You are Here : Home / എഴുത്തുപുര

സീസര്‍ക്കുള്ളത് സീസറിന്

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Sunday, May 26, 2013 02:18 hrs UTC

സീസര്‍ക്കുള്ളത് സീസറിന് ‘ജനിച്ചാല്‍ മരിക്കും’എന്നതു പോലൊരു സത്യമാണ് അമേരിക്കയില്‍ ആദായമുള്ളവന്‍ ആദായ നികുതി കൊടുക്കണമെന്നുള്ളത്. അതിനുവേണ്ടി പ്രത്യേകിച്ചു മിനക്കെടണമെന്നില്ല, വേണ്ടത് എടുത്തതിനു ശേഷമേ നമുക്കു കിട്ടാനുള്ളത് അവര്‍ തരികയുള്ളൂ. “ദൈവത്തിനുള്ളത് ദൈവത്തിനും.സീസര്‍ക്കുള്ളത് സീസര്‍ക്കും.” അതായത് ഈ കരമിടപാട് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് സാരം. ഒരു പക്ഷേ ദൈവം തമ്പുരാന്‍ തന്നെയായിരിക്കും ഇതിനു തുടക്കമിട്ടത്. ആദാമിന്റെ സന്തതികളായിരുന്നല്ലോ കായീനും ഹാബേലും. കയീന്‍ കൃഷിക്കാരും, ഹാബേല്‍ ആട്ടിടയനുമായിരുന്നു. വിളവെടുപ്പിന്റെ കാലം വന്നപ്പോള്‍ തന്റെ ആടുമാടുകളില്‍ ഏറ്റവും നല്ലതിനെ ഹാബേല്‍ ദൈവത്തിനു കരമായി നല്‍കി. കയീനാകട്ടെ, ഈച്ചകുത്തിയതും, എലികടിച്ചതുമായ ഫലങ്ങളാണ് ദൈവത്തിനു സമര്‍പ്പിച്ചത്. ദൈവത്തിനു അതു അത്ര രസിച്ചില്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ! കാലമേറെ കഴിഞ്ഞപ്പോള്‍ ഈ കയീന്റെ സന്താപരമ്പരകള്‍ കേരളം എന്നൊരു സ്ഥലത്തേക്കു കുടിയേറിപ്പാര്‍ത്തു. അങ്ങിയൊണ് കേരളത്തിനു ‘ദൈവത്തിന്റ സ്വന്തം നാട്’എന്ന പേരു ലഭിച്ചത്. ഏതെല്ലാം വകുപ്പുകളിലാണ് ഇവിടെ നികുതി ഈടാക്കുന്നത് എന്നുള്ള കാര്യം ആദായികുതി വകുപ്പിനുപോലും നിശ്ചയമുണ്ടോ എന്നു സംശയം. ഫെഡറല്‍ ടാക്സ്, സ്റേറ്റ്ടാക്സ്, സിറ്റി ടാക്സ്, മെഡികെയര്‍ ടാക്സ്, സ്കൂള്‍ടാക്സ്, സെയില്‍സ് ടാക്സ് അങ്ങിനെ എവിടെത്തിരിഞ്ഞങ്ങു നോക്കിയാലും അവിടെല്ലാം ടാക്സുകള്‍ തിങ്ങിവിങ്ങി. നാട്ടിലാണെങ്കില്‍ വന്‍തോക്കുകള്‍ക്കു നികുതി കൊടുക്കാതെ വിലസിനടക്കുവാന്‍ പഴുതുകള്‍ ധാരാളമുണ്ട്. ഹിന്ദി സിനിമാതാരങ്ങള്‍ കൊടുക്കുവാനുള്ള കരത്തിന്റെ കണക്കുകേട്ടാല്‍ തറ ടിക്കറ്റുകാരന്റെ തല കറങ്ങിപ്പോകും.

