കോവിഡ്: ഇല്ലിനോയിയിൽ റെക്കോർഡ് മരണം; ഒറ്റ ദിവസം 1287 പുതിയ കേസുകൾ
പി.പി.ചെറിയാൻ
ഷിക്കാഗോ ∙ ഇല്ലിനോയി സംസ്ഥാനത്തെ കോവിഡ് 19 മരണത്തിൽ റെക്കോർഡ്. കൊറോണ വൈറസ് കണ്ടെത്തിയതിനുശേഷം 24 മണിക്കൂറിൽ 73 പേർ മരിക്കുകയും 1287 പുതിയ പോസിറ്റീവ് കേസുകൾ കണ്ടെത്തുകയും ചെയ്തതായി ഔദ്യോഗികമായി അറിയിച്ചു. ഇല്ലിനോയ് ഗവർണർ ജെ. ബി. പ്രിറ്റ്സ്ക്കർ ചൊവ്വാഴ്ച വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് പുതിയ കണക്കുകൾ വെളിപ്പെടുത്തിയത്.
ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് കണ്ടെത്തിയവരുടെ എണ്ണം 13549 ആയി. 380 പേർ മരിക്കുകയും ചെയ്തു. കോവിഡിന് ഒരു പരിഹാരം അടുത്ത ദിവസമോ അടുത്ത ആഴ്ചയിലോ, അടുത്ത മാസത്തിലോ ഉണ്ടാകുമെന്ന് തോന്നുന്നില്ല –ഗവർണർ പറഞ്ഞു. വൈറസിന്റെ വ്യാപനം അനിയന്ത്രിതമായി തുടരുകയാണ്.അതേസമയം, ഷിക്കാഗോ മേയർ ലൈറ്റ് ഫുട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ വെളുത്ത വർഗ്ഗക്കാരേക്കാൾ ആറു മടങ്ങ് ആഫ്രിക്കൻ അമേരിക്കക്കാരാണ് കോവിഡ് 19 മൂലം മരണമടയുന്നതെന്ന് കണക്കുകൾ ഉദ്ധരിച്ചു വ്യക്തമാക്കി. ഇതു വളരെ ആശങ്കയുളവാക്കുന്നു. ഷിക്കാഗോയുടെ ഗ്രാമപ്രദേശങ്ങളിലാണ് കൂടുതൽ പേർക്ക് കോവിഡ് 19 കണ്ടെത്തിയിരിക്കുന്നതെന്നും മേയർ വെളിപ്പെടുത്തി.
കുക്ക് കൗണ്ടി ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ കണക്കുകൾ അനുസരിച്ചു ഇവാൻസ്റ്റൺ, ഓക്ക്പാർക്ക്, സ്റ്റിക്കിനി ടൗൺ ഷിപ്പുകളിൽ വെച്ചു ചൊവ്വാഴ്ച ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടത് സ്ക്കോക്കിയിലാണെന്ന് (168) മേയർ പറഞ്ഞു.
Comments