You are Here : Home / USA News

ഇംപീച്ച് ചെയ്യപ്പെടുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, December 19, 2019 04:26 hrs UTC

വാഷിംഗ്ടണ്‍: പ്രക്ഷുബ്ധമായ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അധികാരത്തില്‍ നീക്കം ചെയ്യാന്‍ സെനറ്റ് വിചാരണ ആരംഭിച്ച് ജനപ്രതിനിധിസഭയില്‍ നടന്ന ചരിത്രപരമായ വോട്ടെടുപ്പില്‍ അധികാര ദുര്‍വിനിയോഗത്തിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു.

ഡെമോക്രാറ്റിക് ഭൂരിപക്ഷ സഭയില്‍ 230 മുതല്‍ 197 വരെ വോട്ടുകള്‍ക്കാണ് 45ാമത് അമേരിക്കന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്തത്. അമേരിക്കന്‍ ചരിത്രത്തില്‍ ഇംപീച്ച് ചെയ്യപ്പെടുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്. പ്രസിഡന്റ് സ്ഥാനത്തിന്റെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനാണ് ഇംപീച്ച്‌മെന്റ്.

റിപ്പബ്ലിക്കന്‍ പ്രസിഡന്റിനെതിരെ ഔദ്യോഗികമായി കുറ്റം ചുമത്തുകയല്ലാതെ തങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ലെന്ന് ഡെമോക്രാറ്റുകള്‍ പറഞ്ഞു. ഇംപീച്ച്‌മെന്റ് തികച്ചും പാര്‍ട്ടി നിലപാടുകളിലൂടെയാണ്. രാഷ്ട്രീയപരമായി ഒരു കുതിച്ചുകയറ്റത്തിന് ശ്രമിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ഇംപീച്ച്‌മെന്റ്. 

ഇംപീച്ച്‌മെന്റ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ നിയമ നിര്‍മ്മാതാവ് ആദം ഷിഫ് പറഞ്ഞു, 'ഇവിടെ അമേരിക്കയുടെ ആശയം അപകടത്തിലാകാനാണ് സാധ്യത.'

ട്രംപ് ഇനി നേരിടേണ്ടത് സെനറ്റിലെ വിചാരണയാണ്. റിപ്പബ്ലിക്കന്‍  ഭൂരിപക്ഷമുള്ള സെനറ്റില്‍ ഒരുപക്ഷെ അദ്ദേഹത്തെ കുറ്റവിമുക്തനാക്കാന്‍ സാധ്യതയുണ്ട്. ട്രംപിനെതിരെ പാസാക്കിയ പ്രമേയം സെനറ്റില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ശിക്ഷ വിധിക്കാനാവൂ. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍100 സെനറ്റര്‍മാര്‍ അടങ്ങിയ ജൂറി വിചാരണ ചെയ്യും. അഞ്ച് വിചാരണയുണ്ട്.

അതിനുശേഷം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം അംഗീകരിച്ചാല്‍ ശിക്ഷ വിധിക്കാം. പക്ഷേ സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം. 

 
 രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട നടപടിയാണെന്നായിരുന്നു ഇംപീച്ച്‌മെന്റിനോടുള്ള വൈറ്റ് ഹൗസ് പ്രതികരണം. ഇംപീച്ച്‌മെന്റ് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ട്രംപ് പ്രതികരിച്ചു. ജനാധിപ്യത്തിനെതിരെ ഡെമോക്രാറ്റുകള്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പറഞ്ഞ ട്രംപ് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ചു.

ജോ ബൈഡനെക്കുറിച്ച് അന്വേഷിക്കാന്‍ ട്രംപ് ഉക്രൈന്‍ പ്രസിഡന്റ് വ്ലാദിമര്‍ സെലന്‍സ്‌കിയെ സമ്മര്‍ദ്ദത്തിലാക്കിയ വിവരം ഒരു വിസില്‍ബ്ലോവര്‍ വഴി വിവാദമായി നാല് മാസത്തിന് ശേഷമാണ് സഭയുടെ വോട്ടെടുപ്പ് നടന്നത്.

കഴിഞ്ഞ ജൂലൈ 25 ന് ട്രംപ് സെലന്‍സ്‌കിയുമായി നടത്തിയ രഹസ്യ ഫോണ്‍ സംഭാഷണത്തില്‍ യു.എസ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജോ ബൈഡനെതിരെയും അദ്ദേഹത്തിന്റെ മകനെതിരെയും അന്വേഷണം നടത്താന്‍ പ്രേരിപ്പിച്ചു എന്നായിരുന്നു ആരോപണം. ഇരുവരും ഉക്രൈന്‍ ഗ്യാസ് കമ്പനിയില്‍ ഉദ്യോഗസ്ഥരായിരുന്നു. അന്വേഷണം നടത്താത്ത പക്ഷം ഉക്രൈന് നല്‍കുന്ന സൈനിക പിന്തുണ പിന്‍വലിക്കുമെന്ന് ഉക്രൈന്‍ പ്രസിഡന്റിനെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.

