You are Here : Home / USA News

സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടി, ലോക്ഡൗണ്‍ തുടരും; ജാഗ്രതയിലുറച്ച് ന്യൂജഴ്‌സി

Text Size  

Story Dated: Sunday, April 19, 2020 12:04 hrs UTC

 
ജോർജ് തുമ്പയിൽ
 
 
ന്യൂജഴ്‌സി ∙ ന്യൂജഴ്സിലിയിൽ ആകെ കൊറോണ ബാധിതര്‍ 78,467 പേരും ഇതുവരെയുള്ള മരണം 3,840 ആയും വര്‍ധിച്ചിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,250 പുതിയ പോസിറ്റീവ് ടെസ്റ്റുകളും 323 പുതിയ മരണങ്ങളും ഗവര്‍ണര്‍ ഫില്‍ മര്‍ഫി പ്രഖ്യാപിച്ചു. ഏറ്റവും കൂടുതല്‍ ബര്‍ഗന്‍ കൗണ്ടിയിലാണ്. ഇവിടെ, 11863 പേര്‍ക്കാണ് രോഗബാധയുള്ളത്. ഇവിടെ 714 പേര്‍ മരിച്ചു. എസെക്‌സ് കൗണ്ടിയില്‍ 9672 പേര്‍ക്ക് കോവിഡ് 19 ഉണ്ട്. മരണം, 684 ആയിരിക്കുന്നു. ഹഡ്‌സണ്‍ കൗണ്ടിയില്‍ 9636 പേര്‍ക്ക് രോഗം, മരണം 420. യൂണിയന്‍ കൗണ്ടിയില്‍ 8429 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നു, മരണം ഇവിടെ 330. അമേരിക്കയിലാകെ 710,272 പേര്‍ക്ക് രോഗബാധയുണ്ട്. ഇതില്‍ 37175 പേര്‍ മരിച്ചു. 13509 പേര്‍ ഗുരുതരാവസ്ഥയിലും, 63510 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ന്യൂജഴ്‌സിയില്‍ ഇന്നലെ രാത്രി 10 വരെ, 8,011 പേര്‍ക്ക് വൈറസ് ബാധിച്ചു ആശുപത്രി നിരീക്ഷണത്തിലുണ്ടെന്ന് പത്രസമ്മേളനത്തില്‍ ഗവര്‍ണര്‍ മര്‍ഫി പറഞ്ഞു. ഇവരില്‍ 1,961 പേര്‍ ഗുരുതരാവസ്ഥയിലും 1,594 പേര്‍ വെന്റിലേറ്ററിലുമാണ്. വ്യാഴാഴ്ച, വൈറസ് ബാധിച്ച 787 ജീവനക്കാരെ ന്യൂ ജേഴ്‌സി ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. 9 ദശലക്ഷം ആളുകള്‍ താമസിക്കുന്ന സംസ്ഥാനമായ ന്യൂജഴ്‌സിയില്‍ ന്യൂയോര്‍ക്കിനു പുറമേ, യുഎസ് സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ രോഗബാധയും മരണങ്ങളും തുടരുന്നു. 
സ്‌കൂളുകള്‍ മേയ് 15വരെ അടച്ചിടും
സംസ്ഥാനത്തെ സ്‌കൂളുകള്‍ മേയ് 15 നു ശേഷം മാത്രമേ തുറക്കുന്ന കാര്യം ആലോചിക്കുവെന്നു ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. എന്നാല്‍ ഈ അധ്യയനവര്‍ഷം റദ്ദാക്കുകയാണ് നല്ലതെന്നും ഇപ്പോള്‍ തുടരുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ സാര്‍വത്രികമാക്കണമെന്നും വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നു. ന്യൂയോര്‍ക്ക് സംസ്ഥാനം ഇക്കാര്യത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. സംസ്ഥാന ആരോഗ്യ കമ്മീഷണര്‍ ജൂഡിത്ത് പെര്‍സില്ലിക്കും ഇതേ അഭിപ്രായമാണുള്ളത്.
 
