You are Here : Home / എഴുത്തുപുര

കൊച്ചമ്മേ ... പുതുവത്സരാശംസകൾ!...

Text Size  

Story Dated: Wednesday, January 08, 2014 02:12 hrs UTC

തോമ്മാച്ചൻ തമാശപ്പറന്പിൽ

 

 

കൊച്ചമ്മേ ... പുതുവത്സരാശംസകൾ!...

 
അല്ല! നീ പിന്നേം വന്നോ ?
 
എന്നാ ചെയ്യാനാ എന്റെ കൊച്ചമ്മേ, പുതുവൽസരമായിട്ടു ഒന്ന് പുറത്തിറങ്ങാൻ പോലും പറ്റുന്നില്ല. എല്ലാവരും എന്റെ ചരിത്രം അന്വേഷിച്ചു നടക്കുവാ. ഇവർക്കൊന്നും വേറെ പണിയൊന്നുമില്ലേ? എന്നാ പറയാനാ കൊച്ചമ്മേ, ഇപ്പോളാണ് പണ്ട് എന്റെ അമേരിക്കൻ കൊച്ചമ്മേടെ കൂടെയുള്ള ജീവിതത്തിന്റെ സുഖം മനസ്സിലായത്‌. 
 
അതിന് നിനക്കെന്നാ?, 'ഗജകേസരി യോഗമാണെന്നല്ലേ നീ പറഞ്ഞത്'?
 
കൊച്ചമ്മേ ഞാനും അങ്ങനെയാണ് ഓർത്തത്‌. ഞങ്ങൾ കള്ളപ്പറന്പിൽക്കാരെ കള്ളം പറയാൻ ആരെങ്കിലും പഠിപ്പിക്കണോ? പക്ഷേ കൊച്ചമ്മേ ഇപ്പോൾ അമേരിക്കൻ ചിലവിലുള്ള കള്ളം പഠിത്തം എനിക്ക് മടുത്തു. നമ്മൾക്കൊന്നും ഇത്രയും കള്ളം പറഞ്ഞു നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. അവർ അവരുടെ ആവശ്യം കഴിഞ്ഞ് എന്നേയും മക്കളേയും തെരുവിൽ തള്ളൂമെന്നാണ് എനിക്ക് തോന്നുന്നത്.
 
"അതെന്നാടീ ഇപ്പോൾ അങ്ങനെ തോന്നാൻ ഒരു കാര്യം?"
 
കൊച്ചമ്മേ ഒരു കള്ളനല്ലേ വേറൊരു കള്ളന്റെ മനസ്സ് അറിയാൻ പറ്റു? നിങ്ങളൊക്കെ വെറും ശുദ്ധഗതിക്കാരായതിന്നാൽ, ഞാൻ പറയുന്നത് ഒട്ടും പിടി കിട്ടത്തില്ല.
 
നീ അങ്ങനെ അങ്ങ് എന്നേ കൊച്ചാക്കാതെ. ഞാനും കള്ളം ഒക്കെ പറഞ്ഞിട്ടുണ്ട്. പണ്ട് സ്കൂളിൽ നിന്ന് വരുന്പോൾ ആ സൌദാമിനിയുടെ മാർക്ക് ഞാനാ തിരുത്തി കൊടുത്തത്. പിന്നേ കല്യാണത്തിന് മുൻപ് ചാക്കോച്ചനെ കെട്ടാൻ, ഞാൻ ഒരു MA ക്കാരിയാണെന്ന് പറഞ്ഞു. ഇതൊക്കെ ആര് നോക്കാനാണ്, അത് കൊണ്ട് നീ മാത്രമേ.... കളവു പറയാൻ പഠിച്ചിട്ടുള്ളൂ എന്നൊന്നും അഹങ്കരിക്കരുത്.
 
കൊച്ചമ്മേ ഇതതൊന്നുമല്ല
 
പിന്നെ?
 
