You are Here : Home / എഴുത്തുപുര

നന്ദിപൂര്‍വ്വം അമേരിക്കയില്‍ നിന്ന്’

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Monday, June 17, 2013 07:34 hrs UTC

 

 

പറയുമ്പോള്‍ എല്ലാം പറയണമല്ലോ  ഇവിടെ അമേരിക്കയില്‍ നിന്നും ചില ‘ഷോ’കള്‍ പ്രൊഡ്യൂസു ചെയ്യുന്നുണ്ട്. ‘നന്ദിപൂര്‍വ്വം അമേരിക്കയില്‍ നിന്ന്’ എന്ന സംഗീതാഷ്ഠിതമായ ഒരു പരിപാടിയുണ്ട്. അതിലൂടെ നമ്മുടെ പല കുട്ടികള്‍ക്കും ടെലിവിഷന്‍ ലോകത്തിലേക്ക് ഒരു വാതില്‍ തുറന്നു കിട്ടിയിട്ടുണ്ട്. ഒരു സ്ഥിരം ഫോര്‍മാറ്റിലൂടെ കടന്നു പോകുന്നു ആ പരിപാടി. വൃത്തിയായി വസ്ത്രധാരണം ചെയ്ത ഒരു കുടുംബത്തെ സുന്ദരിയായ ഒരു പെണ്‍കുട്ടി ഇന്റര്‍വ്യൂ ചെയ്യുന്നു. മൈക്രോഫോണ്‍ അങ്ങോട്ടുമിങ്ങോട്ടും തട്ടികളിച്ചു കൊണ്ട് പെണ്‍കുട്ടി ചോദ്യങ്ങളിലേക്കു കടക്കുന്നു.

“ചേട്ടന്റെ പേറ് എന്താണ്?”

“എന്റെ പേര് മി. വളഞ്ഞവട്ടം.

”നല്ല പേറ്.

 

ശോലി എന്താണ്?

 “ഞാന്‍ എഞ്ചിനീയറാണ്.”

“ചോച്ചിയുടെ പേര് എന്താണ്?”

“ശോശാമ്മ”

“ശോശാമ്മ ശോച്ചിയുടെ ശോലി എന്താണ്?”

“ഞാന്‍ ആറെന്നാണ്.”

“മലയാളം ശിനുമാ പാട്ടു കേള്‍ക്കാറുണ്ടോ?” “ഞാന്‍ നോര്‍ത്ത് ഇന്ത്യയിലാണു പഠിച്ചത്.അതുകൊണ്ടു ഹിന്ദി പാട്ടുകള്‍ മാത്രമേ കേള്‍ക്കാറുള്ളൂ. മലയാളം പാട്ട് എനിക്കു പുഛമാണ്.”

“വെരി ഗുഡ്. ഓ. കെ. ശോട്ടന്‍ നാട്ടിലുള്ളവര്‍ക്കു വേണ്ടി ഒരു പാട്ടു ഡെഡിക്കേറ്റ് ചെയ്യാമോ?”

“അതിനെന്തൊ. “സുമംഗലീ  നീയോര്‍മ്മിക്കുമോ?” എന്നുള്ള പാട്ട്.

“ആരിക്കു വേണ്ടിയാണ് ഈ പാട്ടു ഡെഡിക്കേറ്റ് ചെയ്യുന്നത്?”

“നാട്ടിലുള്ള എന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഞങ്ങളുടെ അയല്‍ക്കാരായ ലീലചേച്ചിയ്ക്കും അവരുടെ മക്കള്‍ക്കും.”

“ഓ.കെ നാട്ടിലുള്ള ശോട്ടന്റെ എല്ലാവര്‍ക്കും വേണ്ടി ശുമംഗലി എന്ന പാട്ടു ഡെഡിക്കേറ്റു ചെയ്യുന്നു.”

“സ്നേഹേപൂര്‍വ്വം അമേരിക്കയില്‍ നിന്നും” എന്നുള്ള പരിപാടി നീണാള്‍ വാഴട്ടെ!

 

ഇത്രയും പറഞ്ഞപ്പോള്‍ പരസ്യങ്ങളെ ഒന്നു പരാമര്‍ശിച്ചില്ലെങ്കില്‍ പരസ്യക്കാര്‍ക്കു എന്തു തോന്നും?