HEALTH-CORONAVIRUS/USA
നോര്‍ത്ത് ജഴ്‌സി ഇതിനകം നിരവധി രോഗികളാല്‍ നിറഞ്ഞിരിക്കുകയാണെന്നും സെന്‍ട്രല്‍ അല്ലെങ്കില്‍ സൗത്ത് ജേഴ്‌സി രോഗത്തിന്റെ പാരമ്യതയിലേക്ക് എത്തിയിട്ടില്ലെന്നും അതു കൊണ്ടു തന്നെ സ്‌കൂളുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നതു തന്നെയാണ് നല്ലതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 
 
ലോക് ഡൗണ്‍ ഓര്‍ഡറുകള്‍ ഗാര്‍ഡന്‍ സ്‌റ്റേറ്റില്‍ നിലനില്‍ക്കുന്നുണ്ടെന്നും താമസക്കാര്‍ സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥര്‍ വീണ്ടും പറഞ്ഞു. എന്നാല്‍ സംസ്ഥാനത്തിന്റെ മധ്യ, അറ്റ്‌ലാന്റിക്ക് സിറ്റി, കേപ് മേ തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന തെക്കന്‍ പ്രദേശങ്ങള്‍ ഇതുവരെ അവരുടെ രോഗത്തിന്റെ മൂര്‍ദ്ധന്യത കണ്ടില്ലെന്നും പെര്‍സില്ലി പറഞ്ഞു. 'ഞങ്ങള്‍ സംസ്ഥാനത്തെ വടക്ക്, മധ്യ, തെക്ക് എന്നിങ്ങനെ വേര്‍തിരിക്കുന്നു, യഥാര്‍ത്ഥത്തില്‍ രോഗം പകരുന്നത് വടക്ക് ഭാഗത്താണ്, അവിടെയാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്,' പെര്‍സില്ലി കൂട്ടിച്ചേര്‍ത്തു. വടക്ക് എന്നു പറയുന്നത് മലയാളികള്‍ ഏറെയുള്ള ടീനെക്ക്, ബര്‍ഗന്‍ ഫീല്‍ഡ് തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാണ്.
ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്ന സ്ഥിതിവിവരക്കണക്കുകളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദമായി പറഞ്ഞിട്ടില്ല. ന്യൂജേഴ്‌സിയുടെ പരിമിതമായ പരിശോധനസൗകര്യങ്ങളാണ് പലേടത്തും പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നതെന്നു റിപ്പോര്‍ട്ടുണ്ട്. അതു കൊണ്ടു തന്നെ ബര്‍ഗന്‍, എസെക്‌സ്, യൂണിയന്‍ കൗണ്ടിയിലും ന്യൂവാര്‍ക്ക് സിറ്റിയിലും മതിയായ ടെസ്റ്റിങ് സെന്ററുകള്‍ കൂടിയ തോതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ മര്‍ഫി ഉത്തരവിട്ടിട്ടുണ്ട്. 
നഴ്‌സിങ് ഹോമുകള്‍ കര്‍ശന നിരീക്ഷണത്തില്‍
സംസ്ഥാനത്തെ മരണനിരക്കില്‍ നേഴ്‌സിങ് ഹോമുകള്‍ക്ക് കാര്യമായ പങ്കെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച മുന്നറിയിപ്പ് ഫെബ്രുവരി അവസാനത്തോടെ പുറത്തുവന്നെങ്കിലും ഒരിടത്തും ഇക്കാര്യം മുഖവിലക്കെടുത്തില്ലെന്നാണ് സൂചന. സിയാറ്റിലിലെ സബര്‍ബന്‍ പ്രദേശത്തെ താമസക്കാര്‍ ഓരോരുത്തരായി മരിച്ചതോടെയാണ് ഇത്തരമൊരു ജാഗ്രതാ നിര്‍ദ്ദേശം എല്ലാ സംസ്ഥാനങ്ങളും നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ന്യൂജഴ്‌സിയില്‍ നിന്നും ന്യൂയോര്‍ക്കില്‍ നിന്നും കാലിഫോര്‍ണിയയില്‍ നിന്നും പുറത്തു വരുന്നത് ഇത്തരം വാര്‍ത്തകളാണ്. കുടുംബങ്ങള്‍ നിസ്സഹായതയോടെ പുറത്ത് കാത്തുനില്‍ക്കുമ്പോള്‍, ഉള്ളിലുള്ള ഓരോരുത്തരും മരണവുമായി മല്ലിടുകയായിരുന്നു.
 
