You are Here : Home / എഴുത്തുപുര

സന്തോഷത്തിന്റെ സമവാക്യങ്ങള്‍

Text Size  

Story Dated: Saturday, May 17, 2014 11:10 hrs UTC

- മണ്ണിക്കരോട്ട്‌ (www.mannickarottu.net)

 

അടുത്ത സമയത്ത്‌ സൂര്യ ചാനലില്‍ കണ്ട 'ചാമ്പ്യന്‍സ്‌' എന്ന ഒരു പരിപാടി തികച്ചും വ്യത്യസ്‌തവും വേറിട്ടതുമായിരുന്നു. വികലാംഗരുടെയും അംഗഭംഗം സംഭവിച്ചവരുടെയും കലാപ്രകടനമായിരുന്നു അത്‌. അതില്‍ കുരുടര്‍, ചെകിടര്‍, മൂകര്‍, കൈകാലുകള്‍ക്ക്‌ സ്വാധീനമില്ലാത്തവര്‍, അസുഖം കാരണം അംഗവൈകല്യം സംഭവിച്ചവര്‍, അപകടത്തില്‍ അംഗഭംഗം നേരിട്ടവര്‍ എന്നുവേണ്ട ഏതുവിധ ശാരീരിക വൈകല്യങ്ങള്‍ ഉണ്ടാകാമൊ അങ്ങനെയുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു കലാമത്സരം, ചാമ്പ്യന്‍സ്‌. അംഗഭംഗമൊ അംഗവൈകല്യമൊ സംഭവിച്ചവരെങ്കിലും അവരുടെ മുഖത്തെ സന്തോഷം, അവരുടെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരി, അവരുടെ മനസിന്റെ നിറവ്‌ അവരുടെ പെരുമാറ്റത്തില്‍ പ്രസരിക്കുന്ന ആനന്ദം; എല്ലാം ആരേയും ആകര്‍ഷിക്കുന്നതായിരുന്നു. വികലാംഗര്‍ സമൂഹത്തില്‍ ഒറ്റപ്പെട്ട്‌ ജീവിതത്തില്‍ ദുഃഖവും സഹിച്ചാണ്‌ ജീവിക്കുന്നതെന്ന്‌ പൊതുവെ ധാരണയുണ്ട്‌. എന്നാല്‍ അങ്ങനെയുള്ളവരുടെ സന്തോഷം കണ്ടപ്പോള്‍ അതേക്കുറിച്ച്‌ കൂടുതല്‍ ചിന്തിക്കാന്‍ കാരണമായി. സന്തോഷം എന്താണ്‌? എവിടെയാണ്‌? എങ്ങനെയാണ്‌? ആരാണ്‌ സന്തോഷം അനുഭവിക്കുന്നത്‌? എങ്ങനെയാണ്‌ സന്തോഷം അനുഭവിക്കേണ്ടത്‌?

 

സന്തോഷം അനുഭവിക്കാന്‍ എന്തുചെയ്യണം? എന്തുകൊണ്ടാണ്‌ എല്ലാവരും സന്തോഷം അനുഭവിക്കാത്തത്‌? അങ്ങനെ ഈ വിഷയത്തെക്കുറിച്ച്‌ വിവിധങ്ങളായ ചിന്തകള്‍ എന്റെ മനസിലൂടെ കടന്നുപോയി. ആദ്യമായി സന്തോഷം എന്താണെന്നുള്ളതിനെക്കുറിച്ച്‌ ഒരു അന്വേഷണമായിരുന്നു. സുപ്രസിദ്ധ ചിന്തകനും എഴുത്തുകാരനും, ബുദ്ധിജീവിയുമായ ഡെയ്‌ല്‍ കാറ്‌നഗി (Dale Carnegie) സന്തോഷത്തെക്കുറിച്ച്‌ ഇങ്ങനെ പറയുന്നു. സന്തോഷം ഏതെങ്കിലും ബാഹ്യാവസ്ഥകളെ ആശ്രയിച്ചല്ല, നമ്മുടെ മനോഭാവമാണ്‌ അതിനെ നയിക്കുന്നത്‌ (Happiness doesn't depend on any external conditions, it is governed by our mental attitude). മാര്‍ടിന്‍ സെലിഗ്‌മന്‍ എന്ന മനശാസ്‌ത്രജ്ഞന്റെ സിദ്ധാന്ത പ്രകാരം ?ജീവിതത്തില്‍ സുഖവും ആനന്ദവും അനുഭവിക്കുകയും ഒരു നല്ല ജീവിതമാണ്‌ നയിക്കുന്നതെന്ന ചിന്ത ഉണ്ടാകുകയും ജീവിതത്തിന്‌ അര്‍ത്ഥവും പ്രാധാന്യവും ഉണ്ടെന്ന അറിവുണ്ടാകുകയും ചെയ്യുമ്പോള്‍ സന്തോഷം ഉണ്ടാകുന്നു?. ഇതില്‍നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്‌, സന്തോഷം നമ്മുടെ മനോഭാവത്തില്‍ അധിഷ്‌ഠിതമാണെന്നുള്ളതാണ്‌. സന്തോഷം സംതൃപ്‌തിയുടെ അടയാളമാണ്‌. അങ്ങനെ സംതൃപ്‌തി സന്തോഷത്തിന്റെ മുഖ്യഘടകമായി മാറുന്നു. ഉള്ളതുകൊണ്ടു തൃപ്‌തിപ്പെട്ടെങ്കില്‍ മാത്രമെ സംതൃപ്‌തി അനുഭവപ്പെടാന്‍ കഴിയുകയുള്ളു. സന്തോഷവും സംതൃപ്‌തിയുമുണ്ടാകുമ്പോള്‍ ജീവിതത്തില്‍ സമാധാനം കൈവരുന്നു.

