You are Here : Home / എഴുത്തുപുര

കലികാലത്തിലെ ദൈവവിളയാട്ടങ്ങള്‍

Text Size  

Story Dated: Sunday, March 02, 2014 12:35 hrs UTC

സങ്കരസംസ്‌കാരത്തിന്റെ അനുകരണമാണ്‌ കേരളത്തിലെ മതങ്ങളും ദൈവങ്ങളും. ഇതറിയാതെ വികാരം കൊള്ളുന്ന മലയാളി, ലോകത്ത്‌ എവിടെ വസിച്ചാലും ഈവിധ കാര്യങ്ങളില്‍ അവിടെ എന്തു നടക്കുന്നുവെന്ന്‌ ഒരുതാരതമ്യ പഠനത്തിനു പോലും നേരംകളയാതെ തന്റെ കുലദൈവ വിഗ്രഹങ്ങളുമായി സംവാദത്തിലാണ്‌. മലയാളികള്‍ ദൈവവിശ്വാസികളാണ്‌. എന്നാല്‍ അവര്‍ ആരാധിക്കുന്നതുപോലെ ഒരു ദൈവമോ, ദൈവത്തിന്റെ പേരില്‍ ഇത്ര തട്ടിപ്പ്‌ നടത്തുന്ന ഒരുവംശമോ ലോകത്ത്‌ വേറെയില്ല.

രാവിലെ ടി.വി. നോക്കുക. ആദ്യംവരുന്നത്‌ കുറെയേറെ ജ്യോത്സ്യര്‍..പാതരകഴിഞ്ഞ്‌ കുറെ ക്രൈസ്‌തവ സുവിശേഷകര്‍..വികൃത വേഷവും പ്രാകൃതരൂപവും പേറി ഇവറ്റകള്‍ വിലസുകയാണ്‌. ആരുടെയും പേരുപറഞ്ഞ്‌ അവഹേളിക്കുന്നില്ല. ഒരുകാവി മുണ്ടുടുത്ത്‌ നഗ്‌ന മേനി കാട്ടി വേദം പറയുന്ന യുവസന്യാസി , ത്രീ പീസ്‌ സൂട്ടണിഞ്ഞ്‌ സുവിശേഷം പ്രസംഗിക്കുന്ന വിവരദോഷി, ലാപ്‌ടോപ്പ്‌ നോക്കി ദിവസഫലം,  ഇവറ്റകളുടെ തട്ടിപ്പിന്റെ വിഹിതം 30 മിനിറ്റിനു 25000 രൂപവച്ച്‌ കൈപറ്റുന്ന ടി.വി. ചാനലെന്ന `ഇലനക്കി നായുടെ ചിറിനക്കി നായ്‌ക്കളേ!' ഒരു ജനതയെ വെള്ളത്തിലാക്കുന്ന പ്രക്രിയയിലാണ്‌ നിങ്ങളിപ്പോള്‍.

കേരളത്തില്‍ ഇപ്പോള്‍ സംജാതമായിരിക്കുന്ന ഈ അവിഹിത ലൈംഗീകതയും, ആത്‌മീയ ഹിസ്റ്റീറിയയും, നിംഫോമാനിയയും, പ്രിയാപ്രിസവുമൊക്കെ എല്ലാദേശങ്ങളിലും ദൃശ്യമീഡിയയുടെ അരങ്ങേറ്റത്തില്‍ ആദ്യത്തെ ഒരുതലമുറയില്‍ ഉണ്ടായിട്ടുണ്ട്‌. സംസ്‌കാരം ക്‌ഷയിച്ചിട്ടുണ്ട്‌. 1970കളില്‍ അമേരിക്കയില്‍ ആഞ്ഞടിച്ച ഹിപ്പിയിസവും ഇതുതന്നെ. അന്ന്‌കളര്‍. ടി. വി. വിരളമായിരുന്നു ഇവിടെ. എങ്കിലും ജിമ്മി സ്വാഗര്‍ട്ട്‌, ബെന്നി ഹിന്‍, ജോണ്‍ ഫ്‌ളെച്ചര്‍ തുടങ്ങി എത്രയോ പേര്‍ സുവിശേഷതട്ടിപ്പ്‌ അതിലൂടെ നടത്തി. കള്‍ട്ടുകളുടെ രൂപമായി ഡേവിഡ്‌ ഖുറേശ്‌ ടെക്‌സാസിലെ വെ്‌യ്‌കോയില്‍ 120 പേരോടൊപ്പം ആത്‌മഹത്യചെയ്‌തത്‌ 1982ല്‍.

