സണ്ണി സ്റ്റീഫന്‍
1 ഒരുഹൃദയം ഒരുലോകം
പകര്‍ച്ചവ്യാധികളും ദുരന്തങ്ങളും വരുമ്പോഴാണ് മനുഷ്യന്‍ പരസ്പരം
ബന്ധപ്പെട്ടവനാണെന്ന് മനസ്സിലാക്കുന്നത്. നമ്മള്‍ ലോക പൗരന്മാരാണെന്നും നമുക്ക് സാമൂഹ്യപ്രതിബദ്ധതയും ഉത്തരവാദിത്വവുമുണ്ടെന്നും, ഒരു ഹൃദയം ഒരു ലോകം എന്ന ഐക്യദാര്‍ഡ്യത്തോടെ പരസ്പരം പ്രാര്‍ത്ഥിച്ചും, സ്‌നേഹിച്ചും, പങ്കുവെച്ചും ഒരേമനസ്സോടെ പ്രതിജ്ഞാബദ്ധരായി ജീവിക്കാന്‍ തീരുമാനിക്കാം.
2 സമൂഹത്തിനുവേണ്ടി സ്‌നേഹദൂരം പാലിക്കാം
നമ്മള്‍ മുഖാന്തിരം മറ്റുള്ളവര്‍ സന്തോഷത്തോടെയിരിക്കാന്‍ കാരണമാകുന്നതാണ് ജീവിതത്തെ അര്‍ത്ഥവത്താകുന്നത്. അശാന്തിയുടെ വൈറസിനെ
അകറ്റിനിര്‍ത്തി ഒന്നിച്ചു നിന്നു പ്രവര്‍ത്തിക്കുവാനും, പോരാടിവിജയിക്കുവാനും ആത്മാര്‍ത്ഥമായി ശ്രദ്ധിക്കാം. സമൂഹത്തിനുവേണ്ടി സ്‌നേഹ ദൂരം പാലിക്കാം.
3 ത്യാഗമനോഭാവത്തെ മനസ്സിലാക്കുക
പകര്‍ച്ച വ്യാധിയില്‍ മനുഷ്യര്‍ പകച്ചു നില്‍ക്കുമ്പോള്‍, കോവിഡിനു എതിരായ പോരാട്ടത്തില്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ ത്യാഗമനോഭാത്തോടെ ആരോഗ്യപരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന കരുണയുടെ മാലാഖമാരെ ആദരിക്കാം. ഒപ്പം വീട്ടില്‍ സ്വയം ക്വറന്റീനില്‍ കഴിയുന്നവരുടെ ത്യാഗ മനോഭാവത്തെയും മനസ്സിലാക്കാം.
4 നല്ല അയല്‍ക്കാരാവുക,സ്‌നേഹം പങ്കുവെയ്ക്കുക
നമ്മുടെ ഇടപെടല്‍ ആവശ്യമുള്ള ഭൂമിയിലെ എല്ലാ മനുഷ്യരും നമ്മുടെ അയല്‍ക്കാരാണ്. സുരക്ഷിതമായി ഓരോ കുടുംബവും, ഭക്ഷണസാധനങ്ങള്‍ കരുതലോടെ ശേഖരിച്ച് വെച്ച്, പകര്‍ച്ചവ്യാധിയെ നേരിടാന്‍ വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍, അയല്‍വക്കത്തുള്ളവര്‍ ഭക്ഷണംകഴിച്ചോ എന്നും, അടിയന്തരആവശ്യങ്ങള്‍ വേണ്ടിവരുന്നോ എന്നും അന്വേഷിക്കുക, സഹായിക്കുക.
5 സ്വയംസഹായമേകുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ സജീവമാക്കുക
നവ സാങ്കേതികവിദ്യകളുടെ സഹായത്തോടെ സ്വയംസഹായ കൂട്ടായ്മകള്‍ നിലനിര്‍ത്തി, സജീവമായ സ്വയംസഹായ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെടുക്കുക.
പരസ്പരം കെയര്‍ ചെയ്യുമ്പോഴും, മനുഷ്യത്വം നിറഞ്ഞ പ്രവര്‍ത്തികള്‍ ഷെയര്‍ ചെയ്യുമ്പോഴുമാണ് നല്ലൊരു മനുഷ്യസ്‌നേഹിയായി നമുക്ക് വളരാന്‍ കഴിയുന്നത്. മനുഷ്യത്വമാണ് ഏറ്റവും വലിയ മൂല്യമെന്ന തിരിച്ചറിവിന്റെ തീരങ്ങളില്‍ എത്തിച്ചേരാം.