 

 

ടാറ്റാ - ബിര്‍ലാ - അംബാനിമാര്‍ ആടിപ്പാടി നടക്കുന്നതു കണ്ടാല്‍ കഞ്ഞിക്കു വകയില്ലാത്തവന്റെ കണ്ണു നിറഞ്ഞുപോകും. അവിടെത്തന്നെ, സാധാരണക്കാരന്‍ കരത്തിനു കുടിശിക വരുത്തിയാല്‍, ചെണ്ടകൊട്ടി നാലുപെരെ വിവരമറിയിച്ച്, പുര ജപ്തി ചെയ്തു നാണം കെടുത്തി, പാത്രങ്ങളെല്ലാം പുറത്തു വലിച്ചെറിഞ്ഞ്, പിടിച്ചു തള്ളി പടിയടച്ചു പുറത്താക്കും. അമേരിക്കയില്‍ വലിയ സ്രാവുകളെ ഇടയ്ക്കിടയ്ക്ക് ഇന്‍കംടാക്സുകാര്‍ ചൂണ്ടയില്‍ കൊരുക്കാറുണ്ട്. ഹെംസ്ലി ഹോട്ടല്‍ ശൃംഖല, എംബയര്‍ സ്റേറ്റ് ബില്‍ഡിംഗ് തുടങ്ങിയവയുടെ ഉടമയായ ‘ക്യൂന്‍ ഓഫ് ദി മീന്‍’എന്നറിയപ്പെടുന്ന ലിയോണ ഹെംസ്ലി കരമടയ്ക്കാത്തതിന്റെ പേരില്‍ കാരാഗൃഹത്തില്‍ കിടന്നു കള്ളക്കണ്ണീര്‍ പൊഴിച്ചിട്ട് അധികകാലമായില്ലല്ലോ! ഒരു പരിധിയ്ക്കപ്പുറം വരുമാനമുണ്ടായാല്‍, ടാക്സ് തിരിച്ചു അടയ്ക്കേണ്ടി വരുമല്ലോ? ഊണുമുറക്കവുമുപേക്ഷിച്ച്, ഒന്നും രണ്ടും ജോലി ചെയ്തു കഷ്ടപ്പെട്ടു കൈയില്‍ വന്ന കാശിനു ടാക്സ് അടയ്ക്കാതെ, കണക്കില്‍ കളി കാണിച്ച് അങ്ങോട്ടു കൊടുക്കുന്നതിനു പകരം, ഇങ്ങോട്ടു ടാക്സ് റീഫണ്ട് വാങ്ങിയ്ക്കുന്ന അടവാണ് മലയാളി അമേരിക്കയില്‍, ആദ്യം പയറ്റിത്തെളിഞ്ഞ ഒരടവ്. ആദികാലങ്ങളില്‍ ടാക്സ് പ്രിപ്പറേഷനു പ്രത്യേക യോഗ്യതയൊന്നും വേണ്ടായിരുന്നു. സ്ഥിരമായ ഒരു ജോലിയില്ലാത്തവര്‍, ഒരു കാസിയോ കാല്‍ക്കുലേറ്ററും, ഒരു ഡസന്‍ നമ്പര്‍. 2 പെന്‍സിലുമായി കണക്കപ്പിള്ളമാരായി അവതരിച്ചു. മൊബൈല്‍ കോടതി എന്നതുപോലെ, മൊബൈല്‍ ടാക്സ് സര്‍വ്വീസും അക്കാലങ്ങളില്‍ സുലഭമായിരുന്നു. കൂടുതല്‍ റീഫണ്ടു വാങ്ങിച്ചുതരുവാന്‍ വൈദഗ്ധ്യമുള്ള മലയാളികള്‍ ഇവിടെ ധാരാളമുണ്ടായിരുന്നു. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന, ബ്രോങ്സിലുള്ള ഒരു സ്പാനിഷ്കാരും ഈ രംഗത്ത് മലയാളികള്‍ക്ക് വിശിഷ്ടസേവം അനുഷ്ഠിച്ചു പോന്നു. കൂടുതല്‍ റീഫണ്ടു കിട്ടണമെങ്കില്‍...... ചെയ്യണമല്ലോ. അക്കാലത്ത് അധികമാര്‍ക്കും സ്വന്തമായി വീടില്ലായിരുന്നതിനാല്‍, ഈ വകയിലൊന്നും വകയിരുത്തുവാന്‍ വകുപ്പില്ലായിരുന്നു. അവിടെയാണു, നികുതി ഇളവു ലഭിക്കുന്ന ഇനങ്ങള്‍ കുത്തിത്തിരുകി കണക്കു പറഞ്ഞു കാശു വാങ്ങിക്കുവാന്‍ മലയാളികള്‍ മിടുക്കു കാട്ടിയത്. കൂടുതല്‍ വരുമാനം ഉണ്ടാക്കിയിരുന്നത് ഇന്നത്തപ്പോലെ അന്നും, നേഴ്സസ് ആയിരുന്നല്ലോ? വാഷിംഗ് മെഷീനില്‍ അലക്കി, നാട്ടില്‍ നിന്നും പ്രത്യേകം ഇറക്കുമതി ചെയ്ത റോബിന്‍ നീലത്തില്‍ മുക്കി വെണ്‍മ വരുത്തിയ വെള്ള യൂണിഫോമില്‍ ഡ്രൈക്ളീനിംഗ്. ഇത്തരത്തില്‍ നല്ലൊരു തുക കാണിച്ചു.

