You are Here : Home / USA News

കച്ചവടസ്ഥാപനങ്ങള്‍ക്ക് കര്‍ശനനിര്‍ദ്ദേശം, ന്യൂജേഴ്സി രണ്ടും കല്‍പ്പിച്ച്

Text Size  

Story Dated: Sunday, April 05, 2020 12:55 hrs UTC

 
ജോര്‍ജ് തുമ്പയില്‍
 
 
ന്യൂജേഴ്സി: കൊറോണ കൊടുംക്രൂരമായി പടരുന്നതിനിടെ അവശ്യവസ്തുക്കളുടെ ലഭ്യത സംസ്ഥാനത്ത് ഉടനീളം ഉറപ്പുവരുത്താന്‍ അധികൃതര്‍ നടപടി ഊര്‍ജിതമാക്കി. പലേടത്തും ആവശ്യത്തിനു വസ്തുക്കള്‍ ലഭിക്കുന്നില്ലെന്ന് പരാതി വ്യാപകമായി ഉയര്‍ന്നതോടെയാണിത്. കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കൊറോണ ബാധിച്ചതിനെത്തുടര്‍ന്ന് പലരും അനിശ്ചിതമായി കടകള്‍ പൂട്ടിയിരുന്നു. തുടര്‍ന്നാണ് ഏതൊക്കെ കടകള്‍ ഇങ്ങനെ പൂട്ടിയിടാന്‍ പാടില്ലെന്ന നിര്‍ദ്ദേശം ഉണ്ടായിരിക്കുന്നത്. പലചരക്ക് കടകള്‍ ഉള്‍പ്പെടുന്ന അവശ്യ ബിസിനസുകള്‍; ഫാര്‍മസികള്‍; ഗ്യാസ് സ്റ്റേഷനുകള്‍; ഓട്ടോ മെക്കാനിക്സ്; കണ്‍വീനിയന്‍സ് സ്റ്റോറുകള്‍; ബാങ്കുകള്‍; ഹാര്‍ഡ്വെയര്‍ സ്റ്റോറുകള്‍; മദ്യവില്‍പ്പന ശാലകള്‍; ഓഫീസ് ഉത്പന്ന വിതരണ കടകള്‍; വളര്‍ത്തുമൃഗ സ്റ്റോറുകള്‍; തോക്ക് കടകള്‍; മൊബൈല്‍ ഫോണ്‍ റീട്ടെയില്‍-റിപ്പയര്‍ ഷോപ്പുകള്‍; സൈക്കിള്‍ ഷോപ്പുകള്‍, കന്നുകാലി തീറ്റ സ്റ്റോറുകള്‍; നഴ്സറികളും പൂന്തോട്ട സ്റ്റോറുകളും; കാര്‍ഷിക ഉപകരണ സ്റ്റോറുകള്‍; കൊച്ചുകുട്ടികള്‍ക്കുള്ള സാധനങ്ങള്‍ വില്‍ക്കുന്ന സ്റ്റോറുകള്‍; കൂടാതെ, മെയിലുകളും ഡെലിവറി ഷോപ്പുകളും എന്നിവ ലോക്ക്ഡൗണ്‍ സമയത്ത് അനിശ്ചിതമായി അടക്കരുതെന്നാണ് ഉത്തരവ്.
 
