You are Here : Home / എഴുത്തുപുര

ആള്‍ക്കൂട്ടത്തില്‍ തനിയെ

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Sunday, February 16, 2014 02:00 hrs UTC


കെന്നടി എയര്‍പോര്‍ട്ടില്‍ വെച്ചാണു അമ്മച്ചിയെ ഞാനാദ്യമായി കാണുന്നത്‌. പേര്‌ അന്നമ്മ. കോഴഞ്ചേരിയിലാണു വീട്‌. നെടുമ്പാശേരി എയര്‍പോര്‍ട്ടുവരെ എന്റെ കൂട്ടത്തില്‍ ഉണ്ടാവും. അവിടെ ആളുവന്നു കൂട്ടിക്കൊണ്ടു പൊയ്‌ക്കൊള്ളും. ഫോം ഒക്കെ ഒന്നു ഫില്ലു ചെയ്യുവാന്‍ സഹായിച്ചാല്‍ മതി. ബാക്കി കാര്യങ്ങളെല്ലാം അമ്മച്ചി നോക്കിക്കൊള്ളും. ചിരപരിചിതനായ ഒരാളെപ്പോലെ, ആ അപരിചിതന്‍ അയാളുടെ അമ്മയെ എന്നെ ഏല്‌പിച്ചു സ്ഥലം വിട്ടു. എന്റെ യാത്രയും ഒറ്റയ്‌ക്കായിരുന്നതിനാല്‍, അവരെ ഒന്നു സഹായിക്കുവാന്‍ എനിക്കു ബുദ്ധിമുട്ടു തോന്നിയില്ല.


ന്യൂയോര്‍ക്ക്‌ - ദുബായ്‌ റൂട്ടിലെ നീണ്ട പതിനാലു മണിക്കൂര്‍ യാത്ര ഞങ്ങളെ പരിചയക്കാരാക്കി. മഴ പെയ്യുവാന്‍ വീര്‍പ്പുമുട്ടി നിന്ന കാര്‍മേഘം പോലെ, മനസിലടക്കി വെച്ചിരുന്ന നെടുവീര്‍പ്പുകളുടെ കെട്ട്‌ അവര്‍ അഴിച്ചു.ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നുള്ള പ്രയോഗം കേട്ടിട്ടുണ്ട്‌. എന്നാല്‍ ആള്‍ക്കൂട്ടത്തില്‍ അവഗണനയോടെ നിന്ദയും പരിഹാസവും ഏല്‍ക്കേണ്ടി വരുന്ന, നിശബ്‌ദമായ, നിസഹായരായ ഒരു ചെറിയ കൂട്ടത്തിന്റെ പ്രതിനിധിയായിരുന്നു അവര്‍.അമ്മച്ചി അമേരിക്കയില്‍ വന്നു ഞങ്ങളോടൊപ്പം താമസിക്കണമെന്നുള്ള മകന്റെ നിരന്തരമായ നിര്‍ബന്ധവും ആഗ്രഹവും മാനിക്കാതിരിക്കുവാനുള്ള മനസു വന്നില്ല. അല്ലെങ്കില്‍ത്തന്നെ അവന്‍ അപ്പന്‍ മരിച്ചതില്‍ പിന്നെ നാട്ടില്‍ ഏതാണ്ട്‌ ഒറ്റയ്‌ക്കായമട്ടായിരുന്നു.

 

