You are Here : Home / എഴുത്തുപുര

മലയാള സിനിമയിലെ ഗാനചിത്രീകരണം

Text Size  

A. C. George

AGeorge5@aol.com

Story Dated: Tuesday, August 11, 2015 10:18 hrs UTC

മനുഷ്യമനസ്സിന്റെ അഗാധതലങ്ങളിലേക്ക്‌ ഊളിയിട്ടിറങ്ങി ആത്മഹര്‍ഷത്തിന്റെ പൂത്തിരി കത്തിക്കാന്‍ ഗാനങ്ങള്‍ക്കുള്ള ശക്തി അവര്‍ണ്ണനീയമാണ്‌. സംഗീതത്തിന്റെ ചിറകുകള്‍ കൂടി ലഭിക്കുമ്പോള്‍ ഗാനങ്ങള്‍ നമുക്ക്‌ പകര്‍ന്നുതരുന്നത്‌ നവോന്മേഷ ദായകമായൊരു മധുരാനു ഭൂതിയാണ്‌. സംഗീതത്തിന്റെ വശ്യതയില്‍ ലയിച്ചിരിക്കാത്ത മനുഷ്യമനസ്സുണ്ടാകുമെന്നു തോന്നുന്നില്ല. ശ്രവണസുന്ദരവും ആശയസംപുഷ്‌ടവുമായ ഗാനങ്ങള്‍ക്ക്‌ ദൃശ്യവല്‍ക്ക രണത്തിലൂടെ പുതിയ മാനങ്ങള്‍ ലഭിക്കുമ്പോഴാണ്‌ ഗാനങ്ങള്‍ സിനിമയ്‌ക്ക്‌ അവിഭാജ്യമായൊരു ഘടകമാണെന്ന കാര്യം വ്യക്തമാകുന്നത്‌. ആദ്യകാല ചിത്രങ്ങളിലെല്ലാം തന്നെ ഗാനങ്ങളുടെ അതിപ്രസരമായിരുന്നുവെന്നു കാണാം. സംഭാഷണത്തിലൂടെ വ്യക്തമാക്കപ്പെടേണ്ട കാര്യങ്ങള്‍ പോലും പാട്ടിലൂടെ വിശദീകരിക്കുന്ന ഒരു പ്രവണതയായിരുന്നു മിക്ക ചിത്രങ്ങളിലും. കഥാരൂപ ങ്ങള്‍ എങ്ങോട്ടു തിരിഞ്ഞാലും, മറിഞ്ഞാലും, കിടന്നാലും, പാട്ട്‌ എന്ന അവസ്ഥയായിരുന്നു ഫലം. ഈ രീതി തുടര്‍ന്നുവന്നപ്പോള്‍ ഗാനങ്ങളോട്‌ വിരക്തി തോന്നിയ അവസരങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്‌.

 

 

ആവര്‍ത്തന വിരസവും ഒരേ അച്ചില്‍ വാര്‍ത്തതുപോലെയുള്ള ചിത്രീകരണ ശൈലിയാണ്‌ ഇതിന്‌ ഉപോല്‍ ബലകമായി ചൂണ്ടിക്കാണിക്കേണ്ടി വരുന്നത്‌. ഗാനചിത്രീകരണ ത്തിന്‌ അവലംബിച്ച സങ്കേതങ്ങള്‍ പലതരത്തിലുള്ളതായിരുന്നു. കഥാപാത്രങ്ങള്‍ നേരിട്ടുപാടുന്ന രീതിയായിരുന്നു ആദ്യത്തേത്‌. ദുഃഖപൂര്‍ണ്ണമോ സന്തോഷപൂരിതമോ ആയ ഒരവസ്ഥാ വിശേഷ ത്തിനു കൂടുതല്‍ തീവ്രതയണയ്‌ക്കാനുതകുന്ന രീതിയിലായിരുന്നു ഗാനചിത്രീകരണങ്ങളധിക വും. പ്രകൃതി ദൃശ്യങ്ങളിലൂടെ തുടങ്ങി ക്രമേണ കഥാപാത്രത്തിലേക്കു സന്നിവേശിപ്പിക്കുന്ന രീതിയായിരുന്നു മറ്റൊന്ന്‌. തുടക്കത്തില്‍ ഇതിനൊരു പുതുമയുണ്ടായിരുന്നു. ഒരേ സ്റ്റൈല്‍ പലയാവര്‍ത്തി വന്നപ്പോള്‍ ഇതിന്റെ പുതുമയും നഷ്‌ടപ്പെട്ടു. അപ്രധാന കഥാപാത്രങ്ങളിലൂടെ കഥയിലെ പ്രധാന രംഗത്തിന്‌ ചില പ്രധാന കഥാപാത്രങ്ങളുടെ മാനസിക വ്യാപാരവുമായി ഇണങ്ങുന്ന വൈകാരികതയുളവാക്കാനും ഗാനങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌. ഇതിനായി തെരുവു ഗായകരുടെയു ഭിക്ഷക്കാരുടെയും വേഷങ്ങളെയാണ്‌ അവലംബമാക്കിയത്‌.