 

?സന്മനസുള്ളവര്‍ക്ക്‌ സമാധാനം? എന്നാണെല്ലൊ ബൈബിളില്‍ പറഞ്ഞിരിക്കുന്നത്‌. അവിടെയും മനോഭാവമാണ്‌ സമാധാനത്തിന്റെ ആധാരശില. ചുരുക്കത്തില്‍ ഒരു നല്ല ജീവിതമാണ്‌ തങ്ങള്‍ നയിക്കുന്നതെന്നും ജീവിതത്തിന്‌ അര്‍ത്ഥവും പ്രാധാന്യവുമുണ്ടെന്ന മനോഭാവം വളരുകയും ചെയ്യുമ്പോള്‍ സംതൃപ്‌തിയും സന്തോഷവും സമാധാനവും അനുഭവിക്കാന്‍ കഴിയുകയുന്നു. അതിന്‌ വലിയ പണക്കാരനാകേണ്ടതില്ല. ഉന്നത പദവിയൊ സ്ഥാനവലിപ്പമൊ കാരണമല്ല. എത്രയുണ്ടെന്നുള്ളതല്ല, എത്ര അനുഭവിക്കാന്‍ കഴിയുന്നു എന്നുള്ളതാണ്‌ പ്രധാനം. അങ്ങനെയുള്ളവര്‍ക്കു മാത്രമെ സന്തോഷം പങ്കിടാനും പങ്കുവയ്‌ക്കാനും കഴിയുകയുള്ളു. ലോകത്ത്‌ അസമാധാനമാണ്‌ സകല വിപത്തിനും കാരണമെന്ന്‌ പറയേണ്ടതില്ലെല്ലോ; അതുപോലെതന്നെ ജീവിതത്തിലും. ബൈബിളില്‍ പ്രത്യേകിച്ച്‌ പുതിയ നിയമത്തില്‍ ഉടനീളം സമാധാനത്തിന്‌ ഊന്നല്‍ നല്‍കിയിരിക്കുന്നതായി കാണാം. അത്‌ യേശുവിന്റെ ജനനത്തെക്കുറിച്ച്‌ മാലാഖ മറിയത്തോട്‌ അറിയിക്കുന്നതു മുതല്‍ ആരംഭിച്ചിരിക്കുന്നു. ?കൃപനിറഞ്ഞവളേ നിനക്കു സമാധാം.? യേശുക്രിസ്‌തുവിന്റെ ഗിരിപ്രഭാഷണത്തില്‍ സമാധാനത്തിനു പ്രത്യേകം സ്ഥാനം കല്‍പിച്ചിരിക്കുന്നു. ?സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ ...? അവസാനം മരണത്തിനു വിധിക്കും മുമ്പ്‌ യേശുക്രിസ്‌തു ശിഷ്യന്മാരോടു പറഞ്ഞു. ?എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്ന സമാധാനം.? അതുപോലെ ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്‌തു സമാധാനം ആശംസിച്ചുകൊണ്ടാണ്‌ എല്ലായിപ്പോഴും ശിഷ്യന്മാര്‍ക്ക്‌ പ്രത്യക്ഷപ്പെട്ടത്‌. ഈ സമാധാനത്തിന്റെ തുടര്‍ച്ചയെന്നോണം, ക്രിസ്‌ത്യാനികളുടെ വിശുദ്ധ കുര്‍ബ്ബാനയില്‍ പുരോഹിതന്‍ പത്തിലധികം പ്രാവശ്യം ?നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനമുണ്ടായിരിക്കട്ടെ? എന്ന്‌ ആശംസിക്കുന്നു. എന്നുമാത്രമല്ല, ?സമാധാനത്താലെ പോകുവിന്‍? എന്ന ആശിര്‍വ്വാദത്തോടെയാണ്‌ വിശുദ്ധ കുര്‍ബ്ബാന അവസാനിപ്പിക്കുന്നതും.

