You are Here : Home / എഴുത്തുപുര

ആവിഷ്‌ക്കരണസ്വാതന്ത്ര്യം അപകടത്തില്‍ (?)

Text Size  

Story Dated: Tuesday, February 03, 2015 02:58 hrs UTC

ജോണ്‍ മാത്യു

 

പ്രസിദ്ധീകരണങ്ങള്‍ക്കു നേരെയുണ്ടാകുന്ന അക്രമങ്ങളെപ്പറ്റിയും അതു വരുത്തിവെക്കുന്ന ദുരന്തങ്ങളെപ്പറ്റിയും വളരെ പ്രസ്‌താവനകള്‍ വന്നു കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്ന്‌ ഈ വക കാര്യങ്ങള്‍ പലരും വായിക്കുന്നത്‌ മുന്‍വിധിയോടും ആയിരിക്കും. അഭിപ്രായസ്വാതന്ത്ര്യം അപകടത്തില്‍ത്തന്നെയാണോ(?), അങ്ങനെയല്ലെന്ന്‌ പറയാന്‍ കഴിയുമോ? ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായ പത്രസ്വാതന്ത്ര്യം വേണ്ടെന്നോ? എന്നാല്‍ - ഇവിടെ മറ്റൊരു ചോദ്യം. ആര്‍ക്കാണ്‌ ഈ സ്വാതന്ത്ര്യം? വായനക്കാര്‍ക്കോ, എഴുത്തുകാര്‍ക്കോ പത്രാധിപര്‍ക്കോ? ഇവിടെ വായനക്കാരെയും കൂടി എഴുത്തുകാരന്റെ ഗണത്തില്‍പ്പെടുത്തുക, ചിലപ്പോള്‍ വലിയ പത്രങ്ങളിലെ നിയമിക്കപ്പെട്ട പത്രാധിപരെയും! അതായത്‌ വായനക്കാരുടെയും എഴുത്തുകാരുടെയും ഗണത്തില്‍പ്പെടുന്ന നമുക്ക്‌ മനസ്സിലുള്ളത്‌ മൈതാനത്തുനിന്ന്‌, ചുറ്റുമൊന്ന്‌ നോക്കിയിട്ട്‌, തുറന്നുപറയാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കും. പക്ഷേ, ഈ മാധ്യമസ്വാതന്ത്ര്യം എന്നു പറയുന്നത്‌ പത്രമുടമയുടെ കുത്തകയാണ്‌. അതായത്‌ ഏത്‌ വ്യവസ്ഥിതിയിലും സ്വാതന്ത്ര്യത്തിന്‌ പരിമിതികളുണ്ട്‌. പ്രസിദ്ധീകരണങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ വിചാരിച്ചാല്‍ വാര്‍ത്തകള്‍ അപ്രധാനമാക്കാം.

 

 

എഴുത്തുകാരെ ഉയര്‍ത്താം, ഇനിയും അവഗണിക്കയും ചെയ്യാം. സര്‍ക്കാരും പത്രമുടമകളും ക്രമസമാധാനം തുടങ്ങി വിവിധ കാരണങ്ങളും പറഞ്ഞ്‌ സ്വാതന്ത്ര്യത്തിന്‌ തടയിടുന്നത്‌ സര്‍വ്വസാധാരണമാണ്‌. ഈ ലേഖനത്തില്‍ അത്‌ വിവാദവിഷയവുമല്ല. പാവനമെന്നു പലരും കരുതുന്ന മതസ്വാതന്ത്ര്യം പോലും യഥാര്‍ത്ഥത്തില്‍ അങ്ങനെയാണോ? സ്വാതന്ത്ര്യത്തോടെയാണ്‌ ജനിക്കുന്നതെന്ന ധാരണയുണ്ടായിരുന്നു ഒരിക്കല്‍. എന്നാല്‍ അത്‌ അങ്ങനെയല്ലെന്ന്‌ ഒരു നൂറുവട്ടം പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്‌. ചിലര്‍ കരുതുന്നുണ്ടാവാം തങ്ങള്‍ കെട്ടുപാടുകള്‍ക്ക്‌ പുറത്താണെന്ന്‌. ചിലപ്പോള്‍ അതു ഏറെക്കുറെ ശരിയാണെന്നും തോന്നാം. എന്നാല്‍ സമൂഹത്തിന്റെ നിബന്ധനകള്‍ക്കകത്തുതന്നെയാണ്‌ മനുഷ്യജീവിതം. നമ്മള്‍ ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്ന കൂട്ടായ്‌മകളില്‍നിന്ന്‌, അതിനെ ധിക്കരിച്ചുകൊണ്ട്‌, അത്‌ മതമോ രാഷ്‌ട്രീയമോ എന്തുമാകട്ടെ, ഒരു വ്യക്തി പുറത്തുപോകുന്നത്‌ മറ്റ്‌ അംഗങ്ങള്‍ സഹിഷ്‌ണതയോട്‌ കാണുകയില്ല. മതസംഘടനകള്‍ പിരിഞ്ഞുപോകലെന്ന ഈ പ്രവണത ഒഴിവാക്കാന്‍ പ്രയോഗിക്കുന്ന തന്ത്രങ്ങള്‍ രസകരമാണ്‌.