 

 

ആരും നേരിട്ടു പാടാതെ പാശ്ചാത്തലത്തിലൂടെ ഗാനങ്ങള്‍ കേള്‍പ്പിച്ച്‌ രംഗാവിഷ്‌കരണത്തിന്‌ ഗാനങ്ങളിലൂടെ നവീന ഭാവങ്ങള്‍ നല്‍കപ്പെട്ടിട്ടുമുണ്ട്‌. ഗാനത്തിനു നല്‍കപ്പെടുന്ന സംഗീതത്തിലെ പോരായ്‌മയും ചിത്രീകരണ സന്ദര്‍ഭങ്ങളുടെ അനൗചിത്യവും രംഗതീവ്രതയ്‌ക്ക്‌ ഭംഗം വരുത്തിയ അവസരങ്ങളുമുണ്ട്‌. ഒരു ചിത്രത്തില്‍ നായകന്‍ നായികയെ വര്‍ണ്ണിച്ച്‌ `നടന്നാല്‍ നീയൊരു സ്വര്‍ണഹംസമെന്നും പൂത്തു വിടര്‍ന്നാല്‍ നീയൊരു പാരിജാതമെന്നും നിറച്ചാല്‍ നീയൊരു പാനപാത്രമെന്നും അടുത്തിരുന്നാല്‍ നീയൊരു രോമഹര്‍ഷമെന്നും' മധുരതരമായി പാടുന്നു. അടുത്തവരിയില്‍ നായകന്‍ നായികയെ വര്‍ണ്ണിക്കുന്നത്‌ `കിടന്നാല്‍ കട്ടില്‍ നിറയും' എന്നാണ്‌. നായികയുടെ ആകാരഭംഗിയോര്‍ത്ത്‌ ജനം അന്തംവിട്ട്‌ ചിരിക്കുമ്പോള്‍ നായകന്‍ തുടര്‍ന്നുപാടുന്നത്‌ `നിന്‍മുടിയില്‍ കൈവിര ലോടുമ്പോള്‍... എന്‍.. കൈവിരലോടുമ്പോള്‍' എന്നാണ്‌. അപ്പോഴാണ്‌ ജനത്തിന്‌ കാര്യം മനസ്സിലാവുന്നത്‌. കുഴപ്പം ഗാനത്തിന്റെയല്ല സംഗീതത്തിന്റെയാണെന്ന്‌. മറ്റൊരു ചിത്രത്തില്‍ ചിത്രകാരനായ നായകന്‍ തന്റെ കാമുകിയോട്‌ കുമാരനാശാന്റെ വീണപൂവിനെക്കുറിച്ച്‌ താന്‍ എഴുതിയ കവിത കണ്ടോ എന്നു ചോദിക്കുന്നു. ഇല്ലെന്നു നായിക പറയുമ്പോള്‍ നായകന്‍ വായ തുറന്ന്‌ പാട്ടാരംഭിക്കുന്നു.

