You are Here : Home / എഴുത്തുപുര

ആറടി മണ്ണിന്റെ അവകാശികള്‍

Text Size  

Story Dated: Wednesday, September 09, 2015 11:11 hrs UTC

 
“എനിക്ക് ജാതിയില്ല, മതമില്ല” എന്ന് ഉറക്കെ പ്രഖ്യാപിച്ച വിശ്വമാനവികതയുടെ മഹാപ്രവാചകനായ ശ്രീനാരായണഗുരുവിന്റെ 161-ാം ജന്മദിനം ലോകമെമ്പാടും ആഘോഷിച്ചപ്പോള്‍, ജാതി തിരിച്ചുള്ള സെന്‍സസുമായി നവമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ പൊടിപൊടിക്കുകയായിരുന്നു. കേരളത്തില്‍ 1.8 കോടി ഹിന്ദുക്കള്‍, 88 ലക്ഷം മുസ്ലീങ്ങള്‍, 61 ലക്ഷം കൃസ്ത്യാനികള്‍. രാജ്യത്ത് ജനസംഖ്യയുടെ 79.8 ശതമാനം ഹിന്ദുക്കള്‍ 14.2 ശതമാനം മുസ്ലീങ്ങള്‍, 2.3 ശതമാനം കൃസ്ത്യാനികള്‍…അങ്ങനെ പോകുന്നു കണക്കുകള്‍.
 
ഈ രാജ്യത്ത് ഒരു നേരത്തെ അന്നത്തിന് വകയില്ലാത്ത പാവങ്ങളുടെ കണക്കില്ല. 
പട്ടിണികൊണ്ട് മരിക്കുന്ന കുഞ്ഞുങ്ങളുടെ കണക്കില്ല. വീടില്ലാത്തവന്റെയും തുണിയില്ലാത്തവന്റെയും തൊഴിലില്ലാത്തവന്റെയും കണക്കില്ല. എന്നാല്‍ ഇവിടെ ഹിന്ദുവിന്റെ കണക്കുവേണം. മുസ്ലീമിന്റെ കണക്കുവേണം. കൃസ്ത്യാനിയുടെ കണക്കുവേണം. ഒരു സംശയം ,നമ്മുടെ രാജ്യത്ത് ഹിന്ദുവും മുസ്ലീമും കൃസ്ത്യാനിയും മാത്രമേയുള്ളൂ? ഇന്ത്യക്കാരില്ലേ ഇവിടെ ? ഈ കണക്കെടുപ്പുകാരെ നമുക്ക് ക്ഷണിക്കാം അവശരുടെ ആശാകേന്ദ്രങ്ങളായ ആശുപത്രികളിലേക്ക്….
 
ആതുരാലയങ്ങളാണ് ഇവിടെ ആരാധനാലയങ്ങള്‍…മുസല്‍മാനും ഹിന്ദുവിനും ക്രൈസ്തവനും ഒരു പോലെ പ്രവേശിക്കാവുന്ന ആരാധാനാലയം. രക്തം വേണ്ടവന് ഹിന്ദുവിന്റെയൊ മുസ്ലീമിന്റെയൊ കൃസ്ത്യാനിയുടെയൊ എന്‌ന വേര്‍തിരിവില്ല. മുസല്‍മാന്റെ വൃക്കയെന്നോ ഹിന്ദുവിന്റെ ഹൃദയമെന്നോ വ്യത്യാസമില്ല. എല്ലാവരും തുല്യര്‍. പാവപ്പെട്ടവനും പണക്കാരനും ഇവിടെ നല്‍കുന്നത് ഒരേ പ്രസാദമാണ് -മരുന്നുകള്‍. പരസ്പരം വെട്ടി രക്തം വാര്‍ന്ന് ഇടയെത്തുന്ന രാഷ്ട്രീയക്കാര്‍ക്കും വര്‍ഗ്ഗീയ-ഭീകരവാദികള്‍ക്കും കയറ്റുന്നത് ഒരേ നിറമുള്ള രക്തമാണ്. ഇവിടെ കല്ലില്‍ കടഞ്ഞെടുത്ത വിഗ്രഹങ്ങളില്ല. പൂര്‍വ്വികരുടെ തിരുശേഷിപ്പുകളില്ല. രൂപക്കൂടുകളിലെ നിശ്ചലദൃശ്യങ്ങളില്ല. ചുണ്ടില്‍ പുഞ്ചിരിയുമായി ശുഭ്രവസ്ത്രമണിഞ്ഞ ദൈവത്തിന്റെ പ്രതിനിധികള്‍ മാത്രം. മനസ്സില്‍ തൊട്ട് മനുഷ്യര്‍ ദൈവത്തെ വിളിക്കുന്നത് ഈ ആരാധാനാലയങ്ങളില്‍ വെച്ചാണ്. 
 
