ന്യൂജേഴ്‌സി : ന്യൂജേഴ്‌സിയിലെ മാനുകള്‍ക്കിനി കഷ്ടകാലം. വേട്ട വിനോദമാക്കിയവര്‍ക്കിനി കൊയ്ത്തുകാലവും. പെറ്റ് പെരുകി വരുന്ന മാനുകള്‍ പരിസ്ഥിതിക്ക് ഭീഷണിയാവുന്ന പശ്ചാത്തലത്തിലാണ് അവയെ കൊന്നൊടുക്കുവാന്‍ കൗണ്ടി തലത്തില്‍ പെര്‍മിറ്റ് കൊടുത്തിട്ടുള്ളത്. കൊന്ന് കിട്ടുന്നവയെ വീട്ടില്‍ കൊണ്ട് പോവുകയോ, കൗണ്ടിക്ക് സംഭാവനയായി നല്‍കുകയോ ചെയ്യാം. കൗണ്ടിക്ക് ലഭിക്കുന്നവ കമ്മ്യൂണിറ്റി ഫുഡ് ബാങ്കുകള്‍ക്ക് നല്‍കും.
കൗണ്ടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വേട്ടക്കാര്‍ക്ക് മാത്രമേ മാനുകളെ വേട്ടയാടാന്‍ പെര്‍മിറ്റ് ലഭിക്കുകയുള്ളൂ. ജനുവരി 6 മുതല്‍ ഫെബ്രുവരി 5 വരെയാണ് വേട്ടയാടുവാനുള്ള പെര്‍മിറ്റ് നല്‍കുന്നത്. വാച്ചംഗ് റിസര്‍വേഷന്‍, ആഷ്ബ്രൂക്ക് റിസര്‍വേഷന്‍, ലെനപ്പെ/ നോമാഹീഗന്‍/ പസെയ്ക്ക് റിസര്‍വേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്നായി ഇരുനൂറോളം മാനുകളെ ഇല്ലാതാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഒരു സ്‌ക്വയര്‍ മൈല്‍ ചുറ്റളവില്‍ 20 മാനുകളില്‍ കൂടുതലായാല്‍ പരിസ്ഥിതിയില്‍ അസുന്തുലിതാവസ്ഥ സംജാതമാവുമെന്ന ഇക്കോളജിസ്റ്റുകളുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നടപടി.
Comments