10 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചയ്ക്ക് ശേഷം, ട്രംപ് നേരിടുന്ന ഇംപീച്ച്‌മെന്റിന്റെ രണ്ടാമത്തെ പ്രമേയത്തിന് അംഗീകാരം നല്‍കാന്‍ നിയമ നിര്‍മ്മാതാക്കള്‍ (229 - 198) ധ്രുതഗതിയിലാണ് വോട്ട് ചെയ്തത്. വൈറ്റ് ഹൗസില്‍ നിന്ന് രേഖകളുടെ സാക്ഷ്യപത്രം തടഞ്ഞുകൊണ്ട് കോണ്‍ഗ്രസ് അന്വേഷണത്തെ തടസ്സപ്പെടുത്തിയതും ആരോപണത്തിന് ആക്കം കൂട്ടി.

ഇന്റലിജന്‍സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ജുഡീഷ്യറി കമ്മിറ്റി ട്രംപിനെതിരെ അധികാര ദുര്‍വിനിയോഗം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്. പ്രമേയം സെനറ്റില്‍ പരാജയപ്പെട്ടാലും അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡമോക്രാറ്റുകള്‍.

ഇംപീച്ച് ചെയ്യുന്നതിനായി സഭ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ മിഷിഗണില്‍ നടത്തിയ റാലിയില്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയായിരുന്നു. അവിടെ 'തീവ്ര ഇടതുപക്ഷത്തിനെതിരെ' അദ്ദേഹം ആക്ഷേപം പ്രകടിപ്പിച്ചു. ദശലക്ഷക്കണക്കിന് ദേശസ്‌നേഹികളായ അമേരിക്കക്കാരുടെ ബാലറ്റുകള്‍ അസാധുവാക്കാനാണ് ഡമോക്രാറ്റുകള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

'നാല് വര്‍ഷം കൂടി, നാല് വര്‍ഷം കൂടി,' ജനക്കൂട്ടം ആക്രോശിച്ചു.

രാഷ്ട്രീയ നേട്ടത്തിനായി ട്രംപ് തന്റെ ഓഫീസിനെ സ്വാധീനിച്ചുവെന്ന് 17 ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രം ഉണ്ടായിരുന്നിട്ടും, ഇംപീച്ച്‌മെന്റ് അന്വേഷണത്തിലുടനീളം പ്രസിഡന്റ് താന്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ ശ്രമിച്ചിരുന്നു. 'മന്ത്രവാദ വേട്ട', 'അട്ടിമറി ശ്രമം', 'അമേരിക്കയ്‌ക്കെതിരായ ആക്രമണം' എന്നൊക്കെയായിരുന്നു ആരോപണം.

1789 ന് ശേഷം ഇംപീച്ച് ചെയ്യപ്പെട്ട രണ്ട് മുന്‍ പ്രസിഡന്റുമാരില്‍ 1868 ല്‍ ആന്‍ഡ്രൂ ജോണ്‍സണും 1998-ല്‍ ബില്‍ ക്ലിന്റണും സെനറ്റില്‍ ശിക്ഷിക്കപ്പെട്ടില്ല. ഇരുവരും അവരുടെ ജോലിയില്‍ തുടര്‍ന്നു. എന്നാല്‍, ട്രംപിനെ സെനറ്റ് റിപ്പബ്ലിക്കന്‍മാര്‍ കുറ്റവിമുക്തനാക്കാനുള്ള സാധ്യത വളരെ കൂടുതലാണെങ്കിലും, അദ്ദേഹത്തിനെതിരായ തെളിവുകള്‍ ധാരാളമാണെന്നും അതുകൊണ്ടുതന്നെയാണ് ഇംപീച്ച് ചെയ്യാന്‍ അവരെ നിര്‍ബന്ധിതരാക്കിയെന്നും ഡമോക്രാറ്റുകള്‍ പറഞ്ഞു.

'പ്രസിഡന്റിന്റെ അശ്രദ്ധമായ നടപടികളാണ് ഇംപീച്ച്‌മെന്റ് അനിവാര്യമാക്കിയത്. അത് ദുഃഖകരമാണ്. അതിനുള്ള വഴിയൊരുക്കിയത് അദ്ദേഹമാണ്. ഞങ്ങള്‍ക്ക് മറ്റു മാര്‍ഗമൊന്നുമില്ലായിരുന്നു.' ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. പ്രസിഡന്റ് നമ്മുടെ ദേശീയ സുരക്ഷയ്ക്കും തിരഞ്ഞെടുപ്പിന്റെ സമഗ്രതയ്ക്കും നിരന്തരം ഭീഷണിയായെന്ന വസ്തുതയാണ് കണക്കിലെടുക്കേണ്ടത്' പെലോസി കൂട്ടിച്ചേര്‍ത്തു

'ഇത് വലിയ ഉത്തരവാദിത്തമാണ്, അത് ഗൗരവമുള്ളതാണ്, അംഗങ്ങള്‍ക്കും അങ്ങനെ തോന്നുന്നുവെന്ന് ഞാന്‍ കരുതുന്നു,' ഹൗസ് ഡമോക്രാറ്റ് ഡയാന ഡിജെറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

'ഞാന്‍ ഈ നിലയിലേക്ക് വരുന്നത് റിപ്പബ്ലിക്കന്‍ എന്ന നിലയിലല്ല, ഡമോക്രാറ്റായിട്ടുമല്ല, ഒരു അമേരിക്കക്കാരനായാണ്,' സ്വതന്ത്ര നിയമസഭാംഗം ജസ്റ്റിന്‍ അമാഷ് പറഞ്ഞു.