തുടര്‍ന്നുള്ള ആറ് ആഴ്ചകളില്‍, രാജ്യത്ത് ഉടനീളം നഴ്‌സിംഗ് ഹോമുകളില്‍ നിന്നു പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കൊറോണ വൈറസ് മൂലം നഴ്‌സിംഗ് ഹോമുകളില്‍ താമസിച്ചതില്‍ കുറഞ്ഞത് 7,000 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ കണ്ടെത്തിയിട്ടുള്ളത്. ഇത് മുമ്പ് അറിഞ്ഞതിനേക്കാള്‍ വളരെ കൂടുതലാണ്. അമേരിക്കയില്‍ മരിച്ചവരുടെ അഞ്ചിലൊന്ന് വരുമിത്. ന്യൂജഴ്‌സിയില്‍, ഒരു നഴ്‌സിംഗ് ഹോം മോര്‍ച്ചറിയില്‍ 17 മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുകയായിരുന്നു. വിര്‍ജീനിയ ഹോമിലെ താമസക്കാരില്‍ നാലിലധികം പേരും മരിച്ചു. മേരിലാന്‍ഡിലെ ഒരു കേന്ദ്രത്തില്‍ കുറഞ്ഞത് 24 പേര്‍ മരിച്ചു; കന്‍സാസിലെ മറ്റൊന്നില്‍ നൂറിലധികം താമസക്കാര്‍ക്കും തൊഴിലാളികള്‍ക്കും രോഗം ബാധിച്ചിരിക്കുന്നു; ഫ്‌ലോറിഡ, കാലിഫോര്‍ണിയ, നെവാഡ, ന്യൂയോര്‍ക്ക്, മെയ്ന്‍, മസാച്യുസെറ്റ്‌സ്, ഒറിഗോണ്‍, വാഷിംഗ്ടണ്‍ എന്നിവിടങ്ങളിലെ നേഴ്‌സിങ് ഹോമിലും നിരവധി ആളുകള്‍ മരിച്ചു. ഇവരില്‍ പലരും കോവിഡ് 19 മൂലമാണ് മരിച്ചതെന്നു നേഴ്‌സിങ് ഹോമുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതു കൂടി കണക്കിലെടുത്താല്‍ അമേരിക്കയിലെ മരണനിരക്ക് ഊഹിക്കാവുന്നതിനുമപ്പുറത്താവും.
US-CORONAVIRUS-PANDEMIC-CAUSES-CLIMATE-OF-ANXIETY-AND-CHANGING-R
എല്ലാറ്റിനുമുപരി, വൈറസ് മൂലമുള്ള മരണങ്ങളില്‍ അഞ്ചിലൊന്ന് നഴ്‌സിംഗ് ഹോമുകളുമായോ മറ്റ് ദീര്‍ഘകാല പരിചരണ കേന്ദ്രങ്ങളുമായോ ബന്ധപ്പെട്ടിരിക്കുന്നുവെന്നത് മുഖ്യധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് രാജ്യത്തെ ഞെട്ടിച്ചിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്ന ഏകദേശം 36,000 ജീവനക്കാരും രോഗബാധിതരാണെന്നും സൂചനയുണ്ട്. പോലീസ്, ആരോഗ്യവകുപ്പ് എന്നിവര്‍ പ്രശ്‌നത്തിന്മേല്‍ അടിയന്തിരമായി ഇടപെട്ടിട്ടുണ്ട്. 375 നഴ്‌സിംഗ് ഹോമുകള്‍, 200 അസിസ്റ്റഡ് ലിവിംഗ് സൗകര്യങ്ങള്‍, 28 ഡിമെന്‍ഷ്യ കെയര്‍ ഹോമുകള്‍ എന്നിവയാണ് സംസ്ഥാനത്തെ മൊത്തം ദീര്‍ഘകാല സൗകര്യങ്ങളില്‍ ഉള്‍പ്പെടുന്നതെന്ന് സംസ്ഥാന അധികൃതര്‍ പറഞ്ഞു.
സീസണല്‍ ഇൻഫ്ലുവന്‍സയേക്കാള്‍ മാരകം
സീസണല്‍ ഇന്‍ഫ്‌ളുവന്‍സയേക്കാള്‍ ഈ വര്‍ഷം അമേരിക്കയില്‍ കൂടുതല്‍ ആളുകളെ കൊല്ലാനുള്ള ശ്രമത്തിലാണ് കോവിഡ് 19. എന്നാല്‍ പുതിയ വൈറസ് എത്രത്തോളം മാരകമാകുമെന്ന് നിര്‍ണ്ണയിക്കാനാവുന്നില്ല. ഇതുമായി ബന്ധപ്പെട്ടു എപ്പിഡെമിയോളജിസ്റ്റുകള്‍ അഭിമുഖീകരിക്കുന്ന പ്രധാന ചോദ്യം എത്രനാളിത് തുടരുമെന്നാണ്. 2022 വരെ നീണ്ടുനിന്നേക്കാമെന്ന് ദേശീയ എപ്പിഡെമിക്‌സ് ഡയറക്ടര്‍ ഡോ. ആന്റണി ഫൗസി പറയുന്നു.
 
