You are Here : Home / എഴുത്തുപുര

എഴുപുന്ന എബ്രഹാമിന്റെ എഴുനൂറ്റിപത്ത്

Text Size  

Story Dated: Monday, July 06, 2015 11:29 hrs UTC

സന്തോഷ് പിള്ള, ഡാലസ്

വണ്ടിനന്നാക്കാന്‍ അനേകം ആളുകളെത്തുന്ന സമയത്താണ് ഫോണ്‍ വിളിവന്നത്. തോമാത്തോ എന്റെ 710 കാണുന്നില്ല. പുതിയത് എവിടുന്നാ വാങ്ങുന്നത്? വലിയവില ആകുമോ?
ഫോണിന്റെ അങ്ങേതലക്കല്‍ എബ്രഹാം ആണെന്ന മനസ്സിലാക്കി എടുക്കാന്‍ അല്പ സമയമെടുത്തു. ഇപ്പോള്‍ ഞാന്‍ വലിയ തിരക്കിലാണ്, തിരികെ വിളിക്കാമെന്ന് പറഞ്ഞ് അടുത്ത വണ്ടിയുടെ ഓയില്‍ മാറാന്‍ തുടങ്ങിയപ്പോഴും എഴുപുന്ന എബ്രഹാം അച്ചായന്റെ 710 എന്താണെന്ന ചിന്തമനസ്സിനെ അലട്ടികൊണ്ടിരുന്നു.
അച്ചായാന്‍ ഒരു മാസം മുന്‍പ് ഓയില്‍ മാറാന്‍ 15 വര്‍ഷം പഴക്കമുള്ള വണ്ടിയും ഉരുട്ടികൊണ്ടുവന്നപ്പോള്‍ ഞാന്‍ പറഞ്ഞു ഓയില്‍ ലീക്ക് ഒത്തിരി ഉണ്ട്. എഞ്ചിന്‍പണി ചെയ്യണം. രണ്ടായിരം ഡോളര്‍ ആകും.
ഈ വണ്ടിയും അതിനകത്തിരുക്കുന്ന എന്നെയും കൂടി ഒരുമിച്ചു തൂക്കി വിറ്റാല്‍ അത്രയും പണം കിട്ടത്തില്ല.
കുറച്ചുനാള്‍ ഈ വണ്ടി അധികം പണം ചിലവാക്കാതെ കൊണ്ടു നടക്കാന്‍ എന്താ ഒരു മാര്‍ഗം?
അപ്പോഴാണ് ഇടക്കിടക്ക് ഓയില്‍ചെക്ക് ചെയ്തു കുറവെന്നു മനസ്സിലാകുമ്പോള്‍ അടപ്പ് തുറന്നു ഓയില്‍ ഒഴിച്ച് കൊടുത്താല്‍ മതിയെന്ന് പറഞ്ഞു അച്ചായനെ വിട്ടത്. പക്ഷെ 710 എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ല.
പതിനഞ്ചു വര്‍ഷം മുന്‍പ് അച്ചായന്‍ പുതിയ ഒരു വാന്‍ വാങ്ങി ഒരു മാസത്തിനുള്ളിലാണ് അതു സംഭവിച്ചത്.
റെഡ് സിഗ്നലില്‍ നിര്‍ത്താതെ വന്ന ഒരു വണ്ടിക്കിട്ട് അച്ചായാന്‍ കൊണ്ട് ഒരൊറ്റ ഇടി. ഇടിയുടെ ആഘാതത്തില്‍ എയര്‍ബാഗ് അച്ചായന്റെ മുഖത്തിട്ട് അതിലും വലിയ ഒരു ഇടി കൊടുത്തപ്പോള്‍ അച്ചായന്‍ വണ്ടിക്കകത്തുനിന്നും പുറത്തേക്ക് ഒറ്റചാട്ടം.
എയര്‍ബാഗിന്റെ പുകവണ്ടിക്കുള്ളില്‍ നിറഞ്ഞപ്പോള്‍ വണ്ടിക്കു തീ പിടിച്ചു എന്നാണ് കരുതിയത്.
പക്ഷേ വാന്‍ നിറുത്താന്‍ കൂട്ടാക്കാതെ പിന്നെയും മുന്നോട്ട് ഡ്രൈവര്‍ ഇല്ലാതെ അടുത്തുള്ള വലിയ ഗ്രോസറി കടയെ ലക്ഷ്യം വച്ച് ഓടികൊണ്ടിരുന്നു.
തിരികെ വണ്ടിക്കുള്ളില്‍ ചാടികയറാന്‍ ശ്രമിച്ചിട്ട് സാധിക്കുന്നുമില്ല.
