You are Here : Home / എഴുത്തുപുര

പ്രവാചകര്‍ മറന്നത്‌

Text Size  

Story Dated: Monday, January 13, 2014 12:10 hrs UTC

 
 

അതിനുശേഷം
അബ്രഹാവിനോട്‌ പറഞ്ഞു:
തലമുറ പെരുകിപ്പരക്കട്ടെ-
കന്യാകുമാരിയിലെ
തിരകള്‍ പുണരുന്ന
നിറമണല്‍ത്തരികള്‍പ്പോലെ.

ഖനിയിലെ അരിക്കലില്‍
സൂര്യപ്രകാശത്തെ
കബളിപ്പിക്കും
ഭൂഖണ്‌ഡങ്ങളില്‍
അവരെ
കുടിയേറ്റും.

ഒരേ മുന്തിരിക്കുലയില്‍
നിറഭേദങ്ങളുടെ ആത്മരതി
ഇരുണ്ട ചവര്‍പ്പായും
ചുവന്ന കോപമായും
വിളര്‍ത്ത ശ്വേതമായും
മഞ്ഞമഷിത്തണ്ടായും
അസൂയയുടെ പച്ചപ്പായും
നെരിപ്പോടില്‍ കരിയുന്ന
കലവറയിലെ ഭോജ്യമായും
അപക്വചിഹ്‌നം പെരുക്കും
രുധിരനിഴലായും
ഏകരസച്ചൊല്‍ക്കാഴ്‌ച
വാക്കിലെ കലര്‍പ്പാക്കും.

പൊടിച്ചരച്ചു
തീര്‍ത്ഥത്തില്‍ ചാലിച്ച്‌
ആചാര്യമദ്യത്തില്‍ കലക്കി
സുരപാനപാത്രം
കാലിയാക്കിലും,
നിത്യമന്ത്രഹൃദിസ്ഥത
ഉദരം പിളര്‍ന്നു
ദേവയോനി പൂകാന്‍
ജനിതക ചുറ്റുകോണീ-
പ്പടവില്‍പ്പതുങ്ങി
പടച്ചട്ടയിലെ നെഞ്ച്‌
ആത്മചൈതന്യസത്താം
സ്വത്തുവിഭജനം തേടും.

കുടിയിരുപ്പുസ്വപ്‌നം
യോഗാര്‍ദ്രമാക്കാന്‍
റെജിസ്‌ട്രാഫീസ്സില്‍
കിമ്പളപുളിശേരി
കോളാമ്പിയില്‍ വിളമ്പി
സര്‍പ്പവരിയില്‍ ഊഴംകാക്കും!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.