വാർധക്യം, രോഗപ്രതിരോധ ശേഷിയില്ലാത്തവര്‍, നഴ്‌സിംഗ് ഹോമുകള്‍ പോലുള്ള ചെറിയ, പരിമിത ക്രമീകരണങ്ങള്‍ എന്നിവിടങ്ങില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് വൈറസ് കൂടുതല്‍ മാരകമായിരിക്കും. ഇവിടങ്ങളിലെ ജീവനക്കാരും പ്രതിസന്ധിയിലായേക്കാം. ഇവര്‍ പതിവായി ഒരു മുറിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് അണുബാധ പടരാന്‍ സാധ്യതയുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട ഇവിടുത്തെ മേല്‍നോട്ടങ്ങള്‍ പ്രതിസന്ധിക്ക് കാരണമായി എന്നാണ് റിപ്പോര്‍ട്ട്.
 
ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ പ്രതിവിധി
കൊറോണ വൈറസ് ബാധിച്ച ചിലര്‍ക്ക് പ്രതിരോധ നടപടിയായി ആഴ്ചകളോളം രാജ്യമെമ്പാടുമുള്ള ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ നല്‍കുന്നു. ന്യൂജഴ്‌സിയിലെ മിക്ക ആശുപത്രികളിലെയും പ്രധാന വാക്‌സിന്‍ ഇതാണ്. എന്‍95 മാസ്‌ക്കുകള്‍ക്ക് പുറമേ ആവശ്യത്തിന് മെഡിസിനുകള്‍ ഇപ്പോള്‍ എല്ലായിടത്തും എത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ന്യൂവാര്‍ക്ക് എയര്‍പോര്‍ട്ടിലേക്ക് എത്തിയത്. 
 
Hydroxychloroquine
ആന്റിമലേറിയല്‍ മരുന്ന് ഉപയോഗിച്ച് നൂറുകണക്കിന് രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. മാന്‍ഹട്ടനിലെ ലെനോക്‌സ് ഹില്‍ ഹോസ്പിറ്റലില്‍, മിക്ക കോവിഡ് 19 രോഗികള്‍ക്കും അഞ്ച് ദിവസത്തെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എന്ന മലേറിയ മരുന്നാണ് നല്‍കുന്നത്.
 
