You are Here : Home / എഴുത്തുപുര

ഹരിതവിപ്ലവം

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Saturday, November 09, 2013 01:43 hrs UTC

വെണ്ടയ്‌ക്കാ, പാവയ്‌ക്കാ, പടവലങ്ങാ, പച്ചമുളക്‌, വഴുതനങ്ങാ, കുമ്പളങ്ങാ ഇവയെല്ലാം പച്ചക്കറികളാണ്‌. പച്ചക്കറികള്‍ നമ്മുടെ ആരോഗ്യത്തിനു നല്ലതാണ്‌. ഇവയെല്ലാം അമേരിക്കയിലെ നമ്മുടെ വീട്ടുവളപ്പില്‍ ചുരുങ്ങിയ രണ്ടുമൂന്നുമാസത്തെ വേനല്‍ക്കാലത്തിനിടയില്‍ നട്ടുവളര്‍ത്തി വിളവ്‌ എടുക്കാം എന്നുള്ളത്‌ ഒരു മഹത്തായ സംഭവമാകുന്നു. ഒരു ഫ്രീസറുണ്ടെങ്കില്‍ അടുത്ത വേനല്‍ക്കാലം വരെ നമ്മള്‍ക്കാവശ്യമുള്ള പച്ചക്കറികള്‍ നമ്മുടെ കസ്റ്റഡില്‍ സൂക്ഷിക്കാം. ഇങ്ങനെ പലരും ഒറ്റയ്‌ക്കും സംഘവുമായി പല സ്ഥലത്തുവെച്ചും പറയുന്നതു കേട്ടുകൊണ്ടാണ്‌ കാര്‍ഷിക മേഖലയിലേക്കു ഞാന്‍ കാലെടുത്തുവെച്ചത്‌ പണ്ടു ബാലജനസംഖ്യാംഗമായിരുന്ന കാലത്ത്‌ ശങ്കരച്ചേട്ടനോടൊപ്പം "ഓണത്തിന്‌ ഒരു പറനെല്ല്‌ " എന്ന പദ്ധതി പരീക്ഷിച്ചു നോക്കി. പരാജയമടഞ്ഞതിനു ശേഷം ഈ രംഗത്തുനിന്നും ഞാന്‍ പിന്‍മാറിയതായിരുന്നു.

 

അടുത്ത കാലത്തായി ടെലിവിഷനില്‍ വരുന്ന ഹരിതകേരളം കാര്‍ഷികരംഗം തുടങ്ങിയ പരിപാടികള്‍ കാണുമ്പോള്‍, ഈ പ്രവാസജീവിതം മതിയാക്കി, അടുത്ത വിമാനത്തില്‍ കയറി പിറന്ന നാട്ടില്‍ ചെന്ന്‌, ഒരു കൊച്ചു വീടുവെച്ച്‌, ചുറ്റും കുളം തോണ്ടി, അതില്‍ ആമ്പല്‍പ്പൂക്കള്‍ വിരിയിച്ച്‌, കരിമീന്‍ വളര്‍ത്തി, കൂട്ടത്തില്‍ മൂന്നുനാലു കന്നുകാലികളെയും മേയിച്ച്‌, ഓടക്കുഴലുമായി, ഒരു കൊച്ചുകൃഷ്‌ണനായി ജീവിക്കുവാന്‍ കൊതിയാവാറുണ്ട്‌. കൊക്കോ, ഓര്‍ക്കിഡ്‌, വാനില, കുടമുല്ലപ്പൂ തുടങ്ങിയ ആദായവിളകള്‍, തൊടിയില്‍ ഒരു കൊച്ചു വാഴത്തോപ്പും കുറച്ചു തെങ്ങിന്‍ തൈകളും. ആ പച്ചിലമേട്ടില്‍ അന്തിയുറങ്ങാന്‍ എന്തു രസമായിരിക്കും. കൂട്ടത്തില്‍ കോഴികള്‍ ഉണ്ടെങ്കില്‍, ആ കൂട്ടത്തില്‍ മറ്റൊരു കോഴിയായി നമ്മുക്കും വിലസാം. അക്കരെ ഇക്കരെ നിന്നാല്‍ ആശ തീരുകയില്ലല്ലോ! അതുകൊണ്ട്‌ ഇക്കരെ നിന്നു കൊണ്ട്‌ ആശ ഭാഗീകമായി തീര്‍ക്കുവാന്‍ തീരുമാനിച്ചു. മണ്ണില്‍ പൊന്നു വിളയിക്കാന്‍ തീരുമാനിച്ചുകൊണ്ട്‌ മാര്‍ച്ചുമാസം വന്നു ചേര്‍ന്നപ്പോഴേ ഞാന്‍ മണ്ണില്‍ കാലുകുത്തി. നല്ല ഒന്നാന്തരം പുല്ലും പൂക്കളും നട്ടുവളര്‍ത്തിയിരുന്ന ബാക്ക്‌യാര്‍ഡ്‌ ഞാന്‍ കൃഷിക്കുവേണ്ടി അച്യൂതാനന്ദന്‍ മോഡലില്‍ വെട്ടിനിരത്തി. ഇവനേതു ഇറക്കുകാരനാടാ? എന്ന ഭാവത്തില്‍ ദരിദ്രവാസിയായ അയല്‍വാസി സായിപ്പ്‌ പലതവണ എന്നെ തുറിച്ചു നോക്കി. ആ നോട്ടം അര്‍ഹിക്കുന്ന അവഗണനയോടെ ഞാന്‍ പുഛിച്ചു തള്ളി.