കാര്‍ ഡീലര്‍മാര്‍ക്ക് വാഹനങ്ങളുടെ വില്‍പ്പനയും ഡെലിവറികളും എങ്ങനെ നടത്താം, റിയല്‍റ്റര്‍മാര്‍ക്ക് എങ്ങനെ വീടുകള്‍ തങ്ങളുടെ ഉപയോക്താക്കളെ കാണിക്കാന്‍ കഴിയും, മദ്യനിര്‍മ്മാണശാലകള്‍ ഉപഭോക്താക്കളെ എങ്ങനെ സേവിക്കാം എന്നിവ ഉള്‍പ്പെടെ മറ്റ് ബിസിനസുകള്‍ എങ്ങനെ പ്രവര്‍ത്തിക്കാമെന്ന് ന്യജേഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി മുമ്പ് വ്യക്തമാക്കിയിരുന്നു. നിര്‍മ്മാണ സൈറ്റുകള്‍ പലേടത്തും അടച്ചിട്ടില്ല, മാത്രമല്ല നിര്‍മ്മാതാക്കള്‍ക്കും തുറമുഖ ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം വരാതിരിക്കാനായി ജീവനക്കാരുമായി കുറഞ്ഞ രീതിയില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് തുടരാന്‍ അനുവദിച്ചിട്ടുണ്ട്.
 
 
പകര്‍ച്ചവ്യാധി സമയത്ത് അടച്ചുപൂട്ടാനുള്ള ഉത്തരവ് ലംഘിച്ചാല്‍ അവശ്യേതര ബിസിനസുകള്‍ക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന് താന്‍ വിലയിരുത്തുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഹോം സ്റ്റേ ഉത്തരവ് ലംഘിക്കുന്നവരെ തടയാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മര്‍ഫി മുന്നറിയിപ്പ് നല്‍കി. 
 
ഇപ്പോള്‍ 3,500 പുതിയ കേസുകളും 182 പുതിയ മരണങ്ങളും സംസ്ഥാനത്ത് സംഭവിച്ചിട്ടുണ്ട്ു. ന്യൂജേഴ്സിയില്‍ ഇപ്പോള്‍ ആകെ 25,000 ത്തിലധികം സ്ഥിരീകരിക്കപ്പെട്ട വൈറസ് കേസുകളുണ്ട്, 537 പേര്‍ മരിച്ചു. കൂടുതല്‍ സേവനങ്ങള്‍ക്ക് വേണ്ടി ഫെഡറല്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഒരു ലക്ഷം ബോഡി ബാഗുകള്‍ എത്രയും വേഗം ലഭ്യമാക്കണമെന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി പെന്റഗണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. താരതമ്യേന പാവങ്ങള്‍ താമസിക്കുന്നയിടത്തേക്ക് രോഗം വ്യാപിക്കാന്‍ തുടങ്ങിയതോടെ കര്‍ശന സുരക്ഷ വേണമെന്ന നിലയിലാണ് സംസ്ഥാനം. ഇപ്പോള്‍ കച്ചവടസ്ഥാപനങ്ങളില്‍ തങ്ങളുടെ കസ്റ്റമേഴ്സിനു വേണ്ടി പരിപൂര്‍ണ്ണ സുരക്ഷിത്വം നല്‍കാന്‍ ഓരോ സ്റ്റോറുകളും യത്നിക്കുന്നു. സാമൂഹിക അകലം പാലിക്കാന്‍ നിര്‍ബന്ധിക്കുന്നതിനൊപ്പം, സാനിറ്റൈസറുകള്‍ ഉപയോഗിക്കാനും പ്രേരിപ്പിക്കുന്നു. ഭക്ഷണസാധനങ്ങള്‍ നേരിട്ട് എടുക്കാനോ ക്യാഷ് കൗണ്ടറുകളില്‍ വരി തെറ്റി നില്‍ക്കാനോ കഴിയാത്ത വിധമാണ് സുരക്ഷ. എല്ലായിടത്തും മാസ്‌ക്ക് ധരിച്ചവരെയാണ് കാണാനുള്ളത്. മുഖംമൂടി ധരിച്ചിരിക്കുന്നതു കൊണ്ടു പലര്‍ക്കും പരിചയക്കാരെ പോലും തിരിച്ചറിയാനാവുന്നില്ല.
 
കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ രക്തം ദാനം ചെയ്ത് മുന്നേറാന്‍ നിരവധി സംഘടനകളും സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥരും ആളുകളോട് ആവശ്യപ്പെടുന്നു. സംസ്ഥാനവ്യാപകമായി ലോക്ക്ഡൗണ്‍ സമയത്ത് രക്തം ദാനം ചെയ്യുന്നത് ഒരു 'അത്യാവശ്യ' സേവനമായാണ് കണക്കാക്കപ്പെടുന്നത്. ഇത്തരക്കാര്‍ക്ക് വീടു വിട്ടിറങ്ങി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ കൊറോണ വൈറസിനെതിരെ പോരാടാനുള്ള ശ്രമങ്ങളുമായി സംസ്ഥാന ആരോഗ്യസംരക്ഷണ സംവിധാനത്തെ സഹായിക്കാന്‍ ഗവര്‍ണര്‍ മെഡിക്കല്‍ പരിശീലനം ലഭിച്ച എല്ലാവരെയും അധികൃതര്‍ ക്ഷണിച്ചു. വോളന്റിയറിങ് സേവനങ്ങള്‍ക്ക് നല്ല പിന്തുണയും ലഭിക്കുന്നുണ്ട്. 
 
ആശുപത്രികളില്‍ ജോലിക്കു വരുന്നവര്‍ക്കായി ഭക്ഷണപാനീയങ്ങളൊക്കെ സൗജന്യമായി കൊടുക്കുന്നു. നിയമം അനുശാസിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് ഭക്ഷണ ക്രമീകരണങ്ങള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നത്. പല സംഘടനകളും കോര്‍പ്പറേഷനുകളും പ്രസ്ഥാനങ്ങളും ഭക്ഷണം ആശുപത്രിയില്‍ എത്തിക്കുന്നു. കൂടാതെ, കഫ്ടീരിയയില് മൂന്നു നേരവും ഭക്ഷണം സൗജന്യമായി നല്‍കുന്നു.
 
ആശുപത്രിയിലെ കോവിഡ് ഏരിയകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ -ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, റെസ്പിറ്റോറി തെറാപിസ്റ്റുകള്‍, മറ്റുള്ളവര്‍- ആരെയും തിരിച്ചറിയുവാന്‍ പറ്റാത്തവിധം ഹസ്മത്ത് (HAZMAT) വേഷഭൂഷാദികളോടെയാണ് ഓരോരുത്തരും നടക്കുന്നത്. വൈറസ് വ്യാപനം തടയുന്നതില്‍ ആശുപത്രി മാനേജ്മെന്റും ജീവനക്കാരുമെല്ലാം ഒത്തൊരുമയോടെ പരസ്പര സഹകരണത്തോടെ നീങ്ങുന്ന കാഴ്ചയാണെങ്ങും. 'നിങ്ങളാണ് ഹീറോ' എന്ന വാക്കുകള്‍ കമ്പ്യൂട്ടറുകളിലും പോസ്റ്ററുകളിലും വാതില്‍പ്പടിയിലുമൊക്കെ പതിപ്പിച്ചിരിക്കുന്നു. എല്ലാവരുടെയും ഐഡി കാര്‍ഡില്‍ 'എസന്‍ഷ്യല്‍ പേഴ്സണല്‍' എന്നു ഹൈലൈറ്റ് ചെയ്തിരിക്കുന്നതിനാല്‍ യാത്രയ്ക്കും ബുദ്ധിമുട്ടില്ല. സാഹചര്യം മുതലാക്കി വീട്ടിലിരിക്കുവാന്‍ വെമ്പല്‍ കൊള്ളുന്നവരും മലയാളികളുടെ ഇടയിലുണ്ടെന്നതും വസ്തുതയാണ്. ആരോഗ്യപരിപാലന രംഗത്ത് ഇങ്ങനെയുള്ള പ്രതിസന്ധികള്‍ വരുമ്പോള്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതിന് പകരം മൂക്കില്‍പ്പനിയുടെയും മറ്റും കഥകള്‍ മെനഞ്ഞ് ഒട്ടകപക്ഷിയെ പോലെ മണ്ണില്‍ തല പൂഴ്ത്തുന്ന സമീപനം, എടുത്തിരിക്കുന്ന ഉത്തരവാദിത്വത്തോടുള്ള അവഹേളനം എന്നു മാത്രം മനസ്സിലാക്കുക.
 
