You are Here : Home / എഴുത്തുപുര

‘നന്ദി! വീണ്ടും വരിക’

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Saturday, August 17, 2013 02:11 hrs UTC

അത്യുന്നതങ്ങളില്‍ ദൈവത്തിഌ മഹത്വവും, ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു ശാന്തിയും നേര്‍ന്നു കൊണ്ട്‌ ഒരു ക്രിസ്‌മസ്‌ ദിനം കൂടി കടന്നുപോയി. സമാധാനത്തിന്റെ ദൂതുമായി ‘ഛ’വട്ടത്തിലുള്ള ഈ ‘സാത്താന്‍ ദ്വീപില്‍’ഈ വര്‍ഷം ഭവന സന്ദര്‍ശനം നടത്തിയത്‌ ഏതാണ്ട്‌ പത്തോളം ഗോത്രത്തില്‍പ്പെട്ട ആട്ടിടയന്മാര്‍. ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തില്‍ മൂന്ന്‌; പാത്രിയാര്‍ക്കീസ്‌ രണ്ട്‌; മാര്‍ത്തോമ്മാ സഭ രണ്ട്‌; കത്തോലിക്കാസഭ ഒന്ന്‌; സി.എസ്‌.ഐ ഒന്ന്‌. ഇത്‌ ലോക്കല്‍ ഇടയന്മാര്‍. ബ്രൂക്ക്‌ ലിന്‍, ക്യൂന്‍സ്‌, ബ്രാം ക്‌സ്‌ ലോംഗ്‌ ഐലന്റ്‌, ന്യൂജേഴ്‌സി തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നുള്ള പശുപാലകരും വാല്‍നക്ഷത്രം വാനില്‍ക്കണ്ട്‌ പൊന്നും മൂരും കുന്തിരിക്കവുമായി പാലം കടന്നു വന്ന്‌ താണുവണങ്ങി ദിവ്യദര്‍ശനം നടത്തി തിരിച്ചു പോയി. സന്ദേശവാഹകരെ സല്‍ക്കരിക്കേണ്ടത്‌ സാമാന്യമര്യാദ. മഞ്ഞുപെയ്യുന്ന രാത്രികളില്‍ തണുത്തു വിറച്ചു കൊണ്ടാണ്‌ ആ സാധുക്കള്‍ സ്‌തുതിഗീതങ്ങളുമായി വരുന്നത്‌. രക്ഷകന്‍ പിറന്ന സന്തോഷം കൊണ്ട്‌ അവര്‍ വിശപ്പും ദാഹവും അറിയുന്നില്ല. എങ്കിലും നോക്കിക്കണ്ടു ചെയ്യേണ്ടത്‌ നമ്മുടെ കടമ. സുഖിയന്‍, ഉണ്ണിയപ്പം, ഏത്തയ്‌ക്കാപ്പം, നെയ്യപ്പം, പരിപ്പുവട, ഉഴുന്നുവട തുടങ്ങിയ കടികളും ജീരകവെള്ളം ചുക്കുവെള്ളം കട്ടന്‍കാപ്പി തുടങ്ങിട കുടികളുമാണ്‌ സാധാരണ പതിവ്‌. ഞായറാഴ്‌ച രാവിലെ കുര്‍ബാന ഉണ്ടായിരുന്നതുകൊണ്ട്‌, അന്നു വൈകിട്ട്‌ വരുന്ന കരോളിംഗ്‌ ഗ്രൂപ്പിഌ വേണ്ടി ഹോം മെയ്‌ഡ്‌ റിഫ്‌റഷ്‌മെന്റ്‌സ്‌ ഉണ്ടാക്കുന്ന പരിപാടി നടപ്പാക്കുവാന്‍ പ്രാക്‌ടിക്കല്‍ ബുദ്ധിമുട്ടുണ്ടെന്ന്‌ ശ്രീമതി അറിയിച്ചു. സമോസ, ലഡു, സോഡാ ഇങ്ങനെ പുറമേ നിന്നും അവയിലബിളായിട്ടുള്ള സ്‌നാക്‌സ്‌ മതിയെന്നു ഞങ്ങള്‍ തീരുമാനിച്ചു. (അണേരിക്കന്‍ മലയാളം ചാനലുകള്‍ വന്നതോടുകൂടി ഞാന്‍ മലയാളം മറന്നു. പ്ലീസ്‌ എക്‌സ്യൂസ്‌ മീ.) ഭക്തയായ അവള്‍ക്ക്‌ കുര്‍ബാന മുടക്കുന്നതു മനപ്രയാസമുള്ള കാര്യമായതിനാല്‍, കല്‌പനകള്‍ മിക്കതും ലംഘിച്ച്‌ നിത്യനരകത്തില്‍ സീറ്റു ബുക്കു ചെയ്‌തിട്ടുള്ള ഞാന്‍ തന്നെപോയാല്‍ മതിയെന്നും തീരുമാനമായി.

