൻറെ " ജ്യാനവൃദ്ധൻ " എന്ന കവിതയാണ് .ബാലൻറെ നിറുത്താതെയുള്ള കരച്ചിലിൽ തുടങ്ങി ചിരിയിലവസാനിക്കുന്ന അർത്ഥഗർഭവും, ഐതിഹാസിക സത്യങ്ങളുടെ വ്യാപ്തിയിൽ അലിഞ്ഞുറഞ്ഞ കവിത . നിറുത്താതെ കരഞ്ഞ അവനെ അവർ പാഠങ്ങൾ എണ്ണിയെണ്ണി പഠിപ്പിച്ചു _ ചരിത്രം ,പുരാണം , വേദപ്രമാണങ്ങൾ ,കിർത്തനങ്ങൾ - കുറെ പഠിച്ചുകഴിഞ്ഞപ്പോൾ മനസ്സിലുണർന്ന ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങളുമായി അവൻ യാത്രയായി .

 

 

ആ യാത്രക്കിടയിലാണ് ഈ ഭൂമിയിൽ ദുർജ്ഞേയമായതും അജ്ഞേയമായതും ഉണ്ടെന്ന തിരിച്ചറിവ് അവനുണ്ടാകുന്നത് . പിന്നെ യാത്ര വളരെ സുഖകരമായിരുന്നു .ഇവക്കു രണ്ടിനും ഇടയിലൂടെ നീളുന്ന നേർത്ത വരമ്പിലൂടെ അമോതാങ്കിതനായി നടക്കുക . എല്ലാം അവസാനിക്കുന്നത് ഒരു ചിരിയിലാണ് - അർത്ഥഗർഭമായ ചിരി ! വേദിയിൽ വളരെയേറെ കവിതകൾ അവതരിപ്പിച്ചിട്ടുള്ള ജോസ് ചെരിപുറം ,ഇന്നത്തെ കുടിയേറ്റ മണ്ണിലെ ഈശ്വര ,മത ,വിശ്വാസ ചിന്തകളുടെ ,പിന്നാമ്പുറങ്ങളിൽ നിന്നും ഉയർത്തുന്ന കവിതയാണ് " ഗാഗുൽത്തായിലെ ഗദ്ഗദങ്ങൾ " . കുരിശ്ശിലേറി മരിച്ച ,ആ അനശ്വര നാടകത്തിലെ ദുരന്ത നായകൻറെ ചിന്താവിചികളിലൂടെ കവിത ഇരമ്പി കയറുന്നു. മതം തൊഴിലായി സ്വികരിച്ചവരുടെ നിതാന്ത ഘോഷയാത്ര. മുമ്പൊക്കെ ഒരു പാതിരിയോ , തിരുമേനിയോ നടന്നു പോകുന്നത് കണ്ടാൽ ഈശ്വരൻറെ പ്രതിപുരുഷനെന്നു തോന്നുമായിരുന്നു .- ഇന്ന് ഒരു വയറ്റിപ്പിഴപ്പ് നടന്നു പോകുന്നു എന്നുമാത്രം തോന്നുന്നു.

 

 