 

 

കുടുംബപാരമ്പര്യങ്ങളാണ്‌ അതിലൊന്ന്‌. ``ഇന്ന്‌ ഇങ്ങനെയാണെങ്കിലും പണ്ട്‌ കാരണവന്മാര്‍ ആരായിരുന്നെന്നോ?'' ഇതുപോലുള്ള പ്രസ്‌താവനകളില്‍ക്കൂടിയാണ്‌ സാമൂഹിക മാന്യത വളര്‍ത്തിയെടുക്കുന്നത്‌. ഈ `മാന്യത'യെന്ന കോട്ടയ്‌ക്കുള്ളില്‍ നിന്നില്ലെങ്കില്‍ മുടക്കപ്പെടുന്നത്‌ പാരമ്പര്യമുള്ള കുടുംബങ്ങളില്‍നിന്നുള്ള വിവാഹബന്ധങ്ങളാണ്‌. പിന്നെ അംഗീകരിക്കപ്പെട്ട മരണാനന്തരക്രിയകളും, അതില്‍ക്കൂടി നിഷേധിക്കപ്പെടുന്നത്‌ സാക്ഷാല്‍ പരലോകംതന്നെയും! ഇതിലും ശ്രമകരമാണല്ലോ ചില രാഷ്‌ട്രീയകക്ഷികളില്‍നിന്നുള്ള പുറത്തുകടക്കല്‍. ഏതാനും നാളുകള്‍ക്കു മുമ്പ്‌ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന `കുലംകുത്തി'യെന്ന പ്രയോഗം മലയാളവായനക്കാര്‍ മറന്നിട്ടുണ്ടായിരിക്കില്ല. വിശ്വാസം സത്യമാണോ? അങ്ങനെതന്നെയെന്നാണ്‌ സകലമാന വിശ്വാസികളുടെയും ഉറച്ച ധാരണ. അതുകൊണ്ടുതന്നെ തങ്ങളുടെ വിശ്വാസത്തിനുവേണ്ടി മരിക്കാനും അവര്‍ തയ്യാറാണ്‌.

 

 