 

പത്തു ഡോളര്‍ വിലയുള്ള ടൈമക്സ് വാച്ച് റിപ്പയറിനുവേണ്ടി വകകൊള്ളിച്ചത് അന്‍പതു ഡോളര്‍. വേദപുസ്തകല്ലാതെ മറ്റൊരു ബുക്കും വായിക്കാത്തവര്‍ പ്രൊഫഷണല്‍ റീഡിംഗ് മെറ്റീരിയല്‍സിനും പണം ചിലവാക്കി. അറുത്ത കൈക്ക് ഉപ്പിടാത്തവന്‍, ചാരിറ്റിക്ക് കൊടുത്തത് ആയിരം ഡോളര്‍. പള്ളിയില്‍ പോകാത്തവന്‍ കാണിക്കയിട്ടതിനു കണക്കില്ല. സ്റുഡിയോ അപാര്‍ട്ട്മെന്റില്‍ നിന്നും അതേ ബില്‍ഡിംഗിലുള്ള വണ്‍ ബെഡ് റും അപ്പാര്‍ട്ടുമെന്റിലേക്കു മാറിയതിനുള്ള റീ ലൊക്കേഷന്‍ ചിലവും കാണിച്ചു. കൌമാരപ്രായം കഴിഞ്ഞ കുട്ടികളെ ബേബിസിറ്റിംഗിനു കൊടുത്തതിനു ചിലവായി നല്ലൊരു സംഖ്യ. അങ്ങനെ കൂട്ടിയും, കിഴിച്ചും, ഗുണിച്ചും, ഹരിച്ചും, സര്‍ക്കാറിനെ കളിപ്പിച്ച സമ്പാദ്യം സിറ്റി ബാങ്കില്‍ മണിച്ചിത്രത്താഴിട്ടു പൂട്ടി സൂക്ഷിച്ചു. അങ്ങനെ മനസമാധാത്തോടുകൂടി കാലം കഴിച്ചു പോരവേയാണു ആദായ നികുതി വകുപ്പില്‍ നിന്നും ഒരു പ്രത്യേക ക്ഷണക്കത്തു ലഭിക്കുന്നത്. നമ്മളെ ഒന്നു കാണണം പോല്‍. പരിചയം പുതുക്കുവാനായിരിക്കും. പോരുമ്പോള്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തെ വരവു ചിലവു കണക്കു കൂടി കരുതിക്കൊള്ളണം. ദാനധര്‍മ്മങ്ങള്‍ ചെയ്തതിന്റേയും മറ്റും രസീതും എടുക്കുവാന്‍ മറക്കരുത്. വെറുതേ ഒരു റാണ്ടം ഓഡിറ്റിങ്ങിനുള്ള നറുക്കു നമുക്കു വീണിരിക്കുന്നു. രസീതു തപ്പിയിട്ടു എവിടെക്കിട്ടുവാന്‍? ഉണ്ടായിട്ടു വേണ്ടേ? ആദായ വകുപ്പ് ഉദ്യോഗസ്ഥന്‍, നികുതി ദായക ആദരവോടെ സ്വീകരിച്ചിരുത്തി, ഒരു ചെറിയ വിറയലും വിയര്‍പ്പും ഒഴിച്ചാല്‍ മറ്റു പ്രശ്മൊന്നുമില്ല. ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ മറുപടി ‘യെസ് - നോ’യില്‍ ഒതുക്കി:

 

 