ഇതൊന്നും അറിയാത്ത അമേരിക്കന്‍ മലയാളി, പോട്ടധ്യാനവും, അമൃതപുരിയും, കെ. പി. യോഹന്നാന്റെ ആത്‌മീയയാത്രയും, നമ്പൂതിരിയുടെ ജ്യോതിഷ്യവുമൊക്കെ ടി.വി.യില്‍ കണ്ട്‌ ഈ അമേരിക്കയിലും വിഡ്ഡിവേഷം കെട്ടുന്നു.

മതങ്ങള്‍ , സഭ, എന്നിവയെല്ലാം സംഘടനകള്‍ എന്നത്‌ മനുഷ്യാ നീ ആദ്യം തിരിച്ചറിയുക. ഇതിന്റെതലപ്പത്ത്‌ എത്തുന്നവര്‍ ഏറ്റവും കുശാഗ്രബുദ്‌ധികളെന്നും അറിയുക. ചൂഷണമാണിതെന്നും ആത്‌മീയത ഉപജീവനമാര്‍ഗ്ഗമെന്നും തിരിച്ചറിയുക.

ഈശ്വരവിശ്വാസികളെ! ദൈവം നമ്മിലും നമ്മുടെ സ്വഭവനത്തിലുമാണ്‌. ആ ബന്‌ധത്തിനു്‌ ഒരു ഇടനിലക്കാരന്‍ വേണമെന്ന്‌ മതഗ്രന്‌ഥങ്ങള്‍ പഠിപ്പിക്കുന്നില്ല..

`മനുഷ്യനെ സ്വര്‍ഗത്തിലെത്തിക്കാന്‍ ഒരു മതഗ്രന്‌ഥങ്ങളുംആരെയും ചുമതലപ്പെടുത്തിയിട്ടില്ല'. നിന്റെജീവിതം നല്ലതാകണമെങ്കില്‍ നീ `ഈശ്വരനില്‍ വിശ്വസിക്ക' എന്നതാണ്‌ മതഗ്രന്‌ഥങ്ങള്‍.
ഇതിനു വിപരീതമായി ദൈവങ്ങളെകൊണ്ട്‌ ഉപജീവനം നടത്തുന്ന കേരളത്തിലെ സകല പ്രസ്‌ഥാനങ്ങളുടെയും ഫ്‌ളക്‌സ്‌ ബോര്‍ഡും, കാണിക്കവഞ്ചിയും, മണ്ഡപവും, കുരിശിന്‍ തൊട്ടിയും, വഴിനീളെയുള്ള റാസയും, ചന്ദനക്കുടവും, മഞ്ഞനിക്കര പദയാത്രയും, കുമാരഗുരുതീര്‍തഥയാത്രയും, പറ എഴുന്നള്ളിപ്പും ആനയും അമ്പാരിയും എല്ലാം പൊതുനിരത്തില്‍ നിന്നും നിരോധിക്കണം. ഏതുമതത്തിന്റേതായാലുംആരാധനാലയ വളപ്പില്‍ മാത്രംഒതുങ്ങുന്ന ആഘോഷം മാത്രമേ അനുവദിക്കാവൂ. പൊതു നിരത്ത്‌ മനുഷ്യന്റെ സൈ്വരയാത്രക്കുള്ളതാണ്‌.

അല്ലാതെ മുഷ്‌ടിബലവും, പണക്കൊഴുപ്പും കാട്ടാനുള്ളതല്ല.
കേരള വിശ്വാസികളെ! മലയാളികളെ! നമ്മള്‍ ആരാധിക്കുന്ന ദൈവങ്ങള്‍ ഈ ലോകത്ത്‌, ഈ വിധത്തില്‍ വേറെങ്ങും ഇല്ല. നാം, മലയാളികള്‍ വിദേശങ്ങളില്‍കൊണ്ട്‌ നട്ടുവളര്‍ത്തിയതല്ലാതെ.
സത്യത്തെ അറിയാന്‍ ആഗ്രഹിക്കുന്ന ഈശ്വര വിശ്വാസികളെ! വഞ്ചിക്കപ്പെടാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്‍വിന്‍. വെറും ശാരീരിക മോഹങ്ങളെ ആത്‌മീയമായി വ്യാഖ്യാനിച്ച്‌ പാപം എന്നുപേര്‍ ചൊല്ലി, ലൈംഗീകപരമായി വിശകലനം നടത്തി അന്തരീക്‌ഷത്തോട്‌ മുഷ്‌ടിയുദ്‌ധം നടത്തുന്നതാണ്‌ കേരളത്തിലെ സര്‍വമത തന്ത്രങ്ങളും.

