You are Here : Home / എഴുത്തുപുര

പാരമ്പര്യം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍

Text Size  

Story Dated: Wednesday, May 13, 2015 03:56 hrs UTC

ജോണ്‍ മാത്യു

 

എന്നും ആവേശപൂര്‍വ്വം പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന വിഷയമാണ്‌ നമ്മുടെ പൈതൃകം, പാരമ്പര്യങ്ങള്‍ തുടങ്ങിയവ കാത്തു സൂക്ഷിക്കുകയെന്നത്‌. അങ്ങനെയൊരു പാരമ്പര്യം വേണ്ടായെന്ന്‌ ഇവിടെ എഴുതിയാല്‍ അത്‌ ആത്മഹത്യാപരമായിരിക്കുമെന്നേ കണക്കാക്കപ്പെടുകയുള്ളൂ. ഒന്നാം തലമുറയ്‌ക്ക്‌ എങ്ങനെയാണ്‌ പറയാന്‍ കഴിയുക അവര്‍ തോളിലേറ്റിക്കൊണ്ടുനടന്ന പലതും ഇന്ന്‌ അന്യമായെന്ന്‌. പക്ഷേ, സത്യസന്ധമായും പ്രായോഗികമായും ചിന്തിക്കുമ്പോള്‍ തുറന്നു കിട്ടുന്ന ചിത്രം അങ്ങനെതന്നെയല്ലേ? ഞങ്ങള്‍ അമേരിക്കയില്‍ വന്ന അതേ കാലത്തുതന്നെയായിരുന്നു ആ നഗരത്തില്‍ ആദ്യമായി ഒരു മലയാളി സംഘടന തുടങ്ങിയത്‌.

 

വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഉപരിപഠനത്തിന്‌ വന്ന്‌ പിന്നെ ഉദ്യോഗവുമായി സ്ഥിരതാമസമാക്കിയവരായിരുന്നു അന്ന്‌ അവിടെയുണ്ടായിരുന്ന മലയാളികളിലധികവും. ഒറ്റപ്പെട്ടിരുന്ന അവരില്‍ പലര്‍ക്കും പറയാനുണ്ടായിരുന്നത്‌ കടലില്‍ക്കൂടി ആറാഴ്‌ച യാത്രചെയ്‌ത കഥകളും. അപ്രതീക്ഷിതമായി വന്നുചേര്‍ന്ന കുടിയേറ്റപ്രളയം ഒരു പുതിയ ആവേശമാണ്‌ പകര്‍ന്നുകൊടുത്തത്‌. അപ്പോള്‍ പലരും ചോദിക്കാന്‍ തുടങ്ങി ഇനിയും എന്തുകൊണ്ട്‌ നമുക്കൊരു സംഘടന ആയിക്കൂടാ എന്ന്‌. കേരളത്തിനു പുറത്തുള്ള `മറുനാടന്‍' ജീവിതത്തില്‍ക്കൂടി തികഞ്ഞ സംഘടനാപാടവം നേടിയ കുറേപ്പേരെങ്കിലും പുതുകുടിയേറ്റക്കാരിലുണ്ടായിരുന്നു. പഴമക്കാരുടെ വ്യക്തിപ്രഭാവവും പുതുമക്കാരുടെ യുവത്വവും ചേര്‍ന്നപ്പോള്‍ മലയാളിപ്രസ്ഥാനങ്ങള്‍ക്ക്‌ കളമൊരുങ്ങി! അന്നത്തെ ചില പ്രസംഗങ്ങള്‍ ഇന്നും ഓര്‍ക്കുന്നു. `കേരളത്തില്‍നിന്ന്‌ വിദൂരതയില്‍ ജീവിക്കുന്ന നമുക്ക്‌ ഒരു കടമയുണ്ട്‌; നമ്മുടെ പാരമ്പ്യങ്ങള്‍ സംരക്ഷിക്കാന്‍.' തങ്ങളുടെ ജീവിതത്തിന്റെ മലയാളിബന്ധം അസ്‌തമിച്ചു എന്ന്‌ കരുതിയവര്‍ക്കാണ്‌ പുതിയ കുടിയേറ്റക്കാരില്‍ക്കൂടി ഒരു പുതുജീവന്‍ വന്നുചേര്‍ന്നത്‌.

