You are Here : Home / എഴുത്തുപുര

ദിശാബോധം നഷ്ടപ്പെടുന്ന അമേരിക്കയിലെ മലയാള സാഹിത്യം

Text Size  

Story Dated: Saturday, October 18, 2014 01:00 hrs UTC

George Mannickrottu

 

അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ ഇന്നത്തെപോക്ക്‌ ഏത്‌ ദിശയിലേക്കാണ്‌? സാഹിത്യബോധ മുള്ളവരും ഭാഷയെ ഗൗരവത്തോടെ വീക്ഷിക്കുന്നവരും, ചോദിക്കുന്നതും ആശങ്കപ്പെടുന്നതുമായ ഒരു ചോദ്യമാണി ത്‌. അവര്‍ക്കൊക്കെ ഒന്നേ പറയാനുള്ളു; ഈ പോക്ക്‌ ശരിയല്ല. ഇങ്ങനെ പോയാല്‍ അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ സ്ഥിതി എന്തായിരിക്കുമെന്നുള്ള ആശങ്ക അവരെ അലട്ടുന്നു. അമരക്കാരനില്ലാതെ അഴിച്ചുവിട്ട ചങ്ങാടംപോലെ, യാതൊരു ലക്ഷ്യബോധവുമില്ലാതെ മുങ്ങിയും പൊങ്ങിയും, തട്ടിയും തടഞ്ഞും നീങ്ങിക്കൊണ്ടിരി ക്കുന്ന ഒരു വഞ്ചിപോലെയാണ്‌ ഇപ്പോള്‍ അമേരിക്കയിലെ മലയാള സാഹിത്യം.

പ്രയാണത്തിനു മുമ്പേ ലക്ഷ്യം ഉറപ്പുവരുത്തേണ്ടതുപോലെ ഏതൊരു പ്രസ്ഥാനത്തിനും സംരംഭത്തിനും അതിന്റേതായ ദിശാബോധം അനിവാര്യമാണ്‌. വേണ്ടാത്ത വഴി വിട്ടൊഴിഞ്ഞ്‌ അല്ലെങ്കില്‍ വെട്ടിമാറ്റി വേണ്ടവഴിയെ കരുതലോടെ പ്രയാണം ചെയ്യുക. അപ്പോള്‍ ലക്ഷ്യത്തിലെത്തുകയും ഉദ്യമം വിജയപ്രദമാകുകയും ചെയ്യും. ഈ ലക്ഷ്യബോധമാണ്‌ സാഹിത്യത്തിലും വേണ്ടത്‌. അമേരിക്കയില്‍ മലയാളികളുടെ പ്രധാന കുടിയേറ്റത്തിന്റെ ആദ്യകാലം മുതല്‍ ഇതേ ലക്ഷ്യബോധത്തോടെ ഭാഷയുടെ പ്രചാരത്തിനും പ്രചരണത്തിനും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതാണ്‌. എന്നാല്‍ ഇന്ന്‌, ആപല്‍ക്കരമായ അതിമോഹം ഡോളറിന്റെ അതിപ്രസരത്തില്‍ സാഹിത്യത്തെ തളയ്‌ക്കാനുള്ള വിഭ്രാന്തിയാണ്‌ വീക്ഷിക്കാന്‍ കഴിയുന്നത്‌. ആദ്യനാളുകളില്‍ അതായത്‌ 1970-കളിലും 80-കളിലും സാഹിത്യപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലെങ്കിലും പിച്ചവച്ചു പിടിച്ചുനടക്കാനുള്ള ഉദ്യമത്തിലായിരുന്നു.

 

ജീവതംതേടിയുള്ള തിരക്കും ഭൂരിപക്ഷത്തിനു ഭാഷയോടുണ്ടാ യിരുന്ന അവജ്ഞാമനോഭാവവും ഈ മന്ദഗതിയ്‌ക്ക്‌ പ്രധാന കാരണമായി. എന്നാല്‍ 1990-കളുടെ തുടക്കത്തോട്‌ ഈ പ്രവണതയ്‌ക്ക്‌ മാറ്റമുണ്ടായി. ഈ കാലയളവില്‍ സാഹിത്യസംഘടനകള്‍, മലയാളം ക്ലാസുകള്‍, പ്രസിദ്ധീ കരണങ്ങള്‍, കൃതികള്‍ അങ്ങനെ ഭാഷയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഊര്‍ജ്ജസ്വലത കൈവരിച്ചു. ധാരാളം എഴുത്തുകാരും അവരുടെ കൃതികളും ഈ കാലയളവില്‍ പുറത്തുവന്നുകൊണ്ടിരുന്നു. അമേരിക്കന്‍ ജീവിതത്തിന്റെ ബാലാരിഷ്ടകള്‍ നീങ്ങി ജീവിതസാഹചര്യങ്ങള്‍ അനുകൂലമായപ്പോള്‍ എഴുതാന്‍ തുടങ്ങിയവരുണ്ട്‌. ജീവിതപങ്കാളികളുടെ സ്ഥിരവരുമാനം അവരുടെ എഴുത്തുലോകത്തെ തുടക്കത്തിന്‌ ആക്കം കൂട്ടുകയും ചെയ്‌തു.