`ഭൂമിയിലുള്ളതൊക്കെയും ദൈവം മനുഷ്യര്‍ക്കായി സൃഷ്‌ടിച്ചിരിക്കുന്നു. പറയുന്നതൊക്കെ ശരി. അങ്ങനെ തന്നേ. എന്നാലും എത്രയോകോടി ഈ കേരളത്തിലെത്തിച്ചു? മോസ്റ്റ്‌ റവ സാധു അല്‍പകാലംകൂടി കഴിഞ്ഞാല്‍ കാറ്റ്‌ പോകും. മലയാളിയെ വഞ്ചിച്ചില്ല, സായ്‌പിനെ കളിപ്പിച്ചു. എന്നാലും പണംകേരളത്തിലല്ലേ?.

ഇവരെയൊക്കെ എ.കെ.ആന്റണിയും മോഡിയും ക്രിസോസ്റ്റം മെത്രാപ്പോലീത്തയും ഒക്കെ കെട്ടിപ്പിടിച്ചത്‌ ഈ സത്യം മനസിലാക്കിയാണ്‌. ഇവരോടൊപ്പം കൂട്ടുകൂടി നമ്മുടെ കേരളത്തില്‍ മെഡിക്കല്‍കോളജ്‌, എയര്‍പോര്‍ട്ട്‌, ഒക്കെ കൊണ്ടുവരിക.

പട്ടുവര്‍ത്തിയില്‍ സത്യസായിബാബ സമ്പാദിച്ചില്ലേ? ആ ഭഗവാനും അന്തരിച്ചില്ലേ? `സ്‌ത്രീ പ്രസവിച്ച മനുഷ്യന്‍ അല്‍പ്പായുസുള്ളവനും കഷ്‌ടസമ്പൂര്‍ണ്ണനും അത്രേ!'. `കലികാലവൈഭവം'! വ്യാസമുനി പണ്ടേഎഴുതിയിട്ടുണ്ട്‌. `കലിയുഗ'ത്തിന്റെ ഒമ്പത്‌ നിദാനങ്ങള്‍: 1.മനുഷ്യര്‍ മദ്യപാനപ്രിയരായി `മിത്രഭാര്യന്മാരാകുമ്പോള്‍. 2. കലാകാരന്മാരും ശില്‌പികളുംമറ്റും ഒന്നും ചെയ്യാതെ ഭോഷ്‌ക്‌ പറഞ്ഞു കൊണ്ട്‌ നടക്കുമ്പോള്‍'. 3. കൊടുക്കാന്‍ കാത്തുനില്‍ക്കാതെ ഭൃത്യന്മാര്‍ എടുത്തു ഭക്‌ഷിക്കാന്‍ തുടങ്ങുമ്പോള്‍. 4. പണംഎല്ലാറ്റിനും ഉപരിയായി ആദരിക്കപ്പെടുമ്പോള്‍. 5. നീചകൃത്യങ്ങള്‍ ചെയ്യുന്നവര്‍ നിന്ദ്യരാകാതെ വരുമ്പോള്‍. 6. മനുഷ്യര്‍ കര്‍മ്മ വിമുഖരായി ഭൂമി ഊഷരപ്രായമാകുമ്പോള്‍. 7. മനുഷ്യര്‍ പരസ്‌പരം മോഷ്‌ടിക്കാന്‍ തുടങ്ങുമ്പോള്‍. 8. എല്ലാവരും കവികളാകുമ്പോള്‍. 9. ശിരമുണ്ഡനികളും സന്യാസിമാരുമെന്നല്ല, പതിനാറു തികയാത്തവരും തമ്മില്‍ കെട്ടിപ്പുണരുമ്പോള്‍, കലികാലമുണ്ടാകും.
ദൈവത്തിന്റെ സ്വന്തനാട്ടില്‍ `കലിയുഗം' പിറന്നിരിക്കുന്നു. വിവേകമുള്ളവര്‍ ഈ ദൈവങ്ങളോട്‌ ക്‌ഷമിക്കുക. വിവരദോഷികളോടെ ഈ ദൈവങ്ങളും ക്‌ഷമിക്കുക. .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.