കുട്ടികളുമായി നാട്ടില്‍പോകുന്നവര്‍ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണു വൃത്തിയുള്ള ടോയ് ലറ്റ്. ഇനി പേടിക്കണ്ട. ‘ഹാര്‍പ്പിക്’ എന്നൊരു സുനാമി ഇറങ്ങിയിട്ടുണ്ട്. നമ്മുടെ സീരിയലു വില്ലന്‍ നടന്‍, ഹാറ്റുമണിഞ്ഞ് ‘ഹാര്‍പ്പിക്കു’മായി ഒരു വീട്ടിലെത്തുന്നു. വര്‍ഷങ്ങളായി വൃത്തിയാക്കുവാന്‍ ശ്രമിച്ചിട്ട് വൃത്തിയാകാത്ത ആ വൃത്തികെട്ട ആ ടോയ് ലറ്റ് കാണിക്കുന്നു. “എനിക്കു സംശയമാണ്.” അകന്ന പല്ലുകള്‍ പുറത്തുകാട്ടി വിശാലമായി ചിരിച്ചുകൊണ്ട് ഗൃഹനായിക സംശയം പ്രകടിപ്പിക്കുന്നു. “സംശയിക്കേണ്ട- നമ്മുക്കു ഹാര്‍പിക് ഒഴിക്കാം” എന്നു സീരിയല്‍ നായകന് . ഹാര്‍പ്പിക് ഒഴിച്ച് ഒരു നിമിഷം കഴിഞ്ഞപ്പോള്‍, ക്ളാവു പിടിച്ച കോളാമ്പി പോലിരുന്ന ടോയിലറ്റ് ക്ളീന്‍ഷേവു ചെയ്ത നമ്മുടെ സീരിയല്‍ നടന്റെ മുഖം പോലെ ക്ളീന്‍! ഈ വൃത്തികെട്ട വീട്ടുകാരി ചാരം, ചകിരി, കാരം തുടങ്ങിയ പ്രാചീന ക്ളീനിന്ഗ് മെറ്റീരിയന്‍സിക്കുറിച്ച് കേട്ടിട്ടില്ല എന്നു തോന്നുന്നു.

വൃത്തിയുടെ കാര്യ പറഞ്ഞപ്പോഴാണു ഒരു ചെന്നൈ ചിന്ന, തലയിലൊരു കെട്ടുംകെട്ടി, പാചകം ചെയ്തുകൊണ്ടിരുന്ന ആഹാരത്തിലേക്കു ‘ഹാ - ച്യൂ’എന്നു തുമ്മുന്ന പരസ്യത്തിന്റെ കാര്യം ഓര്‍മ്മ വന്നത്. “എന്താ. ജലദോഷമാ?” എന്ന് അശരീരി. അവരുടെ അന്‍പാര്‍ന്ന കണവന്‍, ‘ജലദോഷമകറ്റാന്‍ വിക്സ് പുരട്ടൂ’എന്നവരെ  സ്നേഹേപൂര്‍വ്വം ശാസിക്കുന്നു. അവര്‍ വിക്സ് പുരട്ടുന്നു. ജലദോഷം പമ്പ കടക്കുന്നു. അണുക്കള്‍ നിറഞ്ഞ ആ സാമ്പാര്‍സാദം സ്വാദോടെ ആ പാണ്ടി കഴിക്കുന്നു.

 

ചോക്ളേറ്റിന്റെ ഒരു പരസ്യത്തില്‍ ഒരു യുവതി നടന്നു പോകുന്നു. ഒരു പയ്യന്‍ ചോക്ളേറ്റു വായിലിട്ടു കൊണ്ടു യുവതിയെ നോക്കി ‘അടിപൊളി പീസ് ’എന്നു കമന്റടിക്കുന്നു. സ്ത്രീപീഡനത്തിന്റെ ബാലപാഠം.