 

 

 

ആറ്റില്‍ കളഞ്ഞാലും അളന്നു കളയണമെന്നാണല്ലോ പ്രമാണം. ന്യൂജേഴ്‌സി വരെ പോയാല്‍ മേല്‍പ്പറഞ്ഞ സാധനങ്ങള്‍ക്ക്‌ സ്വല്‌പം വിലക്കുറവുണ്ട്‌. ‘ഞാഌം എന്റെ കുടുംബവുമോ ഞങ്ങള്‍ യഹോവയെ സേവിക്കു’മെന്ന്‌ വീടിന്റെ ഭിത്തിയില്‍ ആണിയടിച്ചുറപ്പിച്ചിട്ടുണ്ടെങ്കിലും കുടുംബത്തെ പള്ളിയിലിറക്കിയിട്ട്‌ ഞാന്‍ ഏകനായി മറുകരയിലേക്കു യാത്രയായി. അവിടെ എത്തിയപ്പോള്‍ പതിനൊന്നുമണി. ഞായറാഴ്‌ച ആയതിനാല്‍ കടകളൊക്കെ പന്ത്രണ്ടുമണിക്കേ തുറക്കൂ. പുറത്തു തണുപ്പായതിനാല്‍ കാറു ചൂടാക്കി കാര്‍ബണ്‍ മോണോക്‌സൈഡ്‌ ശ്വസിച്ചുകൊണ്ട്‌ ഞാന്‍ പന്ത്രണ്ടുമണിവരെ കാറിനകത്തു തന്നെ ഇരുന്നു. പന്ത്രണ്ടു മണിക്ക്‌ തലേക്കെട്ടുള്ള താടിക്കാരന്‍ കവാടങ്ങള്‍ തുറന്നപ്പോള്‍ ആദ്യത്തെ കസ്റ്റമര്‍ ഞാന്‍. കണികണ്ടവനെ അത്ര ഇഷ്‌ടപ്പെട്ടില്ലെന്നു അവന്റെ മുഖഭാവത്തില്‍ നിന്നും വ്യക്തമായി. “ക്യാ ചാഹിയേ?” “നൂറു സമോസാ.”ക “ക്യാ?”ഞാന്‍ പറഞ്ഞത്‌ അയാള്‍ക്ക്‌ വിശ്വസിക്കാനായില്ല. അയാളുടെ കടയില്‍ ഒരു മാസം വില്‍ക്കുന്നതില്‍ കൂടുതലാണ്‌ ഒറ്റയടിയ്‌ക്കു ഞാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. കസ്റ്റമര്‍ വെറും പൂക്കാണ്ടിയല്ലെന്ന്‌ കടക്കാരഌ മനസിലായി. “ആപ്‌ ഇദര്‍ ബൈട്ടിയേ” അയാള്‍ എനിക്ക്‌ ഒരു ‘ആപ്പു’പദവി തന്നിട്ട്‌ അവിടെക്കണ്ട ഒരു കുറുസിയില്‍ ഇരുത്തി. നൂറു സമോസ സ്റ്റോക്കില്ലാതിരുന്നതിനാല്‍ അയാള്‍ സമോസ ഉരുട്ടുവാന്‍ തുടങ്ങി. ഉദ്ദേശിച്ചതില്‍ കൂടുതല്‍ സമയം എടുക്കുന്നതുകൊണ്ട്‌, ഞാന്‍ പുറത്തിറങ്ങി ഒരു വിന്‍ഡോ ഷോപ്പിംഗ്‌ നടത്തി.

 

 

 