 

കൂടാതെ സര്‍ഗ്ഗശക്തിയും നൈസര്‍ഗീക വാസനയുമുള്ളവരുടെ പേരും പടവും പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും അപരര്‍ക്ക്‌ പ്രചോദനമായി. (കൂലികൊടുത്ത്‌ എഴുതിപ്പിച്ചവരും ഉണ്ടായിരുന്നെന്നും ഇപ്പോഴും ഉണ്ടെന്നും പറയപ്പെടുന്നു). എന്തായാലും അക്കാലത്തെ ഏറിയപങ്ക്‌ രചനകളും പണ്ടെങ്ങൊ നാട്ടില്‍വച്ചേ മനസില്‍ തോന്നിയിട്ടുള്ളതും മറന്നുകിടന്നതുമായ വസ്‌തുതകളായിരുന്നു. ഭാവന, ദര്‍ശനം, രചനാശൈലി മുതലായ അടിസ്ഥാന സര്‍ഗ്ഗസിദ്ധികളുടെ അഭാവത്തില്‍ അതൊക്കെ ?ഡോളര്‍ സാഹിത്യ?മെന്നും ?ഓര്‍മ്മസാഹിത്യ?മെന്നുമുള്ള വിമര്‍ശനങ്ങളില്‍ ഒതുങ്ങി. അതുമാത്രമല്ല അമേരിക്കയിലെ മലയാളം എഴുത്തുകളെല്ലാം വെറും ചവറാണെന്ന്‌ മുദ്രകുത്തപ്പെടുകയും ചെയ്‌തു. സാമാന്യം ഭേദപ്പെട്ട കൃതികളും ഈ വിമര്‍ശനത്തിന്റെ പട്ടികയിലൊതുങ്ങേണ്ടിവന്നു. എന്തായാലും 90-കളില്‍ അമേരിക്കയില്‍നിന്ന്‌ ധാരാളം എഴുത്തുകാരും കൃതികളും മറ്റ്‌ രചനകളും ഉണ്ടായിട്ടുണ്ടെന്നുള്ളതാണ്‌. എന്നാല്‍ രണ്ടായിരമായപ്പോഴേക്കും തൊണ്ണൂറുകളിലുണ്ടായ സാഹിത്യപ്രവാഹം അല്‌പം കുറഞ്ഞു. തൊണ്ണൂറുകളിലെ മിക്ക എഴുത്തുകാരും എഴുത്തിന്റെ ലോകത്തുനിന്നു മറഞ്ഞു. സര്‍ഗ്ഗശക്തിയും നൈസര്‍ഗിക വാസനയുമുള്ള ആദ്യകാല എഴുത്തുകാരുടെ കൃതികള്‍ ഗണ്യമായി കുറയുകയും ചെയ്‌തു.

 

