You are Here : Home / എഴുത്തുപുര

അക്കരെ നിന്നൊരു മാരന്‍

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Sunday, February 02, 2014 01:12 hrs UTC


പ്രേമവിവാഹം, മിശ്രവിവാഹം, സ്വയംവരം, പുലിവാല്‍ കല്യാണം, കളിയല്ല കല്യാണം, കാക്കയ്‌ക്കും പൂച്ചയ്‌ക്കും കല്യാണം - അങ്ങിനെ വിവിധതരം വിവാഹസമ്പ്രദായങ്ങളെക്കുറിച്ച്‌ നമ്മള്‍ കേട്ടിട്ടുണ്ട്‌.
പഴയകാലത്ത്‌ നമ്മുടെ നാട്ടില്‍ കല്യാണത്തിന്‌ ചില പ്രത്യേക ചിട്ടവട്ടങ്ങളുണ്ടായിരുന്നു. പെണ്ണു പുര നിറഞ്ഞു നിന്നാല്‍പ്പിന്നെ, അമ്മയുടെ നെഞ്ചില്‍ ഉമിത്തീ നീറുകയായി. പുക ഉയരുന്നതു കണ്ട്‌, സ്ഥലത്തെ വിവാഹദല്ലാളു 70എം.എം വെടലച്ചിരിയുമായി രംഗപ്രവേശം ചെയ്യുന്നു. അനുരൂപനായ വരന്‍, അമ്മാച്ചന്മാരുടെ അകമ്പടിയോടെ മൊട്ടക്കാറില്‍ എഴുന്നെള്ളുന്നു. അകത്തു വറക്കേം പൊരിക്കേം ആരിയ്‌ക്കും. എന്ന്‌ ദല്ലാളിന്റെ സ്ഥിരം പല്ലവി.
നീലഭൃംഗാദി എണ്ണ പുരട്ടി, ചന്ദ്രിക സോപ്പു തേച്ചു കുളിച്ച്‌, കുട്ടിക്കൂറാ പൗഡര്‍ മുഖത്തു പൂശി, കസവുകരയുള്ള ദാവണി ചുറ്റി, മുടിയില്‍ മുല്ലപ്പൂവും ചൂടി, കൈയില്‍ ഒരു കപ്പുകാപ്പിയുമായി അവള്‍ മന്ദം മന്ദം പ്രവേശിക്കുന്നു. ശരിയ്‌ക്കു നോക്കിക്കോണം. പിന്നെ കണ്ടില്ലെന്നു പറയരുത്‌. എല്ലാവരോടുമായി ആരുടെയോ ഒരു കമന്റ്‌. അതിന്‌ അകമ്പടിയായി ഒരു ആര്‍ട്ടിഫിഷ്യല്‍ കൂട്ടച്ചിരി.
പെണ്ണിനും ചെറുക്കനും തമ്മില്‍ എന്തെങ്കിലും പറയാന്‍ കാണും. നമുക്കു കാപ്പി കുടിയ്‌ക്കാം. കാരണവരുടെ വക നിര്‍ദേശം.
ചെറുക്കനും പെണ്ണും ഒരു ഒഴിഞ്ഞ കോണിലേക്കു മാറുന്നു. നാണ ഭാരം കൊണ്ടു കുനിഞ്ഞ മുഖവുമായി പെണ്‍കുട്ടി വിറയാര്‍ന്ന ശബ്‌ദത്തില്‍ ചെറുക്കന്റെ ചോദ്യം. �റോസക്കുട്ടിയുടെ പേരെന്താ? റോസക്കുട്ടി - പതിഞ്ഞ സ്വരത്തില്‍ മറുപടി.
ചെറുക്കനും, പെണ്ണും തമ്മില്‍ ഇഷ്‌ടപ്പെട്ടു. ഇനി ബാക്കി ഇടപാടുകള്‍. സ്‌ത്രീധനം, സ്വര്‍ണം, സദ്യ, വിളിച്ചുചൊല്ല്‌.
വാനില്‍ നിന്നൊരു മകുടം. മണവാളന്റെയും മണവാട്ടിയുടെയും ശിരസില്‍ പുരോഹിതന്‍ അണിയിച്ചു കൊടുക്കുന്നു. താലികെട്ട്‌, മന്ത്രകോടി, വലതുകാല്‍വെച്ചകത്തു കയറിയിട്ട്‌ കച്ച കൊടുക്കല്‍. വിഭവസമൃദ്ധമായ സദ്യ - ഏമ്പക്കം വിടീല്‍ - കുറ്റം പറച്ചില്‍ - പഴയ ഒരു കല്യാണച്ചടങ്ങ്‌ ഇവിടെ ശുഭപര്യവസാനമാകുന്നു.

