You are Here : Home / എഴുത്തുപുര

നമ്മോടൊപ്പം മൃഗങ്ങളും

Text Size  

Story Dated: Friday, January 02, 2015 10:57 hrs UTC

മൃഗങ്ങള്‍ക്ക്‌ നമ്മോടൊപ്പം സ്ഥാനമുണ്ടോ? ചുറ്റിപ്പിക്കുന്ന ചോദ്യം. ഇവിടെ മൃഗങ്ങള്‍ എന്നു പറയുമ്പോള്‍ മനുഷ്യനല്ലാത്ത എന്തും എന്നു മാത്രമേ അര്‍ത്ഥമാക്കുന്നുള്ളൂ. ഇത്‌ ജീവ-ദൈവശാസ്‌ത്രപരമായ നിരീക്ഷണമല്ലാത്തതുകൊണ്ട്‌ വാക്കുകള്‍ ഒന്നുംതന്നെ തര്‍ക്കവിഷയമാക്കുന്നുമില്ല.

ചില മൃഗങ്ങള്‍ സ്വയം ആ സ്ഥാനമങ്ങ്‌ പിടിച്ചെടുക്കും. പൂച്ച നമ്മോടൊപ്പം തീന്‍മേശയില്‍വരെകേറി ഇരുന്നുകളയും. വിരിച്ചൊരുക്കിയ കിടക്കയില്‍ സുഖമായി അങ്ങ്‌ ഉറങ്ങുകയും ചെയ്യും. `ശെ, പൂച്ചേ...' എന്നു പറഞ്ഞാലും ഒരു കള്ളയുറക്കവുമായി, കള്ളക്കണ്ണുമായി പിന്നെയും കിടക്കും.

ഇതെല്ലാം നാം അവഗണിച്ച വിഷയങ്ങളായിരുന്നു. പക്ഷേ, ഒരു ചോദ്യത്തിന്‌ മാര്‍പ്പാപ്പ കൊടുത്ത മറുപടി വിവാദമായി. `നിന്നോടൊപ്പം നിന്റെ വാത്സല്യമൃഗവും സ്വര്‍ഗ്ഗത്തില്‍ ഉണ്ടായിരിക്കും.' എന്നോ മറ്റോ ആയിരുന്നു മാര്‍പ്പാപ്പയുടെ സ്വകാര്യപ്രസ്‌താവന. അപ്രമാദിത്വമുള്ള മാര്‍പ്പാപ്പക്ക്‌ ഒരു ഫലിതംപോലും പറയാനുള്ള അവസരം മാധ്യമങ്ങളും പള്ളിയും കൊടുക്കുകയില്ല. ഒന്നും ചിന്തിക്കാതെ അദ്ദേഹം തമാശ പറയുകയുമില്ല. അതുകൊണ്ട്‌ മാര്‍പ്പാപ്പാ പറഞ്ഞത്‌ ശരിയെന്നുതന്നെ കരുതുക.

ഇവിടെ ഓര്‍മ്മയിലെത്തുക പണ്ടേ കേട്ടിട്ടുള്ള ബര്‍ണാഡ്‌ഷാ കഥയാണ്‌. ബര്‍ണാഡ്‌ഷായും സുന്ദരിയുമായുള്ള സംവാദം. അങ്ങയുടെ ബുദ്ധിയും എന്റെ സൗന്ദര്യവും ഒരുമിച്ചുചേര്‍ന്നാലോ. മറുപടി എന്റെ സൗന്ദര്യവും നിന്റെ ബുദ്ധിയും ചേര്‍ന്നാലോ. അതായത്‌ എനിക്ക്‌ നരകവും എന്റെ മൃഗസുഹൃത്തിന്‌ സ്വര്‍ഗ്ഗവും പോലും. എന്നും വിവിധ ഭാഷകളില്‍ പ്രാര്‍ത്ഥിക്കുന്ന എനിക്കോ തിരിച്ചറിവില്ലാത്ത നായ്‌ക്കുട്ടിക്കോ ആര്‍ക്കാണ്‌ സ്വര്‍ഗ്ഗം. മനുഷ്യന്‍ പലവേഷം ധരിച്ചും മതംമാറിയും മോക്ഷം കരസ്ഥമാക്കുകയാണ്‌.