 

വീണപൂവേ, കുമാരനാശാന്റെ വീണപൂവേ എന്ന്‌. അപ്പോഴും കാണികള്‍ ചിരിക്കുന്നു. കാരണം, പാട്ടിന്റെ ആദ്യവരിയും, ഗായകന്റെ അംഗവിക്ഷേപങ്ങളും തന്നെ. പ്രശസ്‌തനും പ്രതിഭയുള്ളവരുമെന്ന്‌ സുസമ്മതരായ സംവിധായകരുടെ ചിത്രങ്ങളില്‍ പ്പോലും ഇത്തരം കല്ലുകടികള്‍ അനുഭവപ്പെടുമ്പോള്‍, ഗാനങ്ങള്‍ മിക്കതും സംവിധായകരുടെ സഹായികളാണ്‌ ഫിലിമില്‍ പകര്‍ത്തുന്നതെന്ന ധാരണ ബലപ്പെടുകയാണ്‌ ചെയ്യുന്നത്‌. `ഡാഡി...മമ്മി..വീട്ടിലില്ലാ...' അല്ലെങ്കില്‍ `അമ്മായി..അപ്പം..ചുട്ടു.. വട്ടായി...' എന്നൊക്കെയുള്ള അനേകം തൊണ്ണ തൊറപ്പന്‍ ജല്‍പ്പനങ്ങളുമായി ജഘനവും സ്‌തനവും വയറും കുലു.. കുലു.. കുലുക്കി...തുളുമ്പി...ആടുന്ന സമൂഹ കോപ്രായ ന്യത്തഗാനങ്ങള്‍ക്ക്‌ അധിക കാലേത്തേക്ക്‌ നിലനില്‍പ്പില്ല. പിന്നെ കുറച്ചു എക്‌സര്‍സൈസ്‌ ഇപക്‌റ്റും പൊറു.. പൊറു..പിറു..പിറു..കീഴ്‌ശ്വാസ ഊച്ചുവിടല്‍ ഇപക്‌റ്റും, ഗ്യാസും പോയി കിട്ടുമായിരിക്കും.. ഗാനം സിനിമയ്‌ക്ക്‌ അവശ്യമായ ഒരു ഘടകമാണോ എന്ന കാര്യത്തില്‍ അഭിപ്രായ ഭിന്നതകളില്ലാതില്ല. പിരിമുറുക്കമുള്ള ഒരു കഥയില്‍ റിലീഫിനു വേണ്ടി ഗാനം ഉള്‍ പ്പെടുത്താമെന്ന്‌ ഒരു വാദം നിലവിലുണ്ട്‌.

 

പക്ഷെ, പാട്ടുപാടി ജാഥ നയിക്കുന്ന കഥാനായകന്മാരെ എവിടെയാണ്‌ കാണാന്‍ കഴിയുക? എന്റെ കഥാപാത്രങ്ങള്‍ പാട്ടുകാരല്ല; അതുകൊണ്ട്‌ എന്റെ ചിത്രത്തില്‍ ഗാനത്തിന്റെ ആവശ്യമില്ലായെന്ന്‌ വാദിക്കുന്ന ചലച്ചിത്രകാരന്മാരുമുണ്ട്‌. എല്ലാ ചിത്രങ്ങളിലും പാട്ടുകാരായ കഥാപാത്രങ്ങള്‍ ഉണ്ടാകില്ലെന്നിരിക്കെ, ഗാനത്തിന്റെ ആവശ്യമില്ലാ യെന്നതിനോട്‌ യോജിക്കുവാന്‍ പ്രയാസമാണ്‌. കഥയുടെ പശ്ചാത്തലവും കഥാപാത്രത്തിന്റെ മാനസികാവസ്ഥയും, ഗാനത്തിന്റെ അനുപേക്ഷണീയതയെ ഖണ്‌ഡിക്കുന്നില്ലെങ്കില്‍ ഗാനമാകാം. ഗാനത്തിനു നേരെ പ്രേക്ഷകന്റെ പ്രതികരണമെന്താണ്‌? ഗാനത്തിനുവേണ്ടി ഗാനമുള്‍പ്പെടുത്തു ന്നതും ഇപ്പോള്‍ ഗാനം കേള്‍ക്കാം എന്ന പ്രതീതിയുളവാക്കുന്ന തരത്തില്‍ ഗാനപശ്ചാത്തലം സൃഷ്‌ടിക്കുന്നതും വിപരീത ഫലമാണുളവാക്കുന്നത്‌. തിയേറ്റര്‍ വിട്ട്‌ പുറത്തുപോയി സ്വകാര്യ ആവശ്യങ്ങള്‍ നിറവേറ്റിക്കൊണ്ടാണ്‌ ഇത്തരം സന്ദര്‍ഭങ്ങളോട്‌ കാണികള്‍ പ്രതികരിക്കുന്നത്‌.

