You are Here : Home / എഴുത്തുപുര

പ്രേമവും കാമവും പിന്നെ സ്‌നേഹവും

Text Size  

Story Dated: Sunday, January 19, 2014 01:35 hrs UTC

 
 

കാമത്തിനാണ്‌ കണ്ണില്ലാത്തത്‌
പടുകുഴിയും
നീര്‍ച്ചുഴിയും
തിരിക്കുഴിയും
തിരിയാത്ത
അന്ധവായന:
നാളും പേരും ഓര്‍മ്മയില്ല-
നാളു നാരങ്ങ, പേരു പേരയ്‌ക്ക;
വീടും കുടിയും ചോദ്യമില്ല
വിടനോ കുടിയനോയെന്നു
തിരിച്ചറിയല്‍ പരേഡില്ല.

ഉഡുപ്പിയിലെ കാമത്തിനു
കണ്ണില്ലെന്നു വിടുവായിടവെ,
കണ്ണടയ്‌ക്കാതയാള്‍
കണ്ണാടി കാണാതെ
മൂന്നാം നാള്‍ കണ്ണടവെച്ചു.

കാമാത്തിപ്പുരത്തിന്റെ
സ്ഥലനാമ പുരാണം
ഉറവിടശ്ശങ്കയില്ലാതെ
സാംസ്‌കാരിക ചര്‍ച്ചയായ്‌
വേദികളില്‍ വിഷയം.

ഭാഷാശാസ്‌ത്രവിചാരം
സ്‌മാര്‍ത്തസ്‌മൃതിയില്‍
വീട്ടുവിചാരമില്ലാതുറങ്ങവെ,
മുന്‍ബെഞ്ചില്‍ കുണിങ്ങ്യോളുടെ
അതിലോല കാതിലോല
ഒപ്പുകടലാസില്‍ കാമമെന്യേ
അനന്യ ചിത്രമെഴുത്തുകലയില്‍
നമുക്കു പ്രേമത്തെ വീണ്ടും
വിചാരണ ചെയ്യാം.

പ്രേമമൊരു പ്രതലശാസ്‌ത്രവിഷയം;
വസ്‌ത്രത്തിലെ പുളിയും
മൂക്കിന്‍പാല ശൈശവ-
സ്റ്റിച്ചിന്‍ വടുവും
ഗാഥ,ഗീതിക, ഖണ്‌ഡകാവ്യ
വൃത്തഭംഗമില്ലാ പദസപര്യയില്‍
മഹാകാവ്യ സര്‍ഗ്ഗം തികഞ്ഞ
കാമമില്ലാ പ്രേമലേഖനം.

ചന്ദ്രതലം കാച്ചിയ പപ്പടക്കളങ്കം
ഭൂമിയില്‍ അപ്പോളോയയച്ച
ഗജനെറ്റിപ്പട്ടപ്പാറപ്പോളകള്‍:
എങ്കിലും പഴമ്പാട്ടു തുടര്‍ക്കഥ:
`ചന്ദ്രനെപ്പോലെ നിന്മുഖം'.

അതുകൊണ്ടാണേ,
അധുനാത സരസസങ്കല്‍പം
ചമ്പുമണിപ്രവാളങ്ങളില്‍
പ്രഘോഷിക്കുന്നത്‌:
പ്രേമം, ഉപരിതലസ്‌പര്‍ശ്യം:
കാമം, ആഴവും താഴ്‌ചയും തേടും
അചിന്ത്യ പാഠ്യപദ്ധതി.

കാമവെറി പൂണ്ടോനും
പ്രേമകുറി തീണ്ട്യോളും
ഒത്തുകല്യാണത്തിന്‌
ഒത്താശ ചെയ്യും
അപഭ്രംശ ചീറ്റല്‍പ്പൊട്ടലില്‍
കഥയറിയാതെ നടുങ്ങവെ,
നൂതനഭാഷയില്‍
പഴങ്കുപ്പിയിലൊഴിച്ച
തിരുകോടതീന്യായവിധി
ആഴ്‌ചവട്ട പ്രഭാഷണമാക്കും:
പ്രേമവും കാമവും തോന്നുന്നോന്‍
പ്രേമവും കാമവും തോന്നുന്നോളെ
കെട്ടിപ്പിടിച്ചു
പുരാണശിലയില്‍
സ്‌നേഹമസൃണമാ-
യുമ്മവെച്ചു
പിടിച്ചുകെട്ടുക!


 
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.