You are Here : Home / എഴുത്തുപുര

കുഞ്ഞുണ്ണി കവിതകളുടെ അര്‍ത്ഥതലങ്ങള്‍ തേടി

Text Size  

Story Dated: Monday, June 08, 2015 07:02 hrs UTC

മനോഹര്‍ തോമസ്‌

 

ചെറിയ ചെറിയ വാക്കുകള്‍ കൊണ്ട്‌ വലിയ അര്‍ത്ഥങ്ങളുടെ ഭുമിക തീര്‍ത്ത ഈ ചെറിയ വലിയ മനുഷ്യനെപ്പറ്റി പരാമര്‍ശിക്കാതെ മലയാള കവിതയുടെ ചരിത്രം പുര്‍ണമാകില്ല.കുട്ടികളുടെ മാഷും , കുട്ടുകാരനും ഒക്കെയായി ,നടന്നു നീങ്ങിയ വഴികളിലെല്ലാം മുത്തുകള്‍ വിതറിയ ഈ അവിവാഹിത ജിവിതം ` വിത്തും മുത്തും , കുറ്റിപ്പെന്‍സില്‍ , ഊണുതൊട്ടു ഉറക്കം വരെ , കവിത , കുഞ്ഞുണ്ണി കവിതകള്‍, അക്ഷരത്തെറ്റ്‌ എന്ന്‌ തുടങ്ങി ഒരു പിടി പുസ്‌തകങ്ങള്‍ മലയാള ഭാഷക്ക്‌ നേദിചിട്ടാണ്‌ മടങ്ങിയത്‌ .

എല്ലാ വര്‍ഷവും നടക്കുന്ന സാഹിത്യ സമതിയുടെ ക്യാമ്പ്‌ U .C കോളേജില്‍ . ഓരോ കോളേജില്‍ നിന്നും ഒരു മാഷും ,ഒരു വിദ്യാര്‍ത്ഥിയും പങ്കെടുക്കുന്നു . തരകന്‍ സാറിന്റെ പുറകെ യു .സി. കോളേജിന്റെ മുറ്റം വഴി നടക്കുമ്പോള്‍ വരാന്തയില്‍ മുണ്ടുമല്ല തോര്‍തുമല്ല ഷര്‍ട്ടുമല്ല ബനിയനുമല്ല എന്ന രീതിയില്‍ വസ്‌ത്രധാരണം ചെയ്‌ത ഒരാള്‍ നില്‍കുന്നു. കുറ്റിതലമുടിയും താടിയും. തരകന്‍ സാറോന്നു കുനിഞ്ഞു വണങ്ങി .

` എന്താ തരകന്‍ സുഖമല്ലേ ?'
` അങ്ങിനെ പോകുന്നു മാഷെ'
നടന്നു നിങ്ങുന്നതിനിടയില്‍ സാറെന്നോട്‌ പറഞ്ഞു `തനിക്കു ആളെ മനസ്സിലായി കാണില്ല .അതാണ്‌ കടല്‌ വിഴുങ്ങിയ ആള്‍ .കടല്‌ വിഴുങ്ങിയാല്‍ എന്താ സംഭവിക്കുക ?' ഞാന്‍ പകച്ചു നിന്നു .

` കടല്‌ വിഴുങ്ങിയാല്‍ മുത്ത്‌ ശര്‍ദിക്കും'
അതിലപ്പുറം കുഞ്ഞുണ്ണി മാഷെപ്പറ്റി എന്തുപറയാന്‍.

`എനിക്ക്‌ പൊക്കം കുറവാണ്‌ പൊക്കമില്ലാത്ത താണ്‌ എന്റെ പൊക്കം'എന്ന്‌ പാടിയ മാഷിനെപ്പറ്റി
കെ .കെ ജോണ്‍സന്‍ തന്റെ കോഴിക്കോടന്‍ ജിവിതത്തില്‍ ഒന്നിച്ചു ചിലവഴിക്കാന്‍ കഴിഞ്ഞ നിമിഷങ്ങള്‍ അയവിറക്കി .കോഴിക്കോട്‌ രാമകൃഷ്‌ണ മിഷന്‍ സ്‌ക്കുളില്‍ വളരെ കാലം മാഷായി ജോലി ചെയ്‌ത ശേഷം വലപ്പാട്ടെക്കു മടങ്ങുമ്പോള്‍ അദ്ദേഹം പാടി:

` ഒരു വളപ്പോട്ടുണ്ടെന്റെ കയില്‍
ഒരു മയില്‌പീലി യുന്‌ടെന്റെ കയില്‍
ഒരു മഞ്ചാടി കുരുവുണ്ടെന്റെ കയില്‍'

മാതൃഭൂമി ആഴ്‌ചപതിപ്പില്‍ ഒരുപാടു വര്‍ഷം ` കുട്ടേട്ടന്‍ ` ആയി കഴിഞ്ഞതിനു ശേഷം ,അഞ്ചു വര്‌ഷക്കാലം മലര്‍വാടി മാഗസിനിറെ ചിഫ്‌ എഡിറ്റര്‍ ആയി ജോലി ചെയ്‌തു .