മുകളിലെ ലേബര്‍ റൂമില്‍ ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ അടിയിലെ മോര്‍ച്ചറിയില്‍  ഒരാളുടെ മൃതദേഹമെത്തന്നു. ദൈവത്തിന് ഏറ്റവും കൂടുതല്‍ പണിയുള്ളതും ഇവിടെയാണ്.
നിറഞ്ഞ ആശങ്കകളോടെയാണ് നാം 21-ാം നൂറ്റാണ്ടിന്റെ വാതില്‍പ്പടികളില്‍ നില്‍ക്കുന്നത്. ധാര്‍മ്മികമൂല്യങ്ങള്‍ വെന്തെരിയുന്ന ശവപ്പറമ്പിലൂടെ എല്ലാം വെട്ടിപ്പിടിക്കാന്‍ നാം നെട്ടോട്ടമോടുകയാണ്. ഭക്ഷണം കഴിക്കുന്നതിന് നമുക്ക് സമയമില്ല. കുട്ടികളെ നോക്കുന്നതിന് സമയമില്ല. കുടുംബത്തിലുള്ളവരെ പരസ്പരം കാണുന്നതിന് വരെ സമയമില്ല. എല്ലാം വെട്ടിപ്പിടിച്ച അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ വിലാപയാത്രയില്‍ തന്റെ ഇരുകൈകളും ശവപ്പെട്ടിയുടെ പുറത്തായിരുന്നു. അദ്ദേഹം ഒന്നും ഇവിടെനിന്ന് കൊണ്ടുപോകുന്നില്ല എന്ന് കാണിക്കാന്‍ വേണ്ടി.
നെല്‍സണ്‍ ബങ്കര്‍ എന്ന അമേരിക്കക്കാരന്‍ 1970-ലെ ലോകസമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു. അന്ന് അദ്ദേഹത്തിന്റെ ആസ്തി 1600 കോടി ഡോളര്‍, 80 ലക്ഷം ഏക്കര്‍ എണ്ണപ്പാടങ്ങള്‍, 1000 പന്തയക്കുതിരകള്‍, ഈ വര്‍ഷം വെറും ദരിദ്രനായി ഒരു വൃദ്ധസദനത്തില്‍ അദ്ദേഹം മരിച്ചു.
 
വിശ്വപ്രശസ്തനായ റഷ്യന്‍ സാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയിയുടെ ഒരു ചെറുകഥയാണ്-How much land does a man need? ഒരാള്‍ക്ക് എത്ര ഭൂമി വേണം. കഥയിതാ ചുരുക്കത്തില്‍:
 
ഒരിക്കല്‍ ഒരു ലാന്റ് ലോര്‍ഡ് അദ്ദേഹത്തിന്റെ കുറെ ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചു. ഭൂമി വാങ്ങാന്‍ ചെന്നവരുടെ കൂട്ടത്തില്‍ 'പഹാം' എന്ന് പേരുള്ള കടക്കെണിയില്‍പ്പെട്ട് ദരിദ്രനായ ഒരു കൃഷിക്കാരനും ഉണ്ടായിരുന്നു.  വ്യവസ്ഥ വളരെ ലഘുവാണ്. സൂര്യോദയം മുതല്‍ സൂര്യാസ്തമനം വരെ എത്രമാത്രം ഒരാള്‍ നടക്കുന്നുവോ അത്രയും ഭൂമി അയാള്‍ക്ക് സ്വന്തമാക്കാം. വില ആയിരം റൂബിള്‍ മാത്രം. 
 
