You are Here : Home / എഴുത്തുപുര

അളന്നുകുറിച്ച്‌ അളവുരാഷ്‌ട്രീയം

Text Size  

Story Dated: Sunday, June 28, 2015 11:28 hrs UTC

ജോണ്‍ മാത്യു

 

അമേരിക്കയില്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പു കളികള്‍ക്ക്‌ ക്രമേണ ചൂടുപിടിച്ചുവരുമ്പോള്‍ ഒരുവിധത്തിലും ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയാത്ത ചില സ്ഥാനാര്‍ത്ഥികള്‍ പെട്ടെന്ന്‌ ഒരു വിവാദവിഷയം സൃഷ്‌ടിക്കും. പലപ്പോഴും അത്‌ ?ചക്കിനുവച്ചത്‌ കൊക്കിനുകൊണ്ട? പോലെ ആകുകയും ചെയ്യും. അല്ലെങ്കില്‍ ?പോയാലൊരു വാക്ക്‌ കിട്ടിയാല്‍ ഒരാന? എന്നപോലെയും അളന്നുകുറിച്ചുള്ള ഒരു രാഷ്‌ട്രീയക്കളി. ഏതാനും നിമിഷങ്ങളിലെ പ്രശസ്‌തിയാണെങ്കില്‍ അത്രയുമാകട്ടെ. വിവാദങ്ങളിലേക്കുള്ള ഒരു ചെറിയ സംഭാവനപോലും! ഡമോക്രാറ്റിക്‌ കക്ഷിയിലെ ആരും കേട്ടിട്ടില്ലാത്ത, ഒരു സ്ഥാനാര്‍ത്ഥി നാടകീയമായി ഒരു പ്രസ്‌താവന നടത്തി. ലോകം മുഴുവന്‍ അളവുകള്‍ മെട്രിക്‌ സിസ്റ്റത്തിലേക്ക്‌ മാറിക്കഴിഞ്ഞിരിക്കുമ്പോള്‍ അമേരിക്ക മാത്രം പഴയ ഇംഗ്ലീഷ്‌ രീതിയുമായി തുടരുന്നുവെന്ന്‌.

 

എന്തിനാണ്‌ യാര്‍ഡ്‌, ഗ്യാലന്‍, ഔണ്‍സ്‌ തുടങ്ങിയവയില്‍ ഇന്നും തൂങ്ങിനില്‍ക്കുന്നത്‌? ശരിയല്ലേ? അമേരിക്കന്‍ ഐക്യനാടുകളായിരുന്നു തുടക്കത്തിലേ മെട്രിക്‌ സിസ്റ്റത്തിലേക്ക്‌ മാറേണ്ടിയിരുന്നത്‌. സ്വാതന്ത്ര്യം നേടിക്കഴിഞ്ഞപ്പോള്‍ ബ്രിട്ടന്റെ കീഴ്‌ വഴക്കങ്ങള്‍ ത്യജിക്കാനാണ്‌ അമേരിക്ക ശ്രമിച്ചത്‌. അതിന്‌ എത്രയെത്ര ഉദാഹരണങ്ങള്‍! സ്വിച്ച്‌ ഓണ്‍ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ത്തന്നെ പ്രയോഗിക്കുക, ?ചെലവു ചുരുക്ക? ലിന്റെ ഭാഗമായി പല വാക്കുകളില്‍നിന്നും അക്ഷരങ്ങള്‍ വെട്ടിക്കുറയ്‌ക്കുക തുടങ്ങിയവ ഇനിയും വിദൂരമായ രാഷ്‌ട്രീയ ചിത്രം മനസ്സില്‍ കണ്ടുകൊണ്ടല്ലേ ബ്രിട്ടന്റെ ഇടതുവശംചേര്‍ന്നുള്ള യാത്രയില്‍നിന്ന്‌ അമേരിക്ക വലത്തോട്ടുമാറിയത്‌? ഡമോക്രാറ്റുകള്‍ മുന്നോട്ടുവയ്‌ക്കുന്ന നിര്‍ദ്ദേശങ്ങള്‍ എന്തിനെയും എതിര്‍ക്കുന്ന അധികം പിന്‍തുണയില്ലാത്ത ഒരു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും അവസരത്തിനൊത്ത്‌ പ്രതികരിച്ചു. മെട്രിക്‌ രീതി യൂറോപ്പ്‌, സോഷ്യലിസ്റ്റ്‌, കമ്മ്യൂണിസ്റ്റ്‌ തുടങ്ങിയവരുടേ താണെന്ന്‌. നമ്മള്‍ സ്വതന്ത്ര മുതലാളിത്തവാദികള്‍ക്ക്‌ ചേരുന്നതല്ല ഈ മെട്രിക്‌ സിസ്റ്റമെന്ന്‌. പക്ഷേ, ഗജവും ഗ്യാലനും തുടങ്ങിവച്ച ഇംഗ്ലീഷുകാരു പോലും ഇന്ന്‌ ഫ്രഞ്ചുകാരുടെ മുന്നില്‍ ഇക്കാര്യത്തില്‍ സുല്ലിട്ടതാണ്‌ എന്നത്‌ അദ്ദേഹം മറന്നു. വ്യക്തിപരമായി ഞാനൊരു ഇംഗ്ലീഷ്‌ ഭക്തനാണ്‌.