പ്രൊ. എം .ടി .ആന്റണി കുഞ്ഞുണ്ണി കവിതകളുടെ ദാര്‍ശനിക തലം വ്യക്തമാക്കി . നിലാവിനെയും ,ഇരുട്ടിനെയും ഒരുപോലെ സ്‌നേഹിച്ച കവിയായിരുന്നു മാഷെന്ന്‌ അദ്ദേഹം പറഞ്ഞു .

കുഞ്ഞുണ്ണി മാഷ്‌ ,മഹാരാജാസ്‌ കോളേജില്‍ സാഹിത്യ മീറ്റിംഗില്‍ പ്രസംഗിക്കാന്‍ എത്തിയ കാര്യം അയവിറക്കി കൊണ്ടാണ്‌ അജിത്‌ നായര്‍ തുടങ്ങിയത്‌ .ആദ്യ ചോദ്യം `എല്ലാവരും ഊണു കഴിച്ചോ ?'

`എല്ലാവരും ഉണ്ടപോലാകണം
ഉണ്ട പോലാകരുത്‌'

സംസ്‌കൃത ഭാഷ നിലനില്‍ക്കാതെ പോയത്‌ അതില്‍ ബാലസാഹിത്യം
ഇല്ലാതിരുന്നത്‌ കൊണ്ടാണെന്ന്‌ അജിത്‌ പറഞ്ഞു .

` കാലം ഇല്ലാതാകുന്നു
ദേശം ഇല്ലാതാകുന്നു
കവിതേ നിയെത്തുമ്പോള്‍ ഞാനില്ലാതാകുന്നു'

ജീരക മിട്ടായി മാറാപ്പ്‌ അഴിച്ച്‌ കൊടുക്കാന്‍ കഴിഞ്ഞ ഒരു ജീവിതമായിരുന്നു മാഷിന്റേത്‌ എന്നാണ്‌ പി .റ്റി .പൗലോസ്‌ പറഞ്ഞത്‌.

കുഞ്ഞുണ്ണി മാഷിന്റെ ചില പതിവുകള്‍ സി .എം .സി പറയുകയായിരുന്നു . `ചോറും പയറും വേവിച്ച്‌ ഉരുളകളാക്കി കാക്കയ്‌ക്ക്‌ കൊടുക്കുക .വലിയൊരു കവിയാകുന്നതിലും നല്ലതാണ്‌ ഒരു നല്ല മനുഷ്യനാകുക എന്നത്‌'

കുഞ്ഞുണ്ണി മാഷിന്റെ കവിതയ്‌ക്ക്‌ മുമ്പില്‍ മുട്ടുകുത്താത്ത ആരും ഇല്ലെന്നു മോന്‍സി കൊടുമണ്‍ ഓര്‌മിപ്പിച്ചു.

ഡോ. നന്ദകുമാര്‍ ,രാജു തോമസ്‌ ,ജോസ്‌ ചെരിപുറം,ഡോ ഷീല എന്നിവരും
കുഞ്ഞുണ്ണി മാഷിന്റെ കവിതയുടെ വിവിധ തലങ്ങളെ അസ്‌പതമാക്കി
സംസാരിച്ചു .

മാഷ്‌ പാടുന്നു :


` ഈ പെണ്ണെന്ന്‌ പറഞ്ഞാല്‍ എന്താണ്ടാ
അത്‌ പൊന്നിന്റെ മറ്റൊരു രുപാണ്ടാ
ഈ പോന്നെന്ന്‌ പറഞ്ഞാല്‍ എന്താണ്ടാ
അതി മണ്ണിന്റെ കട്ടച്ച ചോരയാണ്ടാ .'

വൈഡൂര്യ തരികള്‍ ചിതറിയ പോലെ കുഞ്ഞു കവിതകള്‍ കൊണ്ട്‌ അനുവാചകനെ ചിന്തിപ്പിക്കുകയും ,ചിരിപ്പിക്കുകയും ,കരയിപ്പിക്കുകയും ചെയ്‌ത മാഷിന്‌ ,പോയിട്ട്‌ ഒന്‍പത്‌ വര്‍ഷങ്ങളായിട്ടും,മനസ്സിലൊരു നിറ സാന്നിധ്യമായി നില്‍ക്കാന്‍ കഴിയുന്ന മാഷിന്‌ സര്‌ഗവേദിയിലെ അക്ഷര സ്‌നേഹികളുടെ പ്രണാമം.

 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.