ഞാനാണെന്ന് ശരിക്കും അറിയാതെയാണ് , നിങ്ങളെന്നെ പ്രചരിപ്പിക്കുന്നത് - നിങ്ങൾ എന്നെ വിറ്റുകാശാക്കുന്നതു . ഇതിഹാസത്തിൻറെ പടവുകളിൽ നിങ്ങളെന്നെ അഞ്ചു മുറിവുകൾ ഏല്പിച്ചാണ് വധിച്ചത് .ഇന്ന് എൻ്റെ അടങ്ങാത്ത നിലവിളികൾ കേൾക്കാതെ , എൻ്റെ ആത്മ നൊമ്പരങ്ങൾ അറിയാതെ വെട്ടിമുറിച്ചുകൊണ്ടേയിരിക്കുന്നു ഞാനാരോടും പറഞ്ഞില്ല എൻ്റെ പേരിൽ ഒരു മതമോ ജാതിയോ ഉണ്ടാക്കാൻ . എൻ്റെ വചനങ്ങൾ നിത്യവൃത്തിക്കായി ,തെറ്റിദ്ധരിപ്പിച്ചാണ് ഇങ്ങനെയുള്ള ചെയ്തികളെല്ലാം ഉണ്ടായത് .നിങ്ങളുണ്ടാക്കിയ പാപബോധങ്ങളും ,നിയമങ്ങളും ഞാൻ പറഞ്ഞതല്ല - അത് ഇടയരെന്നു അവകാശപ്പെടുന്നവരുടെ നിലനിൽപ്പിന്റെ മാത്രം സുക്തങ്ങളാണ് . " അവർ തന്നെ പോകുമെന്ന് സംശയിക്കുന്ന സ്വർഗ്ഗ രാജ്യത്തേക്ക് നിങ്ങളെ അയക്കാം " എന്നവർ ആവർത്തിക്കുമ്പോൾ ലോകനീതിക്കുവേണ്ടി ആത്മാഹുതി ചെയ്ത ഞാൻ വീണ്ടും ക്രൂശിക്കപ്പെടുകയാണ്. തികച്ചും അവിചാരിതമായാണ് ; അജിത് എൻ നായർ ,"കൃസ്തുവിൻ്റെ മനസ്സിൽ ഉണരുന്ന ചിന്തകളുടെ പശ്ചാത്തലത്തിൽ മറ്റൊരു കവിത - "കാൽവരിക്കുന്നിലെ വിലാപത്തിൻ പ്രതിധ്വനി " അന്ന് തന്നെ അവതരിപ്പിക്കാൻ ഇടയായത് .കവിയുടെ ചിന്തകൾ ഒരേസമയം ദെയ്‌വത്തോടും ,മനുഷ്യരോടും സംവേദനം ചെയ്ത് മുന്നേറുന്നു .

 

 

 

 

ലോകത്തിന്റെയും ,മനുഷ്യന്റെയും നന്മയെ മുൻനിർത്തി ആത്മാഹുതി ചെയ്ത് രക്ത സാക്ഷിത്തം വരിച്ച എന്നെ ,എൻ്റെ പിന്തലമുറ അറിയാതെപോകുന്നു .ആയിരം യൂദാസുകളെ ജനിപ്പിക്കുന്ന ഇന്നത്തെ സമൂഹം എനിക്ക് നേരുന്നത് ഒരു നിതാന്തമായ കുരുതിക്കളമാണ് . പക്ഷെ ഒരു കാര്യം ഓർമ്മപ്പെടുത്താതെ ഇരിക്കാൻ കഴിയുന്നില്ല .എൻ്റെ അന്തരാളത്തിൽ രോഷത്തിൻറെ അഗ്നി പടർന്നാൽ ,വെണ്ണീറ് പോലും നിന്ന് കത്തും. നാഥാ ! നീയെന്നെ പലവട്ടം കൈ വെടിഞ്ഞിട്ടുണ്ട് .മുൾക്കിരീടം ചൂടി ,കുരിശേന്തി ,ചാട്ടവാറടികളുടെയും ,തെറിവിളികളുടെയും ആരവത്തോടെ കാൽവരി കയറുമ്പോൾ ,നീ സൃഷ്ട്ടിച്ച മക്കൾ എന്നെ തള്ളി പറയുമ്പോൾ . ഇപ്പോളാണ് എനിക്കതിൻറെ പൊരുൾ തെളിയുന്നത് . മാപ്പ് !! പണ്ടൊരു പ്രളയത്തിലൂടെ ഈ ധരിത്രിയെ ശുദ്ധികരിച്ച അങ്ങ് ഇനിയുമൊരു പ്രളയത്തിലൂടെ അന്ത്യഹാരം അർപ്പിക്കുമോ ? സി.എം .സി , രാജു തോമസ് , ജോൺ വേറ്റം, അജിത് നായർ , ഡോ.തെരേസ ആന്റണി ,തമ്പി തലപ്പിള്ളിൽ , ആലിസ് തലപ്പിള്ളിൽ , പ്രൊ .ജോൺ മുള്ളിൻ ,പി .ടി പൗലോസ് , ഈ .എം .സ്റ്റീഫൻ , മോൻസി കൊടുമൺ , ജേക്കബ് , പ്രീത ജേക്കബ് ,മറിയാമ്മ ചാക്കോ ,ബാബു പാറക്കൽ ജോൺ പുളിനാട്ട്, ജോസ് ചെരിപുരം , എന്നിവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.