വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം നടപ്പിലാക്കിയ വിവാദമായ 'മെക്‌സിക്കോയില്‍ തുടരുക' എന്ന പദ്ധതിയില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത 50,000 ത്തോളം അഭയാര്‍ഥികളില്‍ സെപ്റ്റംബര്‍ മാസാവസാനം വരെ വെറും പതിനൊന്നു പേര്‍ക്ക് മാത്രമേ അഭയം നല്‍കിയിട്ടുള്ളൂ എന്ന് സമീപകാല കണക്കുകള്‍ വ്യക്തമാക്കുന്നു.
സിറാക്കൂസ് യൂണിവേഴ്‌സിറ്റിയിലെ ട്രാന്‍സാക്ഷണല്‍ റെക്കോര്‍ഡ്‌സ് ആക്‌സസ് ക്ലിയറിംഗ് ഹൗസ് (ഠഞഅഇ) പ്രസിദ്ധീകരിച്ച ഡാറ്റ കാണിക്കുന്നത് സെപ്റ്റംബര്‍ വരെ 47,313 പേരില്‍ പ്രോഗ്രാമില്‍ പങ്കെടുത്ത 10,000ത്തില്‍ താഴെ കേസുകള്‍ പൂര്‍ത്തിയായതായും 37,000 ത്തിലധികം പേര്‍ ശേഷിക്കുന്നുവെന്നും പറയുന്നു.
കേസുകള്‍ പൂര്‍ത്തിയായവരില്‍ 5,085 പേര്‍ക്ക് പുറത്താക്കല്‍ ഉത്തരവുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 4,471 കേസുകള്‍ തീരുമാനമില്ലാതെ തള്ളുകയും കുറഞ്ഞത് 4 പേരെങ്കിലും 'സ്വമേധയാ പിന്‍വലിക്കല്‍' വഴി അവശേഷിക്കുകയും ചെയ്തു.
അതേസമയം, അഭയം നല്‍കിയത് 11 പേര്‍ക്ക് മാത്രമാണ്, അതായത് പൂര്‍ത്തിയായ എല്ലാ കേസുകളിലും 0.1 ശതമാനം മാത്രം.
വിവാദമായ 'റിമെയ്ന്‍ ഇന്‍ മെക്‌സിക്കോ' അല്ലെങ്കില്‍ 'മൈഗ്രന്റ് പ്രൊട്ടക്ഷന്‍ പ്രോട്ടോക്കോള്‍' പ്രകാരം പതിനായിരക്കണക്കിന് അഭയാര്‍ഥികളെ മെക്‌സിക്കോയില്‍ തുടരാന്‍ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്, അവരുടെ കുടിയേറ്റ കേസുകള്‍ അമേരിക്കയില്‍ പരിഗണനയിലാണ്.
ട്രാക്കിന്റെ കണക്കുകള്‍ പ്രകാരം, സെപ്റ്റംബര്‍ വരെ 47,300 ലധികം പേരില്‍ കസ്റ്റഡിയില്‍ വെക്കാത്തവര്‍ 47,091 പേരും, കസ്റ്റഡിയില്‍ വെച്ചവര്‍ 181 പേരുമാണ്. 41 പേരെ വിട്ടയക്കുകയും ചെയ്തു. തടങ്കലില്‍ വയ്ക്കാത്ത ബാക്കിയുള്ളവരെ അവരുടെ നടപടികള്‍ക്കായി മെക്‌സിക്കോയിലേക്ക് തിരിച്ചയച്ചിരിക്കാം.
ഭൂരിഭാഗം കേസുകളും ടെക്‌സസ് ഇമിഗ്രേഷന്‍ കോടതിയില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ട്രാക്ക് ഡാറ്റ കാണിക്കുന്നു. സെപ്റ്റംബര്‍ വരെ 34,000 കേസുകളുടെ നടപടിക്രമങ്ങള്‍ ഏകദേശം പൂര്‍ത്തിയായി. അതേസമയം, കാലിഫോര്‍ണിയയില്‍ 34,200 കേസുകളുടെ നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.
അഭയാര്‍ഥികളുടെ ജീവന്‍ അപകടത്തിലാക്കുന്നുവെന്ന് മുന്നറിയിപ്പ് നല്‍കിയ ഇമിഗ്രേഷന്‍ അഭിഭാഷകരുടെയും മനുഷ്യാവകാശ ഗ്രൂപ്പുകളുടെയും പ്രതിഷേധം അവഗണിച്ച് ട്രംപ് ഭരണകൂടം മെക്‌സിക്കോ പരിപാടി വിപുലീകരിക്കാന്‍ പലതവണ ശ്രമിച്ചിരുന്നു.
കഴിഞ്ഞ മാസം എല്‍ സാല്‍വഡോറില്‍ നിന്നുള്ള ഭാര്യയും രണ്ട് കൊച്ചുകുട്ടികളുമായി യുഎസ് അതിര്‍ത്തിയിലേക്ക് പോയ ഒരു പിതാവ് മെക്‌സിക്കോയില്‍ കൊല്ലപ്പെട്ടു. എംപിപി പ്രകാരം അവരുടെ കേസ് യുഎസില്‍ പരിഗണിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു.
അമേരിക്കയില്‍ അഭയം തേടാനായി ഈ കുടുംബം മെയ് മാസത്തില്‍ സാന്‍ ഡിയേഗോയിലെ സാന്‍ യിസിഡ്രോ തുറമുഖത്ത് എത്തിയിരുന്നുവെങ്കിലും മെക്‌സിക്കോയിലെ ടിജുവാനയില്‍ കാത്തിരിക്കാന്‍ നിര്‍ബന്ധിതരായി. അവിടെ താമസിക്കാന്‍ കഴിയുമോ എന്ന ഭയം കാരണം അവര്‍ തിരിച്ചു പോയി.
ട്രംപ് ഭരണകൂടം മെക്‌സിക്കോയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായ അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരായ ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടുപോകല്‍, മറ്റ് ആക്രമണങ്ങള്‍ എന്നിവ പരസ്യമായി റിപ്പോര്‍ട്ട് ചെയ്ത 636 കേസുകളെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ഫസ്റ്റ് മുന്നറിയിപ്പ് നല്‍കി.
ട്രംപ് ഭരണകൂടത്തിന്‍റെ നയം മൂലം മെക്‌സിക്കോയില്‍ ആയിരിക്കുമ്പോള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയതായ ഏകദേശം 138 കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആക്രമണങ്ങളില്‍ പെടുന്നു.
Comments