 

സംഗീതവുമായി കൈകോര്‍ത്തു പിടിച്ചെത്തുന്ന ഗാനത്തിന്റെ ഹൃദയ ദ്രവീകരണശക്തിയെ വികലമായ ആവിഷ്‌കരണത്തിലൂടെ ചോര്‍ത്തിക്കളയുന്നവര്‍ക്ക്‌ ശങ്കരാഭരണം ഒരു പാഠമായെങ്കി ലെന്ന്‌ ആശിച്ചു പോകുന്നു. അടുത്തകാലത്തായി ഇറങ്ങുന്ന സിനിമകളും അതിന്റെ സംഗീത നൃത്ത ആവിഷ്‌ക്കരണങ്ങളെല്ലാം പരമ ദയനീയങ്ങളാണ്‌. യാതൊരു നിബന്ധനയും സിറ്റുവേഷ നുമില്ലാതെ വിവിധ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ യാതൊരു അര്‍ത്ഥവും സംഗീത വുമില്ലാതെ ഒരു കൂട്ട തുള്ളലും കോലാഹലവും നിറഞ്ഞ ഗാനങ്ങള്‍ കുത്തിതിരുകിയ സിനിമകള്‍ പുതുജനറേഷനായാലും കൊള്ളാം എല്ലാം പ്രേക്ഷകര്‍ തള്ളിക്കളയുന്നു. അവയെല്ലാം തികഞ്ഞ പരാജയമായി തീരുന്നു. സൂപ്പറുകളുടേയും നടീനടന്മാരുടേയും ഇംഗിതത്തിനു മാത്രം സ്ഥാനം നല്‍കി സൃഷ്‌ടിക്കുന്ന ഗാനചിത്രീകരണമെന്ന കൂട്ട ഉറഞ്ഞുതുള്ളല്‍ തികഞ്ഞ പരാജയമായി തീരുന്നുവെന്ന്‌ സംഗീത വിദഗ്‌ദര്‍ വിശ്വസിക്കുന്നു. ഇന്ന്‌ പലപ്പോഴും സിനിമയിലെ സൂപ്പര്‍ അഭിനേതാക്കളുടെ അഭീഷ്‌ട പ്രകാരം ഗാനങ്ങളും നൃത്തങ്ങളും ചിട്ടപ്പെടുത്തി വരുന്നു. അവരുടെ പൊള്ളയായ മഹത്വവും വീരശൂര പരാക്രമങ്ങളും മഹത്തീകരിക്കാന്‍ തികച്ചും അശാസ്‌ത്രീയമായ ഗാനചിത്രീകരണങ്ങളാകും അവയെല്ലാം. അതിനാല്‍ തന്നെ പൊളിയുന്ന എത്ര സിനിമകളാണിന്ന്‌ പടച്ചു വിടുന്നത്‌.

 