ഈ മരുന്ന് കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നു കോവിഡ് 19-നെതിരേയുള്ള വാക്‌സിനാണോയെന്ന് കാര്യത്തില്‍ ഉറപ്പില്ലെന്നും പക്ഷേ, നിലവില്‍ ഇതു കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് ലെനോക്‌സ് ഹില്ലിലെ പള്‍മനറി മെഡിസിന്‍ മേധാവി ഡോ. ബുഷ്ര മിന അഭിപ്രായപ്പെടുന്നത്. ആളുകള്‍ കൂട്ടത്തോടെ മരിക്കുമ്പോള്‍, തെളിവുകള്‍ വരുന്നതുവരെ കാത്തിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
നേവിയുടെ മെഡിക്കല്‍ഷിപ്പ് പ്രവര്‍ത്തനം തുടങ്ങി
ന്യൂയോര്‍ക്ക് സിറ്റിയില്‍ പോര്‍ട്ട് ചെയ്തിരിക്കുന്ന നാവികസേനയുടെ കപ്പല്‍ വെള്ളിയാഴ്ച ന്യൂജഴ്‌സിയില്‍ നിന്നുള്ള ആദ്യത്തെ കൊറോണ വൈറസ് രോഗിയെ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ന്യൂയോര്‍ക്ക് സിറ്റിയെ സഹായിക്കുന്നതിന് യുഎസ്എന്‍എസ് 'കംഫര്‍ട്ട'് മാര്‍ച്ച് 30 ന് വിര്‍ജീനിയയില്‍ നിന്ന് മാന്‍ഹട്ടനിലെ പിയര്‍ 90 ല്‍ എത്തി. കോവിഡ് 19 പ്രതിരോധ ശ്രമങ്ങള്‍ വിപുലീകരിക്കുന്നതിനായി കപ്പല്‍ ന്യൂജേഴ്‌സി ആശുപത്രികളില്‍ നിന്ന് വെള്ളിയാഴ്ച മുതല്‍ രോഗികളെ സ്വീകരിക്കാന്‍ തുടങ്ങി.
 
'ന്യൂയോര്‍ക്ക് നഗരത്തിലെയും ന്യൂജഴ്‌സിയിലെയും രോഗികള്‍ക്ക് മികച്ച പരിചരണം നല്‍കുന്ന ക്രൂ, ഞങ്ങളുടെ മെഡിക്കല്‍ ദാതാക്കള്‍, നഴ്‌സുമാര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരെക്കുറിച്ച് ഞാന്‍ വളരെ അഭിമാനിക്കുന്നു.' കംഫര്‍ട്ടിലെ മെഡിക്കല്‍ ട്രീറ്റ്‌മെന്റ് ഫെസിലിറ്റിയുടെ കമാന്‍ഡിംഗ് ഓഫീസര്‍ ക്യാപ്റ്റന്‍ പാട്രിക് അമേര്‍സ്ബാക്ക് പ്രസ്താവനയില്‍ പറഞ്ഞു. ഗുരുതരവും ഗുരുതരമല്ലാത്തതുമായ രോഗികളെ സംസ്ഥാനതലങ്ങളില്‍ വേര്‍തിരിച്ച് പരിചരണത്തിനായി കപ്പലില്‍ കയറ്റുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുമായി ഏകോപിപ്പിച്ചാണ് 'കംഫര്‍ട്ടിന്റെ' ഇപ്പോഴത്തെ പ്രവര്‍ത്തനം.
Navy-Comfort-Hospital-arrives-in-NY
70,000 ടണ്‍ കേവ് ഭാരമുള്ള കംഫര്‍ട്ടില്‍ 1,000 ആശുപത്രി കിടക്കകള്‍, ഒരു മെഡിക്കല്‍ ലബോറട്ടറി, ഒരു ഫാര്‍മസി, ഒപ്‌റ്റോമെട്രി ലാബ്, ഡിജിറ്റല്‍ റേഡിയോളജി, സിടി സ്‌കാന്‍, ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കുന്ന രണ്ട് പ്ലാന്റുകള്‍, ഒരു ഹെലികോപ്റ്റര്‍ ഡെക്ക് എന്നിവയുണ്ട്. വെള്ളിയാഴ്ച ഉച്ചവരെ 163 രോഗികള്‍ കപ്പലില്‍ ചികിത്സ തേടിയതായും 80 ലധികം പേരെ ഡിസ്ചാര്‍ജ് ചെയ്തതായും അധികൃതര്‍ അറിയിച്ചു. അവിടെ ചികിത്സിച്ച രോഗികളില്‍ പകുതിയോളം പേര്‍ക്കും കോവിഡ് 19 പോസിറ്റീവ് കണ്ടെത്തിയിരുന്നു. കംഫര്‍ട്ടിന്റെ നാല് ക്രൂ അംഗങ്ങള്‍ക്കും കൊറോണ ബാധയുണ്ട്. ഇവരെല്ലാം സുഖം പ്രാപിച്ച് കപ്പലില്‍ ജോലിയില്‍ തിരികെ പ്രവേശിച്ചതായി അധികൃതര്‍ അറിയിച്ചു.
വീണ്ടും വരുമോ, കോവിഡ് 19?
കൊറോണയ്‌ക്കെതിരേ പോരാടി വിജയിച്ചവര്‍ക്ക് വീണ്ടും രോഗം വരുമോ? ഈ കോവിഡ് 19 അരങ്ങൊഴിഞ്ഞാലും വീണ്ടും വരുമോ? പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ന്യൂറോ സയന്‍സ്, ക്വാണ്ടിറ്റേറ്റീവ്, കമ്പ്യൂട്ടേഷണല്‍ ബയോളജി പ്രൊഫസര്‍ സാം വാങ് പറഞ്ഞു. ആരോഗ്യ വിദഗ്ധര്‍ പറയുന്നത് രണ്ടാമത്തെ തരംഗത്തിന്റെ സാധ്യത നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നാണ്. പരിശോധന മെച്ചപ്പെടുന്നുണ്ടോ, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എത്രത്തോളം നിലനില്‍ക്കും, സംസ്ഥാനത്തിന് പുറത്തുള്ള സന്ദര്‍ശകര്‍ വൈറസ് പടര്‍ത്തുന്നുവെങ്കില്‍ അവര്‍ക്ക് പര്യാപ്ത ചികിത്സ എന്നീ ഘടകങ്ങളാണ് പ്രധാനം. രണ്ടാമത്തെ തരംഗം 'വളരെയധികം സാധ്യതയുണ്ട്' എന്ന് ഭയപ്പെടുന്നു, കാരണം വൈറസ് പല ആളുകളിലും കണ്ടുപിടിക്കപ്പെടാതെ പോകുന്നു. ഇതുവരെ 1% അമേരിക്കക്കാരെ മാത്രമേ കോവിഡ് 19 പരീക്ഷിച്ചിട്ടുള്ളൂ. റട്‌ജേഴ്‌സ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ ഡീന്‍ പെറി ഹാല്‍ക്കിറ്റിസ് പറഞ്ഞു, 
 