എന്നാല്‍ പുതുതായി പല എഴുത്തുകാര്‍ മുമ്പോട്ടു വരികയും അമേരിക്കയില്‍ മലയാള സാഹിത്യം നിര്‍ലോഭം തുടരുകയു ചെയ്‌തു. ധാരാളം എഴുതണമെന്നോ പെട്ടെന്ന്‌ പേരെടുക്കണമെന്നോ ഒന്നുമുള്ള രീതിയിലായിരുന്നില്ല അന്നത്തെ രചനകളും കൃതികളും. അതുകൊണ്ടുതന്നെ രണ്ടായിരങ്ങളില്‍ കൃതികള്‍ കുറയുകയും ഉണ്ടായിട്ടുള്ളവ പൊതുവെ ഭേദപ്പെട്ടവയുമായിരുന്നു. എന്നാല്‍ അമേരിക്കയിലെ സാഹിത്യലോകത്ത്‌ ഒരു വലിയ മാറ്റത്തിന്റെ മാറ്റൊലിയുമായിട്ടായിരുന്നു 2000-ങ്ങളുടെ ഒടുക്കവും 2010-കളുടെ തുടക്കവും. ഇലക്ട്രോണിക്ക്‌ മാധ്യമങ്ങളുടെ പ്രചാരം എന്തെഴുതിക്കൊടു ത്താലും അതൊക്കെ അടുത്ത മണിക്കൂറിനു മുമ്പേ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ എഴുത്തു കാരുടെയും രചനകളുടെയും പ്രവാഹമായി. ?അതിവേഗം ബഹുദൂര?മെന്ന ഒരു സമയത്തെ രാഷ്ട്രീയശൈലിപോല എഴുത്തിന്റെ അതിവേഗ പ്രചാരമായിരുന്നു പിന്നീടങ്ങോട്ട്‌. പെട്ടെന്ന്‌ പ്രസിദ്ധരാകാമെന്ന നാര്‍സിസ്റ്റിക്ക്‌ ചിന്താഗതിയായിരിക്കാം ഈ അതിവേഗസാഹിത്യത്തിന്റെ പിന്നിലെ ചേതോവികാരം. അതുകൂടാതെ ഇന്ന്‌ എല്ലാറ്റിലും എന്നപോലെ സാഹിത്യത്തിലും ന്യു ജനറേഷന്റെ കലര്‍പ്പും കാപട്യങ്ങളും കാണാനുണ്ട്‌. അങ്ങനെ ന്യൂ ജനറേഷന്‍ജ്വരം, പ്രശസ്‌തി, സാങ്കേതികം, ഡോളര്‍ എല്ലാംകൂടി കലര്‍ന്ന ഒരുതരം സാഹിത്യഭ്രാന്ത്‌ ഇന്നത്തെ ഏറിയപങ്ക്‌ രചകളിലും കാണാന്‍ കഴിയുന്നുണ്ട്‌. ആദ്യകാലത്ത്‌ ?ഡോളര്‍ സാഹിത്യ?വും ?ഓര്‍മ്മസാഹിത്യ?വുമാണ്‌ പ്രചരിച്ചിരുന്നതെങ്കില്‍ ഇന്നത്‌ ?വികലസാഹിത്യ?ത്തിന്റെ വികൃതികളായി മാറിയിരിക്കുന്നെന്ന്‌ ഖേദത്തോടെ പറയേണ്ടിയിരിക്കുന്നു.

 

അമേരിക്കയിലെ മലയാള സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ഇത്‌ തികച്ചും ആശങ്കാഭരവും ആപല്‍ക്കരവുമാണ്‌. എന്നാല്‍ എല്ലാ രചനകളും ഈ നിലവാരത്തില്‍ ഉള്‍പ്പെടുന്നില്ല എന്ന കാര്യവും ഇവിടെ വിസ്‌മരിക്കുന്നില്ല. അങ്ങനെ ഭാവുകത്വവും സാഹിത്യമുല്യവും ഇല്ലാതെ വെറും വിവരണംപോലെയുള്ള രചനകളുടെ ബാഹുല്യം അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ നിലവാരം വീണ്ടും തകര്‍ച്ചയിലേക്കു കൂപ്പുകുത്താന്‍ കാരണമായി. അതൊക്കെക്കണ്ട്‌ വിവരമുള്ളവര്‍ പുച്ഛം ഉള്ളിലൊതുക്കി മൗനം പാലിച്ചു. ഉപരിപ്ലവമായ ഉത്സാഹവാക്കുകള്‍ പറഞ്ഞ്‌ പലരേയും സന്തോഷിപ്പിച്ചവരുമുണ്ട്‌. എന്നാല്‍ ചുരുക്കം ചിലര്‍ തുറന്നടിച്ചു അമേരിക്കയിലെ മലയാള സാഹിത്യത്തിന്‌ ?നെഴ്‌സറി വിദ്യാലയത്തിന്റെ നിലവാരം?പോലുമില്ലെന്ന്‌. ഇവിടെ അനാവശ്യമായി വാരിവിതറുന്ന അവാര്‍ഡുകളാണ്‌ എഴുത്തുകാരെ പ്രലോഭിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന ഒരു പ്രധാന ഘടകം. അവാര്‍ഡുകള്‍ നല്ലതും വേണ്ടതുമാണ്‌. ഏതു തൊഴിലിനും പ്രചോദനത്തിനും പ്രോത്സാഹനത്തിനും അവാര്‍ഡുകള്‍ പ്രയോജനപ്പെടും. എന്നാല്‍ യാതൊരു മാനദണ്ഡവുമില്ലാതെ ഏതൊരാള്‍ക്കും വാരിക്കോരിക്കൊടുക്കുന്ന അല്ലെങ്കില്‍ വളഞ്ഞവഴിയിലൂടെ വാങ്ങിച്ചെടുക്കുന്ന അവാര്‍ഡുകള്‍ക്ക്‌ എന്തു മൂല്യമാണുള്ളത്‌? ഇക്കഴിഞ്ഞ ഫൊക്കാന, ഫോമാ കണ്‍വന്‍ഷനുകളില്‍ (2014) അവാര്‍ഡിന്റെയും അംഗീകാരത്തിന്റെയും ആദരത്തിന്റെയും സുനാമിയാണ്‌ കാണാന്‍ കഴിഞ്ഞത്‌.