എങ്കിലും ദിനരാത്രങ്ങള്‍ ഒരു പ്രത്യേക താളത്തില്‍ ഒഴുകിക്കൊണ്ടിരുന്നു. ചെറുപ്പം മുതലേ സഹായത്തിനായി കൂടെ കൂടിയിരിക്കുന്ന കുഞ്ഞു മറിയ ഇപ്പോഴും കൂടെയുണ്ടെന്നുള്ളത്‌ ഒരു ആശ്വാസമാണ്‌. പിന്നെ ഇടയ്‌ക്കിടെ ക്ഷേമാന്വേഷണവുമായി എത്തുന്ന പെണ്‍മക്കളും അവരുടെ കുട്ടികളും. മുടങ്ങാതെ പള്ളിയില്‍ പോകാനൊക്കുനന്തും ഒരു ഭാഗ്യമാണ്‌. കുര്‍ബാന കഴിയുമ്പോള്‍ ഭര്‍ത്താവിന്റെ കല്ലറയില്‍പോയി കുറച്ചുനേരം പ്രാര്‍ഥിക്കുമ്പോള്‍  അന്നാമ്മേ! ഞാനിപ്പോഴും ഇവിടൊക്കെത്തന്നെയുണ്ട്‌ എന്നു പറയുന്നതു പോലൊരു തോന്നല്‍.

 

ഒരു ഞായറാഴ്‌ച എങ്കിലും പള്ളിയില്‍ കണ്ടില്ലെങ്കില്‍ വികാരി അച്ചന്‍ ഉടനേ വിളിച്ച്‌ കാരണമന്വേഷിക്കും. എവിടെയെങ്കിലും പോയി വന്നാലുടന്‍ കറമ്പിയുടെ കരച്ചില്‍ കേള്‍ക്കാം. ഇത്രയും നേരം എവിടെയായിരുന്നു എന്നു പരിഭവിക്കും പോലെ. വാലുമാട്ടി മുരണ്ടുകൊണ്ടു  ടൈഗറും വാതില്‍ക്കല്‍ വരെ ഓടിയെത്തും. ചുണ്ടു നക്കിത്തുടച്ചു കൊണ്ടു ചക്കി തള്ള എവിടെക്കറങ്ങാന്‍ പോയിട്ടു വരികയാ എന്ന ഭാവത്തില്‍ കുറച്ചു നേരം തുറിച്ചു നോക്കി നില്‍ക്കും. പിന്നെ, കല്യാണമായി, കണ്‍വന്‍ഷനായി. എല്ലായിടത്തും പ്രായത്തിന്റെ പരിഗണനയും ബഹുമാനവും ലഭിച്ചിരുന്നു.

 


ഇതെല്ലാം ഇട്ടെറിഞ്ഞു പോകുവാന്‍ മനസു വന്നില്ല. എങ്കിലും മകന്റെയും, മരുമകളുടെയും, കൊച്ചു മക്കളോടു കൂടെയും കുറച്ചുനാള്‍ കഴിച്ചുകൂട്ടുവാനുള്ള ഒരാഗ്രഹം. കൂടാതെ അവരുടെ നിര്‍ബന്ധവും.ഇവിടെ വന്നു കഴിഞ്ഞപ്പോഴാണ്‌ മരുമകള്‍ മൂന്നാമതും ഗര്‍ഭിണിയാണെന്നുള്ള വിവരം അറിഞ്ഞത്‌. രണ്ടു പെണ്‍മക്കള്‍ക്കു ശേഷവും ഒരാണ്‍കുട്ടി വേണമെന്നുള്ള ആഗ്രഹം. മൂത്തമകള്‍ക്ക്‌ പതിമൂന്നോ പതിനാലോ പ്രായം. രണ്ടാമത്തവള്‍ക്ക്‌ ഏറിയാല്‍ ആറോ ഏഴോ! മുകളിലത്തെ നിലയിലാണു കിടപ്പുമുറികള്‍. സ്റ്റെപ്പുകള്‍ കയറിയപ്പോഴെ മുട്ടിനു വേദന. ആദ്യത്തെ കാലു വെയ്‌പു തന്നെ പിഴച്ചു. നാട്ടില്‍ നിന്ന്‌ കരുതിയിരുന്ന കുഴമ്പു തേച്ചു ചൂടുവെള്ളത്തില്‍ കുളിച്ചപ്പോള്‍ കുറച്ച്‌ ആശ്വാസമായി. ശരീരത്തിന്റെ ആശ്വാസം കുറച്ചു കഴിഞ്ഞപ്പോള്‍ മനസിന്റെ വേദനയായി.