കൊച്ചമ്മേ അതല്ലേ കാര്യം, ഇപ്പം എനിക്കും ഒരു പിടിയുമില്ല ഇത് എവിടെക്കൊണ്ട്‌ തീരുമെന്ന്.
 
കൊച്ചമ്മേ അമേരിക്കയിൽ അമേരിക്കക്കാരറിയാതെ ഒരു ഈച്ച പോലും കടക്കത്തില്ല. പിന്നെ ഇത്രയൂം അനധികൃത കുടിയേറ്റക്കാരെങ്ങനെ വന്നെന്നാ പറയുന്നത്?
 
അത് ആ മെക്സിക്കൊയിൽ നിന്നും മറ്റും വരുന്നതല്ലേ?
 
ഭൂരിഭാഗം അവരാണ്, പക്ഷെ നമ്മുടെ ആൾക്കാരും അത്ര മോശമൊന്നുമല്ല. ഇവരൊക്കെ വള്ളത്തിലും നടന്നും ഒന്നും വന്നവരല്ല, മിക്കവരും നേരെ മാർഗത്തിൽ വന്നിട്ട് എന്നെപ്പോലെ മുങ്ങിയവരാണ്. ഞാനും ആ "ഒരു കോടി" ജനത്തിൽ ഒരാളാകാൻ മാത്രമേ ആഗ്രഹിചൊള്ളൂ, ഇപ്പോൾ എന്നെ പിടിച്ച് ജയിലിലിട്ട പോലെയായി കൊച്ചമ്മേ.....
 
അതിനു നീ എന്തിനാ വിഷമിക്കുന്നത് ? അമേരിക്കക്കാരല്ലേ നിന്റെ കാര്യം നോക്കുന്നത്?
 
കൊച്ചമ്മേ, ഈ കട്ടു തിന്നുന്നത് പോലെയാണോ കാശുകൊടുത്ത് തിന്നുന്നത്? ആർക്കാ അവനവന്റെ ഇഷ്ടമില്ലാത്തത് കഴിക്കാൻ ഇഷ്ടം?
 
ഞങ്ങൾക്കും ചില നിലയും വിലയുമൊക്കെ  ഉണ്ടേ, അത് കളഞ്ഞൊന്നും എന്നേ കിട്ടില്ല.
 
എടീ പിന്നെ നിന്റെ കൊച്ചമ്മേ നഗ്ന പരിശോധന നടത്തിയെന്നും അതിന്റെ വീഡിയോ എടുത്തെന്നുമോക്കെ കേട്ടല്ലോ, നേരാണോ?
 
ആ.. എനിക്കൊന്നും അറിയില്ല, ആ മേരിക്കൊച്ചമ്മ പറഞ്ഞില്ലേ ഇതൊന്നും അമേരിക്കക്കാര് ചെയ്യില്ല എന്ന്? ഇപ്പോളും അമേരിക്കയെ വെറും ബൂർഷ്വാ രാജ്യമായി കാണുന്ന ആളുകളാണ് ഇതൊക്കെ പ്രചരിപ്പിക്കുന്നത്. പിന്നെ അവർ ചിലതൊക്കെ എടുക്കും, എടുക്കണമല്ലോ അല്ലേൽ ഇവരൊക്കെ കോടതിയിൽ വേറെ വല്ലതും ഒക്കെ ചെയ്തു എന്ന് പറഞ്ഞ് പരാതി കൊടുത്താൽ അവരെന്തു ചെയ്യും? കൊച്ചമ്മേ അമേരിക്കയിലെ ജയിലും പരിസരവും എല്ലാം വീഡിയോ നിരീക്ഷണത്തില്ലാണെന്നുള്ളത് ഒരു കൊച്ചു കുട്ടിക്ക് പോലും അറിയാവുന്ന കാര്യമല്ലേ? പിന്നെ അതിൽ ഇത്ര കുഴപ്പമെന്താണ്?
 
അല്ല അതൊക്കെ നമ്മുടെ സ്വകാര്യ വ്യക്തി സ്വാതന്ത്രിയത്തിലുള്ള കടന്ന് കയറ്റമല്ലേ?
 