വേറൊരു മുതുക്കിതാരത്തിനു പീരിഡാണ്. ബാത്ത്റൂം സൌകര്യങ്ങളില്ലാത്ത രാജസ്ഥാന്‍ മരുഭൂമിയിലാണ് ഷൂട്ടിംഗ്. പക്ഷേ വിഷമിക്കാനൊന്നുമില്ല. മണിക്കൂറുകളോളം സംരക്ഷണം നല്‍കുന്ന ‘വിസ്പര്‍’സാനിറ്ററി നാപ്കിന്‍ അവരുടെ രക്ഷയ്ക്കുണ്ട്.

 

കേരള ടൂറിസത്തിന്റെ പരസ്യത്തില്‍ കഥകളി പഠിച്ച ഒരു മദാമ്മയാണ് ടൂറിസ്റുകളെ കേരളത്തിലേക്കു ക്ഷണിക്കുന്നത്. കോടിക്കണക്കിനു ജനങ്ങളുള്ള ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും ചൊവ്വുള്ള ഒന്നിനെ കിട്ടിയില്ലല്ലോ നമ്മുടെ ടൂറിസ്റുകള്‍ക്ക്. മേമ്പോടിയായി കോണകം കെട്ടി മുകളിലേക്കു വാളുമായി ചാടുന്ന ചില വടക്കന്‍ വീരഗാഥക്കാരെ ചേര്‍ത്തിട്ടുണ്ട്. കൊട്ടിയം മാര്‍ബിള്‍സിന്റെ പരസ്യത്തിുവേണ്ടി കോണ്‍സ്റിപ്പേഷന്‍ മുഖമുള്ള ഒരു കൌപീനധാരി വിരേചന പൊസിഷിനില്‍ ഇരിക്കുന്ന പടം ചേര്‍ക്കുന്നത് എന്തിനാണെന്ന് എത്ര ആലോചിട്ടും പിടി കിട്ടുന്നില്ല.

ഇനി ചില ഇന്‍സ്റന്റ് മിക്സിന്റെ പബ്ളിസിറ്റിയുമായി നമ്മുടെ പഴയകാല നായികമാരായ സീമാ, ജയഭാരതി, അംബിക, ശ്രീവിദ്യ തുടങ്ങിയവര്‍ രംഗത്തുണ്ട്. ദോശ, ഇഡ്ഡലി, പുട്ട് ഇതെല്ലാം ഞൊടിയിടയ്ക്കുള്ളില്‍ തയ്യാര്‍. ഈ പുട്ടിലെ കാര്‍ബോഹൈഡ്രേറ്റെല്ലാം ഈ താരങ്ങളുടെ പൃഷ്ഠഭാഗത്താണോ അടിഞ്ഞു കൂടുന്നതെന്ന് ഇവരുടെ പരസ്യം കാണുന്നവര്‍ക്കു സംശയം തോന്നിപ്പോകും.

 

കള്ളു കുടിയന്മാര്‍ക്കു കാതിനു അമൃതായി, കരളിനെ കാര്‍ന്നു തിന്നാതെ കാക്കുന്ന ‘കാമിലാരി’യുടെ പരസ്യം സന്തോഷദായകമാണ്. സുന്ദരിയായ ഭാര്യ. കോന്തന്‍ ഭര്‍ത്താവിാനോട് കൊച്ചിനെക്കൊണ്ടു പറയിക്കുകയാണ്. : “ഇനി ഇഷ്ടം പോലെ കുടിച്ചുകൊള്ളൂ. മമ്മിയുടെ കൈയില്‍ കാമിലാരി ഉണ്ടെന്ന്.”നോക്കണേ ഓരോരുത്തന്റെയൊക്കെ നല്ലകാലം.

കുതിരവട്ടം പപ്പു ഒരു സിനിമയില്‍ പറഞ്ഞ ഡയലോഗ് ഉദ്ധ  രിച്ചുകൊണ്ട് ഞാനിത് അവസാനിപ്പിക്കുന്നു : “മലയാളഭാഷേ നീയിത്ര ദരിദ്രമാണോ! ഇതൊക്കെ കാണുമ്പോള്‍ ഉളവാകുന്ന വികാരം പ്രകടിപ്പിക്കുവാന്‍ മതിയായ വാക്കുകള്‍ നിന്റെ നിഘണ്ടുവിലില്ലല്ലോ!”

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.