രാജ്യാന്തര ചലച്ചിത്ര മേളയില്‍ വിഭജനാനന്തര യുഗോസ്ലാവിയയുടെ പരിച്ഛേദമായി ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബെര്‍ലിന്‍, മോണ്‍ട്രിയല്‍ തുടങ്ങിയ അന്താരാഷ്ട്ര മേളകളിലും, അക്കാദമി പുരസ്കാരത്തിലും ശ്രദ്ധേയമായ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. യുഗോസ്ലാവിയ, സെര്‍ബിയ, ക്രൊയേഷ്യ, മാസിഡോണിയ തുടങ്ങിയ രാജ്യങ്ങളായി വിഭജിച്ച ശേഷം ആദ്യമായി കാനില്‍ പ്രദര്‍ശിപ്പിച്ച ക്രൊയേഷ്യന്‍ ചിത്രം ദ ഹൈ സണ്‍, വനിത സംവിധായകരായ ഐഡ ബെഗിച്ചിന്റെയും, ടിയോണയുടെയും ചിത്രങ്ങള്‍ എന്നിവ ഈ വിഭാഗത്തില്‍ ഉള്‍പെടും.
മാസിഡോണിയന്‍ സംവിധായികയായ ടിയോണ സ്റ്റ്രൂഗര്‍ മിറ്റവ്‌സ്കയുടെ ഗോഡ് എക്‌സിറ്റ്‌സ്, ഹേര്‍ നെയിം ഈസ് പെട്രൂണിയ എന്ന ചിത്രം കാന്‍, ബെര്‍ലിന്‍, ദിയോ ഓപ്പണ്‍ വുമണ്‍, ലഷ്കോവാക് തുടങ്ങി പത്തോളം അന്താരാഷ്ട്ര മേളകളില്‍ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. ഈ ചിത്രം വിഭജനാനന്തര യൂഗോസ്ലാവിയന്‍ സിനിമാ കാഴ്ചകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്‌പെയര്‍ പാര്‍ട്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഡാമ്യാന്‍ കൊസോളെ സംവിധാനം ചെയ്ത സ്ലൊവേനിയന്‍ ഗേള്‍ എന്ന ചിത്രം വിഭജനത്തിനു ശേഷം അരക്ഷിതമായ സ്ലോവേനിയന്‍ സ്ത്രീജീവിതമാണ് പ്രമേയമാക്കിയിരിക്കുന്നത്. ബോസ്‌നിയന്‍ സംവിധായികയായ ഐഡ ബെഗിച്ചിന്റെ ദ സ്‌നോ എന്ന ചിത്രം യുദ്ധം തകര്‍ത്തെറിഞ്ഞ ഒരു ബോസ്‌നിയന്‍ ഗ്രാമത്തിലെ രണ്ടു സ്ത്രീകളുടെ ജീവിതത്തിലെ അരക്ഷിതാവസ്ഥയിലേക്ക് വെളിച്ചം വീശുന്നു. ബോസ്‌നിയയിലെ ഒരു യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയാണ് വൂക്ക് റുഷുമോവിച്ച് നോവണ്‍സ് ചൈല്‍ഡ് ഒരുക്കിയിരിക്കുന്നത്. ഡാലിബോര്‍ മറ്റാനിച്ച് സംവിധാനം ചെയ്ത മൂന്ന് പ്രണയകഥകളുടെ സമാഹാരമായ ദ ഹൈ സണ്‍, റായ്‌കോ ഗിര്‍ലിച്ചിന്റെ ദ കോണ്‍സ്റ്റിറ്റിയൂഷന്‍ എന്നിവയും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും
സമകാലിക പരീക്ഷണ സിനിമാ കാഴ്ചകളുമായി എക്‌സ്‌പെരിമെന്റാ ഇന്ത്യ
സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഷിന്‍ത് ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍,ചൈനയിലെ ആര്‍ പി.എം ഫെസ്റ്റ്, റഷ്യയിലെ കന്‍സ്ക് വീഡിയോ ഫെസ്റ്റിവല്‍ തുടങ്ങി പത്തോളം രാജ്യാന്തരമേളകളില്‍ ശ്രദ്ധേയമായ "ഗാലോര്‍' രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ എക്‌സ്‌പെരിമെന്റാ ഇന്ത്യ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ജര്‍മ്മന്‍ സംവിധായകന്‍ ബെര്‍ണ്ട് ലുറ്റ്‌സലര്‍ സംവിധാനം ചെയ്ത ഈ ചിത്രം ആഗോളവല്‍ക്കരണം ഇന്ത്യന്‍ മെട്രോനഗരങ്ങളിലെ തെരുവുകളില്‍ പോലും ഉല്‍പ്പന്നങ്ങളുടെ ധാരാളിത്തത്തിന്റെ രൂപത്തില്‍ നടത്തുന്ന കടന്നുകയറ്റം ചര്‍ച്ച ചെയ്യുന്നു. ഗാലോര്‍ ഉള്‍പ്പടെ പത്ത് ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലില്‍ പ്രേക്ഷക പ്രീതി നേടിയ നെര്‍വസ് ട്രാന്‍സ്ലേഷനും പരീക്ഷണ ചിത്രങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടും. തൊണ്ണൂറുകളിലെ ഫിലിപ്പൈന്‍സിലെ സംഘര്‍ഷ ഭരിതമായ രാഷ്ട്രീയം കുട്ടികളുടെ ജീവിതപരിസരത്തെ മാറ്റിമറിച്ചതാണ് ചിത്രത്തിന്റെ പ്രമേയം. വീട്ടിനുള്ളില്‍ തളച്ചിടേണ്ടി വരുന്ന എട്ടു വയസുകാരിയായ യീലിന്റെ ജീവിത പരിസരത്തിലൂടെയാണ് സംവിധായകയായ ഷിറീന്‍ സെനോ ചിത്രത്തിലെ ആശയലോകം വികസിപ്പിച്ചിരിക്കുന്നത്.