US-LAS-VEGAS-RESIDENTS-IN-NEED-PICK-UP-GOODS-AT-LOCAL-FOOD-BANK-
'ശാരീരിക അകലം പാലിക്കുകയും ആളുകളെ വീണ്ടും സാമൂഹികമായി ഒത്തുചേരാന്‍ അനുവദിക്കുകയും ചെയ്താല്‍, വീണ്ടും കോവിഡ് ആഞ്ഞടിക്കാന്‍ വേണ്ടത് ഒരു അണുബാധ മാത്രമാണ്, അതൊരു ബൂമറാംഗ് പ്രഭാവത്തിന്റെ തുടക്കമാവും,' ഹാല്‍കിറ്റിസ് പറഞ്ഞു. 'ഞാന്‍ കരുതുന്നു, തികച്ചും തുറന്നുപറയുന്നു, മറ്റേതൊരു അണുബാധയേയും പോലെ, ഇത് ഇവിടെ വീണ്ടും സംഭവിക്കാന്‍ സാധ്യതയുണ്ട്.' 
രണ്ടാമത്തെ തരംഗത്തിന്റെ അടയാളങ്ങള്‍ ഇതിനകം ഏഷ്യയുടെ ചില ഭാഗങ്ങളില്‍ ഉയര്‍ന്നു. ജപ്പാനിലെ ഹോക്കൈഡോ മേഖലയിലെ നേതാക്കള്‍ ലോക്ക്ഡൗണ്‍ നീക്കംചെയ്ത് ഒരു മാസത്തിനുള്ളില്‍ പുതിയ കേസുകള്‍ കണ്ടു. തുടര്‍ന്ന്, മറ്റൊരു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒരു മാസത്തിലേറെയായി ചൈനയും ഇപ്പോള്‍ തിരിച്ചടി നേരിടുകയാണ്. എന്നാല്‍ ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഈ ബൂമറാംഗ് പ്രഭാവം ന്യൂജേഴ്‌സിയില്‍ എപ്പോള്‍ സംഭവിക്കുമെന്നോ അല്ലെങ്കില്‍ അത് എത്രത്തോളം ഗുരുതരമാണെന്നോ ഇപ്പോള്‍ പ്രവചിക്കാന്‍ പ്രയാസമാണെന്നാണ്.
'എല്ലാവരേയും പരീക്ഷിക്കുക എന്നതാണ് സാധ്യമായ ഏറ്റവും മികച്ച പരിഹാരം' എന്ന് ഹാല്‍കിറ്റിസ് പറഞ്ഞു. ന്യൂജേഴ്‌സിയില്‍ വൈറസ് എത്രത്തോളം പടര്‍ന്നിട്ടുണ്ടെന്ന് കൃത്യമായി അറിയില്ല, കാരണം സംസ്ഥാനം രോഗലക്ഷണമുള്ള ആളുകളെ മാത്രമാണ് ഇപ്പോഴും പരീക്ഷിക്കുന്നത്. മാത്രമല്ല ദൈനംദിന പരിശോധനയില്‍ ഗണ്യമായ കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നില്ല. മോണ്ട്‌ക്ലെയര്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പബ്ലിക് ഹെല്‍ത്ത് പ്രൊഫസര്‍ സ്‌റ്റെഫാനി സില്‍വേര പറഞ്ഞു, 'സ്‌റ്റേ അറ്റ് ഹോം നടപടികള്‍ ഉടന്‍ എടുത്തുകളഞ്ഞാല്‍ രണ്ടാമത്തെ തരംഗം തീര്‍ച്ചയായും സംഭവിക്കും.' 
മലയാളികളും ആശങ്കയില്‍
മുന്നറിയിപ്പുകളുമായി ആരോഗ്യവിദഗ്ധര്‍ മുന്നില്‍ നിന്നും പറയുമ്പോള്‍ ജാഗ്രതയോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യജീവനക്കാര്‍ കരുതിയിരിക്കുന്നു. എന്തും സംഭവിക്കാമെന്ന ഭീതിയില്‍ കൂടുതല്‍ സുരക്ഷിതരാവാന്‍ അവര്‍ മറ്റുള്ളവരെ ഉപദേശിക്കുകയും ചെയ്യുന്നു. കൂടുതല്‍ ശ്രദ്ധയോടെ ആശുപത്രി ജീവനക്കാര്‍ പടപൊരുതുമ്പോള്‍ കൂടെ നില്‍ക്കാന്‍ സന്നദ്ധപ്രവര്‍ത്തകരും തയാറായിട്ടുണ്ട്. അയലത്തെ വീട്ടില്‍ മാത്രം സംഭവിക്കുന്ന കാര്യമായി ഈ പ്രശ്‌നത്തെ ലാഘവത്തോടെ കണ്ടിരുന്ന മലയാളികളെപ്പോലെയുള്ള ഇന്ത്യന്‍ വംശജര്‍ പരിഭ്രാന്തിയിലേക്ക് നീങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 
 