എവിടുന്നോ ഒരു കറുമ്പന്‍ യുവാവ് ഓടിവന്ന് ഒരു അഭ്യാസിയെ പോലെ വണ്ടിക്കുള്ളില്‍ ചാടികയറി വണ്ടി കടയ്ക്കുള്ളില്‍ കയറുന്നതിനു മുന്‍പ് നിയന്ത്രണത്തിലാക്കി. നന്ദി പറയാനായി യുവാവിനെ നോക്കിയപ്പോള്‍ എവിടെയും കാണാനുമില്ല. വലിയ ഒരു ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ കര്‍ത്താവ് കറുമ്പന്‍ യുവാവിന്റെ രൂപത്തില്‍ വന്നു എന്ന് മനസിലാക്കി ഇനിയുള്ള എല്ലാ ഞായറാഴ്ചകളിലും മുടങ്ങാതെ പള്ളിയില്‍പോകുമെന്ന തീരുമാനവും അച്ചായന്‍ അന്നെടുത്തു.
ഓരോ തവണ വണ്ടി നന്നാക്കാന്‍ വരുമ്പോഴും ഇതുപോലുള്ള സംഭവങ്ങള്‍ അച്ചായന്‍ വിവരിക്കും.
എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് പുതിയ ഒരു കാര്‍ വാങ്ങി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ രാത്രി ജോലിയും കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്നു.
വീട്ടിനടുത്തെത്തുന്നതുവരെ ഉറങ്ങാതെ കടിച്ചു പിടിച്ചിരുന്നു.
വീട് കണ്ടതുമാത്രം അച്ചായന് ഓര്‍മ്മയുണ്ട്. പിന്നീട് ആംബുലന്‍സിന്റെ ബഹളം കേട്ടാണ് ഉണര്‍ന്നത്. കയ്യലൊരു സെല്‍ഫോണുമായി അതിരാവിലെ ഓടാനിറങ്ങിയ മെക്‌സിക്കത്തി പെങ്കൊച്ച് കാര്‍ മറിയുന്നത് കണ്ട് ഉടനെ തന്നെ 911 വിളിക്കുകയാണ് ഉണ്ടായത്. അടിക്കാന്‍ വടി എടുക്കുമ്പോള്‍, എന്നെ തല്ലരുത് എന്ന് നാല് കാലും പൊക്കി കിടന്ന് അപേക്ഷിക്കുന്ന ഞാറു വാലി നായയെപോലെ, നാല് ടയറും മുകളിലായി എന്റെ പുതിയ കാര്‍ വ്യസനത്തോടെ എന്ന നോക്കി റോഡില്‍ കിടക്കുന്നു.
രണ്ടു ദിവസം കൊണ്ടാണ് എന്താണ് ശരിക്കും സംഭവിച്ചതെന്നു മനസ്സിലായത്. വണ്ടി പതുക്കെ വന്ന് അയല്‍വാസിയുടെ കമ്പിവേലിയില്‍ കയറിയപ്പോള്‍ വേലി ചരിഞ്ഞ് വണ്ടി അതിനുമുകളില്‍ കയറി തലകീഴായി മറിഞ്ഞു.
കര്‍ത്താവ് ആ സമയത്ത് മെക്‌സിക്കത്തി പെങ്കൊച്ചിനെ പറഞ്ഞുവിട്ട് തന്നെ രക്ഷിച്ചതാണെന്ന് മനസ്സിലാക്കി ഇനി മുതല്‍ എല്ലാ ഞായറാഴ്ചയും മുടങ്ങാതെ പള്ളിയില്‍ പോകുമെന്ന ഉറച്ച തീരുമാനവും അച്ചായന്‍ അന്നെടുത്തു.
എന്നാലും എഴുപുന്ന എബ്രഹാമച്ചായന്റെ ഈ 710 എന്താണാവോ?