നായക നായികക്കൊ പ്പം ഒരു വലിയ ഗാനനൃത്തതിരയുടെ കോലാഹലം, കോളിളക്കം തന്നെ ഇന്നത്തെ സിനിമകളില്‍ ദര്‍ശിക്കാം. കുറച്ച്‌ ലാലാ.. യും ലലാ.. യും, ഹായ്‌-ഹായ്‌യും ഒട്ടിപ്പിടി.. പറ്റിപ്പിടി.. കുലു..കുലൂ... കുലുക്ക്‌...കൈയ്യടി...കാലടി...മേലടി...തല്ലിപ്പൊളി..... തട്ടിപ്പൊളി....തുടങ്ങിയ പദങ്ങള്‍ സ്ഥാനത്തും അസ്ഥാനത്തും തിരികി കേറ്റിയ തട്ടുപൊളിപ്പന്‍ ഗാനങ്ങള്‍ക്കൊപ്പം ലാലിസ രീതിയില്‍ ചുണ്ടനക്കി ശരീരത്തിലെ വിവിധ ഭാഗങ്ങള്‍ അനക്കി കുലുക്കി കോപ്രായങ്ങള്‍ കാട്ടിയാല്‍ അത്‌ യഥാര്‍ത്ഥത്തിലുള്ള ആസ്വാദകര്‍ സ്വീകരിക്കുന്ന സിനിമാ ഗാനങ്ങളൊ സിനിമാ നൃത്തങ്ങളൊ ആകണമെന്നില്ല. അതൊരു പോപ്പ്‌ മ്യൂസിക്കു പോലുമാകാതെ കോപ്പ്‌ മ്യൂസിക്ക്‌ എന്നു പറഞ്ഞ്‌ ആസ്വാദകര്‍ തള്ളിക്കളഞ്ഞതിന്റെ എത്രയെത്ര ഉദാഹരണങ്ങളാണ്‌ നമ്മുടെ മുമ്പിലുള്ളത്‌. എന്നാല്‍ അര്‍ത്ഥ സമ്പുഷ്‌ടവും ഹൃദയഹാരിയുമായ ധാരാളം പഴയകാല സിനിമാ ഗാനങ്ങള്‍ പഴയ തലമുറ സിനിമാ ഗാനാസ്വാദകരെ പോലെ തന്നെ പുതിയ കാല ആസ്വാദകരായ ഇളമക്കാരും ഇന്നും നെഞ്ചിലേറ്റുന്നു.

 

`ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌' എന്ന പേരില്‍ അവയെല്ലാം വരും തലമുറകളുടെ പോലും ഹൃദയരാഗങ്ങളായി തന്നെ നിലനില്‍ക്കും എന്ന കാര്യത്തില്‍ സംശയമില്ല. എങ്ങനെയാണ്‌ ഒരു ഗാനം സിനിമയില്‍ എത്തേണ്ടത്‌ അല്ലെങ്കില്‍ ഉല്‍ഭവിക്കേണ്ടത്‌? അതിന്‌ പല മാര്‍ക്ഷങ്ങളുണ്ടാകാം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതില്‍ ഏറ്റവും ഫലവത്തായി കാണുന്ന മാര്‍ക്ഷത്തെപറ്റി ചിന്തിക്കാം. സംഗീത സംവിധായകരുടെ മനസ്സില്‍ പാട്ടു ജനിക്കുന്നു. അതിന്‌ മജ്ജയും മാംസവും നല്‍കി അംഗലാവണ്യമേകുന്നത്‌ ഗാനരചയിതാക്കളാണ്‌. സൗണ്ട്‌ എന്‍ജിനീയര്‍ വര്‍ണ്ണശബളമായ പട്ടുസാരി അണിയിക്കുന്നു. സിനിമാ സംവിധായകന്‍ കണ്ണെഴുതി പൊട്ടു തൊട്ട്‌ സര്‍വാംഗ സുന്ദരിയാക്കുന്നു. അതിനിടയില്‍ സൂപ്പര്‍ നായികാ നായകന്മാരുടെ അവിഹിതമായ ഇടപെടല്‍ പാടില്ല. എത്ര ഇടിവീരന്മാരും ചോക്ലേറ്റ്‌ ചുംബന വീരന്മാരും മദാലസകളായ നടികളായാലും ശരി സംഗീത സംവിധാന കലയില്‍ ഇടപെട്ട്‌ അതിനെ വെടക്കാക്കാതിരിക്കുന്നതാകും ഭംഗി. സംഗീതം, അത്‌ സിനിമാ നൃത്തഗാനമായാലും ശരി നമുക്കെപ്പോഴും സ്വരരാഗസുധയും, ഗാനാമൃതവര്‍ഷവും, രാഗങ്ങളില്‍ നിന്ന്‌ കടഞ്ഞെടുത്ത മധുരാമൃതവും ഒക്കെയാണ്‌. സംഗീതോപകരണങ്ങളില്‍ നിന്നും ഗായികാഗായകരുടെ തൊണ്ടയില്‍ നിന്നും മുഴങ്ങുന്നത്‌ നാദബ്രഹ്മമാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.