 

 

അതിനും ചരിത്രപരമായ കാരണമുണ്ട്‌. ഇന്ത്യ മെട്രിക്‌ സ്വീകരിക്കുന്നതിനുമുന്‍പുതന്നെ താഴ്‌ന്ന ക്ലാസ്സുകളില്‍ ഇംഗ്ലീഷ്‌ ഫ്രഞ്ചുരീതികളും പരിചയപ്പെടുത്തിയിരുന്നല്ലോ. ആ ഫ്രഞ്ച്‌ രീതി അംഗീകരിക്കാന്‍ ഞാന്‍ തയ്യാറായില്ല. കാരണം ഫ്രഞ്ചുകാര്‍ നമ്മുടെ ശത്രുക്കള്‍! അത്‌ എങ്ങനെയെന്നല്ലേ? തിരുവിതാംകൂറിന്റെ നിത്യ ശത്രു ടിപ്പു, ടിപ്പുവിന്റെ മിത്രം ഫ്രഞ്ചുകാര്‍. അപ്പോള്‍ യുക്തിവാദമനുസരിച്ച്‌ ഫ്രഞ്ചുകാരോടും അവരുടെ രീതികളോടും ആചാരങ്ങളോടും ഒരു തൊട്ടുകൂടായ്‌മ ഞാന്‍ കല്‍പ്പിച്ചെങ്കില്‍ എന്താണ്‌ തെറ്റ്‌? ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ ഇന്ത്യയിലും തുടര്‍ന്ന്‌ അമേരിക്കയിലും മെട്രിക്‌ സിസ്റ്റത്തിന്റെ കീഴില്‍ ജീവിക്കേണ്ടതായി വന്നില്ല. സെല്‍ഷ്യസ്‌ ഭക്തനും എന്റെ സഹപാഠിയുമായിരുന്ന, ഇപ്പോള്‍ കാനഡയില്‍ ജീവിക്കുന്ന ഒരു സുഹൃത്ത്‌ ഒരിക്കല്‍ ചോദിച്ചു ?സെല്‍ഷ്യസ്‌ ഫാരന്‍ഹീറ്റ്‌ കണ്‍വേര്‍ഷന്‍ ഫോര്‍മുല ഫിസിക്‌സ്‌ ക്ലാസില്‍ പഠിച്ചത്‌ ഓര്‍മ്മയില്ലേ ? എന്ന്‌. ഞാന്‍ പ്രതികരിച്ചു; ?അന്നത്‌ പഠിച്ചിരുന്നെങ്കില്‍ ഇന്നത്തെ ഈ ഗതി വരുകയില്ലായിരുന്നല്ലോ? എന്ന്‌. കാനഡാക്കാര്‍ ആഹ്ലാദപൂര്‍വ്വം ഇരുപത്തിയെട്ട്‌ ഡിഗ്രി എന്ന്‌ പറയുമ്പോള്‍ ഇവിടെ ഹൂസ്റ്റനില്‍, ഞങ്ങള്‍ക്ക്‌, മരംകോച്ചുന്ന മകരമാണ്‌ ഓര്‍മ്മവരിക. ചെറുപ്പംമുതലേ മനസ്സില്‍ കോറിയിട്ട കണക്കാണ്‌ ഞങ്ങളുടെ നാട്ടിന്‍പുറത്തുനിന്ന്‌ ഏറ്റവും അടുത്ത ടൗണായ തിരുവല്ലായ്‌ക്കുള്ള ?എട്ടുമൈല്‍? ദൂരം. ഈ എട്ടുമൈല്‍ അളവുകോല്‍ ഉപയോഗിച്ചാണ്‌ ഭൂമിയുടെ ചുറ്റളവുള്‍പ്പെടെ സങ്കല്‍പ്പിക്കാവുന്നതെല്ലാം ഞാന്‍ കണക്കാക്കുന്നത്‌.

 

എന്നാല്‍ ഒരു ദിവസം വിദേശത്തുനിന്നും മടങ്ങിച്ചന്നപ്പോള്‍ എന്റെ സ്വന്തമായ ആ ദൂരം ?പതിമൂന്ന്‌ കിലോമീറ്റര്‍? ആയി വളര്‍ന്നു. അങ്ങനെയാണ്‌ ഞാന്‍ മനസ്സിലാക്കിയത്‌ ദൂരവും വളരുമെന്ന്‌. ?റാത്തല്‌? വളര്‍ന്ന്‌ ?കിലോഗ്രാം? ആയത്‌ ഏറെ ആഘാതമേല്‍പ്പിച്ചു. കടയില്‍പോകുമ്പോഴെല്ലാം ഒരു വിഭ്രാന്തി. ഭാഗ്യത്തിന്‌, ?ഗ്യാലന്‍? ?ലിറ്റര്‍? ആയി ചുരുങ്ങുകയാണ്‌ ചെയ്‌തത്‌. ഈ അളവുകളുടെ അത്യാധുനികതയില്‍നിന്ന്‌ മടങ്ങിയെത്തിയത്‌ ആശ്വാസമായി. പക്ഷേ, ഇപ്പോഴാണ്‌ ഞാന്‍ അറിഞ്ഞത്‌, മെട്രിക്‌ സിസ്റ്റം യൂറോപ്പിന്റേയും ഇടതുപക്ഷത്തിന്റെയും കുത്തകയാണെന്ന്‌. ഇംഗ്ലീഷ്‌ രീതി ഇന്ന്‌ ഇംഗ്ലീഷല്ലാത്ത മുതലാളിത്തത്തിന്റേതും. ക്ലാസിക്ക്‌ ഇടതുചിന്താഗതിയുള്ള പഴയ തലമുറയില്‍പ്പെട്ട ഞാന്‍ ഇതില്‍ ഏതു രീതിയാണ്‌ എന്റേതെന്ന്‌ അവകാശപ്പെടേണ്ടത്‌! ആ ഗതികേടിലാണിന്ന്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.