US-CORONAVIRUS-PANDEMIC-CAUSES-CLIMATE-OF-ANXIETY-AND-CHANGING-R
പകല്‍ മുഴുവനും ജഡങ്ങള്‍ കണ്ട ഒരു നഴ്‌സ്, വൈകുന്നേരം വീട്ടില്‍ പോകാനായി കാറില്‍ കയറിയിരുന്നു ഏറെ നേരം കരഞ്ഞ കഥ ഷെയര്‍ ചെയ്തിരുന്നു. ചുരുക്കത്തില്‍, കൊറോണ ബാധിച്ചവര്‍ മാത്രമല്ല കഷ്ടപ്പെടുന്നത്, അവരെ ശുശ്രൂഷിക്കുന്നവരും ഏതെങ്കിലും രീതിയില്‍ ഇതൊക്കെ കാണുന്നവരും ഒക്കെ കൊറോണ പ്രതിഭാസത്തിന്റെ പിടിയിലാണ്. വീടുകളിലിരുന്ന് സോഷ്യല്‍ മീഡിയയെ മാത്രം ആശ്രയിച്ചു കഴിയുന്ന പലരും വിഷാദ രോഗത്തിന് അടിമപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ആരോഗ്യകരമല്ലാത്ത രീതിയില്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നത് ഒട്ടും ആശാവഹമായ കാര്യമല്ലെന്നാണ് ഈ രംഗത്തെ ഒരു വിദഗ്ധന്‍ സൂചിപ്പിച്ചു. സൂമിലൂടെയുള്ള പ്രാർഥനായോഗങ്ങളും ഫെലോഷിപ്പുകളും സജീവമാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.