 

അത്‌ സത്യമെന്ന്‌ അന്നത്തെ മലയാളിസമൂഹം വിശ്വസിച്ചു; ഓണം, വിഷു, ക്രിസ്‌തുമസ്‌ തുടങ്ങിയ ആഘോഷങ്ങളില്‍ക്കൂടി മലയാളിപൈതൃകം നിലനിര്‍ത്താമെന്ന്‌ വിശ്വസിച്ചു. അന്ന്‌ ഓടിനടക്കുന്ന പ്രായമുണ്ടായിരുന്ന, രണ്ടു മൂന്നും വയസ്സുള്ള, കുട്ടികളില്‍ക്കൂടിയായിരുന്നു നമ്മുടെ ഭാഷയും ഭക്ഷണവും മറ്റു രീതികളും തുടരേണ്ടിയിരുന്നത്‌. ``ഇവരെ മലയാളികളായി വളര്‍ത്തുക'' അതായിരുന്നു ആകര്‍ഷണീയമായ പുതിയ മുദ്രാവാക്യം! ഈ പുതിയ വ്യവസ്ഥിതിക്ക്‌ എടുത്തുകാണിക്കാന്‍ നിരവധി മാതൃകകളും: യഹൂദര്‍ക്കും തമിഴര്‍ക്കും ഗുജറാത്തികള്‍ക്കും ആകാമെങ്കില്‍ എന്തുകൊണ്ട്‌ മലയാളിക്ക്‌ ആയിക്കൂടാ? എന്നായിരുന്നു ചോദ്യം. അതില്‍ എന്തുമാത്രം യാഥാര്‍ത്ഥ്യമുണ്ടെന്ന്‌ ആരും ചിന്തിച്ചില്ലെന്നത്‌ മറ്റൊരു കഥയും! അവര്‍ മാത്രമല്ല ഇന്നുവരെയുള്ള സര്‍വ്വമലയാളികളും അങ്ങനെതന്നെ കരുതി വര്‍ഷത്തില്‍ രണ്ടുമൂന്നു പ്രാവശ്യമെങ്കിലും ഈ വക ആഘോഷങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോഴും വന്നുചേര്‍ന്നുകൊണ്ടിരിക്കുന്ന പുതുമക്കാര്‍ വര്‍ദ്ധിച്ച ആവേശത്തോടെ ഈ ദൗത്യം ഏറ്റെടുക്കുന്നു, കാരണം എന്തും സാദ്ധ്യമാക്കാനുള്ള സാമ്പത്തികസംവിധാനത്തിലാണല്ലോ അവര്‍ ജീവിക്കുന്നത്‌.

 

 

