You are Here : Home / എഴുത്തുപുര

മലയാള ചെറുകഥ ഇന്നില്‍ ചേര്‍ത്ത് വായിക്കുമ്പോള്‍

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Friday, July 28, 2017 11:29 hrs UTC

(മനോഹര്‍ തോമസ്)

 

 

മുഖ്യധാരാ മാധ്യമങ്ങളില്‍ ഇപ്പോള്‍ വരുന്ന ചെറുകഥകള്‍ ശ്രദ്ധിച്ചാല്‍ സമൂഹത്തിനുണ്ടായ മാറ്റങ്ങളുടെ പ്രതിഫലനം കാണാം .ഏതു സമൂഹത്തിന്റെയും മുഖചിത്രം തെളിഞ്ഞു കാണുന്നത് അക്കാലത്തുണ്ടാകുന്ന സാഹിത്യ സൃഷ്ടികളില്‍ നിന്നാണെന്നു പറയാറുണ്ട് .അതുകൊണ്ടു മാത്രമാണ് ഇങ്ങനെ ഒരു വിഷയം സര്‍ഗ്ഗവേദിയില്‍ വിശകലനം ചെയ്യാം എന്ന് തീരുമാനിച്ചത് . ഒട്ടും ദുര്‍ഗ്രാഹ്യത ഇല്ലാതെ ,വിഷയത്തിന്റെ ചുവടുകളില്‍ നിന്ന് തെറിച്ചു പോകാതെ ,ബോധപൂര്‍വമായ ഒരടക്കം പാലിച്ചുകൊണ്ട് എഴുതുന്ന രീതി പുതിയ തലമുറ ആര്‍ജിച്ചിരിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം .ഈ മാറ്റം പുതുസമൂഹത്തിന്റെ മാറ്റങ്ങളോട് ചേര്‍ന്ന് പോകുന്നു എന്ന് കൂട്ടിവായിക്കേണ്ടിയിരിക്കുന്നു. വിനോയ് തോമസിന്റെ "രാമച്ചി' ആയാലും ഫ്രാന്‍സിസ് നെറോനയുടെ " തൊട്ടപ്പന്‍ " ആയാലും വായിക്കുമ്പോള്‍ അവരുണ്ടാക്കുന്ന ഭൂമികയുടെ ചട്ടവട്ടത്തില്‍ നിന്ന് മറയാതെ കഥ ഒരടക്കം പാലിച്ചുകൊണ്ട് മുന്നേറുന്നു .അമിത വര്‍ണ്ണനകള്‍ ഒഴിവാക്കി ,പുഷ്പാങ്കിത ഭാഷയുടെ താളങ്ങളില്‍ പെടാതെ മാറിനിന്നും കഥ പറയുന്നു. ദൃശ്യ മാധ്യമങ്ങളുടെ കടന്നു കയറ്റം കൊണ്ട് , " കവിത മരിച്ചു ,ചെറുകഥ മരിച്ചു , ഉത്തരാധുനികത എന്ന അവസ്ഥ മാറി " എന്നൊക്കെ പൊതുതലങ്ങള്‍ ഘോഷിക്കുമ്പോളും പുതിയ ചെറുപ്പക്കാരായ എഴുത്തുകാരുടെ കൈകളില്‍ കഥകള്‍ ഭദ്രമായി നില്‍ക്കുന്ന അവസ്ഥ കാണാം എന്ന് കെ .കെ ജോണ്‍സന്‍ തന്റെ പ്രബന്ധത്തില്‍ പറഞ്ഞു .പുതിയ എഴുത്തുകാര്‍ക്ക് , വായനയില്ല, അനുഭവങ്ങളില്ല ,ദാര്‍ശനികത പുറത്തു നിര്‍ത്തിയിരിക്കുകയാണ് എന്നും മറ്റുമുള്ള പരിഭവങ്ങള്‍ക്കിടയിലും അവര്‍സ്വന്തം ഭാഷയും ശൈലിയും സൃഷ്ടിച്ചുമുന്നേറുന്നു .