അഞ്ചു പൗണ്ടു ലഡു ഒരു കടയില്‍ നിന്നും വാങ്ങി വരുന്ന വഴി ഞാന്‍ ഐസില്‍ തെന്നി വീണു. ലഡു മൊത്തം തവിടുപൊടി. കളയാനൊക്കുമോ? കാശു കൊടുത്തതല്ലേ. വീട്ടില്‍ ചെന്നു അതുവീണ്ടും ഉരുട്ടി ഒരു പരുവത്തിലാക്കാമെന്നു മനസില്‍ കരുതി. “അരേ സാലേ ഗരീബി മദ്രാസി”ഒന്നു രണ്ടു തടിച്ചി ഗുജറാത്തിപ്പെണ്ണുങ്ങള്‍ എന്റെ വീഴ്‌ച ആസ്വദിച്ചു കൊണ്ടു കടന്നു പോയി. ഒരൊറ്റ മുറി, അടുക്കളയും കുളിമുറിയും കിടപ്പുമുറിയുമായി ഉപയോഗിക്കുന്ന ഗുജറാത്തിയുടെ വിചാരം, ഇന്ത്യയിലായാലും അമേരിക്കയിലായാലും, നമ്മള്‍ മലയാളികള്‍ വെറും തെണ്ടികളാണെന്നാണ്‌. വീണതു ഞാനാണല്ലോ. അതുകൊണ്ട്‌ ഞാന്‍ തന്നെ എഴുന്നേറ്റു. വീഴ്‌ചയില്‍ പറ്റിയ ഉളുക്കുമൂലം മുടന്തി മുടന്തി കൈയില്‍ പൊട്ടിയ ലഡു ബാഗുമായി കാറിനടുത്തേക്കു നടന്നപ്പോള്‍ കണ്ട കാഴ്‌ച എന്നെ ഞെട്ടിപ്പിച്ചു കളഞ്ഞു. ഒരു ന്യൂജേഴ്‌സി പോലീസുകാരന്‍ എന്റെ കാറിഌ ടിക്കറ്റ്‌ എവുതുന്നു. ‘ഹാന്‌ഡിക്യാപ്പ്‌’ഏറിയായിലാണു ഞാന്‍ പാര്‍ക്കുചെയ്‌തിരിക്കുന്നത്‌. ‘ഞായറാഴ്‌ചയല്ലിയോ, സാറേ?’ഞാനൊന്നു മുരണ്ടു. “ഇറ്റ്‌ ഡസ്‌ന്റ്‌ മാറ്റര്‍. ആഴ്‌ച ഏതായാലും ഹാന്‍ഡിക്യാപ്‌ ഹാന്‍ഡി ക്യാപ്‌ തന്നെ.” നൂറു ഡോളറിന്റെ ഒരു ടിക്കറ്റ്‌ എന്റെ കൈയില്‍ തരാതെ, വിന്‍ഡ്‌ഷീല്‍ഡില്‍ വെച്ചിട്ട്‌ “ഹാവ്‌ ഏ നൈസ്‌ ഡേ”എന്നു വിഷ്‌ ചെയ്‌തിട്ട്‌ അയാള്‍ പോയി. തിരിച്ചു കടയില്‍ ചെന്നപ്പോഴേക്കും സമോസാ റെഡി. നൂറു സമോസാ ഒരു അലൂമിനിയം ഫോയില്‍ ട്രയില്‍ ഭംഗിയായി പാക്കുചെയ്‌തുവച്ചിരിക്കുന്നു. വില നൂറു ഡോളര്‍. എന്റെ കണ്ണുതള്ളിപ്പോയി. സ്റ്റാറ്റന്‍ ഐലന്‍ഡില്‍ ഡോളറിഌ മൂന്നാണു സമൂസാ. എന്തു പറഞ്ഞിട്ടും കാര്യമില്ല. സ്‌പെഷ്യല്‍ ഓര്‍ഡറാണ്‌. കാശു കൊടുത്തേ പറ്റൂ. ഇനി ഇടംവലം നോക്കിയിട്ടു കാര്യമില്ല. സമൂസ കൈപ്പറ്റി. ന്യൂജേഴ്‌സിയില്‍ ഗ്യാസിഌ വിലക്കുറവുണ്ട്‌. ഗ്യാലന്‌ 1.99 എന്ന്‌ ബോര്‍ഡ്‌ വെച്ചിരിക്കുന്ന ഗ്യാസ്‌ സ്റ്റേഷനില്‍ കയറി ഫില്ലു ചെയ്‌തു.

 

 