ഈ ചിന്താഗതിക്ക്‌ സഹായകമായി സംസ്‌ക്കാരം തോളിലേറ്റിനടക്കുന്നുവെന്ന്‌ അഭിമാനിക്കുന്ന ലിറ്റില്‍ ഇന്ത്യ, ലിറ്റില്‍ കേരള തുടങ്ങിയ `ചിന്തിക്കട'ക്കാരുടെ അടവുകളും തട്ടിപ്പുകളുമായി നമ്മുടെ രീതികള്‍ ഒത്തുചേര്‍ന്നു. അതിനോടൊപ്പമാണ്‌ സാങ്കേതിക വളര്‍ച്ചയുടെ ഫലമായുണ്ടായ മലയാളം ചാനലുകളും. ഇവരെല്ലാംകൂടിയാണ്‌ മലയാളത്വത്തിന്റെ മായാജാലം സൃഷ്‌ടിച്ചിരിക്കുന്നത്‌. അമേരിക്കയിലെ മലയാള സാംസ്‌ക്കാരിക-മത-സാഹിത്യ എന്നുവേണ്ട സര്‍വ്വ കൂട്ടായ്‌മകളും ഇന്നും നടത്തിക്കൊണ്ടുപോകുന്നത്‌ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നവരുടെ ഈ പാരമ്പര്യമോഹംകൊണ്ടും. ഇനിയും നമുക്ക്‌ തുടക്കത്തില്‍ രണ്ടും മൂന്നും വയസുകാരായി ഓടിനടന്ന ആ കുട്ടികളിലേക്ക്‌ മടങ്ങിവരാം. അവരായിരുന്നല്ലോ സാംസ്‌ക്കാരിക പൈതൃകവുമായി മുന്നേറുമെന്ന്‌ നാമെല്ലാം പ്രതീക്ഷിച്ചിരുന്നവര്‍. പക്ഷേ, ഇതിനിടെ അവരുടെ ലോകം എത്രയോ വ്യത്യസ്‌തമായിക്കഴിഞ്ഞു. വളരെപ്പേര്‍ വിവാഹത്തിലൂടെ മലയാളിബന്ധംതന്നെ ഉപേക്ഷിച്ചതായിട്ടാണ്‌ കാണുന്നത്‌. ആദ്യകുടിയേറ്റക്കാര്‍ ഇന്ന്‌ രംഗത്തുനിന്ന്‌ മാറിക്കൊണ്ടിരിക്കുന്നു. ഒരിക്കല്‍ വാഗ്‌ദാനമായി കണക്കാക്കിയ അവരുടെ തുടര്‍ച്ചക്കാര്‍ ഇന്ന്‌ എവിടെപ്പോയി? ഈ പ്രവണതയാണ്‌ നമ്മുടെ സമൂഹത്തില്‍ ചര്‍ച്ചാവിഷയമാകേണ്ടത്‌. രണ്ടും മൂന്നും തലമുറകളുടെ വിജയം ആഘോഷിക്കുന്നത്‌ ഇന്നും ജീവിച്ചിരിക്കുന്ന ഒന്നാം തലമുറക്കാരാണ്‌.

 

ജീവിതത്തില്‍ സ്വഭാവികമായി സംഭവിക്കുന്ന പലതും അതായത്‌ മക്കളുടെയും കൊച്ചുമക്കളുടെയും നേട്ടങ്ങള്‍ തങ്ങളുടെ സ്വന്തമെന്ന്‌ കണക്കാക്കി പറഞ്ഞുകൊണ്ടിരിക്കുന്നത്‌ ഞാനുംകൂടി ഉള്‍പ്പെട്ട മുതിര്‍ന്നവരും! അത്‌ ഞങ്ങളുടെ പൊങ്ങച്ചസമൂഹത്തിലെ നിലനില്‌പിന്റെ ആവശ്യവും! ആദ്യ തലമുറയിലെ ബഹുഭൂരിപക്ഷം ചെറുപ്പക്കാരും വിശാലമായ അമേരിക്കന്‍ സമൂഹത്തില്‍ ലയിച്ചുകഴിഞ്ഞു. നമ്മുടെ പൊങ്ങച്ചത്തില്‍ അധിഷ്‌ഠിതമായ മൂല്യങ്ങള്‍ അവര്‍ എന്നേ ത്യജിച്ചു. മലയാളിക്കൂട്ടങ്ങളില്‍ അവര്‍ വല്ലപ്പോഴും കേറിവരുന്നെങ്കില്‍ അത്‌ വെറും കാഴ്‌ച്ചക്കാരായി മാത്രമാണ്‌. ഇന്നത്തെ മലയാളി മുഖ്യധാരയുടെ ആഘോഷങ്ങളുടെയും വിശ്വാസങ്ങളുടെയും നേര്‍ക്ക്‌ തിരിഞ്ഞ ഇവര്‍ കൊഞ്ഞനംകുത്തുകയാണെന്ന്‌ പറഞ്ഞാല്‍ അതും അത്ര അതിശയോക്തിയായി ഞാന്‍ കണക്കാക്കുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.