6 ഗ്ലോബലി കണക്ട് ചെയ്ത് ജീവിക്കാനൊരു നല്ലപാഠം
ഓരോരുത്തരും സ്വജീവിതം സമര്‍പ്പണം ചെയ്ത് കരുണയും, കരുതലും, കാവലുമായി ജീവിക്കാന്‍ തുടങ്ങുമ്പോള്‍ ഗ്ലോബലി കണക്ട് ചെയ്ത് ജീവിക്കാന്‍ ഉടമ്പടി ചെയ്യുന്ന നല്ല അടയാളമുള്ള ഒരു ജനതയായിത്തീരുന്നു
7 വൃദ്ധരുടെ അവകാശങ്ങള്‍ സംരക്ഷിക്കണം
അനുകമ്പയുടെ വാക്കുകള്‍ക്കപ്പുറം കരുണയുടെ പ്രവര്‍ത്തികളാണ് വിലപ്പെട്ടത്. തിരക്കേറിയ ജീവിതയാത്രയ്ക്കിടയിലും, പകര്‍ച്ചവ്യാധിക്കെടുതികള്‍ക്കിടയിലും പലപ്പോഴും
നിസ്സഹായകരായിപ്പോകുന്ന വൃദ്ധജനങ്ങളെ പലവിധ കാരണങ്ങള്‍ പറഞ്ഞ്
ഒഴിവാക്കിക്കളയാതെ അവരുടെ അവകാശങ്ങളും, ആവശ്യങ്ങളും നീതിപൂര്‍വ്വം പരിഗണിച്ച് നടപ്പിലാക്കുക.
8 മാനുഷിക നിലപാടുകളില്‍ ഉറച്ചു നില്‍ക്കുക
ഓരോരോ കാരണങ്ങള്‍ പറഞ്ഞ് പരസ്പരം കുറ്റപ്പെടുത്തുകയും മുറുമുറുക്കുകയും ചെയ്യാതെ, പരസ്‌നേഹ മനോഭാവമുള്ള നിലപാടുകളില്‍ ഉറച്ച് നിന്ന് സഹനങ്ങള്‍ ദൈവാനുഗ്രഹമായും, പ്രതികൂലസാഹചര്യങ്ങളെ അനുകൂലമാക്കാന്‍ യത്‌നിക്കുന്നത് മാനുഷിക അടയാളമായും കരുതുക.
9 അതീവശ്രദ്ധ എല്ലാത്തിലും പുലര്‍ത്തണം
കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അതീവശ്രദ്ധപുലര്‍ത്തുമ്പോഴും, ഡയാലിസിസ്, ഹൃദയസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ ഗുരുതരമായ മറ്റ് അനേകം രോഗങ്ങളാല്‍ ചികിത്സയിലായിരിക്കുന്നവരെ ശ്രദ്ധയോടെ ശുശ്രൂഷിക്കുകയും ചികിത്സകള്‍ നിഷേധിക്കാതിരിക്കുകയും ചെയ്യുക.
10 നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക
അതാതു രാജ്യത്തെ ഭരണകര്‍ത്താക്കന്മാരും ആരോഗ്യപരിപാലനരംഗത്തു
പ്രവര്‍ത്തിക്കുന്നവരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും, ജാഗ്രതയോടെ, ഒരുമയോടെ പൊരുതി കോവിഡിനെ തോല്‍പ്പിക്കാന്‍ പ്രതിജ്ഞ ചെയ്യാം.
ഒരു ഹൃദയം ഒരു ലോകം എന്ന ദര്‍ശനം സമ്പൂര്‍ണ്ണമാക്കാം. മനുഷ്യനൊന്നു മനസ്സുകളെല്ലാമൊന്ന് എന്ന മൂല്യം വിളംബരം ചെയ്യാം.
സണ്ണി സ്റ്റീഫന്‍
ചെയര്‍മാന്‍,വേള്‍ഡ് പീസ് മിഷന്‍
wpmissionofficial@gmail.com
www.worldpeacemission.net
Comments