നായ്‌ക്കുട്ടിക്ക്‌ മതം മാറാന്‍ പറ്റുമോ, പക്ഷേ, സ്വര്‍ഗ്ഗം ഉറപ്പാണ്‌. എന്നാല്‍ വിവേകബുദ്ധികൊണ്ട്‌ സ്വര്‍ഗ്ഗം തീരുമാനിക്കേണ്ടത്‌ മനുഷ്യരായ നാംതന്നെ. അതേ, മൃഗങ്ങള്‍ക്ക്‌ സ്വര്‍ഗ്ഗം സുനിശ്ചിതമായിരിക്കുമ്പോള്‍ മനുഷ്യന്‍ അതിനുവേണ്ടി ചെലവഴിക്കുന്ന സമയവും പണവും കണക്കില്ലാത്തതാണ്‌. മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യം ഏതുവിധത്തിലാണെങ്കിലും സ്വന്തം `സുഖം' ആണെന്നിരിക്കെ ആ സുഖം പരലോകത്തിലേക്കുംകൂടി വ്യാപിപ്പിക്കുന്നതിന്‌ എന്തു ചെയ്‌താലും അതിനു ന്യായീകരണമേയുള്ളൂ. പണ്ടെന്നോ ആരോ ഒരാള്‍ പ്രസംഗിച്ചതുപോലെ: `ഈ സ്വര്‍ഗ്ഗം എന്നുപറഞ്ഞാല്‍ എന്താണ്‌. നല്ല വരിക്കച്ചക്കപ്പഴം തേനില്‍മുക്കിതിന്നുന്നതുപോലെ അല്ലയോ സ്‌നേഹിതരേ...?'

അലങ്കാരങ്ങളും ഉപമകളും അക്ഷരംപ്രതി സത്യമെന്ന്‌ വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്‌തതാണ്‌ നമ്മുടെ പരലോകസങ്കല്‌പങ്ങള്‍. എല്ലാ സംഘടിതമതങ്ങള്‍ക്കും ഏറ്റക്കുറച്ചിലോടെ ഇത്‌ ബാധകമാണ്‌. ചിലര്‍ തങ്ങളുടെ ഭാവനയും ചേര്‍ത്ത്‌ ഈ സങ്കല്‌പത്തെ പര്‍വ്വതീകരിച്ചു.

പ്രകൃതിയുമായുള്ള ബന്ധമാണ്‌ ബി.സി. മൂവായിരാമാണ്ടോടുകൂടി തുടങ്ങിയ എഴുത്തുകളില്‍ക്കൂടി മനുഷ്യന്‍ പ്രകടിപ്പിച്ചത്‌. ജന്മിയുടെ വേഷത്തില്‍ വരുന്ന ദൈവസങ്കല്‌പം അക്കാലത്തെ മനുഷ്യന്റെ ആശ്രിതത്വത്തിന്റെയും നിലനില്‌പിന്റെയും ഭീതിയില്‍നിന്നും ഉണ്ടായതാണ്‌.

പുതിയ കൃഷഭൂമി തേടിപ്പോകുക, തക്കതായ ഇടം കണ്ടെത്തുന്നില്ലെങ്കില്‍ ഉപേക്ഷിച്ചതിനെച്ചൊല്ലി പശ്ചാത്താപിക്കുക ഇതെല്ലാം കേവലമായ മനുഷ്യസ്വഭാവം തന്നെ. ഭാഗ്യവശാല്‍ ഈ കഥകള്‍ വിവിധ വേദഗ്രന്ഥങ്ങളിലായി നമുക്ക്‌ കിട്ടിയിരിക്കുന്നു.

യാത്രയിലുണ്ടാകുന്ന അപകടം തരണം ചെയ്യാനും ഭാഗ്യനിവര്‍ത്തിക്കുമുള്ള ഒരു പ്രാര്‍ത്ഥന ശ്രദ്ധിക്കുക:

`ഓ പുഷാന്‍, ഞങ്ങളുടെ യാത്രയിലെ ആപത്തുകള്‍ ഒഴിവാക്കി യഥാസ്ഥാനത്തെത്തിക്കുക. അല്ലയോ മേഘപുത്രാ നീ ഞങ്ങളുടെ മുന്‍പില്‍ നടക്കുക...