 

 

 

 

ഏച്ചിക്കാനത്തിന്റെ " ബിരിയാണിയും " എസ്. ഹരീഷിന്റെ മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ " തുടങ്ങിയ കഥകള്‍ സംവേദിക്കുന്നത് അതാണ് . ബാബു പാറക്കല്‍ പറഞ്ഞ " ഒരു കറമ്പന്റെ കഥയും "" വിത്തല്‍വാടി " എന്ന കഥയും കാലിക സാമൂഹ്യ തലങ്ങളില്‍ ഒട്ടി നില്‍ക്കുന്നു. ബീഫു വാങ്ങാന്‍ പോയ ഹിന്ദു മുസ്ലിമാണെന്ന് തെറ്റി ധരിച്ചു അക്രമിക്കപ്പെടുന്നതും , മറ്റുമുള്ള കാര്യങ്ങള്‍ സമയ ബദ്ധിതമായും കാല ബദ്ധിതമായും കുട്ടിവായിക്കാം . വെള്ളക്കാരും ,സ്പാനിഷുകാരും ,കറുത്തവര്‍ഗക്കാരും മുപ്പതു കൊല്ലം മുമ്പ് എഴുതിയ അവസ്ഥയിലെ നമ്മള്‍ എത്തിയിട്ടുള്ളു എന്ന അഭിപ്രായമാണ് കെ. സി .ജയന്‍ പറഞ്ഞത് . അതിനായി അദ്ദേഹം ഷെര്‍മാന്‍ അലക്‌സി എന്ന റെഡ് ഇന്ത്യന്‍ എഴുത്തുകാരന്‍ മുതല്‍ ഒരുപാട് ആംഗല കഥാകൃത്തുക്കളുടെ കൃതികള്‍ നിരത്തുകയുണ്ടായി .ഇത്‌റിയാലിറ്റി റൈറ്റിങ് നടമാടുന്ന കാലമാണ് . കഥ നല്ലതോ ചിത്തയോഎന്നതല്ല പ്രശ്‌നം .ആരുവായിക്കുന്നു അവന്റെ കണ്ണിലൂടെയാണ് കഥ തെളിയുന്നത് . ഡോ. നന്ദകുമാര്‍ ചെറുകഥ ഒരു ചെറു പ്രതലത്തില്‍ ഒതുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി ഊന്നി പറഞ്ഞു . തോമസ് മാന്‍ തുടങ്ങിയ എഴുത്തുകാരുടെ കഥകള്‍ നോവലാണോ ,കഥയാണോ എന്ന സംശയം ഉളവാക്കും.

 

 

അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന "ഗുണാഢ്യനാണ് " ആദ്യമായി കഥകള്‍ ക്രോഡീകരിച്ചത് . കഥകള്‍ ലിപിബദ്ധവും ,ശ്രുതിബദ്ധവും ആയിരിക്കണം എന്ന് ഡോ .ഷീല പറഞ്ഞു . ക്രിസ്തുവിനു രണ്ടായിരം വര്ഷം മുമ്പാണ് ആദ്യ കഥ ഉണ്ടായതു എന്ന് പറയപ്പെടുന്നു .പണ്ടുകാലത്തെ മനുഷ്യര്‍ ഗുണഗണങ്ങള്‍ ഉള്ളവരും , ഗുണഗണങ്ങള്‍ ആദരിക്കുന്നവരും ആയിരുന്നു അതുകൊണ്ടു അവരുടെ കഥകളും അതില്‍ അധിഷ്ഠിതമായിരുന്നു .കഥയ്ക്ക് നിര്‍വചനം ഇല്ലെങ്കിലും ,ഇങ്ങനെ പറയാം : " മൗലികമാവണം ,ഉള്ള് ഇളക്കണം , ഉള്ളില്‍ തട്ടണം " സാഹിത്യത്തിന്റെ ലക്ഷ്യം ഹൃദയത്തിന്റെ പവിത്രീകരണമാണ് . സഹിത ഭാവമാണ് സാഹിത്യം . ജോസ് ചെരിപുറം, പി .ടി. പൗലോസ് ,രാജു തോമസ് , മാമന്‍ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.