കൊച്ചമ്മേ, ഒരിക്കൽ ജയിലിൽ വന്നു പെട്ടാൽ പിന്നെ അവരുടെ നിയമമാണ്. ആര് ചോദിക്കാനാ, എതിർത്താൽ അവർ തങ്ങളുടെ കൃത്യ വിലോപത്തിനു വിഘാതം നിന്നുവെന്നു പറഞ്ഞു കൂടുതൽ കേസ് ചാർത്തും. ചുരിക്കി പറഞ്ഞാൽ അധികം ആള് കളിക്കാതെ തടിയൂരിയാൽ മാനമെങ്കിലും കാണും 
 
കൊച്ചമ്മേ ആ ഇല്ലിനോയിൽ ഉള്ള ഒരു അമേരിക്കക്കാരി സ്ത്രീയോട് കാണിച്ച വൃത്തികേട്‌ അമേരിക്കയിലെ പമുഖ പത്രങ്ങൾ ഒക്കെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  ഇതൊക്കെ വെറും 'ഒറ്റപ്പെട്ട സംഭവം' ആണെന്ന് പറഞ്ഞ് തടി തപ്പുകയല്ലാതെ എന്ത് ചെയ്യാൻ. ഇനി എന്റെ കൊച്ചമ്മെയും അങ്ങനെ ചെയ്തോ എന്ന് അറിയണമെങ്കിൽ അവർ വിവരാവകാശ നിയമ പ്രകാരം പരാതി കൊടുത്ത് പകർപ്പ്‌ വാങ്ങണം പക്ഷേ വിവരാവകാശ പ്രകാരം എന്തെങ്കിലും കിട്ടണമെങ്കിൽ അമേരിക്കൻ പൗരൻ ആയിരിക്കണം. കൊച്ചമ്മേടെ കാര്യത്തിൽ അതും നടക്കുമെന്ന് തോന്നുന്നില്ല. 
 
കൊച്ചേ! നീ തീക്കൊള്ളി കൊണ്ടാണല്ലോടീ പുറം ചൊറിയുന്നത് ?
 
ചൊറിയണം എന്ന് വച്ചതല്ല കൊച്ചമ്മേ, പക്ഷെ ഒരിക്കൽ ചൊറിഞ്ഞു തുടങ്ങിയാൽ പിന്നെ പെട്ടന്നൊന്നും നിർത്താനും പറ്റില്ല. 
 
നിന്റെ സർദാർജി വക്കീലിനു കുഴപ്പം വല്ലോം വരുവോടീ?
 
ഒന്നും പറയാൻ പറ്റില്ല കൊച്ചമ്മേ, അങ്ങേരും ഇത്രയും ഒന്നും പ്രതീക്ഷിച്ചില്ല. ഇത് അങ്ങ് മേരി കൊച്ചമ്മേടെ വകുപ്പിൽ നിന്നാ തുടങ്ങിയതെന്നാ കേൾക്കുന്നത്. നമ്മടെ സർദാർജി വെറും ഒരു ചെറിയ 'തീറ്റ' മാത്രം. മേരി കൊച്ചമ്മേടെ വകുപ്പുകാർക്കു പ്രതീക്ഷിച്ച ഗുണം ഒന്നും ഈ ഇന്ത്യാക്കാര് ചെയ്യുന്നില്ല. അതിന്റെ ഒരു കലിപ്പും ഇല്ലാതില്ലെന്നു പറയാതിരിക്കാൻ മേല.
 
എടീ അതിച്ചിര കടന്ന കൈയ്യായി പോയല്ലോടീ... 
 
കൊച്ചമ്മേ ആരും കേക്കണ്ട, ഇപ്പോൾ പാചക വാതകത്തിന് നിങ്ങൾ എന്നാ വിലയാ കൊടുക്കുന്നത്?
 