സൂര്യാസ്തമനത്തിന് മുമ്പ് നടന്ന് തുടങ്ങിയ സ്ഥാനത്ത് തിരിച്ചെത്തിയിരിക്കണം എന്നും വ്യവസ്ഥയിലുണ്ട്. നമ്മുടെ കഥാനായകന്‍ 'പഹാ'മിന് വ്യവസ്ഥ വളരെ ഇഷ്ടപ്പെട്ടു. കിട്ടാന്‍ പോകുന്ന ഭൂമിയെക്കുറിച്ച് അവന്‍ മനക്കോട്ട കെട്ടി. അവിടെ മുഴുവനും കൃഷി ചെയ്യണം. കിട്ടുന്ന ആദായം കൊണ്ട് വലിയ വീട് പണിയണം, കുട്ടികളെ പട്ടണത്തിലെ വലിയ സ്‌കൂളുകളില്‍ വിട്ട് പഠിപ്പിക്കണം, ഭാര്യക്ക് വിലപിടിപ്പുള്ള ആഭരണങ്ങളും വസ്ത്രങ്ങലും വാങ്ങണം. 
 
അങ്ങനെ, അങ്ങനെ....കൃത്യസ്ഥാനത്തുനിന്നും പുലര്‍ച്ചെ പഹാം നടപ്പ് ആരംഭിച്ചു. പതുക്കെ നടന്നാല്‍ കുറച്ച് സ്ഥലം മാത്രമേ കിട്ടുകയുള്ളൂ എന്നതുകൊണ്ട് വേഗത്തില്‍ നടക്കുകയും പിന്നീട് ഓടുകയും ചെയ്തു. കുറെക്കഴിഞ്ഞപ്പോള്‍ 'പഹാ'മിന് വിശപ്പും ദാഹവും തുടങ്ങി. ഭക്ഷണം കഴിക്കുവാനും വെള്ളം കുടിക്കുവാനും നിന്നാല്‍ അത്രയും സമയം പോകുമല്ലൊ എന്ന് കരുതി അയാള്‍ വിശപ്പും ദാഹവും വകവെയ്ക്കാതെ ഓടുകയായിരുന്നു. അങ്ങനെ കുറെ അധികം സ്ഥലം പിന്നിട്ടു. അപ്പോഴാണ് പഹാം ആകാശത്തേക്ക് നോക്കിയത്. സൂര്യന്‍ പടിഞ്ഞാറ് അസ്തമിക്കാന്‍ അധികസമയമില്ല. അസ്തമിക്കുന്നതിന് മുമ്പ് തുടങ്ങിയ സ്ഥലത്ത് തിരിച്ചെത്തുകയും വേണം. അയാള്‍ വേഗത്തില്‍ തിരിച്ചടി. 
 
പക്ഷെ, അധികം ഓടന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. വിശപ്പും ദാഹവും അയാളെ അവശനാക്കിയിരുന്നു. എന്നാലും വേഗത്തില്‍ നടന്നു. പിന്നെ നടപ്പ് പതുക്കെ ആയി. പിന്നെ തളര്‍ന്ന് വീണു. വീണിടത്തുനിന്നും ലക്ഷ്യസ്ഥാനത്തെത്താന്‍ ഇഴയാന്‍ തുടങ്ങി. പിന്നെ ഇഴയാനും കഴിഞ്ഞില്ല. പകുതി ദൂരം ഇനിയും കിടക്കുന്നു. ലക്ഷ്യസ്ഥാനത്ത് എത്താതെ പഹാം അവിടെ കിടന്ന് മരിച്ചു. വൈകീട്ട് ലാന്റ് ലോര്‍ഡ് വന്ന് കാര്യസ്ഥനോട് ചോദിച്ചു: “ഇയാള്‍ക്ക് എത്ര ഭൂമി കിട്ടി?” കാര്യസ്ഥന്‍ മറുപടി നല്‍കി “ അയാള്‍ കിടക്കുന്ന ആറടി മണ്ണ് മാത്രം”
 
 
ജാതിയുടെയും മതത്തിന്റെയും കണക്കു പുസ്തകങ്ങളെഴുതുന്ന, ആകാശവും ഭൂമിയും വെട്ടിപ്പിടിക്കാന്‍ പടവാളെടുക്കുന്ന നാമെല്ലാം ആറടി മണ്ണിന്റെ മാത്രം അവകാശികളായ ഓരോ പഹാമാണെന്ന് തിരിച്ചറിഞ്ഞാല്‍, സമത്വസുന്ദരമായ ഒരു സ്വര്‍ഗ്ഗരാജ്യം ഈ ഭൂമിയില്‍ പണിതെടുക്കാന്‍ നമുക്ക് സാധിക്കും. സാധിക്കണം !

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.