You are Here : Home / എഴുത്തുപുര

പകരം വയ്ക്കാനാവാതെ- ഒരു സത്രീജന്മം!

Text Size  

Story Dated: Monday, June 22, 2015 06:51 hrs UTC

ത്രേസ്യാമ്മ തോമസ്

പാലാ പുല്ലാട്ടു വീട്ടിലെ മേഴ്‌സി മാത്യു,ഇന്നു ലോകം മുഴുവനും അറിയുന്ന ദയാബായി!. മേഴ്‌സിക്ക് കരുണ കൃപ, ദയ. അനുകമ്പ കൂടാതെ ധൈര്യം ക്ഷമ, സഹനം,വിശ്വാസം, നിഷ്‌ക്കാമ കര്‍മ്മം എന്നെല്ലാം കൂടി പര്യായമുണ്ടെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ഭാരതത്തിന്റെ സ്വന്തം ദയാബായി!
1943ല്‍ ജനിച്ച മേഴ്‌സി മൂന്നു വയ്സ്സുമുതല്‍ ചോദ്യങ്ങള്‍ കൊണ്ടു വീട്ടുകാരെയും അധ്യാപകരെയും ഒരുപോലെ വീര്‍പ്പു മുട്ടിച്ചിരുന്നു. ഉച്ച നീചത്വത്തെയും ജാതിവ്യത്യാസത്തെയും ചോദ്യങ്ങളിലൂടെ എതിര്‍ത്തപ്പോള്‍ ഉത്തരം കിട്ടാതെ പകച്ചു നിന്ന ബാലിക!, പിന്നീടെപ്പൊഴോ ക്രിസ്തുവിന്റെയും ഗാന്ധിജിയുടെയും,വിശുദ്ധരുടെയും ജീവിതം തന്നെ സ്വാധീനിച്ചപ്പോള്‍ തന്റെ ജീവിതവും ആ വഴിക്കുള്ളതാണെന്ന തിരിച്ചറിവില്‍ ബീഹാറിലെ കന്യാസ്ത്രി മഠത്തിലേക്കു ചേക്കേറിയ കൌമാരക്കാരി! പക്ഷെ അവള്‍ അവിടുത്തെ പഠനം പൂര്‍ത്തിയാക്കിയില്ല.
 
ക്രിസ്സ്മസ്സ് കാലഘട്ടത്തിലെ സുഭിക്ഷതയ്ക്കും ആഡംബരത്തിനുമിടയില്‍ തന്റെ ചുറ്റും വസിക്കുന്ന ആദിവാസികളുടെ ജീവിതം തന്നിലെ ദൈവ സ്‌നേഹത്തെ ആളിക്കത്തിക്കാന്‍ തുടങ്ങി. ഒറ്റമുണ്ടുകൊണ്ടു ശരീരം മൂടി കുഞ്ഞുങ്ങളെയും പുറത്തു തൂക്കി വരുന്ന സ്ത്രീകളിലേക്കും അവരുടെ ഊരുകളിലേക്കും തന്റെ ശ്രദ്ധ തിരിഞ്ഞപ്പോള്‍ മഠം വിട്ടിറങ്ങാന്‍ തന്നെ തീരുമാനിച്ചു.വലിയ വീടും മുന്തിയ ഭക്ഷണവും നന്റെ ജീവിതഗതിക്കു തടസ്സമാകുമെന്ന ചിന്തയാണു അവരെ അതിനു പ്രേരിപ്പിച്ചത്.പിന്നിട് കോളജില്‍ ചേര്‍ന്നു, പഠനം പൂര്‍ത്തിയാക്കി . അതിനു ശേഷമാണ് തന്റെ ദൌത്യ നിര്‍വഹണത്തിനായുള്ള പ്രയാണമാരംഭിച്ചത്.
ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍!, മുംബയിലെ ചേരിനിവസികളില്‍, മധ്യപ്രദേശിലെ ആദിവാസികളില്‍, എല്ലാം തന്റെ പ്രവര്‍ത്തന മേഖലകള്‍ വ്യാപിപ്പിച്ചു. ബീഹാര്‍, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍!, കേരളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മേഴ്‌സി മാത്യു 'ദയാബായി' ആയിക്കഴിഞ്ഞിരുന്നു. ഈശ്വരന്‍ വസിക്കുന്നതു പവങ്ങളുടെ ഇടയിലാണ് എന്ന ഗുരു ദര്‍ശനം അവരെ കൂടുതല്‍ കര്‍മ്മോന്മുഖയാക്കി.ആദിവാസികളുടെ വേഷമണിഞ്ഞ് അവരിലൊരാളായി അവരുടെ കൂടെ ജീവിച്ചു. സമയകാല ഭേദങ്ങളില്ലാതെ അവര്‍ക്കു വെണ്ടി അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി പൊരുതി. വഴിയരികില്‍ , കടത്തിണ്ണകളില്‍, റയില്‍വേ സ്‌റ്റേഷനുകളില്‍ അന്തിയുറങ്ങേണ്ടി വന്നത് ; ചുട്ട ഉരുളക്കിഴങ്ങും വെള്ളവും കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നത് , പോലിസുകാരുടെ മര്‍ദ്ദനമേറ്റു പല്ലു കൊഴിഞ്ഞത്, ഒന്നും ആ മഹിളയുടെ സഹനത്തിന്റെ പാതയിലെ ശക്തിക്കു മങ്ങലേല്‍പ്പിച്ചില്ല.
 