***
അമേരിക്കയില്‍ കഥ വേറെ. ആണും പെണ്ണും തമ്മില്‍ ഫാമിലി കോണ്‍ഫറന്‍സില്‍ വെച്ചു കാണുന്നു. ഇണങ്ങുന്നു. പിണങ്ങുന്നു. വീണ്ടും ഇണങ്ങുന്നു.
കുഞ്ഞാടുകള്‍ കൂട്ടംവിട്ട്‌ അലയാതിരിക്കുവാന്‍ വേണ്ടി എല്ലാ കൂട്ടര്‍ക്കും പ്രത്യേകം പ്രത്യേകം കുടുംബമേളകള്‍ ഉണ്ട്‌. എത്ര വിശാലമായ ക്രിസ്‌ത്യന്‍ മനസ്ഥിതി.
ബോയ്‌ഫ്രണ്ടും ഗേള്‍ഫ്രണ്ടും ഇന്റര്‍നെറ്റുവഴി ചാറ്റുന്നു. ചീറ്റുന്നു. സെല്ലിലൂടെ സൊള്ളുന്നു. വീട്ടുകാരറിഞ്ഞ്‌ ഒരു മൂവി. അറിയാതെ ഒരു ഡിന്നര്‍.
ഐ ലവ്‌ യു ഹണി എന്ന്‌ അവന്‍ പറയുന്നു
ഐ ലവ്‌ യു ടു എന്നവള്‍ മറുമൊഴി ചൊല്ലുന്നു. അതിനു ശേഷം ആഡംബരമായി ഒരു എന്‍ഗേജുമെന്റ്‌. വെഡ്ഡിംഗ്‌ റിംഗിന്റെ വിലയില്‍ അതില്‍ പതിപ്പിച്ചിരിക്കുന്ന ഡയമണ്ടിന്റെ തിളക്കത്തില്‍ കുടുംബത്തിന്റെ സ്റ്റാറ്റസ്‌ അളക്കപ്പെടുന്നു. അതുകഴിഞ്ഞ്‌ ആറുമാസം കഴിഞ്ഞാണ്‌ സാക്ഷാല്‍ റോയല്‍ വെഡ്ഡിംഗ്‌. ആഘോഷച്ചടങ്ങുകള്‍ എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും, ഒരു കല്യാണച്ചടങ്ങിനെ കുറിച്ചുള്ള പൊതുജനാഭിപ്രായം ഉരുത്തിരിയുന്നത്‌. കല്യാണം കഴിഞ്ഞാലുടന്‍, ആളുകളുടെ അഭിപ്രായ വോട്ടെടുപ്പിനൊന്നും കാത്തു നില്‍ക്കാതെ, ജസ്റ്റ്‌ മാര്യേഡ്‌ കപ്പിള്‍ ഹണിമൂണിനായി ഹവായിലേക്കു പറക്കുന്നു. സംഗതി ക്ലീന്‍.


