ഒക്കലഹോമസിറ്റി : ഒക്കലഹോമ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരത്തില്‍ സാത്താന്റെ പ്രതിമ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നതായി ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാത്താന്‍ ടെംബിള്‍ ഗ്രൂപ്പ് പ്രതിനിധി ജനുവരി 6 തിങ്കളാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറയുന്നു. 7 അടിവലിപ്പവും, ആടിന്റെ തലയുമുള്ള സാത്താന്‍ സിംഹാനത്തില്‍ ഇരിക്കുകയും ഇരുവശങ്ങളിലും രണ്ടു കുട്ടികള്‍ നില്‍ക്കുകയും ചെയ്യുന്ന പ്രതിമയാണ് സ്ഥാപിക്കുക.
ഇതിന്റെ ചിലവിനുള്ള പകുതി തുക 20,000 ഡോളര്‍ ഇതിനകം പിരിച്ചു കഴിഞ്ഞതായി ഭാരവാഹികള്‍ പറഞ്ഞു. 2012 ല്‍ പത്തു കല്പനകള്‍ ആലേഖനം ചെയ്തിരിക്കുന്ന ഫലകം തലസ്ഥാനത്തെ നോര്‍ത്ത് ബില്‍ഡിങ്ങ് സ്റ്റെപ്പില്‍ സ്ഥാപിക്കുവാന്‍ അനുമതി നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ കോടതിയില് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. പത്തു കല്പനകള്‍ സ്ഥാപിച്ചതിനുശേഷം ഇതിന് സമാനമായ പ്രതിമകള്‍ സ്ഥാപിക്കുവാന്‍ നിരവധി അപേക്ഷ ലഭിച്ചതിനെ തുടര്‍ന്ന് ഒക്കലഹോമ കാപിറ്റല്‍ പ്രിസര്‍വേഷന്‍ കമ്മീഷന്‍ പുതിയ അപേക്ഷകള്‍ അനുവദിക്കുന്നതിന് മൊറൊട്ടോറിയം പ്രഖ്യാപിച്ചിരുന്നു.
ബക്കിള്‍ ഓഫ് ബൈബിള്‍ ബെല്‍ട്ട് എന്നറിയപ്പെടുന്ന യാഥാസ്ഥിതിക സംസ്ഥാനമായ ഒക്കലഹോമയില്‍ സാത്താന്‍ പ്രതിമ സ്ഥാപിക്കുന്നതിനുള്ള അനുമതി ലഭിക്കുമോ എന്നത് സംശയമാണെന്ന് ടെംബിള്‍ സ്‌പോക്ക്മാന്‍ ലൂസിയന്‍ ഗ്രീവ്‌സ് പറഞ്ഞു. ക്രൈസ്തവ രാഷ്ട്രമെന്നറിയപ്പെടുന്ന അമേരിക്കയില്‍ സാത്താന്‍ ആരാധകരുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിച്ചുവരുന്നതിന്റെ ഉത്തരവാദിത്വം ഒരു പരിധിവരെ ക്രൈസ്തവ ദേവാലയങ്ങളും, മതമേലദ്ധ്യക്ഷന്മാരും ഏറ്റെടുക്കേണ്ടിവരും.
Comments