 

 

ആ സുനാമിയില്‍ ഒലിച്ചില്ലാതായത്‌ സാഹിത്യവും. ഇനിയും അവാര്‍ഡു കൊടുക്കാനായി മാത്രം ചില സംഘടനകളുണ്ട്‌. ഒരു പ്ലാക്ക്‌ കൊടുത്തുതുകൊണ്ട്‌ എങ്ങനെ ഭാഷയെ പരിഭോഷിപ്പിക്കാമെന്ന്‌ മനസിലാകുന്നില്ല. മറിച്ച്‌ അത്‌ എഴുത്തുകാരുടെ കഴിവിനെയും ചിന്താശക്തിയെയും ഹനിയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌. അതുവഴി ഭാഷയും സാഹിത്യവും വികൃതമാകുകയും ചെയ്യും. അതുപോലെതന്നെയാണ്‌ പുസ്‌തകാഭിപ്രായങ്ങള്‍. കൃതിയിലെ പോരായ്‌മകള്‍ എടുത്തുകാട്ടാതെ അല്ലെങ്കില്‍ അതിനു കഴിയാതെ കുറെ നല്ല വാക്കുകള്‍ മാത്രം എഴുതിവിടുന്നതും എഴുത്തുകാര്‍ക്ക്‌ പ്രയോജനം ചെയ്യുന്നതല്ല. അതുകൊണ്ട്‌ എഴുത്തുകാര്‍ക്കുണ്ടാകുന്ന സന്തോഷം കേവലം നൈമിഷികം മാത്രമായിരിക്കും.

 

 