കഥയും ഹാസ്യാനുകരണവും ഡോക്യൂമെന്റേഷനും ഉള്‍പ്പെടുത്തി പരീക്ഷണ ചലച്ചിത്രങ്ങള്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ സംവിധായകന്‍ രുചിര്‍ ജോഷിയുടെ ടെയില്‍സ് ഫ്രം പ്ലാനറ്റ് കൊല്‍ക്കത്ത, മെമ്മറീസ് ഓഫ് മില്‍ക്ക് സിറ്റി എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിലെ ശ്രദ്ധേയമായ മറ്റ് ഇന്ത്യന്‍ സിനിമകള്‍. ഇരു ചിത്രങ്ങളും കൊല്‍ക്കത്ത,അഹമ്മദാബാദ് എന്നീ നഗരങ്ങളിലൂടെ നടത്തുന്ന സാംസ്കാരിക സഞ്ചാരം കൂടിയാണ്.
ബംഗാളിലെ കളിപ്പാട്ട നിര്‍മ്മാതാക്കളുടെയും വില്‍പ്പനക്കാരുടെയും കഥ പറയുന്ന യശസ്വിനി രഘുനന്ദന്റെ ദാറ്റ് ക്ലൗഡ് നെവര്‍ ലെഫ്റ്റ്, വാസ്തുവിദ്യാ കേന്ദ്രങ്ങളുടെ ചലച്ചിത്ര ഭാഷ്യമായ ഗൗതം വല്ലൂരിയുടെ മിഡ് നൈറ്റ് ഓറഞ്ച്, ചുങ് മിങ് ക്യൂ സംവിധാനം ചെയ്ത ട്രീ ഹൗസ്, അന്ന മാര്‍സിയാനോയുടെ ബീയോണ്ട് ദി വണ്‍, സില്‍വിയ ഷെഡല്‍ബവര്‍ സംവിധാനം ചെയ്ത വിഷിങ് വെല്‍, തായ് ലാന്‍ഡിലെ വിനോദസഞ്ചാരകേന്ദ്രമായ ക്രാബിയിലെ സാമൂഹിക ജീവിതം അനാവരണം ചെയ്യുന്ന ക്രാബി 2562 എന്നി ചിത്രങ്ങളും ഈ വിഭാഗത്തിന് മിഴിവേകും.
കാലിഡോസ്കോപ്പില്‍ മൂത്തോനും കാന്തന്‍ -ദി ലവര്‍ ഓഫ് കളറും
രാജ്യാന്തര ചലച്ചിത്രമേളയിലെ കാലിഡോസ്കോപ്പ് വിഭാഗത്തില്‍ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനും സി.ഷെരീഫ് സംവിധാനം ചെയ്ത കാന്തന്‍ - ദി ലവര്‍ ഓഫ് കളറും പ്രദര്‍ശിപ്പിക്കും. ഈ മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ അഞ്ചുസിനിമകളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രേക്ഷക പ്രീതി നേടിയ മൂത്തോന്‍ ഈ വര്‍ഷത്തെ മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനചിത്രമായും പ്രദര്‍ശിപ്പിച്ചിരുന്നു.
2018 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍, തിരുനെല്ലി കോളനിയിലെ ആദിവാസി സമൂഹത്തിന്റെ ജീവിതമാണ് പ്രമേയമാക്കിയിരിക്കുന്നത്. കാടും പുഴയും മരിക്കുമ്പോള്‍ ഉള്ളുരുകിത്തീരുന്ന ഒരു പറ്റം മനുഷ്യരുടെ ചമയങ്ങളില്ലാത്ത ജീവിതാവിഷ്കാരത്തില്‍ ആദിവാസി സംരക്ഷണത്തിന് ജീവിതം സമര്‍പ്പിച്ച ദയാബായി മുത്തശ്ശിയായി അഭിനയിച്ചിട്ടുണ്ട്.
ടൊറന്റോ, ചിക്കാഗോ തുടങ്ങിയ മേളകളില്‍ പ്രദര്‍ശിപ്പിച്ച അപര്‍ണാസെന്നിന്റെ ദ ഹോം ആന്‍ഡ് ദി വേള്‍ഡ് ടുഡേ, ഹിന്ദി ചിത്രങ്ങളായ ഗീതാജ്ഞലി റാവുവിന്റെ ബോംബൈ റോസ്, ഗൗതം ഘോഷിന്റെ ദി വേഫേറേഴ്‌സ്, കിസ്ലെ സംവിധാനം ചെയ്ത ഹിന്ദി ചിത്രം ജസ്റ്റ് ലൈക് ദാറ്റ് എന്നിവയും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
Comments