എന്റെടീ അതൊന്നും പറയണ്ട. ഈ മൻമോഹൻ സർക്കാര് ആകെ 9 സിലിണ്ടറേ ഇപ്പോൾ തരത്തോള്ളൂ, അതും ഇപ്പോൾ 1350/- രൂപയും പിന്നെ ആ മീർത്തി ഗാസ് കാരന് 200 രൂപ കൈക്കൂലിയും കൊടുക്കണം.
 
5 വർഷത്തിനു മുൻപ് എന്തായിരുന്നു വില ?
 
290/- രൂപ 
 
പത്തു വർഷത്തെ കണക്കോ കൊച്ചമ്മേ?
1987 - ₹57.6 
1991 - ₹ 67.90
1994 - ₹ 93.05
1996 - ₹ 119.95
1997 - ₹ 136.00
1999 - ₹ 146.00
2000 - ₹ 196.55
2002 - ₹ 240.45
2004 - ₹ 261.60
2008 ₹ 346.30
2009 ₹ 279.70
2013 ₹ 1,320/-
 
അയ്യോടീ ഇത് കൊടും ചതിയാണല്ലോ  ഇതെങ്ങനെയാ ഇങ്ങനെ കൂടിയത് 
 
കൊച്ചമ്മേ അതല്ലേ വേറെ ചിലതൊക്കെ ചീഞ്ഞു നാറുന്നോണ്ടെന്നു ഞാൻ പറഞ്ഞത് ?
 
കൊച്ചമ്മേ 2008 ൽ നമ്മൾ അമേരിക്കയുമായി 123 കരാര് എന്ന് വിളിക്കുന്ന നുക്ലിയർ കരാര് ഉണ്ടാക്കി. അത് മുതൽ ഇന്ത്യയിൽ ഇനി നൂറു കണക്കിന് ആണവോർജ നിലയം ഉണ്ടാകും എന്ന് പറഞ്ഞ്, ഈ സായിപ്പന്മ്മാര് പൈസാ ഇറക്കി കളിച്ചു. നമ്മൾ കൂടംകുളം നിലയത്തിന് വിഘാതം വരാതിരിക്കാനാണ്  ഈ കരാര് ഒപ്പിട്ടതെന്ന് അമേരിക്കക്കാര് പിന്നെയാണ് അറിഞ്ഞത്.  അത് ചതിയായിരുന്നെന്നാ ഇപ്പോൾ അവര് പറയുന്നത്. കൂടംകുളത്തെ പരിസ്ഥിതി വിഷയവും ലഹളയും അവരുടെ മോഹങ്ങൾക്ക് വീണ്ടും വിഘാതമായി. പിന്നെ ഇന്ത്യയിൽ കൂടുതൽ കുഴിച്ചെടുക്കുന്നത് പ്രകൃതി വാതകമാണ്, പിന്നെ എങ്ങനെ പാചക വാതകത്തിന് വില കൂടും?
 
അതാ എനിക്കും പറഞ്ഞാൽ മനസ്സിലാകാത്ത കാര്യം 
 
കൊച്ചമ്മേ 10 ആണവ നിലയത്തിന് വേണ്ടിയ ഇന്ധനത്തിന് ഒരു 100 വർഷത്തെ കരാർ എഴുതിക്കേ, എല്ലാ പ്രശ്നവും തീരും.
 
എന്റെ പെണ്ണേ നിനക്കിതെല്ലാം എവിടുന്നു കിട്ടി?
 
അതല്ലേ കൊച്ചമ്മേ, ഒരു കള്ളനേ വേറൊരു കള്ളന്റെ മനസ്സറിയാൻ കഴിയൂ എന്ന് ഞാൻ പറഞ്ഞത്. 
 
പിന്നെയും കൊച്ചമ്മേ ഇന്ത്യക്കാര് പാര പണിതു
 
എന്നാ പാര പണിതെന്നാ നീ പറയുന്നത്?
 