പച്ചപ്പുല്‍പ്പുറങ്ങളിലേക്ക്‌ ഞങ്ങളെ നയിക്കുക, അസഹനീയമായ താപം അവിടെയില്ലാതിരിക്കട്ടെ. ഒരു പുഷാന്‍, ഞങ്ങളുടെ യാത്ര സുരക്ഷിതമാക്കുക.'

ഋഗ്‌വേദത്തിലെ `പുഷാന്‍' സൂര്യദേവനാണ്‌. കൃഷിക്കാര്‍ക്ക്‌ സ്വഭാവികമായി ദൈവം സൂര്യന്റെ രൂപത്തിലാണല്ലോ പ്രത്യക്ഷപ്പെടുക.

ബൈബിളിന്റെ ആദ്യപുസ്‌തകത്തിന്റെ ആദ്യ അദ്ധ്യായങ്ങളില്‍ എത്രയെത്ര സങ്കല്‌പങ്ങളാണുള്ളത്‌. കൃഷിഭൂമി, കുടിയാന്‍, ജന്മി ഇതെല്ലാം അന്നും യാഥാര്‍ത്ഥ്യമായിരുന്നു. ഇവയോട്‌ മല്ലിടാം, വിജയിക്കാം. പക്ഷേ, മരണം? മരണത്തിന്റെ ദൂതനായ പാമ്പും! ഇനിയും പാമ്പിനെ എങ്ങനെ പരാജയപ്പെടുത്തും? ശപിക്കപ്പെട്ടതുകൊണ്ടല്ലേ മരണമുണ്ടായത്‌? ആ മരണത്തിനുശേഷമെന്ത്‌?

ജനനവും മരണവും ഇല്ലാതിരുന്ന ലോകസങ്കല്‌പമാണ്‌ ഏറെ മനോഹരമായ കഥ. മനുഷ്യന്‍ ഗാഢനിദ്രയില്‍ സ്വയം വിഭജിക്കപ്പെട്ട്‌ പെരുകുക. മരണമോ ഉയിര്‍ത്തെഴുന്നേല്‌പോ പുനര്‍ജന്മമോ വേണ്ടാത്ത അവസ്ഥ. പക്ഷേ, യാഥാര്‍ത്ഥ്യബോധവും പ്രാഥമികമായ ഗണിതശാസ്‌ത്രവും ഈ ആശയത്തെ അനുകൂലിക്കുന്നില്ല.

മനുഷ്യന്റെ അമിതമായ തിരിച്ചറിവിനാല്‍ വികലമാക്കപ്പെട്ട ഭൂമിയുടെ ഇന്നത്തെ രൂപത്തിന്‌ ഒരു പരിഹാരമാര്‍ഗ്ഗമുണ്ടാകുമെന്ന പ്രതീക്ഷ അംഗീകരിക്കാന്‍ മനുഷ്യന്‍ തയ്യാറല്ല. ഇനിയും അങ്ങനെയൊന്ന്‌ സംഭവിച്ചാല്‍ അത്‌ തന്റെ നിയന്ത്രണത്തിലും ഭാവനയിലും വേണമെന്ന നിര്‍ബന്ധവും. എന്തായാലും പാപികള്‍ക്കും മൃഗങ്ങള്‍ക്കും അവിടെ സ്ഥാനമില്ലതന്നെ.

ബൈബിളില്‍നിന്നുതന്നെ വായിക്കുക.

`ചെന്നായ്‌ കുഞ്ഞാടിനോടുകൂടെ പാര്‍ക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാര്‍ക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.'

ഏതാണ്ട്‌ ബി.സി. എഴുനൂറാമാണ്ടിലെ പ്രവാചകന്റെ ദര്‍ശനം അടിവരയിട്ട്‌ വീണ്ടും പറഞ്ഞപ്പോള്‍ ഒരു വലിയ സത്യത്തിലേക്ക്‌ വിരല്‍ചൂണ്ടിയെന്നുമാത്രം.

 

 

- ജോണ്‍ മാത്യു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.