* * *


ഇനി നമ്മുടെ വിഷയത്തിലേക്കു കടക്കാം. നിര്‍ബന്ധിത കല്യാണം. കൂടെ പഠിക്കുന്ന കറുമ്പന്‍ ചെറുക്കനുമായി പുന്നാരമകള്‍ക്ക്‌ പ്രണയം. അവനില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച്‌, കനോട്ട്‌ ഈവന്‍ തിങ്ക്‌ എബൗട്ട്‌ ഇറ്റ്‌  എന്ന്‌ ഒറ്റവാശി. അങ്കിളുമാരുടെ ന്യൂസ്‌ ഫ്‌ളാഷ്‌. (ദോഷം പറയരുതല്ലോ. പരദൂഷണം പറയുന്നതില്‍ സ്‌ത്രീകളാണു മുന്‍പില്‍ എന്നാണു പൊതുവേയുള്ള ധാരണയെങ്കിലും, അക്കാര്യത്തില്‍ അമേരിക്കയില്‍, മലയാളി അങ്കിളുമാരാണ്‌ ആന്റിമാരേക്കാള്‍ മുന്നില്‍. ഷോക്കടിപ്പിക്കുന്ന ഈ വാര്‍ത്ത അവസാനമാണു മമ്മിയും ഡാഡിയും അറിയുന്നത്‌. സര്‍വത്ര നാണക്കേട്‌. വീട്ടുകാരുടെയും നാട്ടുകാരുടെയും മുഖത്തങ്ങനെ നോക്കും? പള്ളിക്കാര്‌ എന്തു പറയും? സംഗതി അധികം പരക്കാതെ സോള്‍വ്‌ ചെയ്യുവാന്‍ പരിഹാരം ഒന്നേയുള്ളൂ. പിടിച്ച പിടിയാലെ പെണ്ണിനെ നാട്ടില്‍ കൊണ്ടുപോയി കല്യാണം കഴിപ്പിക്കുക.
സുന്ദരിയും സുശീലയും ചെറുപ്പംമുതലേ ക്രിസ്‌ത്യന്‍ വിശ്വാസങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുകയും, കേരളീയ രീതിയില്‍ വളര്‍ത്തുകയും കൊരച്ചു കൊരച്ചു മലയാളം സംസാരിക്കുകയും ചെയ്യുന്ന, അമേരിക്കന്‍ സിറ്റിസനായ യുവതിക്ക്‌ അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിച്ചു കൊള്ളുന്നു. മാട്രിമോണിയല്‍ കോളത്തില്‍ വലിയ അക്ഷരങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഈ പരസ്യത്തിലെ അമേരിക്ക എന്ന ഇരയില്‍ പലരും കൊത്തുന്നു. കൂട്ടത്തില്‍ കൊള്ളാവുന്ന ഒരു കോന്തനുമായി കല്യാണം ഉറപ്പിക്കുന്നു. കല്യാണ്‍ സില്‍ക്ക്‌സില്‍ നിന്നുള്ള കല്യാണ സാരിയും ഭീമാജ്വല്ലറിയില്‍ നിന്നുള്ള ഭീമന്‍ നെക്‌ലേസും, ഒരു ഫേഷ്യലും, മാനിക്യൂറും, പെഡിക്യൂറും കഴിഞ്ഞപ്പോള്‍ പെണ്‍കൊച്ചിനു പെരുത്ത സന്തോഷമായി. ആകപ്പാടെ ഒരു ഉല്‍സവപ്രതീതി. ഒരു തമാശിനുവേണ്ടി അവള്‍ കല്യാണത്തിനു കഴുത്തു നീട്ടിക്കൊടുക്കുന്നു. വിസായ്‌ക്കുവേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ട്‌ കുട്ടി, കുട്ടനെ തനിച്ചാക്കിയിട്ട്‌ തിരിച്ചു പറക്കുന്നു. ഡാഡിയും മമ്മിയും സമാധാനത്തോടെ നെടുവീര്‍പ്പിടുന്നു.
കാലം കടന്നു പോകുന്നു. അമേരിക്കന്‍ ലൈഫ്‌ സ്റ്റൈല്‍ പെണ്‍കൊച്ച്‌ റീ-ഇന്‍സ്റ്റേറ്റ്‌ ചെയ്യുന്നു. പയ്യന്‍സ്‌ വിസാ എന്ന വീരചരമചക്രം കൈക്കലാക്കി കടലു കടന്നെത്തുന്നു. ലാന്‍ഡ്‌ ചെയ്‌തു കഴിഞ്ഞപ്പോഴല്ലേ സംഗതിയുടെ കിടപ്പുവശം മനസിലാകുന്നത്‌. ആലുവ മണപ്പുറത്തു വെച്ചു കണ്ട പരിചയം പോലും പെണ്ണു കാണിക്കുന്നില്ല. ദേഹത്തെങ്ങാനും തൊട്ടുപോയാല്‍ നാടു കടത്തുമെന്നൊരു ഭീഷണിയും. മാനം കാക്കാന്‍ മൗനമായ ഒരു വിവാഹമോചനമല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ല.
***
ആണിനെയോ പെണ്ണിനെയോ അവര്‍ക്കിഷ്‌ടമില്ലാത്ത വരെകൊണ്ടു നിര്‍ബന്ധിച്ചു കല്യാണം കഴിപ്പിക്കരുത്‌. അവര്‍ പരസ്‌പരം സ്‌നേഹിച്ചു മനസിലാക്കിത്തന്നെ വിവാഹിതരാകട്ടെ. കുറഞ്ഞപക്ഷം വിവാഹജീവിതത്തില്‍ എന്തെങ്കിലും പാളിച്ച പറ്റിയാല്‍ അവര്‍ നമ്മളെ കുറ്റം പറയില്ലല്ലോ. വേണമെങ്കില്‍ ഒരു സമാധാനത്തിനുവേണ്ടി ഞാനന്നേ പറഞ്ഞതല്ലേ എന്നൊരു കുത്തുവാക്കും പറയാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.