അതേസമയം, ഓശാനപ്പെരുനാളുകളും കഷ്ടാനുഭവ ആഴ്ച ആചരണങ്ങളും ആഘോഷപൂര്‍വ്വം നടത്തേണ്ടതില്ലെന്നു മുന്നറിയിപ്പുകള്‍ രൂപതകളും ഭദ്രാസനങ്ങളും അറിയിച്ചു കഴിഞ്ഞു. ഓശാന ഞായറാഴ്ച കുരുത്തോലകളൊന്നും കൈമാറില്ല. എന്നാല്‍ മറ്റു ചില ക്രിസ്ത്യന്‍ പള്ളികള്‍ ഡ്രൈവ്ബൈ പാം വിതരണങ്ങള്‍ ആസൂത്രണം ചെയ്യുന്നു. പ്രായമായ പള്ളി അംഗങ്ങള്‍ക്ക് 'ശുചിത്വമുള്ള' കുരുത്തോല കുരിശുകള്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ക്രൈസ്തവര്‍ ഞായറാഴ്ച രാവിലെ അവരുടെ വീടുകളില്‍ കാണാവുന്ന വിധത്തില്‍ പച്ചപ്പ് തൂക്കിയിടണമെന്ന് കത്തോലിക്ക രൂപതകള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. 
 
മലയാളി ആരാധനാലയങ്ങളെല്ലാം പുതിയൊരു മോഡിലാണ്. ടെലിഫോണ്‍ വഴിയും കമ്പ്യൂട്ടര്‍ വഴിയുമുള്ള പ്രാര്‍ത്ഥനായോഗങ്ങള്‍ സജീവമായി. കടുതലായി ആത്മീയത വെളിവാകുന്ന സമയമങ്ങളാണിതെന്ന് അത്തരത്തിലുള്ള ദിവസേനയുള്ള പ്രാര്‍ത്ഥനായോഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഫാ. ഷിബു ഡാനിയേല്‍ പറഞ്ഞു. മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക വികാരിയാണ് ഫാ. ഷിബു ഡാനിയല്‍. ഞായറാഴ്ചകളിലും ഇടദിവസങ്ങളിലും പള്ളിയില്‍ പോലും കാണാന്‍ സാധിക്കാത്ത തരത്തിലുള്ള വിശ്വാസത്വരയുള്ള ഇടവക ജനങ്ങളെയാണ് വൈകുന്നേരം കമ്പ്യൂട്ടറിനു മുന്നില്‍ കാണുന്നത്. ഒരു മണിക്കൂര്‍ നീളുന്ന പ്രാര്‍ത്ഥനായോഗത്തിനു ശേഷം കുറച്ചു സമയം ഇടവകാംഗങ്ങളുമായി സംവദിക്കുന്നതിനും ക്ഷേമാന്വേഷണങ്ങള്‍ പരസ്പരം പങ്ക് വെക്കുന്നതിനും സാധിക്കുന്നതായും അച്ചന്‍ പറഞ്ഞു. എല്ലാ സമുദായങ്ങളിലുമുള്ള ആരാധനാലയങ്ങളിലും ഈ തരത്തിലുള്ള സംഗമങ്ങളും യജ്ഞങ്ങളും നടന്നുവരുന്നു. കോവിഡ് 19 വന്നതോടെ ജനങ്ങളുടെ വിശ്വാസതീക്ഷ്ണത വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
 