 


കണ്ടില്ലേ ഈ കുളിമുറിയാകെ നശിപ്പിച്ചിട്ടിരിക്കുന്നത്‌. കുഴമ്പു നാറിയിട്ട്‌ ഇതിനകത്തു കയറുവാന്‍ വയ്യാ. ആരും തെന്നി വീഴാതിരുന്നതു ഭാഗ്യം. ഇവിടാകെ വെള്ളം തെറിപ്പിച്ചിരിക്കുന്നു. മരുമകളുടെ ആക്ഷേപ ശരങ്ങള്‍ തന്നെ ഉന്നം വെച്ചുള്ളതാണെന്നു മനസിലായപ്പോള്‍ വിഷമം തോന്നി. നാട്ടിലെ രീതിയിലാണു കുളിച്ചത്‌. ഷവര്‍ കര്‍ട്ടന്‍ വലിച്ചിടാന്‍ മറന്നു പോയി.
അവളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. തെറ്റു തന്റേതാണ്‌. പക്ഷേ അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീടു തൊട്ടതിനും പിടിച്ചതിനും ആകെ കുറ്റം.

 

 

ബാക്കിയുള്ളോരു രാത്രിയില്‍ ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുന്നതാണ്‌. ഈ തള്ളയ്‌ക്കു പാത്രമൊക്കെ ഒന്നു കഴികിവെച്ചാല്‍ എന്താ? പത്രം കഴുകിവെയ്‌ക്കാമെന്നു വിചാരിച്ചാല്‍, അടുക്കളിയിലാകെ വെള്ളം വീണെന്നു പരാതി. വെള്ളം കൂടുതല്‍ ഉപയോഗിച്ചെന്നും കിച്ചണില്‍ ഇച്ചിരെ പണി ചെയ്‌തെന്നു കരുതി ആരുടെയും തലയൊന്നും തെറിച്ചു പോകില്ല. മൂന്നുനേരം വെച്ചുവിളമ്പിത്തരുവാന്‍ ഇവിടെ വേലക്കാരൊന്നുമില്ല. ചപ്രമഞ്ചത്തില്‍ ഞെളിഞ്ഞിരുന്നിട്ട്‌ തിന്നാറാവുമ്പോള്‍ ഇങ്ങോട്ട്‌ എഴുന്നെള്ളും.
പള്ളിയിലൊന്നു പോകാമെന്നു വെച്ചാല്‍ അതിനും തടസം. കാറില്‍ സ്ഥലമില്ല. തണുപ്പും പിടിച്ച്‌ തെന്നി വീഴാതെ ഇവിടെങ്ങാനും ഇരുന്നാല്‍ മതി. ഉരുണ്ടു വീണു കൈയോ കാലോ ഒടിഞ്ഞാല്‍ പിന്നെ ആരു നോക്കാനാ. അങ്ങനെ പുറംലോകത്തേക്കുള്ള വാതിലും അടഞ്ഞു.

 

 


എങ്കിലും അപ്പച്ചന്റെ ആണ്ടു കുര്‍ബാനയ്‌ക്കു തീര്‍ച്ചയായും പള്ളിയില്‍പോയി പ്രാര്‍ഥിക്കണമെന്നു വിചാരിച്ചതാ. നാട്ടില്‍ വെച്ച്‌ ഒരിക്കല്‍പോലും ധൂപ പ്രാര്‍ഥന മുടക്കിയിട്ടില്ല. ആഗ്രഹം അറിയിച്ചപ്പോള്‍ മകന്റെ പ്രതികരണ വിചിത്രമായിരുന്നു. ചത്തവരൊക്കെപ്പോയി. അവര്‍ക്കുവേണ്ടി ഇനി പ്രാര്‍ഥിച്ചിട്ടു വലിയ കാര്യമൊന്നുമില്ല. അല്ലെങ്കില്‍ത്തന്നെ ഈ ദൈവവും ദേവനുമൊക്കെ ഉണ്ടെന്ന്‌ ആര്‍ക്കറിയാം?