കള്ളത്തരംകാണിച്ച് റീഫണ്ടു വാങ്ങിയത്തിനു പെനാല്‍റ്റിയും പലിശയുമടക്കം നല്ലൊരു തുക തിരിച്ചടയ്ക്കണം. ഉടനെ വേണ്ടാ തവണകളായിട്ടു മതി. ഏതായാലും ദേഹോപദ്രവം ഒന്നും ഏറ്റില്ലല്ലോ എന്നു സമാധാനിച്ച് നമ്മള്‍ സ്ഥലം കാലിയാക്കുന്നു. ഒരു പരിധിയ്ക്കപ്പുറം സമ്പാദിച്ചു കൂട്ടുന്നതില്‍ ഒരു ചെറിയ അപകടമുണ്ട്. ഒരു ലവലില്‍ എത്തിക്കഴിഞ്ഞു പിന്നീടു താഴോട്ടു പോയാല്‍ ആളുകള്‍ ശ്രദ്ധിക്കും. പെട്ടെന്നൊരു ദിവസം കാലിഫോര്‍ണിയായിലെ മാന്‍ഷും, ഫ്ളോറിഡായിലെ വെക്കേഷന്‍ ഹൌസും വിറ്റിട്ട്, അറ്റ്ലാന്റയിലേയ്ക്കു കുടിയേറി പാര്‍ത്താല്‍ “എന്തോ കള്ളത്തരമുണ്ടെന്ന്” ആളുകള്‍ കരുതും - “അവനതു വരണ്ടതായിരുന്നു” എന്ന് അസൂയാലുക്കള്‍ പറയും. അതുകൊണ്ടു വലിയ പണക്കാരായാല്‍ ആ സ്റാറ്റസ് നില നിര്‍ത്തുവാന്‍ എന്തു മാര്‍ഗ്ഗവും അവലംബിക്കേണ്ട ഒരവസ്ഥ വരും. അത് അപകടത്തിലേക്കു നയിക്കും. അഴിയ്ക്കുള്ളിലായാലും അത്ഭുതപ്പെടാനില്ല. ഉന്നതങ്ങളില്‍ നിന്നുള്ള വീഴ്ചയ്ക്ക് ആഘാതം ഏറും. ബില്യണറായ ന്യുയോര്‍ക്ക് മേയര്‍, ബ്ളുംബര്‍ഗ് ഈ അടുത്ത കാലത്ത് ഒരു പ്രസംഗത്തില്‍ തന്റെ ശവസംസ്കാരത്തിനു ഫ്യൂണരല്‍ ഹോമിനു കൊടുക്കുന്ന ചെക്ക് ഫണ്ടില്ലാതെ മടങ്ങണമെന്നാണ് തന്റെ ആഗ്രഹമെന്നു പ്രസ്താവിക്കുകയുണ്ടായി. തന്റെ സ്വത്തുക്കള്‍ മുഴുവന്‍ ചാരിറ്റിക്കും, വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും, മറ്റ് അര്‍ഹിക്കുന്നവര്‍ക്കു വേണ്ടിയും എഴുതിവെച്ചിരിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. “ഏഴു തലമുറയ്ക്ക് ഇരുന്നു അനുഭവിക്കുവാനുള്ള മുതല്‍ ഞാന്‍ സമ്പാദിച്ചിട്ടുണ്ടെന്നു” വീമ്പിളക്കുന്ന ചില ആളുകളെ നമ്മള്‍ കണ്ടിട്ടുണ്ടല്ലോ. ദുഷ്ടന്റെ മുതല്‍ ഉറുമ്പരിച്ചു പോകു’മെന്നു പറയുന്നതുപോലെ, അവരുടെ അന്ത്യത്തിനു മുന്‍പുതന്നെ ആസ്വത്തിനുവേണ്ടിയുള്ള അന്തഃഛിദ്രം തുടങ്ങിയിരിക്കും. അത്തരം സമ്പാദ്യങ്ങള്‍ അവരുടെ കണ്‍മുന്‍പില്‍ വച്ചു തന്നെ അന്യാധീപ്പെട്ടുപോകും. വരാനിരിക്കുന്ന അനന്തരതലമുറകള്‍ക്കുവേണ്ടി സമ്പാദിച്ചു കൂട്ടുന്നതിന്റെ ഒരംശം ജീവിച്ചിരിക്കുന്ന ഹതഭാഗ്യര്‍ക്കുവേണ്ടി നീക്കിവയ്ക്കുന്നതു നന്നായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.