കൊച്ചമ്മേ ആണവോർജ നിലയം എന്ന ആശ കൊടുത്തിട്ട് ഇന്ത്യാക്കാര് ചെയ്തതെന്നതാണെന്നോ? സഹിക്കുകേല കൊച്ചമ്മേ 
 
ഇന്ത്യക്കാര് ഇറാനുമായി പൈപ്പ് വഴി പ്രകൃതി വാതകം കൊണ്ടുവരാൻ ശ്രമിച്ചു. അമേരിക്ക വലിയ സാന്പത്തിക പ്രതിസന്ധി നേരിടുന്ന നേരത്ത്, ഈ പണി പറ്റിക്കാൻ നോക്കി. അതും ബദ്ധ ശത്രുക്കളായ പാക്കിസ്ഥാൻ വഴി! ഇന്ത്യയെ ലോക സുരക്ഷയുടെ പേര് പറഞ്ഞും, ആണവോർജ കരാർ പൊട്ടിക്കുമെന്നും പേടിപ്പിച്ച് ആ പദ്ധതിയിൽ നിന്നും പിന്മാറ്റി. പേര് പുറത്ത് പറഞ്ഞതോ? അത് വളരെ ചിലവുള്ള പദ്ധതിയാണ്, തന്ത്ര പരമായി ഇന്ത്യക്ക് ആ പദ്ധതി ഗുണം ചെയ്യില്ലയെന്ന്. ഇന്ത്യക്കാർ അത് സമ്മതിച്ചു. പാക്കിസ്ഥാൻ ഇറാനുമായി വാതക പൈപ്പ് ലൈൻ ഇടുകയും ചെയ്തു 2014 ൽ, ഈ പദ്ധതി തീരുമെന്നാണ് പാക്കിസ്ഥാൻ പറയുന്നത്. ചരിത്രം പരിശോധിക്കാൻഇവിടെ ക്ലിക്ക് ചെയ്യുക 
 
കൊച്ചമ്മേ ആ പദ്ധതി അമേരിക്കക്കാര് പാര വച്ചില്ലായിരുന്നെങ്കിൽ ഇന്ത്യയിലെ ഓരോ വീടിനും പകുതി ചിലവിൽ പാചക വാതകം കൊടുക്കാൻ പറ്റിയെനെ. അതാ കൊച്ചമ്മേ അമേരിക്കക്കാര്! അവർക്കിട്ടു പാര പണിതിട്ട് ആരെയും അവർ വെറുതേ വിടില്ല. 
 
ഇന്ത്യ എന്നിട്ടും വിട്ടുകൊടുത്തില്ല അവിടുത്തെ നയതന്ത്രഞ്ഞർ പുതിയ പദ്ധതി മെനഞ്ഞു, പാക്കിസ്ഥാനെ ഒഴിവാക്കി കടലിൽ കൂടെ (ഡീപ് സീ ) പൈപ്പ് ലൈൻ ഇന്ത്യ ആലോചിച്ചു. ഇറാനിൽ നിന്ന്. അത് അമേരിക്കക്കാരെ കൂടുതൽ ചൊടിപ്പിച്ചു. 
 
ഇതൊന്നും എന്നിട്ട് ആരും പറഞ്ഞു പോലും കേൾക്കുന്നില്ലല്ലോ കൊച്ചേ?
 
കൊച്ചമ്മേ ഇതൊക്കെയാ അമേരിക്കയെ ചൊടിപ്പിക്കുന്നത് അല്ലാതെ എന്നെപ്പോലൊരു ആളുടെ പീറ വിസായോന്നും അവർക്ക് കാര്യമേയല്ല.  
 
അമേരിക്കയും ഇന്ത്യയും എന്റെയോ കൊച്ചമ്മെടെയോ കാര്യമാണോ തലപുകഞ്ഞ് ആലോചിച്ചികൊണ്ടിരിക്കുന്നതെന്നാണോ കൊച്ചമ്മ വിചാരിച്ചേ?
 