 

 

 

നൊയമ്പുനോറ്റു കണ്ണീരൊഴുക്കി പ്രാര്‍ഥിച്ച്‌, നേര്‍ച്ച നേര്‍ന്നുണ്ടായ പുത്രനാണല്ലോ ഇതു പറഞ്ഞതെന്നോര്‍ത്തപ്പോള്‍ ചങ്കു തകര്‍ന്നു.ആരെങ്കിലും വിരുന്നുകാരു വന്നാല്‍ അവര്‍ പോകുന്നതുവരെ മുറിക്കകത്തു നിന്നും മോചനമില്ല. ഇടയ്‌ക്ക്‌ അവരുടെ മുന്നില്‍ ഒന്നു പ്രദര്‍ശിപ്പിക്കുവാന്‍ അമ്മച്ചിയേ എന്ന്‌ ഈണത്തില്‍ ഒരു വിളിയുണ്ട്‌. ഒരു ദിവസം സ്‌കൂളു വിട്ടു വന്ന മൂത്തമകളുടെ കൂടെ ഒരു ആണ്‍കുട്ടിയുമുണ്ടായിരുന്നു. അതാരാണെന്ന്‌ തിരക്കിയപ്പോള്‍ ആവശ്യമില്ലാത്ത കാര്യത്തിലൊന്നും ഇടപെടരുതെന്ന്‌  കൊച്ചുമകള്‍ നല്‍കിയ താക്കീത്‌ ശരിക്കും ഒരു ഷോക്കായി. വൈകുന്നേരം ഇക്കാര്യം മകനോടു പറഞ്ഞപ്പോള്‍, അമ്മച്ചിയെന്തിനാ അതൊക്കെ ശ്രദ്ധിക്കുന്നത്‌. സ്‌കൂളിലെ വല്ല പ്രോജക്‌ടും ചെയ്യാനായിരിക്കും അവന്‍ വന്നത്‌ എന്നുള്ള ഒരു മറുപടിയില്‍ ആ സംഭവത്തെ അവഗണിച്ചു. താനിവിടെ ആരുമല്ല എന്നു കുറേശെ കുറേശെ മനസിലാകുകയായിരുന്നു.

 

 


മകന്‌ തന്റെ കാര്യത്തില്‍ വലിയ താല്‍പര്യമൊന്നുമില്ല. പിന്നെ അവര്‍ ഇത്ര നിര്‍ബന്ധിച്ച്‌ തന്നെ ഇങ്ങോട്ടു കൊണ്ടുവന്നത്‌ എന്തിനാണെന്നു ആദ്യം പിടികിട്ടിയില്ല. കുറച്ചുനാള്‍ കഴിഞ്ഞാണ്‌ ഇളയകുട്ടിക്കു കൂട്ടിരിക്കുവാനാണ്‌ തന്നെ വരുത്തിയതെന്ന്‌ മനസിലായത്‌.മൂന്നാമത്തെ കുഞ്ഞും പെണ്‍കുഞ്ഞായതില്‍ മകനും മരുമകള്‍ക്കും അല്‌പം നിരാശയുണ്ടായിരുന്നു. അതിനെ എടുത്തു താലോലിക്കുവാന്‍ ചെന്നാല്‍ ഉള്ള അഴുക്കെല്ലാം കൂടി അതിന്റെ മുഖത്തു പുരട്ടിയാല്‍ അതിനു വല്ല അസുഖോം പിടിയ്‌ക്കും.കുഞ്ഞിനെ ഡയപ്പറു കെട്ടിച്ചാലും ഇല്ലെങ്കിലും കുറ്റം. വരിഞ്ഞു കെട്ടി മുറുക്കി വെച്ചിരിക്കുന്നതു കണ്ടില്ലിയോ? ഞാനിപ്പം വന്നില്ലായിരുന്നെങ്കില്‍...കണ്ടില്ലിയോ അതിനെ ഡയപ്പറു കെട്ടിക്കാതെ സോഫായില്‍ കൊണ്ടു കിടത്തിയിരിക്കുന്നത്‌.