കഴിഞ്ഞ വര്‍ഷം അച്ചായന്‍ വന്നപ്പോള്‍ പറഞ്ഞു, ഭാര്യക്കുവേണ്ടി വാങ്ങിച്ച പുതിയ കാറുമായി രാത്രിയില്‍ ജോലിക്കു പോകുമ്പോള്‍ പെട്ടെന്നു പ്രദേശമാകെ മൂടല്‍മഞ്ഞു നിറഞ്ഞു. ഹൈവെയില്‍ കയറുവാണെന്നാ വിചാരിച്ചത് എന്നാല്‍ ചെന്നെത്തിയ തടാകത്തിലും. ബോട്ടുകള്‍ ഇറക്കാനുള്ള റാമ്പിലൂടെ ലേക്കിലേക്ക് കാര്‍ ഇറങ്ങി. ഗ്‌ളും ഗ്‌ളും ശബ്ദത്തോടെ വെള്ളം വണ്ടിക്കുള്ളിലേക്ക് ഇരച്ചു കയറുമ്പോള്‍ സകല ശക്തിയും എടുത്ത് കാറിന്റെ വാതില്‍തുറന്നു രക്ഷപ്പെടുവാന്‍ ശ്രമിച്ചു.
വാതില്‍ തുറക്കാന്‍ സാധിക്കാതെ അനുനിമിഷം താഴ്ന്നുകൊണ്ടിരിക്കുന്ന കാറില്‍ ഇരുന്ന് കര്‍ത്താവേ എന്നെ രക്ഷിക്കണേ എന്ന് കേണപേക്ഷിച്ചു.
മരണം മുന്നില്‍ കണ്ടത് തീവ്രമായി ദൈവത്തെ വിളിച്ചപ്പോള്‍ 'സ്വിം ദിസ് വേ' എന്ന ശബ്ദവും പുറകിലത്തെ സീറ്റിനു മുകളിലൂടെ നീണ്ടു വരുന്ന ബലിഷ്ടമായ ഒരു കരവും കാണാന്‍ കഴിഞ്ഞു.
തടാകത്തിലേക്ക് പോകുന്ന കാറിനെ പിന്തുടര്‍ന്നു വന്ന വെളുമ്പന്‍ പോലീസുകാരന്റെ കൈകളില്‍ പിടിച്ചു കാറിനു പുറകിലെ പൊട്ടിച്ച ചില്ലുകള്‍കിടയിലൂടെ കരയിലെത്തിയപ്പോള്‍ ജീവിക്കുവാന്‍ വീണ്ടും ഒരു അവസരം തന്നതിന് കര്‍ത്താവിനു നന്ദി പറയുകയും ഇനി എല്ലാ ഞായറാഴ്ചയും മുടങ്ങാതെ പള്ളിയില്‍ പോകാമെന്ന പ്രതിജ്ഞ എടുക്കുകയും ചെയ്തു. എന്നൊക്കെ പുതിയ വണ്ടി വാങ്ങിയിട്ടുണ്ടോ അന്നൊക്കെ അപകടങ്ങളും ഉണ്ടായിട്ടുള്ളത് കൊണ്ട് ഇനി ജീവിതകാലത്തില്‍ പുതിയ വണ്ടി വാങ്ങിക്കത്തില്ല എന്നും അച്ചായന്‍ തീരുമാനിച്ചു.
കടയിലെ തിരക്കു കുറഞ്ഞപ്പോള്‍ അച്ചായനെ വിളിച്ച് കാണാതെ പോയ 710 ന്റെ വിവരങ്ങള്‍ ചോദിച്ചു. അച്ചായന്‍ പറഞ്ഞു. അത് എഞ്ചിന്റെ മുകളിലെ കറുത്ത പ്ലാസ്റ്റിക്കിന്റെ സാധനം. ഓയില്‍ കാപ്പിന്റെ കാര്യമാണോ പറയുന്നതെന്ന് ചോദിച്ചപ്പോള്‍, അതെ അതുതന്നെ എന്ന് ഉത്തരം നല്‍കി.
വണ്ടിയുടെ പാര്‍ട്‌സ് വില്‍ക്കുന്ന ഏതു കടയില്‍ ചെന്നാലും പത്തുഡോളറിനടുത്ത വില കൊടുത്താല്‍ കിട്ടുമെന്നറിയിച്ചപ്പോള്‍ അച്ചായന് സാമാധാനമായി.
എന്നാലും കാപ്പ് എങ്ങനെ 710 ആയി എന്ന ചിന്ത മനസ്സിനെ അലട്ടികൊണ്ടിരുന്നു.
അടുത്ത കാറിന്റെ ഓയില്‍ മാറാന്‍ ആയി കാപ്പ് തുറക്കുന്നതിനു മുമ്പ് അതിലേക്ക് സൂക്ഷിച്ചുനോക്കി. അയ്യോ 710 അതാ എഴുതിയിരിക്കുന്നു. OIL എന്നെഴുതിയിരിക്കുന്നത് ഇങ്ങനേയും വായിക്കാമെന്ന തിരിച്ചറിവ് അത്യല്‍ഭുതമാണ് സമ്മാനിച്ചത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.