കൊച്ചമ്മേ ആ ഡീപ് സീ പൈപ്പ് ലൈൻ ഒന്ന് ഉപേക്ഷിച്ചേ, അമേരിക്കക്കാര് എന്നെയും കൂടെ ആ അത്ലാന്റിക്കിൽ എറിയും. ഇന്ത്യ എന്റെ പേരിൽ ഇനിയും മണ്ടത്തരം ഒന്നും കാണിക്കാതിരുന്നാൽ മതിയായിരുന്നു.
 
എന്നിട്ട് ആ ജസ്റ്റീസ് പിള്ളാര്‌ പോലും ഇതേപ്പറ്റിയോന്നും  പറഞ്ഞ് പോലും കേട്ടില്ല. അത് ഇച്ചിര കടന്ന കൈയ്യായി പോയി. 
 
കൊച്ചമ്മേ അവരെ ഞാൻ എന്റെ കാര്യത്തിൽ ഉടക്കി നിർത്തിയിരിക്കുവാ, അവരുടെ ശ്രദ്ധ ഇത്തരം കാര്യങ്ങളിൽ വന്നാൽ വലിയ പ്രശ്നമാ കൊച്ചമ്മേ.
 
ആ ആനന്ദ്‌ ജോണിന്റെ കേസ് ആർക്കും വേണ്ടാതെ കിടന്നതാ, അവരതു കുത്തിപ്പൊക്കി ആരുടെയൊക്കെ ഉറക്കം കെടുത്തിയെന്നോ. അവര് ഇതൊന്നും ശ്രദ്ധിക്കാതിരിക്കാൻ ഞാൻ എന്നും ആ അടിമാലിപ്പള്ളിയിൽ നിന്ന് കിട്ടിയ അത്ഭുത കൊന്ത വച്ച് 100 വട്ടം പ്രാർത്ഥിക്കുന്നുണ്ട് കൊച്ചമ്മേ. കള്ളന്മാരുടെ പ്രാർത്ഥന കേൾക്കുന്ന ദൈവമാണെന്നാ അപ്പൻ പറഞ്ഞു കേട്ടിരിക്കുന്നത് (ക്രൂശിൽ കിടന്നപ്പോൾ യേശു കൂടെ തൂക്കിയിരുന്ന കള്ളന്റെ പ്രാർത്ഥന കേട്ടപോലെ) 
 
എന്റെ കുഞ്ഞേ ഇതൊക്കെ നീ പറഞ്ഞില്ലെങ്കിൽ ഞാൻ അറിയില്ലായിരുന്നല്ലോ
 
ങ്ഹാ.. കൊച്ചമ്മ ഇതൊന്നും ആരോടും പറയണ്ട. ആരും ഇതൊന്നും വിശ്വസിക്കുകയില്ല (വിശ്വസിക്കരുത് ... എന്റെ ഭാവിയെ കരുതി) 
 
കൊച്ചമ്മേ വേറെ ഒത്തിരി കഥകൾ പറയാനുണ്ട്, എല്ലാം കൂടെ ഒരുമിച്ച് പറഞ്ഞാൽ കൊച്ചമ്മേടെ തല പൊട്ടിപ്പോകും. 
 
അതെല്ലാം അടുത്ത ആഴ്ച സമയം കിട്ടിയാൽ പറയാം.
 
നന്ദി മോളെ, നീ സൂക്ഷിക്കണം. ഈ രഹസ്യമെല്ലാം നീ പരസ്യമാക്കിയാൽ നീയും കുഞ്ഞുങ്ങളും വഴിയാധാരമാകും.
 
അതോർത്തു കൊച്ചമ്മ പേടിക്കേണ്ട, ഞങ്ങൾ എത്തി ചേർന്നിരിക്കുന്നത് അമേരിക്കയിലെ കള്ളൻമാരുടെ ഗുഹയിലാണ് കൊച്ചമ്മേ. അവിടെ ഞങ്ങൾക്ക് ദൈവം തുണയുമായാൽ, പിന്നെ ആരെ പേടിക്കാനാണ്?
 
തൽക്കാലം നിർത്തട്ടെ 
 
(തുടരും)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.