 

 


ഇടയ്‌ക്കൊരു തവണ പനി വന്നതാണ്‌ ശരിക്കും അടിയായത്‌. എന്നെക്കൊണ്ടു വയ്യാ ഈ മുതുക്കിനെയൊന്നും നോക്കുവാന്‍. വല്ല നേഴ്‌സിംഗ്‌ ഹോമിലും കൊണ്ടാക്ക്‌. മരുമകളുടെ ഈ നിര്‍ദേശത്തിന്‌  ങാ. നോക്കട്ടെ എന്നു മകന്‍ മറുപടി പറഞ്ഞപ്പോള്‍ ശരിക്കും മനസു പിടഞ്ഞു. അപ്പോഴാണു പണ്ടാരോ പറഞ്ഞത്‌ ഓര്‍മയില്‍ വന്നത്‌ മുജ്ജന്മത്തിലെ ശത്രുക്കള്‍, മക്കളായി പിറന്ന്‌ ഈ ജന്മത്തില്‍ നമ്മളെ ഉപദ്രവിക്കുമെന്ന്‌. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക്‌ തന്നോട്‌ എത്രയധികം സ്‌നേഹമുണ്ടെന്ന്‌ ഇപ്പോള്‍ മാത്രമാണു മനസിലാകുന്നത്‌. ഇനിയുള്ള കാലം അതുങ്ങളോടൊത്തു കഴിയണം.മറ്റൊരാളുടെ ഔദാര്യത്തില്‍ കഴിയുന്നത്‌, അതും സ്വന്തം മക്കളായാല്‍ പോലും ഒരു ഭാരമാണ്‌; അവര്‍ക്കും നമ്മള്‍ക്കും. അതിലും നല്ലത്‌ അവനവന്റെ കൂരയില്‍ പച്ചവെള്ളും കുടിച്ചു കഴിയുന്നതാണ്‌.തനിക്കു നാട്ടില്‍ പോകണമെന്നുള്ള ആഗ്രഹം മകനോടു പറഞ്ഞു. അതിനു മറുപടി പറഞ്ഞത്‌ മരുമകളാണ്‌. എപ്പോ വേണമെങ്കിലും പോകരുതോ? ഇവിടാരും പിടിച്ചു കെട്ടിയിട്ടൊന്നുമില്ലല്ലോ! പിന്നെ, കൊണ്ടുവിടാനൊന്നും ഇവിടാര്‍ക്കും നേരമില്ല. ഇവിടെ വന്നതിനുശേഷം അവള്‍ പറഞ്ഞ ഏറ്റവും സ്‌നേഹമയമായ വാക്കുകള്‍!

 

 


അങ്ങനെയാണ്‌ ആ അമ്മച്ചി എന്നോടൊപ്പം യാത്ര ആയത്‌. നെടുമ്പാശേരിയില്‍ അവരെ കാത്തു നിന്ന ആള്‍ക്കാരെ ഏല്‌പിച്ചിട്ട്‌ ആലപ്പുഴ തീരദേശ ഹൈവേയിലൂടെ യാത്ര തുടര്‍ന്നപ്പോള്‍, എന്റെ അപ്പന്റെയും അമ്മയുടെയും ആത്മാക്കള്‍ ഇളംകാറ്റായി വന്ന്‌ എന്നെ തഴുകുന്നതുപോലെ തോന്നി. അറിഞ്ഞോ അറിയാതെയോ ജീവിച്ചിരുന്നപ്പോള്‍ അവരെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പാക്കണമെന്നു കല്ലറയില്‍ പോയി പ്രാര്‍ഥിച്ചിട്ടേ വീട്ടിലേക്കുള്ളൂ എന്നു തീരുമാനിച്ചു - ഈ തീരുമാനം വളരെ വൈകിപ്പോയെന്നു മാത്രം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.