 

ഭഗവദ്‌ ഗീതയിലും സുഖം അല്ലെങ്കില്‍ സന്തോഷത്തെക്കുറിച്ച്‌ പ്രത്യേകം പരാമര്‍ശമുണ്ട്‌. 18-ാം അധ്യായത്തില്‍ മൂന്നുവിധ സുഖ (സന്തോഷം) ത്തെക്കുറിച്ച്‌ പ്രതിപാദിച്ചിട്ടുണ്ട്‌. സാത്ത്വികസുഖം, രാജസസുഖം, താമസസുഖം. ഇതില്‍ ഉത്തമമായിട്ടുള്ളത്‌ സ്വാഭാവികമായും സാത്ത്വികസുഖമാണെല്ലോ. ?യത്താദഗ്രേ വിഷമിവ പരിണാമേമൃതോപമം തല്‍ സുഖം സാത്ത്വികം പ്രോക്തമാത്മബുദ്ധിപ്രസാദം.? ?യാതൊരു സുഖം ആദ്യം വിഷംപോലെയും അവസാനത്തില്‍ അമൃതംപോലെയുമിരിക്കുന്നുവൊ, ആത്മബുദ്ധി പ്രസാദത്താലുണ്ടാകുന്ന ആ സുഖം സാത്ത്വികമെന്നു പറയപ്പെടുന്നു.? ചുരുക്കത്തില്‍, കഠിനാദ്ധ്വാനത്തില്‍നിന്നൊ കഠിന ദുഖത്തില്‍നിന്നൊ ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങളൊ സംരംഭങ്ങളൊ സ്വന്തം നന്മകൊണ്ടും ഹൃദയത്തിന്റെ നിര്‍മ്മലതകൊണ്ടും അവസാനം സുഖമായി അല്ലെങ്കില്‍ സന്തോഷമായി പരിണമിക്കുന്നുവൊ അതാണ്‌ സാത്ത്വികസുഖം.

 

ഇവിടെ സ്വന്തം അധ്വാനത്തിലൂടെ നേടിയെടുക്കുന്ന സുഖമാണ്‌ യഥാര്‍ത്ഥ സുഖം അല്ലെങ്കില്‍ സന്തോഷം. അത്‌ നമ്മുടെ ഹൃദയ നൈര്‍മ്മല്യത്തിലും മനശുദ്ധിയിലും അധിഷ്‌ഠിതമാണെന്ന്‌ വ്യംഗ്യം. അങ്ങനെയുള്ള നേട്ടത്തില്‍ തൃപ്‌തരാകുന്നവരുടെ മുഖത്ത്‌ സംതൃപ്‌തിയുടെ പ്രത്യക്ഷ ലക്ഷണമായ സന്തോഷം കളിയാടുമെന്നുള്ളതിന്‌ സംശയമില്ല. ഇവിടെ പലരും കരുതുന്ന സാമ്പത്തിക നേട്ടം സുഖത്തിനൊ സന്തോഷത്തിനൊ കാരണമാകുന്നില്ല. കേടീശ്വരരായിട്ടും ജീവിതത്തില്‍ സംതൃപ്‌തിയൊ സന്തോഷമൊ അനുഭവിക്കാതെ, അസമാധാനത്തിലും അസന്തോഷത്തിലും കഴിയുന്നവരാണ്‌ കൂടുതലും. ഇനിയും സമ്പാദിക്കണമെന്ന തൃഷ്‌ണ അവരെ മാനസിക വിഭ്രാന്തിയിലേക്കും സമാധാനത്തിലേക്കും നയിക്കുന്നു. അതുകൊണ്ടാണെല്ലൊ കോടികള്‍ സമ്പാദിച്ചാലും വീണ്ടും വീണ്ടും വെട്ടിപ്പിടിക്കണമെന്ന വ്യഗ്രതയില്‍ അഴിമതികള്‍ ആവര്‍ത്തിക്കുന്നത്‌. അത്യാഗ്രഹമെന്ന ചേതോവികാരം ജനങ്ങളെ വഴിതെറ്റിക്കുന്നു. ഇക്കാര്യം മഹാത്മഗാന്ധി അസന്ദിഗ്‌ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്‌.