 

അമേരിക്കന്‍ കൂന്താലി, മണ്‍വെട്ടി, കമ്പിപ്പാര, മുതലായ മണ്ണുതുരപ്പന്‍ സാമഗ്രികളെല്ലാം കൂടിനൂറു ഡോളറോളമായി. മണ്ണിട്ടളകിയതു കൊണ്ടുമാത്രം കാര്യമായില്ല. മണ്ണിനു വളം വേണം. ചാണകപ്പൊടി, എല്ലുപൊടി, പൊട്ടാഷ്യം തുടങ്ങിക വിളകള്‍ ചാക്കുകണക്കിനു മറിച്ചു. അപ്പോഴാണ്‌ ഈര്‍പ്പം നിലനില്‍ക്കണമെങ്കില്‍ പിറ്റ്‌മോസ്‌ എന്നൊരു സാധനം കൂടി വാങ്ങിച്ചു തട്ടണമെന്ന്‌ വെള്ളയാണിക്കാരനായ എന്റെ ഒരു സുഹൃത്ത്‌ ഉപദേശിച്ചത്‌. പീറ്റ്‌ മോസ്‌ എങ്കില്‍ പീറ്റ്‌ മോസ്‌. നുകത്തിന്മേല്‍ വെച്ച കൈ പിന്നോട്ട്‌ എടുക്കുന്ന പ്രശ്‌നമുദിക്കുന്നില്ല. വേണ്ട പച്ചക്കറികളുടെയെല്ലാം വിത്തുകള്‍ ഓരോ സ്ഥലങ്ങളില്‍ നിന്നും സംഘടിപ്പിച്ചു പാകി. എവിടെ തകരാറു പറ്റിയെന്നറിയില്ല, ഒരെണ്ണം പോലും മുളച്ചില്ല. വിത്തു തന്ന സുഹൃത്തുക്കളെത്തന്നെ വീണ്ടും ശരണം പ്രാപിച്ച്‌ തൈകള്‍ വാങ്ങി. അങ്ങനെ വളവും, വെള്ളവും, വെളിച്ചവും നല്‍കി. ഈ പച്ചക്കറിക്കുഞ്ഞുങ്ങളെ ഞാന്‍ സംരക്ഷിച്ചു. ഇതിനിടെ പാവലിനും, പന്തലിനും ഓരെ പന്തലും ഫിറ്റു ചെയ്‌തു. ഏതായാലും ചിലവ്‌. എന്നാല്‍ പിന്നെ ഈ പച്ചക്കറികള്‍ കേടുകൂടാതെ സൂക്ഷിക്കുവാന്‍ ഒരു ഫ്രീസറും കൂടി വാങ്‌ഹിച്ചേക്കാമെന്നു കരുതി. ഫ്രെഷ്‌ വെജിറ്റബിളിനുനോ ഫ്രോസ്റ്റ്‌ ഫ്രീസര്‍. വെജിറ്റബിള്‍ ഇനത്തില്‍ ക്രഡിറ്റ്‌ കാര്‍ഡിലെ കടം ആയിരം കവിയുന്നു. കടം വളരുന്നു. പക്ഷേ എന്തുകൊണ്ടോ ചെടികള്‍ വളരുന്നില്ല.