രക്തസാക്ഷിത്വമെന്നും ബലിയെന്നും മറ്റുമുള്ള പേരു നല്‌കി പരലോകത്തില്‍ പ്രതിഫലം കിട്ടുന്ന പുണ്യകര്‍മ്മമാക്കുന്നു ഈ വിശ്വാസം. ഇവിടെ വിശ്വാസത്തെ ചോദ്യം ചെയ്യുകയല്ല, വിശ്വാസം അത്‌ `സ്വന്തം' മാത്രമാണെങ്കില്‍ സത്യം തന്നെ, പക്ഷേ, മറ്റൊരുവന്റെയോ? സുരക്ഷിതങ്ങളായ, അനുയായികളാല്‍ ചുറ്റപ്പെട്ട, വേദികളില്‍നിന്ന്‌ കയ്യടിയുടെ അകമ്പടിയോടെ നേതാക്കള്‍ ചുറ്റപ്പെട്ട, വേദികളില്‍നിന്ന്‌ കയ്യടിയുടെ അകമ്പടിയോടെ നേതാക്കള്‍ വാചാലരാകുമ്പോള്‍ ദുര്‍ബലമനസ്‌ക്കരായവര്‍ ആവേശം കൊള്ളുകയായി. ഈ കസര്‍ത്തുകള്‍ തങ്ങള്‍ക്കും ആവിഷ്‌ക്കരണ സ്വാതന്ത്ര്യമുണ്ടെന്ന ധാരണയില്‍ താഴേക്കിടയിലേത്തെക്കിച്ച്‌ ആവര്‍ത്തിക്കുമ്പോള്‍ അത്‌ വാഗ്വാദങ്ങളിലേക്കും തുടര്‍ന്ന്‌ തമ്മിലടികളിലേക്കും നയിക്കുന്നു. സ്വതന്ത്ര അഭിപ്രായപ്രകടനം എന്നാല്‍ അത്‌ രാഷ്‌ട്രീയവും ലിബറലുമാണ്‌, അതാതുകാലത്തു നിലനിന്നിരുന്ന വ്യവസ്ഥിതിയോടുള്ള പ്രതിഷേധവുമായിരുന്നു. ഈ `ലിബറലിസം' ഇടതുപക്ഷമോ കമ്മ്യൂണിസമോ ആണെന്ന ചിന്ത തികച്ചും അബദ്ധമാണ്‌. ഇന്ന്‌ രാഷ്‌ട്രീയ തീവ്രവാദികളും മതതീവ്രവാദികളും `ലിബറലിസം' എന്ന ചിന്താഗതിയോടാണ്‌ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്‌.

 

 

ഈ ലിബറലിസം സാര്‍വത്രീകമെന്ന ധാരണയിലുണ്ടാകുന്ന അഭിപ്രായപ്രകടനങ്ങള്‍ക്കെതിരെ അപ്രതീക്ഷിത സന്ദര്‍ഭങ്ങളിലാണ്‌ തീവ്രവാദികള്‍ വാളെടുക്കുക. യൂറോപ്പിലെ നവോത്ഥാനത്തില്‍നിന്ന്‌ ആദ്യ കടച്ചിലില്‍ കിട്ടിയതാണ്‌ `ലിബറല്‍' ചിന്താഗതി. ആംഗ്ലിക്കന്‍, ലൂഥറന്‍ തുടങ്ങി അവയോടു ചേര്‍ന്ന മറ്റുപല വിഭാഗങ്ങളും ഈ `ലിബറല്‍' ചിന്താഗതി തങ്ങളുടെ സഭാനടപടികളുടെ ഭാഗമാക്കി, പിന്നീട്‌ മനോഹരമായി ബുദ്ധിജീവികളുടെ സംവാദങ്ങളുടെയും, സാര്‍വത്രീകസ്വാതന്ത്ര്യത്തിന്റെയും! നവോത്ഥാനത്തില്‍ തുടര്‍ന്ന്‌ താഴേക്കുണ്ടായ കടച്ചിലില്‍ ലിബറല്‍ ചിന്ത ചോര്‍ന്നു പോയെന്നത്‌ മറ്റൊരു കഥ. പാരമ്പര്യത്തില്‍ ഊന്നിയ മതവിഭാഗങ്ങള്‍ ഒന്നുംതന്നെ ലിബറല്‍ ചിന്ത അംഗീകരിക്കുന്നില്ല. സമനില തെറ്റാത്തതുകൊണ്ട്‌ അക്രമമാര്‍ഗ്ഗങ്ങളിലേക്ക്‌ അവര്‍ കടക്കുന്നില്ല എന്നേയുള്ളൂ. അവസാനമായി പറയട്ടെ, വഴിനടക്കാന്‍ സ്വാതന്ത്ര്യമുണ്ട്‌, ശരിയാണ്‌, പക്ഷേ ഭ്രാന്തിളകിയവര്‍ പാതയോരത്ത്‌ അലഞ്ഞു നടക്കുന്നുണ്ടെന്ന മുന്നറിയിപ്പുകിട്ടിയിട്ടും തന്റെ സ്വാതന്ത്ര്യം ഉപയോഗിച്ചേ തീരൂ എന്ന്‌ `ലിബറല്‍' ചിന്തയുടെ പേരില്‍ വാശി പിടിക്കുന്നത്‌ സാമാന്യബുദ്ധിക്ക്‌ ചേര്‍ന്നതാകണമെന്നില്ലല്ലോ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.