 

അദ്ദേഹം പറഞ്ഞു. ഈ ലോകം ഏതൊരു മനുഷ്യനും വേണ്ടുവോളം നല്‍കി തൃപ്‌തിപ്പെടുത്തുന്നതിനാവശ്യമായ എല്ലാം നല്‍കിയിട്ടുണ്ട്‌. എന്നാല്‍ എല്ലാവരുടെയും അത്യാഗ്രഹത്തിനു വേണ്ടത്ര ഇല്ലതാനും (Earth provides enough to satisfy every man's needs, but not every man's greed). ആഗ്രഹം അതിരുകവിയുമ്പോള്‍ അത്യാഗ്രഹം വിത്തുപാകുന്നു. പിന്നീട്‌ ആ അത്യാഗ്രഹത്തിന്റെ വിഷവിത്തു വളര്‍ന്നു പന്തലിക്കും. ക്രമേണ അത്‌ ഏതുതരം വിപത്തിനും കാരണമാകുകയും മാനസികവും സാമ്പത്തികവുമായ സഘര്‍ഷത്തിലേക്ക്‌ നയിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതൊന്നുമില്ലാതെ മനോഭാവംകൊണ്ടു മാത്രം ഉള്ളതില്‍ തൃപ്‌തിപ്പെട്ട്‌ സന്തോഷം അനുഭവിക്കുന്ന ഒരു കൂട്ടരുണ്ട്‌. അത്‌ സാധാരണക്കാരെപ്പോലെ ശാരിരിക പ്രാപ്‌തിയുള്ളവരല്ലെന്നുള്ളതാണ്‌ പ്രത്യേകത. അവരാണ്‌ വികലാംഗരും അംഗഹീനരും.

 

ഇന്‍ഡ്യയില്‍ പൊതുവെ ഇത്തരക്കാരെ ഒറ്റപ്പെടുത്തി, പലപ്പോഴും നികൃഷ്ടജീവികളായിട്ടുപോലും കരുതി പെരുമാറുന്നതു കാണാം. അതിനു വ്യക്തമായ ഉദാഹരണമാണ്‌ അംഗവൈകല്യമുള്ളവരെ ആ വിധത്തില്‍ സമൂഹത്തില്‍ അറിയപ്പെടുന്നത്‌. അങ്ങനെയാണെല്ലൊ പൊട്ടന്‍, ചട്ടന്‍, പൊട്ടക്കണ്ണന്‍, ചെന്വന്‍, മുറിക്കയ്യന്‍, ഒറ്റക്കയ്യന്‍, ഊമ, കുള്ളന്‍, കൂനന്‍ എന്നുവേണ്ട എന്തെല്ലാം പേരുകള്‍. മാത്രമല്ല, അവരെ സമൂഹത്തില്‍നിന്നു വേര്‍പെട്ടവരായി മാറ്റിനിര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ അമേരിക്കപോലുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ അംഗഹീനര്‍ക്ക്‌ പ്രത്യേകം പരിഗണന നല്‍കി അവരെ സമൂഹത്തിന്റെ ഒരു ഭാഗമാക്കി മാറ്റുന്നത്‌ ഇവിടെ വിസ്‌മരിക്കുന്നില്ല. അംഗഹീനര്‍ക്കും വികലാംഗര്‍ക്കും സാധാരണക്കാരപ്പോലെ എല്ലാവിധ വികാരങ്ങളും കഴിവും ദൈവം കൊടുത്തിട്ടുണ്ടെന്ന കാര്യം അവരെ അവഗണിക്കുന്ന സമൂഹം മനസിലാക്കുന്നില്ല. അവരുടെ കഴിവുകള്‍ ലോകത്തിനു മുമ്പില്‍ വെളിപ്പെടുത്താനുള്ള ഒരു ശ്രമമായിരുന്നു സൂര്യ ടി.വി. ഏറ്റെടുത്തത്‌. അവരുടെ കലാപ്രകടനങ്ങള്‍ എത്ര മികച്ച കലാകാരേപ്പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

 