നാടകീയവും പലപ്പോഴും കോപാകുലവുമായ അന്തരീക്ഷത്തില്‍, ഭരണഘടനാ നിയമത്തില്‍ ഇരുപക്ഷവും ആഴത്തില്‍ കടന്നുചെന്നു. ഇരുകൂട്ടരും ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍, അലക്‌സാണ്ടര്‍ ഹാമില്‍ട്ടണ്‍ എന്നിവരുടെ ഉദ്ദേശ്യങ്ങള്‍ ഉദ്ധരിച്ചായിരുന്നു വാദപ്രതിവാദം.

അന്വേഷണം വേഗത്തിലാക്കിയ ഡമോക്രാറ്റുകളെ റിപ്പബ്ലിക്കന്മാര്‍ നിശിതമായി വിമര്‍ശിച്ചു. പതിനേഴാം നൂറ്റാണ്ടിലെ അമേരിക്കയില്‍ വിചാരണ ചെയ്യപ്പെട്ട മന്ത്രവാദികളേക്കാള്‍ അന്യായമായിട്ടാണ് ട്രംപിനെ പരിഗണിച്ചത്, അല്ലെങ്കില്‍ യേശുക്രിസ്തുവിനേക്കാളും, റിപ്പബ്ലിക്കന്മാര്‍ കുറ്റപ്പെടുത്തി.

'കുറ്റാരോപിതരെ നേരിടാന്‍  പീലാത്തോസ് യേശുവിന് അവസരം നല്‍കി. ആ വിചാരണ വേളയില്‍, ഡെമോക്രാറ്റുകള്‍ ഈ പ്രസിഡന്റിനും ഈ പ്രക്രിയയ്ക്കും നല്‍കിയതിനേക്കാള്‍ കൂടുതല്‍ അവകാശങ്ങള്‍ പീലാത്തോസ് യേശുവിന് നല്‍കി,' ജോര്‍ജിയ റിപ്പബ്ലിക്കന്‍ ബാരി ലോഡര്‍മിള്‍ക് പറഞ്ഞു.

സോഷ്യലിസ്റ്റ് തീവ്രവാദികളുടെയും 'ട്രംപിനെ വെറുക്കുന്നവരുടെയും' ഒരു പാര്‍ട്ടി സംഘമാണ് ഡെമോക്രാറ്റുകളെ നയിക്കുന്നത് എന്ന് അവര്‍ ആരോപിച്ചു. അടുത്ത നവംബറില്‍ നടക്കുന്ന ദേശീയ തിരഞ്ഞെടുപ്പില്‍ ട്രംപിനെ ഇംപീച്ച് ചെയ്തത് പാര്‍ട്ടിക്കെതിരെ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

'ഇത് ഉക്രെയിനെക്കുറിച്ചല്ല, അധികാരത്തെക്കുറിച്ചാണ്,' റിപ്പബ്ലിക്കന്‍ മാറ്റ് ഗെയ്റ്റ്‌സ് പറഞ്ഞു.

'ഡമോക്രാറ്റുകള്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ പ്രേരിപ്പിച്ചത് വോട്ടര്‍മാര്‍ ഒരിക്കലും മറക്കില്ല, കാരണം ഡമോക്രാറ്റുകള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നില്ല, അവര്‍ ഞങ്ങളെയും ഇഷ്ടപ്പെടുന്നില്ല.'

റിപ്പബ്ലിക്കന്‍മാര്‍ ആരോപണങ്ങളെയും തെളിവുകളെയും നേരിടുന്നില്ലെന്ന് ഡമോക്രാറ്റുകള്‍ വാദിച്ചു, പകരം കണ്ണടച്ച് പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുകയാണ്.

'ഞങ്ങള്‍ കേള്‍ക്കുന്നില്ല, കാരണം ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയില്ല, കാരണം അവര്‍ക്ക് വ്യക്തമായി പറയാന്‍ കഴിയില്ല, പ്രസിഡന്റിന്റെ നടപടികളുടെ യഥാര്‍ത്ഥ പ്രതിരോധം,' ട്രംപിനെതിരായ കുറ്റപത്രം തയ്യാറാക്കിയ ജുഡീഷ്യറി കമ്മിറ്റി അംഗം ജെറി നാഡ്ലര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.