അമേരിക്കക്കാരുടെ വീരനായകനായി മാറിയിരിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫക്ഷ്യസ് ഡിസീസസ് ഡയറക്ടര്‍ ഡോ ആന്റണി ഫൗസിയുടെ പോസ്റ്ററുകള്‍ പലേടത്തും കാണുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മുഖം ആലേഖനം ചെയ്ത ടീഷര്‍ട്ട് ഇപ്പോള്‍ വിലപ്പനയ്ക്കെത്തുന്നു എന്നതാണ് ഒരു കൗതുകം. ന്യൂ ബ്രണ്‍സ്വിക്ക് ഒലിവ് ബ്രാഞ്ച് റെസ്റ്റോറന്റ് ഉടമ ഡഗ് ഷ്നൈഡറാണ് ഇതിനു പിന്നില്‍. കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തില്‍ ദേശീയ സെലിബ്രിറ്റിയും നായകനുമായി മാറിയ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. ആന്റണി ഫൗസിയെ ബഹുമാനിക്കുന്നതിനാണത്രേ ഇത്. ടിഷര്‍ട്ടുകള്‍ക്കു 15 ഡോളറാണു വില. 29 ഡോളറിനു മുകലില്‍ ടേക്ക് ഔട്ടുകള്‍വാങ്ങിയാല്‍ ടീ ഷര്‍ട്ട് ഫ്രീ!
 
കൊറോണ വൈറസിന്റെ ആഗോളവ്യാപനത്തിലൂടെ പല തരത്തിലായി ദുരിതത്തിലായിരിക്കുന്നത് ഒട്ടനവധി പേരാണ്. എല്ലാവരെയും എല്ലാ തരത്തിലും സഹായിക്കുവാന്‍ കഴിയില്ലെങ്കിലും പറ്റുന്ന രീതിയില്‍ സഹായവാഗ്ദാനവുമായി എത്തിയിരിക്കുകയാണ് വൈറ്റ്പ്ലെയ്ന്‍സിലുള്ള ഫൗണ്ടേഷന്‍ ഫോര്‍ ഹോപ്പ് എന്ന ജീവകാരുണ്യ പ്രസ്ഥാനം. വിശപ്പ് രഹിത പട്ടണമായി ചെങ്ങന്നൂരിനെ പ്രാപ്തമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഫൗണ്ടേഷന്‍ ഫോര്‍ ഹോപ്പ് എന്ന ജീവകാരുണ്യ പ്രസ്ഥാനം അറ്റോര്‍ണിയും ടാക്സ് പ്രാക്ടീഷണറുമായ ടോണി നൈനാന്റെ സേവനം സൗജന്യമായി ലഭ്യമാക്കിയിരിക്കുകയാണ്. എല്ലാവര്‍ക്കുമല്ല, ന്യൂയോര്‍ക്കിലുള്ള എല്ലാ റസ്റ്റോറന്റ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും അവരുടെ ടാക്സ് ഫയല്‍ ചെയ്യുന്നതിനുള്ള എല്ലാ സര്‍വീസുകളും സൗജന്യമായി ചെയ്തു കൊടുക്കും. അടഞ്ഞു കിടക്കുന്ന റസ്റ്റോറന്റുകള്‍ മൂലം ദുരിതക്കടലിലാണ് നടത്തിപ്പുകാരും ജീവനക്കാരും എന്നു നേരിട്ടു കണ്ടതിന്റെ ബോധ്യത്തിലാണ് ടോണി നൈനാന്‍ തന്റെ വിലപ്പെട്ട കുറേ സമയം ഇങ്ങനെ മാറ്റിവെക്കാന്‍ തീരുമാനിച്ചതെന്ന് ഫൗണ്ടേഷന്‍ ഫോര്‍ ഹോപ്പിനു വേണ്ടി ഡോ.ഫിലിപ്പ് ജോര്‍ജ് അറിയിച്ചു. വിവരങ്ങള്‍ക്ക് ഫോണ്‍ (646)351-9509. ഇമെയ്ല്‍ninan.taxlaw@gmail.com
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.