വിധികര്‍ത്താക്കളായ എം.ജി. ശ്രീകുമാറും മുന്‍കാല സിനിമാ നടി ലക്ഷ്‌മിയും സ്വയം മറന്ന്‌ അവരുടെ കലാപ്രകടനങ്ങള്‍ ആസ്വദിച്ചു. പരിപാടിയില്‍ പങ്കെടുത്തവരെ പ്രശംസിക്കാന്‍ അവര്‍ക്ക്‌ വാക്കുകള്‍ പോരാതായി. അന്ധരുടെ നൃത്തത്തില്‍, ഒറ്റയ്‌ക്കായാലും സംഘമായിട്ടായാലും ഒരു ചുവടൊ താളമൊ പിഴയ്‌ക്കാതെ പരിപൂര്‍ണ്ണ കൃത്യതയും സൂഷ്‌മതയും നിലനിന്നു. പരിചയസമ്പന്നരായ നര്‍ത്തകരെക്കാളും മികച്ച മിന്നല്‍ പ്രകടനങ്ങള്‍ കാഴ്‌ചവയ്‌ക്കുമ്പോഴും അന്ധരുടെ സംഘനൃത്തത്തില്‍, തമ്മിലുള്ള അകലമൊ നിശ്ചത സ്ഥാനമൊ തെല്ലുപോലും തെറ്റുന്നില്ല. കാലുകളും കൈകളും തളര്‍ന്നവര്‍ മധുരമായി പാടുന്നു, മുഖചലനംകൊണ്ട്‌ മറ്റൊരു മായാലോകം സൃഷ്ടിക്കുന്നു. കൈകളില്ലാത്തവര്‍ കാലുകൊണ്ട്‌ ഭംഗിയായി എഴുതുന്നു, ചിത്രം വരയ്‌ക്കുന്നു. കാലിനും കൈയ്‌ക്കും സ്വാധീനമില്ലാത്തവര്‍ വായില്‍ പേന കടിച്ചു പിടിച്ച്‌ എഴുതുന്നു; ബ്രഷ്‌ ഉപയോഗിച്ച്‌ വരയ്‌ക്കുന്നു. കാലുകള്‍ തളര്‍ന്നവര്‍ കൈകൊണ്ടും ശരീരംകൊണ്ടു മാത്രം നൃത്തവിസ്‌മയം കാഴ്‌ചവയ്‌ക്കുന്നു. ജന്മനാ ഒരു കാലുമാത്രമുള്ള തിരുവനന്തപുരംകാരി വന്ദനയുടെ ഒറ്റക്കാലുകൊണ്ടുള്ള നൃത്തം മികച്ച നര്‍ത്തകരെപ്പോലും വെല്ലുന്നതായിരുന്നു. അവള്‍ തലയില്‍ ജലഭരണിയുമായി തളികയില്‍ കയറിനിന്ന്‌ ഒറ്റക്കാലില്‍ നൃത്തം ചെയ്യുന്നത്‌ സദസ്യര്‍ ശ്വാസമടക്കി വീക്ഷിക്കുന്നതു കണ്ടു.

 

തളികയുടെ ബാലന്‍സ്‌ ശരിയാകണമെങ്കില്‍ രണ്ടുകാലും വേണ്ടിടത്താണ്‌ ഒറ്റക്കാലുകൊണ്ടുള്ള ഈ സാഹസം. സ്റ്റേജില്‍ വരുമ്പോള്‍ ഈ വികലാംഗരുടെയും അംഗഹീനരുടെയും മുഖത്തെ സന്തോഷമാണ്‌ കാണേണ്ടിയിരുന്നത്‌. ആരേയും ആകര്‍ഷിക്കുന്ന പുഞ്ചിരിയും മനസിന്റെ നിറവില്‍ വിരിയുന്ന ചിരിയും സംസാരത്തിലെ സംതൃപ്‌തിയും അവരുടെ ജീവിതത്തിലെ സന്തോഷം വിളിച്ചറിയിക്കുന്നതായിരിന്നു. അവര്‍ക്ക്‌ കോടികളില്ല. എന്നാല്‍ മനസിന്റെ സംതൃപ്‌തിയാണ്‌ അവരുടെ കോടികള്‍. ആ സംതൃപ്‌തിയാണ്‌ അവരുടെ സന്തോഷത്തിന്റെ അടിസ്ഥാവും. അത്യാഗ്രഹത്തിന്റെ അതിപ്രസരംകൊണ്ട്‌ അതിരുകളില്ലാത്ത ലോകം വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയില്‍ ഉള്ള സന്തോഷംകൂടി ഇല്ലാതാക്കുന്നവര്‍ ഇത്തരത്തിലുള്ള അംഗഹീനരെ കണ്ടു പഠിക്കേണ്ടതാണ്‌. അവിടെയാണ്‌ സന്തോഷത്തിന്റെ സമവാക്യങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.