ഗ്യാസടിച്ചു കഴിഞ്ഞപ്പോള്‍ ഗ്യാലന്‌ 2.50 തികച്ചും വേണം. ഒന്നിഌ പുറകേ ഒന്നായി ഭവിച്ച ദുരന്തങ്ങള്‍ എന്നെ വല്ലാതെ അലട്ടി. ഹൈവേയില്‍ വെച്ച്‌ എക്‌സിറ്റു തെറ്റി. ‘നെക്‌സ്റ്റ്‌ എക്‌സിറ്റ്‌ 26 മൈല്‍സ്‌’എന്ന പച്ച ബോര്‍ഡുകണ്ടപ്പോള്‍ കണ്ണുതള്ളി. രണ്ടുമൂന്നു ടോളുകൊടുത്ത്‌ പല പാലങ്ങള്‍ കയറി ഇറങ്ങി വീട്ടില്‍ ചെന്നപ്പോള്‍ മണി മൂന്ന്‌. എന്നെക്കാണാഞ്ഞ്‌ പള്ളിയില്‍ നിന്നും കുടുംബം ടാക്‌സി പിടിച്ച്‌ വീട്ടില്‍പ്പോന്നു. ഞാന്‍ താമസിച്ചതിന്റെ കാരണമൊന്നും ശ്രീമതി ചോദിച്ചില്ല. “എവിടെപ്പോയാലും കറങ്ങിത്തിരിഞ്ഞു നടന്നോളും.” എന്നൊരു കമന്റു പാസാക്കിയിട്ട്‌ മുഖം വീര്‍പ്പിച്ചു കൊണ്ട്‌ അവള്‍ മുകളിലേക്കു കയറിപ്പോയി. അമ്മ മരിച്ചു കഴിഞ്ഞപ്പോള്‍ തീര്‍ത്തും ഞാനൊരു അനാഥനായി എന്നുള്ള യാഥാര്‍ഥ്യം അപ്പോള്‍ മാത്രമാണ്‌ എന്നില്‍ ശരിക്കും തുളച്ചു കയറിയത്‌. കൂടുതല്‍ ആലോചിച്ച്‌ മനസു നീറുന്നതിന്‌ ഇടയാകുന്നതിഌ മുന്‍പുതന്നെ തുറന്നു കിടന്ന വാതിലിലൂടെ ഒരു കരോള്‍ സംഘം അകത്തേക്കു കയറി. നീളമുള്ള ഒരു താടിക്കാരന്‍ വിസിലടിച്ചിട്ട്‌ വണ്‍, ടൂ, ത്രീ എന്നു എണ്ണി. കൂട്ടത്തിലുള്ളവരെല്ലാം കൂടി മണിയടിയും തമ്പേറടിയും. പാട്ടുപോലെ എന്തോ പറഞ്ഞുകൊണ്ട്‌ ഒരു ബഹളം. സൂക്ഷിച്ചു നോക്കിയപ്പോള്‍ അതു ഞങ്ങളുടെ പള്ളിക്കാരല്ല എന്നു മനസിലായി. ക്രിസ്‌മസ്‌ പിരിവിഌ ഇണക്കവും പിണക്കവുമൊന്നും ഒരു പ്രശ്‌നമില്ല. കിട്ടുന്നിടത്തു നിന്നൊക്കെ പിരിക്കും. തമ്മില്‍ തല്ലുമ്പോള്‍ ഈ പണം നല്ല ആമ്പിള്ളാരു വക്കീലന്മാരു ഫീസായി വാങ്ങിച്ചുകൊള്ളും. പാട്ടുകഴിഞ്ഞപ്പോള്‍ വീണ്ടും വിസിലടി. പുറകേ അനൗണ്‍സ്‌മെന്റ്‌, “ആരും പോകരുത്‌. വീട്ടുകാര്‍ നമ്മള്‍ക്കുവേണ്ടി സമൂസ കരുതിയിട്ടുണ്ട്‌. അതു കഴിച്ചിട്ടേ പോകാവൂ.” “അതു നിങ്ങള്‍ക്കുള്ളതല്ല. ഞങ്ങളുടെ പള്ളിക്കാര്‍ക്കുള്ളതാ.” എന്നു പറയണമെന്നു വിചാരിക്കുന്നതിഌ മുന്‍പു തന്നെ പകുതി സമോസ തീര്‍ന്നു. ചെക്കു കൊടുത്തപ്പോള്‍ ‘താങ്ക്‌ യൂ’പറയുന്നതിഌപകരം “വെറുതേ മിനക്കെട്ടു” എന്ന്‌ പറഞ്ഞു കൊണ്ട്‌ ട്രസ്റ്റി രസീതു തന്നു. അഞ്ചു ഡോളര്‍ ലാഭിക്കുവാന്‍ വേണ്ടി, ന്യൂജേഴ്‌സിക്കു പോയ എനിക്ക്‌ ഇരുന്നൂറോളം ഡോളറാണ്‌ നഷ്‌ടം വന്നത്‌. ആണ്ടില്‍ ഒരിക്കല്‍ മാത്രമേ ക്രിസ്‌മസ്‌ ഉള്ളല്ലോ എന്നു സ്വയം സമാധാനിച്ചുകൊണ്ട്‌, ബേസ്‌മെന്റില്‍ പോയി ആരും കാണാതെ ഞാന്‍ എന്റെ കണ്ണുനീര്‍ തുടച്ചു. അടുത്ത വര്‍ഷമാകുമ്പോഴേക്കും ഈ ദൈവമക്കള്‍ തമ്മില്‍ത്തല്ലി വീണ്ടും പിരിഞ്ഞ്‌ പള്ളികള്‍ വര്‍ദ്ധിക്കുമല്ലോ എന്നോര്‍ത്ത്‌ മലങ്കരയില്‍ സഭാനേതൃത്വം ദൈവത്തെ സ്‌തുതിക്കുകയായിരിക്കാം. സി.എം.സിയുടെ പരസ്യവാചകം കടമെടുത്തുകൊണ്ട്‌, ഈ കരോള്‍ സംഘങ്ങളോട്‌ എനിക്കൊന്നേ പറയാഌള്ളൂ. ‘നന്ദി’വീണ്ടും വരിക.’ ശുഭം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.