 
ആദിവാസികളെ അക്ഷരം പഠിപ്പിച്ച, അവര്‍ക്കു കരുത്തു പകര്‍ന്ന അധ്യാപിക. അവരുടെ ഇടയിലെ പൊരുത്തക്കേടുകള്‍ക്കു പരിഹാരം കണ്ടെത്തുന്ന ന്യായാധിപ, അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി ഝാന്‍സി റാണിയെപ്പൊലെ ഊരുകളില്‍ നിന്ന് ഊരുകളിലേക്കു കുതിര പ്പുറത്തു യാത്ര ചെയ്ത കേരളത്തിന്റെ സ്വന്തം പുത്രി! മധ്യപ്രദേശിലെ ബാറൂള്‍ ഗ്രാമത്തെ കൃഷിയോഗ്യമാക്കിയ, മണ്ണിനെയും വെള്ളത്തെയും അശുദ്ധമാക്കരുതെന്നു ശാഠ്യം പിടിക്കുന്ന ഒന്നാന്തരം കര്‍ഷക.! തെരുവു നാടകങ്ങളും കവിതകളും ആശയവിനിമയത്തിനുപയോഗിച്ച കലാകാരി! തന്റെ യൌവന കാമനകളെയും ചോദനകളെയും, ആകാംക്ഷകളെയും സഹജീവീ സ്‌നേഹത്തിനു വെണ്ടി ബലിയര്‍പ്പിച്ച, ഒരു പ്രതിഫലത്തിനും തന്റെ പ്രയത്‌നത്തെ അടിയറ വയ്ക്കാത്ത നിഷ്‌ക്കാമ കര്‍മ്മി ! ദയാബായിക്കുള്ള വിശേഷണങ്ങള്‍ അവസാനിക്കുന്നതേയില്ല. ഒരു സ്ത്രീയുടെ ധീരതയുടെ വിമോചന ദൈവശാസ്ത്രമാണിത്.
പ്രശസ്തിയും പ്രതാപവും ആഗ്രഹിക്കാത്ത ദയാബായിയെ അവാര്‍ഡുകള്‍ തേടിയെത്തുകയായിരുന്നു; ഒരിക്കലും അതൊന്നും ആവര്‍ അഗ്രഹിച്ചിരുന്നതല്ല എങ്കിലും. അപ്പൊഴും താന്‍ ആരെന്ന തിരിച്ചരിവ് അവരെ വീണ്ടും കര്‍മ്മോന്മുഖയാക്കുന്നു.
പുരസ്‌ക്കാരങ്ങളുടെ നീണ്ട നിരയില്‍ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് അവാര്‍ഡ്, ജനനനീ ജാഗ്രതീ അവാര്‍ഡ്, സുരേന്ദ്രനാഥ് ട്രസ്റ്റ് അവാര്‍ഡ്, വനിതാ വുമണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം തുടങ്ങിയവ അവയില്‍ ചിലതു മാത്രം. ഇന്‍ഡോ അമേരിക്കന്‍ പ്രസ്സ്‌ക്ലബ്ബ് രണ്ടായിരത്തി പതിനഞ്ച് ഒക്‌റ്റോബറില്‍ നടത്തുന്ന കണ്‍വന്‍ഷനില്‍ പ്രസ്സ് ക്ലബ്ബിന്റെ' സത്ക്കര്‍മ്മാ' അവാര്‍ഡിനു തെരഞ്ഞെടുത്തിരിക്കുന്നത് ദയാബായിയെ ആണ്. മലയാള നാടിന്റെ പുണ്യമായ ആ മഹിളാ രത്‌നത്തെ നേരില്‍ കാണുവാനുള്ള അവസരം കൂടിയാണിത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.