അത്തരം അഭിപ്രായപ്രകടനങ്ങള്‍ ഒരു പക്ഷേ പ്രലോഭിപ്പിച്ച്‌ സ്‌നേഹദരവുകള്‍ പിടിച്ചുപറ്റാനുള്ള നിഗൂഢതന്ത്രവും ആയിക്കൂടെന്നില്ല. അമേരിക്കയില്‍ മലയാള സാഹിത്യം വളരുന്നതിനും ഉയരുന്നതിനും എഴുത്തുകാരുടെ പൂര്‍ണ്ണ ശ്രദ്ധയും സഹകരണവും ആവശ്യമാണ്‌. അതിന്‌ എനിക്കുള്ള നിര്‍ദ്ദേശങ്ങള്‍ കുറിയ്‌ക്കട്ടെ:- 1. എഴുത്തുകാര്‍ സാഹിത്യത്തില്‍ തങ്ങള്‍ക്കുള്ള കഴിവ്‌ സ്വയം മനസ്സിലാക്കണം. അതിന്‌ ധാരാളം അറിവും പരന്ന വായനയും അനിവാര്യമാണ്‌. പ്രത്യേകിച്ച്‌ അമേരിക്കയിലെ എഴുത്തുകാരുടെ രചനകളും കൃതികളും പരസ്‌പരം വായിച്ചിരിക്കണം. ഇവിടെ ആര്‌ എന്തെഴുതിയിട്ടുണ്ടെന്ന്‌ എത്രപേര്‍ക്ക്‌ അറിയാം? ആരും അതിനു ശ്രമിക്കുന്നതുമില്ലെന്നുള്ളതാണ്‌ ശോചനീയം. അറിഞ്ഞിട്ടും അംഗീകരിക്കാതിരിക്കുന്നതാണ്‌ അതിലും ശോചനീയം. 2. എഴുത്തുകാര്‍ സ്വയം വിമര്‍ശകരാകണം. അതിനുശേഷമായിരിക്കണം മറ്റുള്ളവരുടെ അഭിപ്രായം ആരായേണ്ടത്‌. 3. എഴുത്തുകാരുടെ ചിന്ത മറ്റുള്ളവരില്‍നിന്ന്‌ വ്യത്യസ്ഥമായിരിക്കണം. ഒരു സംഭവം വിവരിക്കുന്നത്‌ സ ാഹിത്യമാകുന്നില്ല. അത്‌ സാമൂഹ്യപ്രതിബദ്ധതയുമല്ല. അതില്‍ എഴുത്തുകാരന്റെ ഭാവനയും ദര്‍ശനവും കണ്ടെത്തലുമുണ്ടാകണം. അനുവാചകരുടെ ആസ്വാദനത്തിനും അവധാനത്തിനും പകര്‍ന്നു നല്‍കാന്‍ വേണ്ട സത്തയുണ്ടാകണം. അല്ലാത്തത്‌ പ്രസ്‌താവനമാത്രമായിരിക്കും. അങ്ങനെ, എഴുതുന്നത്‌ എന്താണെന്ന്‌ സ്വയം മനസിലാക്കാന്‍ കഴിയണം. അതിനു കഴിയാത്തവര്‍ എഴുതിയിട്ടു കാര്യമില്ല. 4. പുസ്‌തകമെന്നല്ല എന്തെഴുതിയാലും പ്രസിദ്ധീകരിക്കുന്നതിനുമുമ്പ്‌ പല ആവര്‍ത്തി വായിച്ച്‌ സ്വയം തെറ്റുകള്‍ തിരുത്തണം. അറിവുള്ളവരെക്കൊണ്ട്‌ വായിപ്പിച്ച്‌ അഭിപ്രായം ആരായുന്നതും നല്ലതാണ്‌. വാചകങ്ങളുടെ ഘടന, വാക്കുകളുടെ പ്രയോഗം അതായത്‌ പദവിന്യാസം (Syntax) അങ്ങനെ ഓരോന്നും ശ്രദ്ധിച്ച്‌ ഏതുവിധത്തിലായാല്‍ കൂടുതല്‍ മെച്ചപ്പെടുമെന്നു മനസിലാക്കി പ്രയോഗിക്കണം.

 

5. ഒരു പുസ്‌തകമൊ മറ്റ്‌ ഏതെങ്കിലും രചനയൊ പ്രസദ്ധീകരിച്ചു കഴിഞ്ഞാല്‍ അവാര്‍ഡുകള്‍ക്കുവേണ്ടി ഓടിനടക്കാതെ എഴുത്തിന്‌ പുതിയ മാനങ്ങള്‍ കണ്ടെത്തി വ്യത്യസ്ഥമായ രചനകള്‍ നിര്‍വ്വഹിക്കാന്‍ ശ്രമിക്കണം. മഹാപണ്ഡിതപ്രമാണികളുടെ വിമര്‍ശനശരങ്ങളെ അതിജീവിച്ച്‌ കേരളക്കര നെഞ്ചിലേറ്റിയ മഹാകവി ചങ്ങമ്പുഴ സാഹിത്യത്തോടു യാചിക്കുന്നതോര്‍ക്കുക- തവതലമുടിയില്‍നിന്നൊരു നാരുപോരും തരികെന്നെതഴുകെട്ടെ പെരുമയും പേരും അതായത്‌ കാവ്യമാകുന്ന അല്ലെങ്കില്‍ സാഹിത്യമാകുന്ന സരസ്വതിദേവിയുടെ തലമുടിയില്‍നിന്നു ഒരു നാരെങ്കിലും ലഭിച്ചാല്‍ മതി പേരും പെരുമയുംകൊണ്ടെന്നെ തഴുകുവാന്‍. സാഹിത്യം വളരെണമെങ്കില്‍ ഉല്‍ക്കൃഷ്ടമായ രചനകളും കൃതികളും ഉണ്ടാകണം. സാഹിത്യം സത്യമാണ്‌. വാക്ക്‌ സരസ്വതിയാണ്‌. അക്ഷരങ്ങള്‍ സരസ്വതീരൂപമാണ്‌. അതിനെ അതേ അര്‍ത്ഥത്തോടും അന്തസത്തയോടും ബഹുമാനത്തോടും സമീപിക്കണം. മേല്‌പറഞ്ഞ കാര്യങ്ങളുടെ ബോധത്തോടെ സാഹിത്യത്തെ സമീപിക്കുക. അവിടെ മെച്ചപ്പെട്ട രചനകളിലേക്കുള്ള വാതായനം തുറക്കപ്പെടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.