 

അതിനിടെ ചില സുഹൃത്തുക്കള്‍ ചില വിടല്‍സ്‌ വിടുന്നുമുണ്ട്‌. ഞങ്ങള്‍ പാവയ്‌ക്കാ പറിച്ചു കഴിഞ്ഞു. ചീര കാടുപോലെ വളരുന്നതുകൊണ്ടു കുറേ വെറുതേ വെട്ടിക്കളഞ്ഞു എന്നു മറ്റുള്ള ബഡായി ഇതിനിടയില്‍ ആദ്യഫലം. പള്ളിയില്‍ കൊണ്ടുവന്നു ലേലം ചെയ്‌ത്‌ ചില കര്‍ഷക ഭക്തന്മാര്‍ ഒന്നു ഷൈന്‍ ചെയ്‌തു. ഈയുള്ളവന്റെ പടവലത്തില്‍ ഒരു പൂപോലും പൂക്കാത്ത മനപ്രയാസത്തിന്റെ പിന്‍വാതിലിലൂടെ പള്ളിയിലേക്കു ചെല്ലുമ്പോഴാണ്‌ ഒരാള്‍പ്പൊക്കത്തിലുള്ള പടവലങ്ങയുമായി പരമദ്രോഹികള്‍, മുന്‍വാതിലിലൂടെ എഴുന്നള്ളുന്നത്‌. അല്ലേലും നിങ്ങളു പടവലം നട്ടാല്‍ വളരാന്‍ പോകുന്നില്ല. എന്തോ ഗൂഢാര്‍ത്ഥം വെച്ച്‌ ഭാര്യ എന്റെ പടവലത്തിനെ പരിഹസിച്ചു.

 

എന്റെ മനപ്രയാസം കണ്ട്‌ മനസലിഞ്ഞ ഒരാള്‍ ഒരറ്റ കൈ പറഞ്ഞു തന്നു. മിറക്കില്‍ ഗ്രോ എന്നൊരു ഉഗ്രന്‍ സാധനം അവനെയൊന്നു തളിച്ചാല്‍ ഇവനങ്ങു വളരും പോല്‍ .വയാഗ്രാ വൃദ്ധന്മാര്‍ക്കും ചെയ്യുന്ന അതേ ഗുണം. മിറക്കില്‍ ഗ്രോ എന്ന അത്ഭുത വളം, വഴുതനങ്ങാ, വെണ്ടയ്‌ക്കാ, പടവലങ്ങാ മുതലായ പച്ചക്കറികള്‍ക്കു ചെയ്യുമത്രേ. അങ്ങിനെയെങ്കില്‍ അങ്ങിനെ ഒരു സ്‌പൂണ്‍ ഇടണമെന്നു പറഞ്ഞിടത്ത്‌ മൂന്നുംനാലും സ്‌പൂണ്‍ വീതം തട്ടി. ഇനി ഇടംവലം നോക്കിയിട്ടു കാര്യമില്ല. അങ്ങിനെ ചെടി അത്ഭുതകരമായി പടര്‍ന്നു പന്തലിക്കുന്നതു കാണുവാന്‍ ഞാന്‍ കാത്തിരുന്നു. മൂന്നാംപക്കം ചെടികളുടെ ഇലകള്‍ പഴുക്കുവാന്‍ തുടങ്ങി. നാലാംപക്കം തണ്ടിലേക്കു രോഗം ബാധിച്ചു. അഞ്ചാംപക്കം എന്റെ ചെടികള്‍ മണ്ണിലേക്കു തന്നെ മടങ്ങി. "ആയിരം ഡോളര്‍" അതുണ്ടായിരുന്നെങ്കില്‍ ആ ജീവനാന്തം കാബേജ്‌ വാങ്ങിച്ചു കഴിക്കാമായിരുന്നു. ഒരു കൊറിയന്റെ കച്ചവടമനസുണ്ടായിരുന്നെങ്കില്‍, ഒരു പച്ചക്കറി കട തന്നെ തുടങ്ങാമായിരുന്നു. കടക്കെണി മൂലം ആത്മഹത്യ ചെയ്യുന്ന കേരള കര്‍ഷകന്റെ പ്രശ്‌നം ഇപ്പോള്‍ എനിയ്‌ക്കു ശരിക്കും മനസിലാകുന്നുണ്ട്‌. ഉറക്കത്തില്‍ ഈയിടെയായി ഞാന്‍ ഒരു പേടിസ്വപ്‌നം കാണാറുണ്ട്‌ - ഒരു വലിയ ഫ്രീസര്‍ എന്നെ നോക്കി ചിരിക്കുന്ന സ്വപ്‌നം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.